നേര്യമംഗലം - വാളറ ദേശീയപാതാ വികസനം ചുവപ്പുനാടയിൽ കുരുക്കി വനം മന്ത്രിയുടെ വിശദീകരണം
text_fieldsകൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം-വാളറ ഭാഗവും വനമാണെന്ന വനംവകുപ്പിന്‍റെ അവകാശവാദം കേരള ഹൈകോടതി തളളിയത് അംഗീകരിക്കാതെ നിയമസഭയിലെ വനം മന്ത്രിയുടെ വിശദീകരണം റോഡ് വികസനം അനിശ്ചിതത്വത്തിലാക്കുന്നു. ദേശീയപാത വികസനത്തിന് മൂന്നാര്‍ ഡി.എഫ്.ഒ. തടസ്സം സൃഷ്ടിക്കുന്നതിനെതിരായ ഹരജിയിൽ നേര്യമംഗലം - വാളറ 15 കി.മീ. ദൂരത്തില്‍ 100 അടി വീതിയില്‍ റവന്യു റോഡ് പുറമ്പോക്കാണെന്നും അവിടെ ദേശീയപാത റോഡുവികസനം നടത്തുന്നതിന് വനം വകുപ്പ് തടസ്സമുണ്ടാക്കരുതെന്നുമാണ് മൂന്നാര്‍ ഭൂമി കൈയേറ്റമടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന പരിസ്ഥിതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. 2024 മെയ് 28 ന് ഡബ്ലിയു.പി.സി 10978/2024 കേസിലെ ഡിവിഷന്‍ ബെഞ്ച് വിധിയില്‍ നേര്യമംഗലം - വാളറ 15 കി.മീ. ദൂരത്തില്‍ റോഡിന്‍റെ മധ്യഭാഗത്ത് നിന്നും 50 അടി രണ്ട് ഭാഗത്തേക്കും (ആകെ 100 അടി) റവന്യു റോഡ് പുറമ്പോക്കാണെന്ന് രേഖകള്‍ തെളിയിക്കുന്നുണ്ടെന്നും ആ സ്ഥലത്തിന് വനം വകുപ്പിന് ഉടമസ്ഥാവകാശമില്ലെന്നും മറിച്ച് ദേശീയപാത ഭൂമി വനം വകുപ്പിന്‍റേതാണെങ്കില്‍ അത് തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള വനംവകുപ്പന്‍റെ തീരുമാനത്തിനെതിരെ ഇടുക്കിയിൽ നിന്നുള്ള ഉന്നതതല സംഘം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതിപ്പെട്ടിരുന്നു.
2024 ജൂലൈ എട്ടിനു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇടുക്കി സംഘത്തെ നയിച്ചത് ഇടുക്കിയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനായിരുന്നു. ഇതിനു ശേഷം സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, സി.പി.ഐ. ജില്ല സെക്രട്ടറി സലിംകുമാര്‍, സി.പി.എം. നേതാവ് കെ.വി. ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പി.എം. ബേബി, കേരളാ കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍, മുസ്‌ലിം ലീഗ് ജില്ല നേതാവ് ബഷീര്‍, അതിജീവന പോരാട്ടവേദി നേതാവ് റസാക്ക് ചൂരവേലി എന്നിവർ കൂടിയടങ്ങുന്ന സംഘം വനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വനം മേധാവി ഗംഗാസിങ്, വനം സെക്രട്ടറി, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ പ്രമോദ് കൃഷ്ണന്‍ എന്നിവരും പങ്കെടുത്തിരുന്നു. ദേശീയപാത വികസനത്തിന് തടസ്സം നില്‍ക്കരുതെന്നും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ടതിെല്ലന്നും വനംവകുപ്പ് തീരുമാനിച്ചു. ആ യോഗത്തിൽവെച്ച് കോടതി കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകേണ്ടതില്ലെന്ന നിർദേശവും വനംമന്ത്രി ഫോണിലൂടെ നൽകി. വനംമന്ത്രി നിര്‍ദ്ദേശിക്കാതെ നേര്യമംഗലം - വാളറ ദേശീയപാത വിഷയത്തില്‍ ഒരു നീക്കവും നടത്തരുതെന്നും ഇക്കാര്യത്തിലെ സര്‍ക്കാര്‍ അഭിപ്രായം ചീഫ് സെക്രട്ടറി അറിയിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ റവന്യു, പൊതുമരാമത്ത്, വനം സെക്രട്ടറിമാരുടെ യോഗം അടിയന്തിരമായി ചേർന്ന് വിവിധ വകുപ്പുകള്‍ തമ്മിലുള്ള അവകാശവാദവും തര്‍ക്കവും ശാശ്വതമായി പരിഹരിക്കമെന്ന് ചീഫ് സെക്രട്ടറി സംഘത്തെ അറിയിച്ചു.
