ഇന്നാരംഭിക്കുന്നു നാം പുതിയൊരു ചുവട്
text_fieldsമാറുന്ന ലോകസാഹചര്യങ്ങളെയും പുതുതലമുറ വിദ്യാർഥികളുടെ ആഗ്രഹാഭിലാഷങ്ങളെയും നാടിന്റെ വികസനകാംക്ഷകളെയും ഇണക്കിച്ചേർക്കുന്ന നാലുവർഷ ബിരുദപരിപാടിയെന്ന ഘടനാമാറ്റത്തിലേക്ക് പ്രവേശിക്കുകയാണ് ഇന്നുമുതൽ കേരളത്തിലെ കലാലയങ്ങൾ. വിജ്ഞാനോത്സവമായാണ് നാം ഇതിനെ ആഘോഷിക്കുന്നത്.
നവകേരള സൃഷ്ടിയുടെ ഭാഗമായി കേരള സർക്കാർ ഏറ്റെടുത്ത സുപ്രധാന ഉത്തരവാദിത്തമാണ് കേരളീയ സമൂഹത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റൽ. കലാലയങ്ങളിൽ ഉൽപാദിപ്പിക്കുന്ന അറിവുകൾ കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങളുടെ പരിഹാരത്തിനുംകൂടി ഉപയോഗപ്പെടുത്തണമെന്നത് എത്രയോ കാലമായുള്ള കൈരളിയുടെ അഭിലാഷമാണ്. ജനപക്ഷ വൈജ്ഞാനിക സമൂഹം (പീപ്പിൾ ഓറിയന്റഡ് നോളജ് സൊസൈറ്റി) കെട്ടിപ്പടുക്കണമെന്ന തീരുമാനവും അതിനായുള്ള ഇക്കഴിഞ്ഞ കാലയളവിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളും ആ സ്വപ്നം സാക്ഷാത്കരിക്കാൻ നാം ചിട്ടപ്പെടുത്തിയതാണ്.
ഉന്നതവിദ്യാഭ്യാസ മേഖലക്ക് ഒന്നാം പരിഗണന കൊടുത്ത് നാം നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ദേശീയവും സർവദേശീയവുമായ അംഗീകാരങ്ങൾക്ക് നമ്മുടെ കലാലയങ്ങളെയും സർവകലാശാലകളെയും അർഹമാക്കി. ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാപ്യതയുടെയും ലഭ്യതയുടെയും കാര്യത്തിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കേരളത്തിനായി. നാലുവർഷക്കാലം കൊണ്ട് ആറായിരം കോടി രൂപ ഉന്നതവിദ്യാഭ്യാസമേഖലയിൽ വിന്യസിച്ചുകൊണ്ടാണ് (അവലംബം: കേന്ദ്രസർക്കാറിന്റെ അവസാനത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്) ബഹുതലസ്പർശിയായ മാറ്റങ്ങളിലേക്കും മികവിനുള്ള നേട്ടങ്ങളിലേക്കും കേരളീയ ഉന്നതവിദ്യാഭ്യാസ മേഖലയെ എൽ.ഡി.എഫ് സർക്കാർ കൈപിടിച്ചുയർത്തിയത്.
അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികൾ, ലൈബ്രറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, പുത്തൻ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, വിവിധ സർവകലാശാലകളിലെ സെൻട്രലൈസ്ഡ് ലാബ് കോംപ്ലക്സുകൾ തുടങ്ങിയവ നാമിതുവഴി സജ്ജമാക്കി. നമ്മുടെ കലാലയങ്ങളെയാകെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തലാണ് അടുത്ത ദൗത്യം. സാർവദേശീയ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന ഗുണനിലവാര വർധനയും എക്സലൻസുമാണ് അതിനായി നമ്മുടെ കലാലയങ്ങളിലുണ്ടാവേണ്ടതെന്ന, പഠനാടിസ്ഥാനമുള്ള ബോധ്യത്തോടെ നാം പ്രവേശിക്കുന്ന നിർണായക കാൽവെപ്പാണ് ഇന്നാരംഭിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാം.
ദ്വിമുഖ സമീപനത്തോടെയാണ് പുതിയ രീതിയിലേക്ക് നാം പ്രവേശിക്കുന്നത്. തൊഴിലന്വേഷകരായ യുവജനങ്ങൾക്ക് ദേശീയവും അന്തർദേശീയവുമായ തൊഴിൽസാധ്യതകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ സാഹചര്യമൊരുങ്ങണം. ഒപ്പം, ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് പോകാൻ തൽപരരായവർക്ക് അതിനുള്ള സാധ്യതയും ബിരുദപഠനകാലത്തുതന്നെ ഉണ്ടാകണം. ഈ ലക്ഷ്യങ്ങളെ സംയോജിപ്പിക്കുകയാണ് നാലുവർഷ ബിരുദ പരിപാടിയിൽ.
