ഐക്യപ്രതിപക്ഷം പാലിക്കേണ്ട അഞ്ചു കാര്യങ്ങൾ
text_fieldsകയ്പുറ്റ ഭൂതകാലത്തിലൂടെ കടന്നുപോയവരെ ഒന്നിപ്പിക്കാൻ ഒരു അടിയന്തര സാഹചര്യത്തിന് സാധിക്കും. ഒരു അസ്തിത്വ പ്രതിസന്ധി പൂർവവൈരികളെപ്പോലും ഒന്നിപ്പിച്ചുകളയും. നിതീഷ് കുമാറിന്റെ അക്ഷീണ മേൽനോട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഒത്തുചേർന്ന പട്ന ഉച്ചകോടി (ഈ സമ്മേളനം മാന്യമായ ഒരു പേര് അർഹിക്കുന്നു) തികച്ചും അസാധാരണമായ സംഭവമായിരുന്നു. പ്രതീക്ഷിച്ചതുപോലെത്തന്നെ, ഒരു കാലത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയും പിന്നെ തളർന്നുപോവുകയും ചെയ്ത കുടുംബവാഴ്ച പാർട്ടികൾ നിലനില്പിനുവേണ്ടി നടത്തിയ നിരാശജനകമായ നടപടിയാണിതെന്ന് ഭാരതീയ ജനത പാർട്ടി പരിഹസിച്ചു,
ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം എത്രമാത്രം ശക്തമാണെന്ന് എല്ലാവർക്കുമറിയാം, ആ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ശരിയാംവിധം ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട് കാലമെത്രയായി?പട്ന ഉച്ചകോടി ബി.ജെ.പിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരാർഥത്തിൽ അവസാനത്തെ പകിടയേറാണ്. അവർക്ക് ഇക്കാര്യത്തിൽ ബോധ്യം വേണം. അഞ്ച് അടിസ്ഥാന ഘടകങ്ങളാണ് അവർ പരിശോധിക്കേണ്ടത്.
പ്രഥമമായി ബി.ജെ.പിയെ അടിയറവു പറയിക്കാൻ തക്ക പ്രധാന വിഷയങ്ങളെ അവർ നിർവചിക്കണം. യുവാക്കളുടെ തൊഴിലില്ലായ്മ, അസംഘടിത മേഖലയിലെ വേതനവർധനയില്ലായ്മ, ചുരുങ്ങിക്കൊണ്ടിരിക്കുന്ന മധ്യവർഗം, അദാനിയുടെ ആരോപണവിധേയമായ കരാർ പിടിച്ചെടുക്കൽ, ധനാധിപത്യത്തിന്റെ (plutocracy)ധിക്കാരപരമായ ഉയർച്ച, ഭരണഘടനസ്ഥാപനങ്ങളുടെ മര്യാദകെട്ട തകർച്ച, ജനാധിപത്യത്തിന്റെ അപചയം, എല്ലാറ്റിനുമുപരിയായി, ഇന്ത്യൻ സമൂഹത്തെ വിഷലിപ്തമാക്കിയത് എന്നിങ്ങനെ വിഷയങ്ങൾക്ക് ഒരു പഞ്ഞവുമില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും തുടർച്ചയായി ഈ സന്ദേശം എല്ലാ പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ വോട്ടർമാരോട് ഒരേ സന്ദേശം ആവർത്തിച്ച് തറപ്പിച്ചു പറയാൻ തുടങ്ങിയാൽ, അവരുടെ സംഘടിത ശബ്ദം കൊണ്ട് വമ്പൻ ഒത്തുതീർപ്പുകാരായ മുഖ്യധാരാ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നിശ്ശബ്ദതയെ മറികടക്കാനാവും.
രണ്ടാമത്, അവർ നിർബന്ധമായി ചില നിയന്ത്രണ രേഖകൾ വരക്കേണ്ടതുണ്ട്. എന്തൊക്കെ സംഭവിച്ചാലും അവർ പരസ്പരം ബോധപൂർവമല്ലാതെപോലും പരസ്യ ആക്രമണങ്ങളിൽ ഏർപ്പെടരുത് (കോൺഗ്രസും ടി.എം.സിയും അവരുടെ മണ്ടത്തരങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്). ജനങ്ങൾക്കിടയിൽ വിശ്വാസം വർധിപ്പിക്കുന്നതിന് ഇതൊരു മുന്നുപാധിയാണ്. അത് പാലിക്കാത്തപക്ഷം
പരസ്പരം പുച്ഛിക്കുന്ന അവസരവാദികളായി അവരെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പിക്ക് അവസരം കൈവരും. കൊളുത്തിവലിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയണം, പക്ഷേ, 2024 വരെ അവയെ സൗഹാർദപരമായി മാറ്റിവെക്കാം. യഥാർഥ ലക്ഷ്യം 2024 ആണ്; മറ്റൊന്നും ആ പ്രധാന ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാൻ കാരണമാകരുത്.
