ഉങ്കളാൽ മുടിയുമാ ദളപതീ?
text_fields‘വിഘടനവാദ രാഷ്ട്രീയം നടത്തുന്നവരാണ് പ്രത്യയശാസ്ത്രപരമായി ഞങ്ങളുടെ പാർട്ടിയുടെ മുഖ്യശത്രു. ദ്രാവിഡ മാതൃകയെന്ന് പറഞ്ഞ് പെരിയാറുടെയും അണ്ണായുടെയും പേരുപയോഗപ്പെടുത്തി തമിഴകത്തെ ചൂഷണം ചെയ്ത് കൊള്ളയടിക്കുന്ന കുടുംബ സ്വാർഥ സംഘമാണ് നമ്മുടെ രണ്ടാം ശത്രു’- ഒക്ടോബർ 27ന് വിഴുപ്പുറം ജില്ലയിലെ വിക്കിരവാണ്ടിയിൽ തന്റെ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ നടൻ വിജയ് പറഞ്ഞ പഞ്ച് ഡയലോഗാണിത്. പാർട്ടിയുടെ...
‘വിഘടനവാദ രാഷ്ട്രീയം നടത്തുന്നവരാണ് പ്രത്യയശാസ്ത്രപരമായി ഞങ്ങളുടെ പാർട്ടിയുടെ മുഖ്യശത്രു. ദ്രാവിഡ മാതൃകയെന്ന് പറഞ്ഞ് പെരിയാറുടെയും അണ്ണായുടെയും പേരുപയോഗപ്പെടുത്തി തമിഴകത്തെ ചൂഷണം ചെയ്ത് കൊള്ളയടിക്കുന്ന കുടുംബ സ്വാർഥ സംഘമാണ് നമ്മുടെ രണ്ടാം ശത്രു’- ഒക്ടോബർ 27ന് വിഴുപ്പുറം ജില്ലയിലെ വിക്കിരവാണ്ടിയിൽ തന്റെ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ നടൻ വിജയ് പറഞ്ഞ പഞ്ച് ഡയലോഗാണിത്. പാർട്ടിയുടെ ആദ്യസമ്മേളനം പ്രൗഢഗംഭീരമായി കൊടിയിറങ്ങിയപ്പോൾ എല്ലാവരും ഉന്നയിക്കുന്നത് ഒരേ ചോദ്യം: ശിവാജിയും രജനിയും കമലും മോഹിച്ചിട്ട് നടക്കാത്തത് വിജയ് യെക്കൊണ്ട് സാധിക്കുമോ? - ചോദ്യം തികച്ചും ന്യായമാണ്.
തമിഴകത്ത് സിനിമയും രാഷ്ട്രീയവും ഇഴചേർന്ന് കിടക്കുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തിലെ കടമ്പകൾ കടക്കാൻ ഭൂരിഭാഗം സിനിമ താരങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. തമിഴ്നാട്ടിൽ എം.ജി.ആറും ആന്ധ്രയിൽ എൻ.ടി.ആറും അധികാരം സ്വന്തമാക്കിയതുപോലെ തനിക്കും മുന്നേറാനാവുമെന്നാവാം താരം കണക്കുകൂട്ടുന്നത്. എന്നാൽ, അക്കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് തമിഴകത്ത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മകൻ ഉദയ്നിധി സ്റ്റാലിനും മുന്നിൽനിന്ന് നയിക്കുന്ന ഡി.എം.കെയെ രാഷ്ട്രീയമായി നേരിട്ട് പരാജയപ്പെടുത്തുകയെന്നത് അത്ര എളുപ്പമല്ല. ഡി.എം.കെയുടെ സംഘടന - സാമ്പത്തികശേഷി മറികടക്കാനും ചെറിയ അധ്വാനം പോരാ. വിജയ് യുടെ രംഗപ്രവേശം മുന്നിൽകണ്ടാണ് ഡി.എം.കെ ഉദയ്നിധിയെ തിരക്കിട്ട് ഉപമുഖ്യമന്ത്രി പദവിയിലേക്ക് ഉയർത്തിയത്.
സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും വിജയ് നല്ല ‘ഹോം വർക്’ ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. സമ്മേളനത്തിൽ നടത്തിയ പ്രസംഗം ഇതിന് തെളിവാണ്. ഡി.എം.കെയെയും ബി.ജെ.പിയെയും നിശിതമായി വിമർശിച്ചപ്പോഴും ജയലളിതയുടെ മരണശേഷം ശിഥിലമായിക്കൊണ്ടിരിക്കുന്ന അണ്ണാ ഡി.എം.കെയെ വിജയ് വിമർശിച്ചില്ല. അണ്ണാ ഡി.എം.കെ വിട്ട് നിരവധി നേതാക്കളും പ്രവർത്തകരും ടി.വി.കെയിലെത്തുമെന്ന പ്രതീക്ഷതന്നെ കാരണം.
ഒരർഥത്തിൽ അണ്ണാ ഡി.എം.കെയെ രാഷ്ട്രീയമായി ‘ഹൈജാക്’ ചെയ്യാനുള്ള തന്ത്രം. നേരത്തേ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി അണ്ണാ ഡി.എം.കെയെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിലും പദ്ധതി പാളുകയായിരുന്നു. നിലവിൽ ബി.ജെ.പിക്കെതിരെ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അവരുമായി സഖ്യമുണ്ടാക്കാൻ വിജയ്ക്ക് കഴിഞ്ഞാൽ ഡി.എം.കെക്ക് അത് വെല്ലുവിളിയാവും.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ് യെ അംഗീകരിക്കാൻ എടപ്പാടി പളനിസാമി തയാറാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ബാക്കിയിരിക്കെ ടി.വി.കെയുമായി ഏതൊക്കെ രാഷ്ട്രീയ കക്ഷികൾ മുന്നണി ബന്ധമുണ്ടാക്കുമെന്നറിയാനാണ് തമിഴക രാഷ്ട്രീയം കാത്തിരിക്കുന്നത്. താരപ്പകിട്ടിൽ അംഗരക്ഷകരുടെ അകമ്പടിയോടെ മാത്രം പുറത്തിറങ്ങുന്ന വിജയ്ക്ക് എത്രമാത്രം പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാവുമെന്നാണ് മറ്റൊരു ചോദ്യം.
തമിഴകമെമ്പാടും സന്നദ്ധ- സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന രസികർ മൺറങ്ങളെയാണ് വിജയ് രാഷ്ട്രീയ സംഘടനയുടെ അടിത്തറയായി മാറ്റിയത്. വിക്കിരവാണ്ടിയിലെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു. എന്നാൽ, വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെ അനുഭാവികളായ ആരാധകരുടെ വോട്ട് ഉറപ്പിക്കാനാവില്ല. സംഘടനാപാടവമുള്ള നേതൃനിരയില്ലാത്തതും ബൂത്തുതല സംഘടനാ സംവിധാനമില്ലാത്തതും ന്യൂനതയാണ്. അത്ര സുപരിചിതനല്ലാത്ത എൻ. ആനന്ദാണ് ടി.വി.കെയുടെ ജനറൽ സെക്രട്ടറി. ന്യൂനപക്ഷങ്ങളെ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ താഹിറ എന്ന വനിതയെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായി നിയോഗിച്ചിട്ടുണ്ട്.
വിജയ് യുടെ കടന്നുവരവ് ദ്രാവിഡ വോട്ട് ബാങ്കിനെ ഭിന്നിപ്പിക്കുമെന്നതിനാൽ ബി.ജെ.പി ആഹ്ലാദത്തിലാണ്. തമിഴ്നാട്ടിലെ ന്യൂനപക്ഷങ്ങളാണ് ഡി.എം.കെയുടെ ബലം. നീറ്റ്, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരായ നിലപാടുള്ള വിജയ് ന്യൂനപക്ഷ വോട്ടുകളിൽ ചെറുഭാഗമെങ്കിലും അടർത്തിയെടുക്കുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു.
