സ്വാതന്ത്ര്യലബ്ധിയും സാക്ഷാത്കാരവും
text_fieldsഭരണകൂടം വ്യക്തികളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുമ്പോൾ മാത്രമാണ് നാം വ്യക്തിസ്വാതന്ത്ര്യ മുദ്രാവാക്യമുയർത്തുന്നത്. എന്നുവെച്ചാൽ രാഷ്ട്രവും ഭരണഘടനയും വ്യക്തികൾക്കു നൽകുന്ന സൗജന്യമായാണ് വ്യക്തികളുടെ മൗലികാവകാശത്തെ നാം വിലയിരുത്തുന്നത്. യഥാർഥത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സങ്കൽപം ഭരണഘടനക്കു തന്നെ വിരുദ്ധമാണ്
സ്വാതന്ത്ര്യത്തെ ഒരൊറ്റപ്പെട്ട ആശയ സംവർഗമായാണ് സമൂഹം കരുതിപ്പോരുന്നത്. മാത്രമല്ല, വ്യക്തികളിൽനിന്ന് വിഭിന്നവും സാമൂഹിക ഗണങ്ങളിൽനിന്ന് ഉയരത്തിൽ നിൽക്കുന്നതും രാഷ്ട്രത്തിൽ കേന്ദ്രീകരിക്കുന്നതുമായ ആശയമായാണ് ഇത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. സാമൂഹിക സമത്വം, നീതി, പൗരാവകാശങ്ങൾ, പൗരധർമങ്ങൾ, സാമ്പത്തിക സമത്വം, നീതി, പൗരാവകാശങ്ങൾ, ലിംഗ നീതി, മതനിരപേക്ഷത, വിവേചനങ്ങളിൽനിന്നും മർദനങ്ങളിൽനിന്നും പീഡനങ്ങളിൽനിന്നും മറ്റുമുള്ള വിമോചനം എന്നിവ കൂടി ഉൾക്കൊള്ളുന്നതാണ് സ്വാതന്ത്ര്യം എന്നത് ഒരു പ്രഖ്യാപിത തത്ത്വമായിരിക്കെ തന്നെ സ്വാതന്ത്ര്യത്തിന്റെ ബഹുലവും ആഴമേറിയതുമായ അർഥതലങ്ങൾ നാം വിശകലനം ചെയ്യുന്നില്ല. സ്വാതന്ത്ര്യലബ്ധിയും സ്വതന്ത്ര സാക്ഷാത്കാരവും തമ്മിലെ ഗണ്യമായ വ്യത്യാസം നാം തിരിച്ചറിഞ്ഞിട്ടില്ല.
ഒരു വ്യക്തിയെ സമൂഹത്തിലെ അല്ലെങ്കിൽ രാഷ്ട്രത്തിലെ കേവലമായ അംഗമായി പരിഗണി ക്കുകയെന്നതാണ് ആധുനിക രാഷ്ട്ര സങ്കൽപത്തിന്റെ വ്യവസ്ഥാപിത രീതി. ആധുനിക പൂർവ രാഷ്ട്രീയ ജീവിതത്തിൽ ചരിത്രപരവും സാമൂഹികവുമായ പല തടസ്സങ്ങളും അസമത്വങ്ങളും ആചാര മാതൃകകളും ഉണ്ടായിരുന്നുവെങ്കിലും വ്യക്തികൾക്ക് സ്വന്തം ആശയങ്ങളുടെയും ജീവിതരീതികളുടെയും അടിസ്ഥാനത്തിലുള്ള സ്വത്വം (Identity of Life) നിലനിർത്താൻ കഴിഞ്ഞിരുന്നു. അതിന്റെ ഫലമായാണ് വ്യത്യസ്ത ചിന്താസരണികളും പ്രസ്ഥാനങ്ങളും സമൂഹത്തിൽ രൂപംകൊണ്ടതും ഇന്നു നാം ആവർത്തിച്ചു പറയുന്ന ബഹുസ്വരതയും നാനാത്വവും നിലനിന്നതും. എന്നാൽ ആധുനിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വരവോടെ, വ്യക്തികൾക്ക് ഉണ്ടായിരുന്ന സ്വജീവിതാധികാരവും, വിമതാശയങ്ങൾ ആവിഷ്കരിക്കാനുള്ള സാംസ്കാരിക തുറസ്സും നഷ്ടമായി.
