Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസ്വാതന്ത്ര്യം തന്നെ...

സ്വാതന്ത്ര്യം തന്നെ അമൃതം

text_fields
bookmark_border
സ്വാതന്ത്ര്യം തന്നെ അമൃതം
cancel

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ കൊളോണിയൽ ശക്തികളിൽനിന്നും നേടിയ വിമോചനം ചരിത്രസ്മരണയായി ആർത്തിരമ്പുമ്പോഴും ആഭ്യന്തര കൊളോണിയലിസവും ജാതി ബ്രാഹ്മണ്യവും നിലീന ഭരണകൂടവും (deep state) ഇഴചേർന്ന് പൗരശരീരങ്ങളെ ഞെരുക്കുകയാണ്. ജാതി ബ്രാഹ്മണ്യത്തിന്റെയും ഹിംസാത്മക ഭരണകൂട ചെയ്തികളുടെയും ആഭ്യന്തര കൊളോണിയലിസത്തിൽനിന്നും മുക്തി കൈവന്നെങ്കിൽ മാത്രമേ സ്വാതന്ത്ര്യം അക്ഷരാർഥത്തിൽ 'അമൃതാ'യി തീരുകയുള്ളൂ.

ജനാധിപത്യവും പൗരാവകാശങ്ങളും ഞെരിഞ്ഞമരുകയും അടിസ്ഥാന ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ദുരിതക്കയങ്ങളിലേക്ക് ആണ്ടുപോവുകയും ചെയ്യുമ്പോൾ അതിദേശീയതയുടെ ആഖ്യാനങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാണ് ജാതിബ്രാഹ്മണ്യ ഭരണകൂട ശക്തികൾ ശ്രമിക്കുന്നത്.

ചരിത്രവിരുദ്ധമായ അതിദേശീയത

ഇന്ത്യയെന്ന ദേശരാഷ്ട്രം വൈവിധ്യങ്ങളിലാണ് നിലനിൽക്കുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുകയും വ്യത്യസ്തങ്ങളായ സാംസ്കാരിക ജീവിതം നയിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ അതിദേശീയതയുടെ ആഖ്യാനങ്ങളിലൂടെ വൈവിധ്യങ്ങളെ തമസ്കരിച്ച് ഏകാത്മകവും കൃത്രിമവും ഹിംസാത്മകവുമായ ഹിന്ദുത്വ സ്വത്വ ആഖ്യാനങ്ങളിലേക്ക് ഉൾച്ചേർക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ഹിന്ദുത്വ ഭാവനാഖ്യാന നിർമിതിയുടെ ഭാഗമായാണ് 'ആർഷഭാരത' സങ്കൽപവും 'ഭാരതാംബ' സങ്കൽപവും മറ്റും സൃഷ്ടിക്കപ്പെട്ടത്.

ഇത് പൊതുവായി ഏറ്റെടുക്കപ്പെട്ടതോടെ ഹിന്ദുത്വം വിജയിക്കുകയാണുണ്ടായത്. 'ദേശീയപതാകയെ ആദരിക്കരുത്' എന്ന് പ്രസ്താവിച്ചവർതന്നെ മാറിയകാലത്ത് അതിന് അത്യാദരവ് നൽകുന്നതും ശ്രദ്ധിക്കേണ്ടതാണ്. 1947 ആഗസ്റ്റ് 14ലെ 'Mystry behind Bhagawa Dhawaj' എന്ന ദൈർഘ്യമേറിയ ലേഖനത്തിൽ, ആദരവ് അർഹിക്കാത്തതിന്റെ കാരണങ്ങൾ നിരത്തുന്നുണ്ട് ഹിന്ദുത്വ ശക്തികൾ. 1992 ജനുവരി 14ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ രാജേന്ദ്രസിങ് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''ഭാരതമായ ഇന്ത്യക്കുപകരം 'ഹിന്ദുസ്ഥാൻ' ആയ ഭാരതം എന്നാണ് നാം പറയേണ്ടത്.