വനമേഖലയിലെ മുഴുവന്‍ ദേശീയപാത പൊതുമരാമത്ത് റോഡുകളുടെയും ഭൂമി ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള മുഴുവന്‍ രേഖകളും ക്രോഡീകരിക്കാന്‍ ആവശ്യമായ നീക്കം അടിയന്തരമായി ചെയ്തു തീര്‍ക്കുമെന്ന് റവന്യു പൊതുമരാമത്ത് മന്ത്രിമാര്‍ ഉറപ്പ് നല്‍കി. പിന്നീട് ഇടുക്കി ഉന്നതതല നിവേദക സംഘത്തോടൊപ്പം മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എ.യുമായ എം.എം. മണി എം.എല്‍.എ.യും ദേവികുളം എം.എല്‍.എ. രാജയും ചേരുകയും ഇവര്‍ സംയുക്തമായി ചീഫ് സെക്രട്ടരിയുടെ ഓഫീസില്‍ നേര്യമംഗലം - വാളറ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് നിയമസഭയില്‍ ഡി. രാജാ നേര്യമംഗലം - വാളറ ദേശീയ പാതയെ സംബന്ധിച്ച സബ്മിഷന്‍ ഉന്നയിച്ചത്. അതിന് മറുപടിയായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെ ‘‘ദേശീയപാത ഇപ്പോള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ റോഡില്‍ 15 കി.മീ. ദൂരം വനാതിര്‍ത്തിയിലൂടെ കടന്നുപോവുകയാണ്. എന്നാല്‍ അതിനുള്ള അനുവാദം ദേശീയപാത അതോറിറ്റി കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ജല വിഭവ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൂടിയാലോചനാ യോഗം നടത്തിയിരുന്നു. പൊതുമരാമത്ത് വിഭാഗവും വനംവിഭാഗവും റവന്യു വിഭാഗവും ആ പ്രദേശത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആ അവകാശവാദം സംബന്ധിച്ച് ഉന്നതതല യോഗം വിളിച്ചുകൂട്ടി ധാരണയിലെത്തുകയും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ നല്‍കുകയും ചെയ്താല്‍ കേരളം അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഈ സഭയെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു’’.
ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി, മുഖ്യമന്ത്രിയുടെ നിർദേശം, ചീഫ് സെക്രട്ടറിതല തീരുമാനം, മന്ത്രി റോഷി അഗസ്റ്റ്യന്‍റെ നേതൃത്വത്തിലെ ചർച്ചാ സംഘത്തിനു കിട്ടിയ ഉറപ്പുകൾ എന്നിവയെല്ലാം കാറ്റിൽപറത്തിയാണ് വനംമന്ത്രി ഈ മറുപടി നൽകിയത്. പതിറ്റാണ്ടുകളായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെയും പിന്നെ ദേശീയപാതയുടെയും ഭാഗമായ റവന്യു റോഡ് പുറമ്പോക്കാണെന്ന് ഇടുക്കി കലക്ടറും നിലവില്‍ ദേശീയപാത അതോറിറ്റിയുടെ പക്കലുള്ള ഭൂമിയില്‍ 13 മീറ്റര്‍ വീതിയിലാണ് പണി നടക്കുന്നതെന്നും ദേശീയ പാത അതോറിട്ടിയും അത് ശരിയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കിയ സ്ഥിതിക്ക് വനംമന്ത്രി നിയമസഭയിൽ നൽകിയ മറുപടി വനംവകുപ്പിന്‍റെ പ്രവർത്തനത്തിൽ തന്നെ ദുരൂഹത വർധിപ്പിക്കുകയാണ്.