സ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുന്നത് ഒരു വ്യക്തി ഉൾക്കൊള്ളുന്ന സമൂഹം പുരോഗമിക്കുമ്പോൾ മാത്രമാണെന്ന ലളിതയുക്തിയാണ് ഇന്ന് നിലനിൽക്കുന്നത്. ഭരണകൂടം വ്യക്തികളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുമ്പോൾ മാത്രമാണ് നാം വ്യക്തിസ്വാതന്ത്ര്യ മുദ്രാവാക്യമുയർത്തുന്നത്. എന്നുവെച്ചാൽ രാഷ്ട്രവും ഭരണഘടനയും വ്യക്തികൾക്കു നൽകുന്ന സൗജന്യമായാണ് വ്യക്തികളുടെ മൗലികാവകാശത്തെ നാം വിലയിരുത്തുന്നത്. യഥാർഥത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സങ്കൽപം ഭരണഘടനക്കു തന്നെ വിരുദ്ധമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പറയുന്നത് ജനങ്ങൾ നൽകിയതാണ് ഈ ഭരണഘടനയെന്നാണ്.
എന്നുവെച്ചാൽ ഭരണഘടനയുടെ സ്രഷ്ടാക്കൾ ഭരണകൂടമല്ല, ജനങ്ങളാണ്. ഭരണകൂടത്തിന് അതിന്റെ കാവൽ ജോലി മാത്രമാണ്. സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരത്തെ നാം കാണേണ്ടത് രാഷ്ട്രവുമായോ ഭരണകൂടവുമായോ മാത്രം ബന്ധപ്പെടുത്തിയാവരുത്. കാരണം ഈ രണ്ടു സ്ഥാപനങ്ങളും നിലവിൽ വരുന്നതിന് സഹസ്രാബ്ദങ്ങൾക്കുമുമ്പുതന്നെ വ്യക്തികളും സമൂഹവും ജീവിതാധികാരം നിലനിർത്തിയിരുന്നു. എന്നാൽ ഇന്ന് നാം അവകാശങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നത്.
അധികാരമെന്നത് ഭരണകൂടത്തിൽ അധിഷ്ഠിതമായതും താഴോട്ട് സമൂഹത്തിൽ പ്രയോഗിക്കുന്നതുമായ സവിശേഷ ശക്തിയാണ്. എന്നാൽ യഥാർഥ അധികാരം നിക്ഷിപ്തമായിരിക്കുന്നത് വ്യക്തികളിലും സമൂഹത്തിലുമാണ്. ഈ അധികാരം മറ്റു വ്യക്തികളുടെയോ സമൂഹങ്ങളുടെയോ മേൽ പ്രയോഗിക്കാവുന്ന സ്വേച്ഛാധിപത്യമല്ല, മറിച്ച് സ്വജീവിതം രൂപപ്പെടുത്താനും സർഗാത്മകമായ ആവിഷ്കാരങ്ങൾ നടത്താനുമുള്ള പ്രകൃതിദത്തമായ ജീവിതാധികാരമാണ്.
വിശ്വവിഖ്യാത ഡച്ച് ചിന്തകനായ സ്പിനോസ വിശദമാക്കിയ ഈ പ്രകൃതിദത്തമായ ജീവിതാധികാരം ആവിഷ്കരിക്കപ്പെടുമ്പോഴാണ് യഥാർഥത്തിൽ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം നടക്കുന്നത്. ഭൗതികവും ആത്മീയവുമായ വ്യക്തി സമൂഹ സ്വാതന്ത്ര്യം സാക്ഷാത്ക്കരിക്കപ്പെടുമ്പോൾ മാത്രമെ, ഒരു രാഷ്ട്രം പൂർണമായും സ്വതന്ത്രമായി എന്നു പറയാൻ കഴിയൂ. മറിച്ച്, ആധുനികോത്തര രാഷ്ട്രീയസമൂഹം വ്യക്തികളെ കേവലം പൗരരായി പരിഗണിക്കുമ്പോൾ അത് ലക്ഷ്യംവെക്കുന്നത് രാഷ്ട്രീയ സമൂഹം /പൗരസമൂഹം എന്ന കൃത്രിമ ദ്വന്ദ്വത്തെയാണ്. രാജവാഴ്ചക്കാലത്തെ പ്രജകളുടെ പുത്തൻപതിപ്പാണ് പുതിയ പൗരജനങ്ങൾ.