വിഭിന്ന ഘടകങ്ങൾ ചേർന്നുണ്ടായ സംസ്കാരം എന്ന് ഔദ്യോഗിക രേഖകൾ പരാമർശിക്കുന്നുണ്ടെങ്കിലും തീർച്ചയായും നമ്മുടേത് അത്തരത്തിലുള്ള ഒരു സംസ്കാരമല്ല''. എം.എസ്. ഗോൾവാൾക്കർ 'ബഞ്ച് ഓഫ് തോട്ടിൽ' (വിചാരധാര) 'ഉദ്ഗ്രഥിതമായ ഏകതാനതക്ക്, വിനാശകരമായ പ്രാദേശികവും ഭാഷാപരവുമായ വൈവിധ്യങ്ങളെയും രാജ്യത്തിന്റെ ഫെഡറൽ ഘടനയെയും അതിനെയെല്ലാം പരിപാലിക്കുന്ന ഭരണഘടനയെയും പുനഃപരിശോധിച്ച് മാറ്റിയെഴുതാൻ ആഹ്വാനം ചെയ്യുന്നുണ്ട്.

ഇത്തരം ആഖ്യാനങ്ങളെല്ലാം ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ വൈവിധ്യങ്ങളെയും വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തെയും നിരസിച്ചുകൊണ്ട് ഇന്ത്യയെ ഏകാത്മകമായ ബ്രാഹ്മണ്യ ആഖ്യാനങ്ങൾക്കനുസൃതമാംവണ്ണം പുനർരചിക്കുകയാണ് ഹിന്ദുത്വ ശക്തികൾ. ''നമ്മുടെ വംശീയമായ സമ്മിശ്രണത്തിനെതിരായ ഈ അധാർമികതകൾ തകരാതെ രാഷ്ട്രീയ ഐക്യം കൈവരിക്കാനാവുമെന്ന് എന്നെങ്കിലും പ്രതീക്ഷിക്കാനാവുമോ'' എന്ന് ദേശീയതയെ സംബന്ധിച്ച പ്രബന്ധത്തിൽ ടാഗോർ ഉന്നയിച്ച ചോദ്യം ഇന്നും പ്രസക്തമാണ്. ജനാധിപത്യത്തെ സംബന്ധിച്ച സൂക്ഷ്മവിചാരങ്ങളിലേക്കാണ് ഇതെല്ലാം നയിക്കുന്നത്.

ജനാധിപത്യം നിർവചിക്കപ്പെടുന്നു

1952 ഡിസംബർ 22ന് പൂന ജില്ല നിയമ ലൈബ്രറിയിൽ നടത്തിയ പ്രഭാഷണത്തിൽ ഡോ. ബി.ആർ. അംബേദ്കർ ജനാധിപത്യത്തെ നിർവചിക്കുന്ന സന്ദർഭത്തിൽ 'ചർച്ചയിലൂടെയുള്ള സർക്കാർ' എന്നൊരു സവിശേഷ പ്രയോഗം നടത്തുന്നുണ്ട്. എന്നിട്ട് അംബേദ്കർ അതിനെ വിശദീകരിക്കുന്നു: ''രക്തരഹിതമായ വിപ്ലവത്തിലൂടെ ജനങ്ങളുടെ സാമ്പത്തിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്ന സർക്കാർ രൂപം''.

ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കാൻ ജനാധിപത്യം സഹായിക്കണമെന്ന് അംബേദ്കർ ദർശിച്ചു. ജനാധിപത്യം വിജയകരമായി പ്രവർത്തിക്കണമെങ്കിൽ ആദ്യം ഉണ്ടാവേണ്ട ഉപാധി സമൂഹത്തിൽ അസമത്വം ഉണ്ടാകാൻ പാടില്ല എന്ന് അംബേദ്കർ കുറിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട ഒരുവർഗവും എല്ലാ സവിശേഷാധികാരങ്ങളും കൈവശപ്പെടുത്തിയിരിക്കുന്ന വർഗവും അതിന്റെ ഭാരം താങ്ങുന്ന മറ്റൊരു വർഗവും ഉണ്ടാകരുത് എന്നും ജനാധിപത്യ വ്യവസ്ഥയെ തന്നെ അംബേദ്കർ നിർവചിച്ചു.