ശിവാജി മുതൽ സീമാൻ വരെ
തമിഴകത്ത് രാഷ്ട്രീയപാർട്ടി തുടങ്ങുന്ന ആദ്യ നടനല്ല വിജയ്. ഒട്ടനവധി താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ചരിത്രം സൃഷ്ടിച്ചത് എം.ജി.ആറും കരുണാനിധിയും ജയലളിതയും മാത്രമാണ്. പെരിയാറുമായി തെറ്റിപ്പിരിഞ്ഞ് 1949ൽ സി.എൻ. അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) രൂപവത്കരിച്ചപ്പോൾ സംഘടനയുടെ വളർച്ചക്ക് വെള്ളവും വളവുമായി ഉപയോഗപ്പെടുത്തിയത് സിനിമരംഗത്തുണ്ടായിരുന്ന എം.ജി.ആറിനെയും കരുണാനിധിയെയുമായിരുന്നു.
’67ൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ഡി.എം.കെ അധികാരത്തിലെത്തിയശേഷം കോൺഗ്രസ് ഉൾപ്പെടെ ഒരു ദേശീയകക്ഷിക്കും തമിഴകത്ത് അധികാരത്തിലേറാനായില്ലെന്നതും വസ്തുതയാണ്. ’72ൽ കരുണാനിധിയുമായി പിണങ്ങി എം.ജി.ആർ ഡി.എം.കെയെ പിളർത്തി അണ്ണാ ഡി.എം.കെക്ക് രൂപം നൽകി. പിന്നീട് ഡി.എം.കെയും അണ്ണാ ഡി.എം.കെയും മാറിമാറി തമിഴകം ഭരിച്ചു. ‘പാവങ്ങളുടെ പടത്തലവൻ’ എന്ന പ്രതിച്ഛായയാണ് എം.ജി.ആറിനെ മരണം വരെയും രാഷ്ട്രീയത്തിൽ നിലനിർത്തിയത്. 1977 മുതൽ പത്തുവർഷക്കാലം എം.ജി.ആർ മുഖ്യമന്ത്രി പദത്തിലിരുന്നു. ഒട്ടുമിക്ക എം.ജി.ആർ സിനിമകളിലും നായികയായിരുന്ന ജയലളിതയാണ് രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ പിൻഗാമിയായത്.
’91ൽ ജയലളിതയുടെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ അധികാരം പിടിച്ചു. ’96ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജയക്കെതിരെ തമിഴ് സൂപ്പർ താരം രജനികാന്ത് നടത്തിയ പ്രസ്താവന വൻ ഒച്ചപ്പാടാണ് സൃഷ്ടിച്ചത്. ‘ഇനി ഒരിക്കൽകൂടി ജയലളിത അധികാരത്തിൽ വന്നാൽ ദൈവത്തിനുപോലും തമിഴകത്തെ രക്ഷിക്കാനാവില്ലെ’ന്നായിരുന്നു രജനിയുടെ മുന്നറിയിപ്പ്. അത്തവണ ജി.കെ. മൂപ്പനാരുടെ പിന്തുണയോടെ ഡി.എം.കെ അധികാരത്തിലേറി. ഈ സന്ദർഭത്തിൽ രജനികാന്തിനോട് രാഷ്ട്രീയത്തിലിറങ്ങാൻ മൂപ്പനാർ നിർബന്ധിച്ചെങ്കിലും അദ്ദേഹം സന്നദ്ധനായില്ല. അണികളുടെ നിരന്തര മുറവിളി കണക്കിലെടുത്ത് ഈയിടെ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ പിന്മാറുകയായിരുന്നു.