പ്രജകൾക്ക് രാജാവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നുവെങ്കിൽ പൗരർക്ക് ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ കഴിയുന്നുവെന്ന വ്യത്യാസം മാത്രം. സ്വജീവിതാധികാരത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സാക്ഷാത്കാരവും വ്യക്തിസ്വത്വവുമില്ലാത്ത പൗരസമൂഹങ്ങളെ കേവലം ആൾക്കൂട്ടമായി സങ്കൽപിക്കാനും ഈ ആൾക്കൂട്ടത്തെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മർദക സേനയായി പരിവർത്തിപ്പിക്കാനും അനായാസം കഴിയുന്നതിന്റെ രാഷ്ട്രീയ രസതന്ത്രമാണ് ഇതുവരെ പരാമർശിച്ചത്.
വില്യം ഷേക്സ്പിയറുടെ ജൂലിയസ് സീസർ നാടകത്തിൽ എപ്പോഴും എങ്ങോട്ടും തത്ത്വദീക്ഷയില്ലാതെ മലക്കം മറിയുന്നവരായി പൊതുജനങ്ങളെ ചിത്രീകരിക്കുന്നുണ്ട്. ഇന്ന് അതിനുമപ്പുറം ഭരണകൂടത്തിന്റെ പീഡന സൈന്യമായി സമൂഹത്തെ അപമാനവീകരിക്കാൻ കഴിയുന്നിടത്താണ് ഇന്ത്യയിലെ ഹിന്ദുത്വഫാഷിസം അധിനിവേശം സ്ഥാപിക്കുന്നത്.
മനശ്ശാസ്ത്ര ചിന്തകൻ വിൽഹം റീഗ്, ‘ഫാഷിസത്തിന്റെ ആൾക്കൂട്ട മനശ്ശാസ്ത്രം’എന്ന ഗ്രന്ഥത്തിൽ ഇത് പ്രതിപാദിക്കുന്നുണ്ട്. ഓരോ വ്യക്തിയിലും ജീവിതത്തിലും ജീവിത ബന്ധങ്ങളിലും ആസക്തിയോടെ സ്വീകരിക്കപ്പെടുന്ന വികാരവും ആഭിമുഖ്യവുമാണ് ഫാഷിസം. അത് രാഷ്ട്രമെന്ന ഒറ്റച്ചക്രത്തിൽ സഞ്ചരിക്കുന്ന രാഷ്ട്രീയ പ്രതിഭാസമല്ല. അത് തിരിച്ചറിഞ്ഞ ഹിന്ദുത്വ ഫാഷിസ്റ്റുകൾ പൊതു സമ്മതി നേടാൻവേണ്ടി നിരന്തരം നടത്തുന്ന തന്ത്രങ്ങളാണ് നാമിത്രയും കാലം കണ്ടതും ഇപ്പോൾ ഹരിയാനയിലും മണിപ്പൂരിലും നടത്തിക്കൊണ്ടിരിക്കുന്നതും.
കൃത്രിമ സൈദ്ധാന്തികയുക്തി
ഹിന്ദുത്വ ഫാഷിസ്റ്റുകൾ പൊതു സംവാദങ്ങളിൽ കാലുഷ്യം സൃഷ്ടിക്കാൻ രൂപപ്പെടുത്തിയ വിരുദ്ധ ദ്വന്ദ്വ (Binary Opposition) മാണ് വിശ്വാസം/യുക്തി (ശാസ്ത്രം) എന്നത്, ഇതൊരു ചതിക്കുഴിയായിരുന്നു എന്ന് തിരിച്ചറിയാൻ കഴിയാതെ പോയവർ ഇതിൽ ഓരോന്നിന്റെയും വക്താക്കളും വാദികളുമായി മാറി. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേർതിരിക്കാതെയും ഭക്തിയുടെ ആന്തരികത സ്നേഹമാണെന്ന യാഥാർഥ്യം തിരിച്ചറിയാതെയും, ആത്മീയതയും ഭക്തിയും ഭൗതിക ശക്തിയായി പരിണമിച്ചതിന്റെ ഉദാഹരണങ്ങൾ ഭക്തിപ്രസ്ഥാനം, സൂഫി പ്രസ്ഥാനം, നവോത്ഥാന പ്രസ്ഥാനങ്ങൾ തുടങ്ങിയവ പരിശോധിക്കാതെയും ഭൗതികതയും ആത്മീയതയും ജീവിതത്തിന്റെ അഭേദ്യ ഭാഗങ്ങളാണെന്ന് തിരിച്ചറിയാതെയും യാന്ത്രികവാദങ്ങളിൽ അഭിരമിക്കുകയാണ്.