വിപുലമായ മുന്നൊരുക്കങ്ങൾ ഇതിനായി നാം പൂർത്തിയാക്കി. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി ഒരു കരിക്കുലം ഫ്രെയിം വർക്കിന് രൂപംനൽകി. സർക്കാർ തയാറാക്കി നൽകിയ മാതൃകാ ചട്ടക്കൂടിനെ ഓരോ സർവകലാശാലയും അതാതിന്റെ ജൈവസ്വഭാവത്തിനും സവിശേഷതകൾക്കും ഇണങ്ങുംവിധം കസ്റ്റമൈസ് ചെയ്തു. ലോകമെമ്പാടും സർവകലാശാലകൾ തുടരുന്ന ബിരുദപഠനനിലവാരത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. നമ്മുടെ സർവകലാശാലകളിൽനിന്ന് നേടുന്ന ബിരുദം ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നില ഇതോടെ കൈവരും. ഇവിടെനിന്ന് ബിരുദം നേടി വിദേശത്തേക്ക് ഉപരിപഠനത്തിന് പോകുന്നവർ വീണ്ടും ക്രെഡിറ്റ് ആർജിക്കേണ്ടിവരുന്ന അവസ്ഥക്കും ഇനി മാറ്റംവരും.
സംസ്ഥാനത്തെ മുഴുവൻ കോളജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ക്യാപ്സ്റ്റോൺ പ്രോജക്റ്റുള്ള ഓണേഴ്സ് ബിരുദം നേടാനും റിസർച്ച് താൽപര്യമുള്ളവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്നതരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാം ഘടന.
വിദേശരാജ്യങ്ങളിലേതുപോലെ, പൂർണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ച് അക്കാദമിക് അഡ്വൈസറുടെ സഹായത്തോടെ സ്വന്തം കഴിവുകൾ വികസിപ്പിക്കാനും പ്രഫഷണൽ ലക്ഷ്യങ്ങൾക്ക് സഹായകരമാവും വിധം വിവിധ വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന രൂപകൽപന ചെയ്യാനും കഴിയുന്നതരത്തിലാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം തയാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റം (ECTS), അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം എന്നിവയുമായി കൈമാറ്റം ചെയ്യാനാവും. നമ്മുടെ ബിരുദങ്ങൾക്ക് അന്താരാഷ്ട്ര കോമ്പാറ്റബിലിറ്റി നേടാൻ സഹായകരമാവും വിധമുള്ള സമഗ്രതയോടെയാണ് ഈ സംവിധാനം.
നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവരുടെ അക്കാദമിക പരിചയവും അറിവും നൈപുണ്യവും നമ്മുടെ കലാലയങ്ങളിൽ ബിരുദപഠനം നടത്തുന്ന വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താമെന്ന തുറസ്സും ഇതോടെ വരികയാണ്. ആ നിലക്ക് ‘ബ്രെയിൻ ഗെയിൻ’ പദ്ധതികൂടി കൂടുതൽ ഫലപ്രദമായി നാലുവർഷ ബിരുദ പ്രോഗ്രാമിലൂടെ നിറവേറ്റപ്പെടും.
വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസ പരിഷ്കരണശ്രമങ്ങളുടെ ആത്മാവെന്നതാണ് തുടക്കംതൊട്ട് ഈ സർക്കാറിന്റെ കാഴ്ചപ്പാട്. അതിന്റെ യുക്തിഭദ്രമായ എത്തിച്ചേരലായാണ് ഇന്നാരംഭിക്കുന്ന നാലുവർഷ ബിരുദ പരിപാടിയുടെ നിർവഹണം. അതിനായി നാം പിന്നിട്ട ശ്രമകരമായ വഴികളിൽ വിവിധ വിദ്യാർഥി സംഘടനകളും ഐക്യദാർഢ്യമുള്ള അധ്യാപക-അനധ്യാപക സംഘടനകളും ഈ നിമിഷം വരെയും പിന്തുണയർപ്പിച്ച് കൂടെ നിന്നിട്ടുണ്ടെന്നത് ഏറ്റവും ചാരിതാർഥ്യത്തോടെ കാണുന്നു.
മഹത്തായ ഒരു മാറ്റത്തെ കാലത്തിന്റെ ആഹ്വാനം ചെവിക്കൊണ്ട് പിന്തുണക്കാൻ തയാറായ അക്കാദമിക സമൂഹവും ഈ മാറ്റത്തിന്റെ ചരിത്രപ്രാധാന്യമുൾക്കൊണ്ട് അതിനെ നെഞ്ചേറ്റിയ പൊതുസമൂഹവും കേരളത്തിന്റെ ഉജ്ജ്വലമായ ഭാവിയെ ഉയർത്തിപ്പിടിക്കുന്ന സൂചകങ്ങളാണ്. ഇതേ ഐക്യത്തോടെ ഇനിയും നമുക്ക് ഒരുമിച്ച് നിൽക്കാം. പുതിയ പാഠ്യപദ്ധതിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള എല്ലാ പിന്തുണയും നമുക്കൊരുമിച്ച് ഉറപ്പുനൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.