എം.ജി.ആറിനൊപ്പം വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന ശിവാജി ഗണേശൻ ‘തമിഴക മുന്നേറ്റ മുന്നണി’ രൂപവത്കരിച്ചെങ്കിലും അധികം താമസിയാതെ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി. സിനിമാരംഗത്ത് ഏറെ ശോഭിച്ച ഭാഗ്യരാജിനും രാഷ്ട്രീയത്തിൽ ഭാഗ്യമുണ്ടായില്ല. ഒറ്റക്ക് പാർട്ടി തുടങ്ങിയ നടനും സംവിധായകനുമായ ടി. രാജേന്ദറും വിജയിച്ചില്ല.
എന്നാൽ, ‘ദേശീയ മുർപോക് ദ്രാവിഡ കഴകം’ ഉണ്ടാക്കിയ വിജയകാന്ത് ആദ്യ തെരഞ്ഞെടുപ്പിൽ എം.എൽ.എയും അടുത്തവട്ടം പ്രതിപക്ഷ നേതാവുമായി ഉയർന്നു. പക്ഷേ, അദ്ദേഹത്തിന്റെ അനാരോഗ്യം പാർട്ടിയെ ക്ഷയിപ്പിച്ചു. മറ്റൊരു നായകനായ ശരത്കുമാർ ‘ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി’ എന്ന രാഷ്ട്രീയ സംഘടനക്ക് രൂപം നൽകിയെങ്കിലും ഒന്നും നേടാനായില്ല. മറ്റ് വഴികളില്ലാതെ അദ്ദേഹം ഈയിടെ പാർട്ടി പിരിച്ചുവിട്ട് ബി.ജെ.പിയിൽ ചേർന്നു.
അരനൂറ്റാണ്ടിലേറെ സിനിമയിൽ നായകനായി ആധിപത്യം പുലർത്തുന്ന കമൽഹാസൻ രാഷ്ട്രീയത്തിൽ ഇപ്പോൾ ഒരു സഹനടന്റെ റോളിലാണ്. ആറ് വർഷം മുമ്പ് മധുരയിൽ പതിനായിരക്കണക്കിന് ആരാധകർ പങ്കെടുത്ത ‘മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രഖ്യാപന സമ്മേളനത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളാണ് മുഖ്യാതിഥിയായി പങ്കെടുത്തത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 37 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് പക്ഷേ, 3.72 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ കമൽഹാസൻ ജനവിധി തേടിയെങ്കിലും മതേതര വോട്ടുകൾ ചിതറിയതോടെ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് പരാജയപ്പെട്ടു. ഒടുവിൽ രാജ്യസഭ സീറ്റിനുവേണ്ടി കമൽഹാസൻ തന്റെ രാഷ്ട്രീയകക്ഷിയെ ഡി.എം.കെക്ക് മുന്നിൽ അടിയറവ് വെച്ചു.
എസ്.എസ്. രാജേന്ദ്രൻ, രാധാരവി, കെ.ആർ. രാമസാമി, എസ്.എസ്. ചന്ദ്രൻ, എസ്.വി. ശേഖർ, രാമരാജൻ, കാർത്തിക്, നെപ്പോളിയൻ, സി. അരുൺപാണ്ഡ്യൻ, വാഗൈ ചന്ദ്രശേഖർ, കരുണാസ്, ഖുശ്ബു സുന്ദർ, സീമാൻ, രാധിക ശരത്കുമാർ എന്നിവരാണ് തമിഴ് രാഷ്ട്രീയത്തിലിറങ്ങിയ മറ്റു സിനിമ താരങ്ങൾ. വിജയകാന്തും കമൽഹാസനും രാഷ്ട്രീയപാർട്ടി തുടങ്ങുമ്പോൾ ആരാധകരിൽ ഉണ്ടായിരുന്ന ആവേശവും ഒട്ടും ചെറുതായിരുന്നില്ല. തിയറ്ററിൽ കാണിക്കുന്ന ആവേശം ആരാധകർ പോളിങ് ബൂത്തിലേക്ക് കൊണ്ടുപോകാറില്ലെന്ന് ദളപതി മനസ്സിലാക്കുമോ ആവോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.