* * * * * * * * * * * * * *
നേര്യമംഗലം - വാളറ ദേശീയപാതാ വികസനം സംബന്ധിച്ച് 2024 ജൂൺ 29ന് സി7/5267/2018/ഡി.സി.ഐ.ഡി.കെ നമ്പറിൽ ഇടുക്കി കലക്ടര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തിലെ പ്രസക്ത ഭാഗങ്ങൾ:
''ദേശീയ പാത എന്‍.എച്ച്. 85ന്‍റെ വികസനവുമായി ബന്ധപ്പെട്ട് 13 മീറ്ററില്‍ റോഡ് വീതി കൂട്ടുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ടുള്ളതാണ്. ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍ ഇല്ലാതെ തന്നെ റോഡിന്‍റെ ഇരുവശങ്ങളിലും ലഭ്യമായ റോഡ് പുറമ്പോക്ക് ഭൂമി ഉപയോഗിച്ച് വീതി കൂട്ടുന്ന പ്രവര്‍ത്തികളാണ് ദേശീയ പാത അതോറിട്ടി സ്വീകരിച്ചിട്ടുള്ളത്. 2024 മെയ് 28 ലെ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷവും ഈ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനം, റവന്യു, പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകുന്നതിനായി താഴെ പറയുന്ന വിവരങ്ങള്‍ സമര്‍പ്പിക്കുന്നു.
1. നേര്യമംഗലം - വാളറ ഭാഗത്ത് ദേശീയ പാത കടന്നുപോകുന്നത് റിസര്‍വ് ഫോറസ്റ്റിലൂടെയാണെന്നും ഈ പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി വേണമെന്നും വനം വകുപ്പ് ദേശീയ പാത അതോറിറ്റിയെ അറിയിച്ചു. എന്നാല്‍ 1997 ലെ റീസർവേ റിക്കോര്‍ഡ് പ്രകാരം തര്‍ക്കഭൂമി റോഡ് പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റോഡ് വികസനം തുടങ്ങിയ സമയത്ത് മാത്രമാണ് വനംവകുപ്പ് തര്‍ക്കം ഉന്നയിച്ചിട്ടുള്ളതെന്ന് കാണുന്നു. ഈ വിഷയത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2024 മെയ് 16ന് യോഗം നടത്തുകയും ജോയന്‍റ് സർവേ നടത്തുന്നതിന് നിർദേശിച്ചിട്ടുള്ളതുമാണ്.
2. വനംവകുപ്പിനു ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ റീസര്‍വേ റവന്യു റിക്കോര്‍ഡുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. റീസർവേ പ്രാബല്യത്തില്‍ വന്ന് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്രകാരം അപേക്ഷ നല്‍കിയിട്ടുള്ളത്. മാത്രമല്ല റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവന്യജീവി വകുപ്പ് തടസ്സം ഉണ്ടാക്കരുതെന്ന ഡിവിഷന്‍ ബഞ്ച് വിധി നില്‍ക്കുന്നുമുണ്ട്.
ഹൈകോടതി വിധി നിലനില്‍ക്കെ 2024 ജൂൺ 19 നു കലക്ടറേറ്റില്‍ നടത്തിയ യോഗത്തിൽ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഈ പ്രദേശം വനഭൂമി തന്നെയാണെന്ന് വീണ്ടും തര്‍ക്കമുന്നയിച്ചിട്ടുള്ളതാണ്.
ഈ സാഹചര്യത്തില്‍ ഹൈകോടതി ഉത്തരവ് പ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും, വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനും ചീഫ് സെക്രട്ടറി തലത്തില്‍ യോഗം വിളിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. ഈ യോഗത്തില്‍ നിയമവകുപ്പ്, ഡയറക്ടര്‍ സർവേ ആൻഡ് ലാന്‍ഡ് റിക്കോര്‍ഡ്‌സ്, എന്‍.എച്ച്.എ.ഐ എന്നിവരെ കൂടി ഉള്‍പ്പെടുത്തണമെന്നഭ്യര്‍ത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.