മൂന്നാമത്തെ കാര്യം: ബി.ജെ.പി മുന്നോട്ടുവെക്കുന്ന തെരഞ്ഞെടുപ്പ് അജണ്ടയെ എവ്വിധം നേരിടണമെന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് കൃത്യമായ ഒരു തന്ത്രപദ്ധതി വേണം. ഉദാഹരണത്തിന് രാമക്ഷേത്ര നിർമാണം (ഒരു സുപ്രീംകോടതി വിധിയെ തങ്ങളുടെ ഭരണപരമായ തീരുമാനമെന്ന മട്ടിൽ ബി.ജെ.പി ഹൈജാക്ക് ചെയ്യുകയല്ലേ?), ക്ഷേമ സബ്സിഡികൾ (10 ലക്ഷം കോടി രൂപയുടെ കോർപറേറ്റ് കടം എഴുതിത്തള്ളൽ, വൻകിട ബിസിനസുകാർക്ക് പ്രതിവർഷം നൽകുന്ന 1,45,000 കോടി രൂപയുടെ നികുതി ഇളവുകൾ, വാനോളമുയരുന്ന എണ്ണവില, ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ, ചെറുകിട, സൂക്ഷ്മ ബിസിനസുകളുടെ തകർച്ച എന്നിവയുമെല്ലാമായി അതിനെയൊന്ന് താരതമ്യം ചെയ്തു നോക്കൂ), പൊതുസേവനങ്ങളുടെ ഡിജിറ്റൽവത്കരണം (സാങ്കേതികരംഗത്തെ നൂതനത്വവും ഉപഭോക്തൃസേവനങ്ങൾക്കായി അവയുടെ ഉപയോഗവും ഏതൊരു ആധുനിക സമൂഹത്തിന്റെയും പരിണാമത്തിന്റെ ഭാഗം മാത്രമല്ലേ?).
ചുരുക്കത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും മികച്ച രീതിയിൽ ആശയവിനിമയം നടത്താനുതകുന്നതുമായ മൂർച്ചയുള്ള എതിർവാദങ്ങൾ പ്രതിപക്ഷ തന്ത്രങ്ങളിലെ നിർണായക ഘടകമായിരിക്കണം. കർണാടകയിലേറ്റ വൻ തകർച്ചക്കും മണിപ്പൂർ പ്രശ്നം കൈകാര്യം ചെയ്യുന്നതിലെ നിന്ദ്യമായ നിസ്സംഗതക്കും ശേഷം, ബി.ജെ.പിയുടെ സംശയാസ്പദമായ ഇരട്ട എൻജിൻ പദ്ധതി പൂർണമായി പാളം തെറ്റിയമട്ടാണ്. ഇത് പ്രതിപക്ഷത്തിന് പുതു വാതിലുകൾ തുറന്നുകൊടുക്കുന്നു.
നാലാമത്: ഒരു മണ്ഡലത്തിൽ ഒരു പ്രതിപക്ഷ സ്ഥാനാർഥിയെന്നത് ഗംഭീര ഐഡിയയാണെങ്കിലും അതൊരു ഉട്ടോപ്യൻ നിർമിതിയായി മാറിയേക്കാം. അതിന് രണ്ട് പ്രതികൂല പ്രത്യാഘാതങ്ങളുമുണ്ടാവും.ബി.ജെ.പിയും മോദിയും ഇരവാദമുയർത്തുകയും സർവ ഭാഗത്തുനിന്നും അസംതൃപ്തരായ, നിസ്സംഗരായ വോട്ടർമാരെ സംഘടിപ്പിക്കുകയും ചെയ്യും. രണ്ടാമതായി, വിമത സ്ഥാനാർഥികൾ (പണത്തിന് ഒരു പഞ്ഞവുമില്ലാത്ത ബി.ജെ.പിയുടെ പിന്തുണയിൽ) രംഗത്തുവന്നാൽ ഒരു ബഹുപാർട്ടി മത്സരമെന്ന മട്ടിലേക്ക് കാര്യങ്ങൾ പോവുകയും സകല തന്ത്രങ്ങളും തകരുകയും ചെയ്യും.
