ചേരിചേരാ പാർട്ടികൾ ഗതിനിർണയിക്കുന്ന നാലാംഘട്ടം
text_fieldsപൊതുതെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം തിങ്കളാഴ്ച പൂർത്തിയായിരിക്കെ അതിന്റെ ഫലസാധ്യതകൾ വിശകലനം ചെയ്യുകയാണ് ഭാരത് ജോഡോ അഭിയാൻ കൺവീനർ യോഗേന്ദ്ര യാദവ്, ഗവേഷകരായ രാഹുൽ ശാസ്ത്രി, ശ്രേയസ് സർദേശായ് എന്നിവർ
ഐതിഹാസികമായ ഈ പൊതുതെരഞ്ഞെടുപ്പിലെ നാലാംഘട്ട പോളിങ് ഭരണമുന്നണിയായ എൻ.ഡി.എക്കും പ്രതിപക്ഷ മുന്നണിയായ ഇൻഡ്യക്കുമപ്പുറം ഇരുമുന്നണികളിലും ചേരാത്ത പാർട്ടികളിലേക്കാണ് നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്. ഒരു തൂക്കു പാർലമെന്റിന് സാഹചര്യമൊരുങ്ങിയാൽ നിർണായക പങ്ക് വഹിക്കാനാവുന്നവരാണ് ഈ ‘ചേരിചേരാ’ പാർട്ടികൾ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ എൻ.ഡി.എക്ക് ഏകദേശം 40 സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എൻ.ഡി.എയും ഇൻഡ്യയും തമ്മിലെ നേരിട്ടുള്ള മത്സരം അൽപം കുറവായ ഈ ഘട്ടത്തിൽ ആ ഇടിവ് അൽപം നികത്താൻ കഴിഞ്ഞേക്കും.
തെലുങ്ക് സംസ്ഥാനങ്ങളിൽ ചെറുനേട്ടങ്ങളും കൈവന്നേക്കാം. ആന്ധ്രാപ്രദേശിലെ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി), ഒഡിഷയിലെ ബിജു ജനതാദൾ (ബി.ജെ.ഡി), തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്) തുടങ്ങിയ ശക്തരായ സംസ്ഥാനതല കക്ഷികളാവും ഈ ഘട്ടത്തിൽ മത്സരം നടന്ന 96 സീറ്റുകളിൽ പകുതിയിലും ഫലം തീരുമാനിക്കുക. ഇവയിൽ 49 സീറ്റുകൾ നിലവിൽ എൻ.ഡി.എയുടെ കൈവശമാണ്, 42ൽ ബി.ജെ.പിയും ഏഴെണ്ണം സഖ്യകക്ഷികളും വിജയിച്ചു. ഈ 49 സീറ്റുകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്. ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ 2019ൽ 12 സീറ്റുകളാണ് നേടിയത്. ബാക്കി 35 സീറ്റുകളിൽ ചേരിചേരാ പാർട്ടികളാണ് വിജയം വരിച്ചത്.
32 എണ്ണം ആന്ധ്രയിലും തെലങ്കാനയിലുമാണ്. 2019 ന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ചിത്രം കാര്യമായി മാറിയിരുന്നില്ല. വോട്ടർമാർ നിയമസഭ തെരഞ്ഞെടുപ്പിലെ രീതി ആവർത്തിച്ചാൽ (ആന്ധ്രാപ്രദേശിലും ഒഡിഷയിലും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒരേസമയമാണ് നടന്നത്) എൻ.ഡി.എക്ക് നിലവിലെ 49 സീറ്റിൽ ഒന്നുപോലും കൂടില്ല. ഇൻഡ്യ മുന്നണിക്ക് നിലവിലെ 12നൊപ്പം പത്തു സീറ്റ് വർധിച്ചാൽ ചേരിചേരാ പാർട്ടികളുടെ സീറ്റ് 35ൽനിന്ന് 25ലെത്തും.
ആന്ധ്രയിലെ അവസ്ഥ
നമുക്ക് മത്സരമേഖലകളെ ഒന്ന് പരിശോധിക്കാം. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശിൽ കഴിഞ്ഞകുറി അഞ്ചിൽ നാല് സീറ്റും നേടിയ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.സി.പി മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി, നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടി, ബി.ജെ.പി എന്നിവയടങ്ങുന്ന എൻ.ഡി.എയുമായി കനത്ത പോരിലാണ്.
ഭരണത്തിലിരിക്കെ മുന്നോട്ടുവെച്ച ക്ഷേമപദ്ധതികൾ, പരമ്പരാഗത പിൻബലമായ വനിതാ വോട്ടർമാർ, ന്യൂനപക്ഷ-ഗോത്രവർഗ വിഭാഗങ്ങൾ, സംസ്ഥാനത്തിന് പ്രത്യേക പദവി നിഷേധിച്ച കേന്ദ്രസർക്കാറിനോടുള്ള ജനരോഷം എന്നിവയാണ് വൈ.എസ്.ആർ.സി.പിക്ക് പ്രതീക്ഷയേകുന്നത്. സംസ്ഥാനത്ത് രൂപപ്പെട്ടേക്കാവുന്ന ഭരണവിരുദ്ധ വികാരത്തിലും സംസ്ഥാനത്തിന് ഒരു തലസ്ഥാനം കണ്ടെത്താനാവാത്തതിലും സഖ്യത്തിലെ ജാതി കണക്കുകളിലുമാണ് എൻ.ഡി.എ കണ്ണുവെക്കുന്നത്. 20 ശതമാനം വരുന്ന കാപു സമുദായത്തിന്റെ പിന്തുണ പവൻ കല്യാണിലൂടെ സ്വന്തമാക്കാനാകുമെന്ന് അവർ കരുതുന്നു.