നമ്മുടെ ബൗദ്ധിക സമൂഹം. മാർക്സിസ്റ്റ് സൗന്ദര്യ ശാസ്ത്ര ചിന്തകൻ ടെറി ഈഗിൾടൺ ‘യുക്തി, വിശ്വാസം, വിപ്ലവം - ദൈവസംവാദത്തെക്കുറിച്ചുള്ള ചിന്തകൾ’ എന്ന ഗ്രന്ഥത്തിൽ ഇത്തരം യാന്ത്രിക വീക്ഷണത്തിലൂടെ വിശ്വാസങ്ങളെ വിലയിരുത്തുന്നതിനെ ശക്തിയുക്തം വിമർശിക്കുന്നു.
സ്വതന്ത്രചിന്ത എന്നത് ഒരു സങ്കൽപനം മാത്രമായി ചുരുങ്ങുകയും ഒരേ അച്ചിൽ വാർത്തെടുക്കുന്ന (സ്റ്റീരിയോ ടൈപ്) വാദങ്ങളുടെ പ്രചാരകരായി വ്യക്തികൾ മാറുകയും അഥവാ മാറ്റുകയും ചെയ്യുന്ന വിദ്യ ഇന്ന് വികസിതമായിരിക്കുന്നു. ഇത് യഥാർഥത്തിൽ ചിന്താരൂപവത്കരണ സാങ്കേതികവിദ്യയല്ല, മറിച്ച്, തർക്ക രൂപവത്കരണ സാങ്കേതികവിദ്യയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, മതാനുശാസനങ്ങൾ, മാധ്യമങ്ങൾ, പൊതുബോധങ്ങൾ അതിലുപരി ഭരണകൂടാശയങ്ങൾ - എന്നിവയാൽ നിർമിതമായ ഇത്തരം വാദങ്ങളും തർക്കങ്ങളും വ്യക്തി - സമൂഹ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരത്തെ ഒരു മിഥ്യയാക്കി മാറ്റിയിരിക്കുന്നു.
‘‘ഇവിടെ എനിക്കു സ്വന്തമായി ചിന്തയില്ല, പക്ഷേ നമുക്കൊരു ചിന്തയുണ്ട്’ എന്ന ആശയം ദൃഢീകരിക്കപ്പെട്ടിരിക്കുന്നു. ഫാഷിസത്തിന്റെ വളർച്ചക്കും ആധിപത്യത്തിനും നാം വേറെ കാരണങ്ങൾ അന്വേഷിച്ചു പോവേണ്ടതില്ല. വ്യക്തികളുടെ സ്വാച്ഛന്ദ്യവും ആഭിമുഖ്യങ്ങളും സർഗാത്മകതയും സർവാശ്ലേഷിയും ബഹുലവുമായി വികസിക്കുന്ന ഒരു സമൂഹത്തിൽ മാത്രമെ സ്വാതന്ത്ര്യം അതിന്റെ പൂർണമായ അർഥത്തിൽ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. അത്തരമൊരു സമൂഹത്തിൽ ഫാഷിസത്തിന് വളരാൻ പ്രയാസകരമായിരിക്കും. എന്തുകൊണ്ടെന്നാൽ വ്യക്തിയുടെ ആന്തരിക സംസ്കരണത്തിൽ അധിഷ്ഠിതമായ സമൂഹത്തിനു മാത്രമെ ഒരു യഥാർഥ ജനാധിപത്യ സമൂഹമായി പരിവർത്തിക്കാൻ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.