അസമത്വത്തിനെതിരായി വലിയ കലാപങ്ങൾ ഉടലെടുക്കാത്തത് അസമത്വം നിലനിൽക്കുന്നില്ല എന്നതിന്റെ തെളിവല്ലെന്നുള്ള-അമർത്യാസെന്നിന്റെ നിരീക്ഷണവും ഈ സന്ദർഭത്തിൽ പ്രസക്തമാണ്. സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തിയാകുമ്പോഴും അസമത്വത്തിന്റെ കൊടിയ ദുരിതങ്ങളെ നിർവീര്യമാക്കാൻ അശ്രാന്തപരിശ്രമം വേണ്ടിയിരിക്കുന്നു എന്നുള്ള വസ്തുത സൂചിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെ പ്രയോഗികതയിൽ നേരിടുന്ന വെല്ലുവിളികളെ തന്നെയാണ്. പഴഞ്ചൻ സാംസ്കാരിക പാരമ്പര്യങ്ങളിൽനിന്ന് വിഘടിച്ചുമാറാതെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ നവീകരണോന്മുഖമായ ഒരാധുനിക ഭരണഘടന സ്വീകരിച്ചത് എന്നുള്ള ഡോ. മീരാനന്ദയുടെ നിരീക്ഷണം ജനാധിപത്യത്തെ പിന്നോട്ടുവലിക്കുന്ന ജാതിബ്രാഹ്മണ്യ വ്യവസ്ഥയെയാണ് വിമർശവിധേയമാക്കുന്നത്.

'ജനാധിപത്യത്തിന്റെ തകർച്ചക്കുകാരണം സാമൂഹികമായ വിടവുകൾ ഉണ്ടായിരിക്കുന്നതാണെന്ന് അംബേദ്കർ പ്രസ്താവിക്കുന്നുണ്ട്. വർധിച്ചുവരുന്ന മുസ്‍ലിം ന്യൂനപക്ഷ അപരവത്കരണം ഈ സാമൂഹിക വിടവ് കൂട്ടിക്കൊണ്ടിരിക്കുന്നു. 'നിയമത്തിലും ഭരണത്തിലും സമത്വം എന്നതാണ് ജനാധിപത്യത്തിന്റെ വിജയത്തിനുള്ള' ഒരു മുന്നുപാധിയായി അംബേദ്കർ വീക്ഷിക്കുന്നത്. ഭരണഘടനപരമായ ധാർമികത പരിപാലിക്കുന്നത് ജനാധിപത്യത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും അംബേദ്കർ നിരീക്ഷിക്കുന്നു.

''നിയമപരമായ വ്യവസ്ഥകളുടെ ചട്ടക്കൂട് മാത്രമുള്ള ഭരണഘടനയാണ് നമുക്കുള്ളത്. അതിന് മജ്ജയും മാംസവും നൽകുന്നത് ഭരണഘടനപരമായ ധാർമികതയാണ്'' എന്ന് ഭരണഘടനാ ധാർമികതയെ അംബേദ്കർ വിശദീകരിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ പേരിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിമയാക്കരുതെന്നും ഭൂരിപക്ഷമാണ് ഭരണം നടത്തുന്നതെങ്കിലും ന്യൂനപക്ഷത്തിന് എപ്പോഴും സുരക്ഷിതത്വം അനുഭവപ്പെടണമെന്നും പ്രസ്താവിച്ചതിലൂടെ വർത്തമാനകാല പ്രതിസന്ധികളെയാണ് അംബേദ്കർ ദീർഘദർശനം ചെയ്തതെന്ന് പറയേണ്ടിവരും.