ഗ്രാമീണ മേഖലയിലും തെക്കൻ റായൽസീമയിലും ശക്തരാണ് വൈ.എസ്.ആർ.സി.പി. എൻ.ഡി.എക്ക് മേൽക്കൈയുള്ളത് നഗരപ്രദേശങ്ങളിലും വടക്കൻ തീരമേഖലയിലുമാണ്. എൻ.ഡി.എ സഖ്യത്തിലെ കക്ഷികൾക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളെല്ലാം വെച്ച് കണക്കുകൂട്ടുമ്പോൾ ഏഴ് സീറ്റ് വരെ അവർക്ക് നേടാനാവും. 3.1 ശതമാനം വോട്ടുകൾ അധികമായി സ്വന്തമാക്കിയാൽ മാത്രമേ കൂടുതലെന്തെങ്കിലും നേട്ടം അവർക്ക് സാധ്യമാക്കാനാവൂ.
ആന്ധ്രയിലെ സാഹചര്യം വെച്ചുനോക്കുമ്പോൾ എൻ.ഡി.എയിലെ ഏറ്റവും ദുർബലമായ കക്ഷിയാണ് ബി.ജെ.പി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിൽ താഴെ മാത്രം വോട്ടുകൾ നേടിയ അവർ പക്ഷേ സഖ്യപങ്കാളികൾ വഴി സംസ്ഥാനത്തെ നാലിലൊന്ന് സീറ്റുകൾ സ്വന്തമാക്കി. മുസ്ലിം വോട്ടുകളിൽ കണ്ണൂന്നുന്ന സഖ്യത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുടെ വർഗീയ വായാടിത്തം ബാധ്യതയായി മാറും. മുഖ്യമന്ത്രിയുടെ സഹോദരി വൈ.എസ്. ശർമിളയുടെ നേതൃത്വത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിന് വോട്ടുശതമാനത്തിൽ വർധനയുണ്ടായാലും അവയെ സീറ്റാക്കി മാറ്റാൻ കഴിയണമെന്നില്ല.
തെലങ്കാനയിലെ തന്ത്രങ്ങൾ
തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് വിജയം നൽകിയ ആവേശവും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കിയതിലെ ഊർജവും വോട്ടാക്കി മാറ്റാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നതെങ്കിലും അത് സാധ്യമാകണമെന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് ഭിന്നമായി ഏതാണ്ടെല്ലാ സീറ്റിലും കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. കോൺഗ്രസിൽനിന്നുള്ള എം.പിമാരെയും എം.എൽ.എമാരെയും സ്വന്തമാക്കി കഴിഞ്ഞ പതിറ്റാണ്ടിൽ ഉയർന്നുവന്ന ബി.ആർ.എസിൽനിന്ന് കൊഴിഞ്ഞുപോയ നേതാക്കളാണ് മൂന്നിൽ രണ്ട് ബി.ജെ.പി സ്ഥാനാർഥികളും. ഈ സ്ഥാനാർഥികളുടെ സ്വാധീനത്തിന്റെയും ധ്രുവീകരണത്തിന്റെയും ബലത്തിൽ വോട്ടർമാർക്കിടയിൽ അടിത്തറയോ അണികളോ ഇല്ലെന്ന പോരായ്മ നികത്താനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു.
ഗ്രാമീണ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഗ്രേറ്റർ ഹൈദരാബാദിലും നഗരപ്രദേശങ്ങളിലും അതിനു കഴിയാതെ പോവുകയും ചെയ്ത കോൺഗ്രസ് ബി.ആർ.എസിൽനിന്നുള്ള മിടുക്കരായ എം.എൽ.എമാരെ അടർത്തിയെടുത്ത് സ്ഥാനാർഥികളാക്കി അണിനിരത്തിയിരിക്കുന്നു.
വിദ്വേഷ പ്രചാരണത്തിൽ മനംമടുത്ത സാധാരണക്കാരുടെയും മുസ്ലിം വോട്ടുകളുടെയും ഏകീകരണവുമാണ് തെലങ്കാനയിൽ ഇക്കുറി കോൺഗ്രസിന് അനുകൂലമായി വർത്തിച്ചേക്കാവുന്ന ഘടകം. കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ കോൺഗ്രസ് അതിന്റെ മൂന്ന് സീറ്റ് എന്ന അവസ്ഥ മെച്ചപ്പെടുത്താൻ ഒരുങ്ങുന്നു, ബി.ജെ.പിക്ക് പരമാവധി വർധിക്കുക രണ്ട് സീറ്റുകൾ. എ.ഐ.എം.ഐ.എം അതിന്റെ ഏക സീറ്റ് നിലനിർത്തിയേക്കും. ബി.ആർ.എസിന് അവരുടെ ഒമ്പത് സീറ്റുകളിൽ ഒന്നോ രണ്ടോ എണ്ണം നിലനിർത്താൻ കഴിഞ്ഞാൽതന്നെ വലിയ കാര്യം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.