ആധികാരികമായ ജയസാധ്യതയുണ്ടെങ്കിൽ മാത്രം പാർട്ടികൾ സ്ഥാനാർഥികളെ നിർത്തുക എന്നതാവും മെച്ചപ്പെട്ട ആശയം. അതു സംബന്ധിച്ച തീരുമാനം അവരുടെ വിവേചനാധികാരത്തിന് വിടണം. രാഷ്ട്രീയ നേതൃമികവിന്റെ അഗ്നിപരീക്ഷണമായിരിക്കും ഇത്.അവസാനമായി, യുക്തിസഹമായ സാമ്പത്തികവാദങ്ങൾ (തൊഴിലില്ലായ്മയുടെ പെരുക്കം, വിലക്കയറ്റം, വർധിച്ചുവരുന്ന അസമത്വം), സ്ഥാപനപരമായ തളർച്ച, ഭരണപരാജയങ്ങൾ എന്നിവ സംബന്ധിച്ച ബൗദ്ധിക സംഭാഷണങ്ങൾ, പലർക്കും എന്തെന്നുപോലുമറിയാത്ത ഇന്ത്യ എന്ന ആശയം പോലുള്ള അമൂർത്ത മാതൃകകൾ എന്നിവയിൽനിന്നെല്ലാം പ്രതിരോധം നേടിയ ഒരു വൈകാരിക വിഷയമാണ് ഹിന്ദുത്വം. അതിഭൂരിപക്ഷ ദേശീയതയുടെ യുദ്ധമുറവിളിക്ക് മുമ്പിൽ 2019ൽ ഇവയൊന്നും ഫലപ്പെട്ടില്ല.
പ്രതിപക്ഷം ബി.ജെ.പിയുടെ വ്യാജ ദേശീയതയെ വെല്ലുവിളിക്കുകയും ഹിന്ദുത്വത്തെ ഹൈന്ദവതയിൽനിന്ന് വേർതിരിച്ചു കാണിക്കുകയും വേണം. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളിൽ വലിയൊരു വിഭാഗം മതവിശ്വാസികളാണെന്നും എന്നാൽ, വർഗീയമായി ചിന്തിക്കുന്നവരല്ലെന്നും പ്രതിപക്ഷം തിരിച്ചറിഞ്ഞാൽ അതിന് സാധിക്കും. അവരുമായി സംവാദവും ഇടപഴകലും ആവശ്യമാണ്. ബി.ജെ.പിക്ക് ഇതുവരെ ലഭിച്ചത്. ആശയക്കുഴപ്പത്തിലായ എതിരാളികളുടെ വെല്ലുവിളികളേതുമില്ലാതെ, ധ്രുവീകരണ രാഷ്ട്രീയം ഉപയോഗിച്ചുള്ള വൃത്തികെട്ട കളികളിലൂടെ ചുമപ്പു പരവതാനി വിരിച്ചുള്ള വഴിയൊരുക്കമാണ് ബി.ജെ.പിക്ക് ഇതുവരെ ലഭിച്ചുപോന്നത്.
ചുരുക്കത്തിൽ, ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് വെറും തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമല്ല, മറിച്ച് നിലവിലെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ പ്രവണതകൾ നൽകുന്ന അപകടകരമായ സൂചനകൾ വെച്ചുനോക്കുമ്പോൾ ഒരു ദേശീയ ഉത്തരവാദിത്തം തന്നെയാണെന്ന് പ്രതിപക്ഷം തിരിച്ചറിയണം. ഡൽഹിയിലേക്കുള്ള വഴിതുറക്കുന്നത് പട്ന വഴിയാവണം. ‘ഇന്ത്യ പിളരാൻ തുടങ്ങും’ എന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിൽ, ഇത് തുന്നിക്കെട്ടാൻ തുടങ്ങേണ്ട സമയമാണ്. ജയിക്കുക എന്നത് ചില ഘട്ടങ്ങളിലെങ്കിലും ഒരു കടമതന്നെയാണ്.
(കോൺഗ്രസ് മുൻ ദേശീയ വക്താവാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.