ഭരണഘടനാപരമായ നീതി

1950 ജൂൺ 10ന് തിരുവനന്തപുരത്ത് ലെജിസ്ലേറ്റിവ് ചേംബറിൽ നടത്തിയ പ്രഭാഷണത്തിൽ, സർക്കാറും ജനങ്ങളും ഭരണഘടയിലെ സങ്കേതങ്ങളും നീതിയും പരിപാലിക്കേണ്ടതാണെന്ന് ഡോ. അംബേദ്കർ സൂചിപ്പിക്കുകയുണ്ടായി. പ്രത്യക്ഷമായ ഭരണഘടനയേക്കാൾ പ്രധാനം ഭരണഘടയനുസരിച്ചുള്ള ജീവിതരീതി സമൂഹത്തിൽ ഉണ്ടായിവരേണ്ടതിന്റെ ആവശ്യകതയിലാണ് ഈ പ്രഭാഷണം ഊന്നുന്നത്. ഭരണഘടന തന്നെ മാറ്റിയെഴുതാൻ ബ്രാഹ്മണ്യശക്തികൾ ആഹ്വാനം ചെയ്യുന്ന ഘട്ടത്തിൽ ഭരണഘടനപരമായ നീതിയിലധിഷ്ഠിതമായ ജീവിതത്തെ സംബന്ധിച്ച ചർച്ചകൾക്കും ഏറെ പ്രസക്തിയുണ്ട്.

ഭരണഘടനപരമായ നീതിയിൽ ജനങ്ങൾ ജീവിക്കുക മാത്രമല്ല, സർക്കാറും ആ നീതിയിലധിഷ്ഠിതമായി നിലകൊള്ളണമെന്നും അംബേദ്കർ ഓർമിപ്പിച്ചു. ന്യൂനപക്ഷങ്ങളെക്കുറിച്ച് സർക്കാറിന് ആദരവുണ്ടായിരിക്കണമെന്നും ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഗം അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റി ജനാധിപത്യം നിലനിൽക്കുന്നതെന്നും അതേ പ്രസംഗത്തിൽ അംബേദ്കർ പ്രസ്താവിച്ചു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുമ്പോൾ അംബേദ്കറും നെഹ്റുവും ഉൾപ്പെടെയുള്ള രാഷ്ട്രനിർമാതാക്കൾ ഭാവി ഇന്ത്യയെ കെട്ടിപ്പടുക്കാനായി ആവിഷ്കരിച്ചതും പങ്കുവെച്ചതുമായ ചിന്തകളുടെ പുനർവായനയിലൂടെയും ഭരണഘടനാ ജനാധിപത്യ വ്യവസ്ഥയിലൂടെ ഇന്ത്യയിലെ അശരണരായ ജനകോടികളുടെ ജീവിതവും അസമത്വ വ്യവസ്ഥയാൽ താഴ്ന്നുപോവാതെ ഉദ്ധരിക്കാൻ സാധിക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യം ഏവർക്കും അനുഭൂതിജന്യമായ ഒന്നായി തീരുകയുള്ളൂ.

''എല്ലാ രാജ്യത്തും അനീതി ഉണ്ടെന്നതിൽ സംശയമില്ല; പക്ഷേ അനീതി തുല്യമായല്ല വിതരണം ചെയ്യപ്പെടുന്നത്'' എന്ന അംബേദ്കറുടെ സുചിന്തിത വിചാരം അസമത്വ ഇന്ത്യയുടെ ദുരിതക്കാഴ്ചയെയാണ് അനാവരണം ചെയ്യുന്നത്. സ്വന്തം ജനതയോടുള്ള ജാതിബ്രാഹ്മണ്യ ശക്തികളുടെ യുദ്ധം അവസാനിക്കുകയും സാമൂഹികവും സാമ്പത്തികവുമായ ജീവിതപരിസരങ്ങളിൽ സമത്വവും സാഹോദര്യവും അനുഭവജന്യമായി തീരുമ്പോഴുമാണ് 'സ്വാതന്ത്ര്യം' അക്ഷരാർഥത്തിൽ അമൃതമായി മാറിത്തീരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian constitutionB. R. Ambedkarindian freedom struggle
News Summary - Freedom is the elixir
Next Story