ബാങ്കൊലി തൊട്ട് ഹലാൽ ഭക്ഷണം വരെ
text_fieldsതീവ്ര ഇടതുപക്ഷ പ്രവർത്തകൻ പൊന്ന്യത്തെ രാമകൃഷ്ണൻ ആത്മഹത്യ ചെയ്തു. സുഹൃത്തും സഹപ്രവർത്തകനുമായ എ. സോമൻ മൃതശരീരത്തിനു കാവൽ നിൽക്കുകയായിരുന്നു. തൂങ്ങിക്കിടക്കുന്ന മൃതശരീരത്തിനടുത്ത് ഏകനായി കഴിയവേ തനിക്കുണ്ടായ അനുഭവം അദ്ദേഹം കുറിച്ചു: ''അല്ലാഹു അക്ബർ... അടുത്ത പള്ളിയിലെ ബാങ്കുവിളി കേട്ടു ഞാനുണർന്നു. ആ സ്വരത്തിലെ അഭൗമ ധാര പൊടുന്നനെ എന്നെ സ്വസ്ഥചിത്തനാക്കി. ആത്മഹത്യക്കും അതിജീവനത്തിനുമിടയിൽ ആ ദൈവസ്തുതിയുടെ സരളത, പിറന്നതും പിറക്കാനിരിക്കുന്നതുമായ മഹാകാലത്തിെൻറ ഓർമകൾ ചുരത്തി. പിന്നീട് ഏറെക്കാലം എന്നിൽ ഘനീഭൂതമായിക്കിടന്നു ആ ബാങ്കുവിളി. പല ആപൽഘട്ടങ്ങളിലും സ്വൈരം നശിക്കുമ്പോൾ എെൻറ ഉപബോധം എനിക്കയക്കാറുള്ള സന്ദേശം''. നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകത്തൊഴിലാളികളും മറ്റു നിർമാണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഒരു കാലത്ത് സമയമറിയാൻ അവലംബിച്ചിരുന്നത് പള്ളികളിൽനിന്ന് മുഴങ്ങിക്കേൾക്കുന്ന ബാങ്കുവിളിയെയാണ്.
ക്ഷേത്രങ്ങളിലെ ശംഖുനാദവും ചർച്ചുകളിലെ മണിയൊച്ചയും പള്ളികളിൽനിന്ന് ഒഴുകിവരുന്ന ബാങ്കുവിളിയും ആരിലും അൽപവും അസ്വാരസ്യമോ അസ്വസ്ഥതയോ അലോസരമോ ഉണ്ടാക്കിയിരുന്നില്ല. എല്ലാവരും പരസ്പരം ആദരവോടെയാണ് അവയെ സമീപിച്ചിരുന്നത്. തലസ്ഥാന നഗരിയിൽ ക്ഷേത്രവും പാളയം പള്ളിയും വേർതിരിക്കുന്ന മതിൽ ഒന്നാണ്. തൊട്ടടുത്തു ശ്രദ്ധിക്കപ്പെടുന്ന ചർച്ചുമുണ്ട്. കേരളത്തിൽ പലയിടങ്ങളിലും വിവിധ മത സമൂഹങ്ങളുടെ ആരാധനാലയങ്ങൾ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. അതൊന്നും സമൂഹത്തിൽ ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല. അവിടങ്ങളിലെ ആരാധനകർമങ്ങളുടെ സ്ഥിതിയും അതുതന്നെ. ആദികാലം മുതൽ അടുത്തകാലം വരെ കേരളത്തിൽ ദൈവവിശ്വാസവും മതബോധവും വിവിധ സമൂഹങ്ങൾക്കിടയിൽ സ്നേഹവും സാഹോദര്യവും കാരുണ്യവും പരസ്പര സഹകരണവുമാണ് വളർത്തിയിരുന്നത്. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി വെറുപ്പിെൻറ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്താനുള്ള ഹീനശ്രമങ്ങളാരംഭിച്ചതോടെയാണ് ഇതിൽ മാറ്റമുണ്ടാകാൻ തുടങ്ങിയത്.
എന്നാൽ, ഇപ്പോൾ എന്തിനെയും സാമുദായിക ധ്രുവീകരണത്തിനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വെറുപ്പും ശത്രുതയും അകൽച്ചയും സൃഷ്ടിക്കാനുമാണ് ഏതാനും സാമൂഹിക ദ്രോഹികൾ ഉപയോഗിക്കുന്നത്. വെറുപ്പു മാത്രം വളർത്താൻ ശ്രമിക്കുന്ന ഇക്കൂട്ടർ സമൂഹ മാധ്യമങ്ങളെ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അത്തരക്കാരാണ് ബാങ്കുവിളിക്കെതിരെ വരെ വ്യാപക പ്രചാരണം നടത്തുന്നത്. ദൈവത്തിെൻറ മഹത്വം കീർത്തിക്കുന്ന 'അല്ലാഹു അക്ബർ' എന്ന വാക്യത്തെ ദുർവ്യാഖ്യാനം ചെയ്ത് സ്പർധ വളർത്താനാണ് ശ്രമിക്കുന്നത്. ബാങ്കുവിളി നമസ്കാരസമയം അറിയിക്കാനുള്ള ഉപാധിയാണ്. അതോടൊപ്പം വിശ്വാസികളോട് നമസ്കാരത്തിന് പള്ളിയിലേക്കുള്ള ക്ഷണവും. അല്ലാഹു എന്നു പറയുന്നത് ജാതി, മത, ദേശ, ഭാഷാ ഭേദമന്യേ മുഴുവൻ മനുഷ്യരെയും അവർ ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന പദാർഥാതീത ശക്തിയാണ്. ഖുർആനിലെ ആദ്യ അധ്യായത്തിലെ ആദ്യ സൂക്തംതന്നെ അതാണ് വിളംബരം ചെയ്യുന്നത്.
ഹലാൽ ഭക്ഷണം
അമേരിക്കയിലും യൂറോപ്പിലുമെല്ലാം മുസ്ലിംകൾ താമസമാരംഭിച്ചതു മുതൽ അവിടെ റസ്റ്റാറൻറുകളിൽ ഹലാൽ ഭക്ഷണം ലഭിക്കുമെന്ന അറിയിപ്പ് അടയാളപ്പെടുത്തിപ്പോന്നിട്ടുണ്ട്. ഹലാൽ എന്നാൽ അനുവദനീയമെന്നും ഹറാം എന്നാൽ നിഷിദ്ധമെന്നുമാണർഥം. ശവം, പന്നി മാംസം, രക്തം, ദൈവനാമത്തിൽ അറുക്കപ്പെടാത്ത പക്ഷിമൃഗാദികൾ, മദ്യം, മയക്കുമരുന്നുൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ, അവ കലർന്ന ആഹാരം തുടങ്ങിയവയാണ് ഇസ്ലാം നിഷിദ്ധമാക്കിയത്. മുസ്ലിംകൾ അവ ഭക്ഷിക്കുകയില്ലെന്നത് മറ്റാരെയും ഒരുനിലക്കും ബാധിക്കുന്ന കാര്യമേയല്ല. എന്നിട്ടും അതിനെ ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകൾ അവരല്ലാത്തവരുടെ ഭക്ഷണം കഴിക്കാൻ പാടില്ലെന്നാണ് അതിെൻറ അർഥമെന്ന് വ്യാപകമായി വ്യാജ പ്രചാരണം നടത്തുന്നു.
പ്രവാചകകാലംതൊട്ടിന്നോളം ലോകമെങ്ങുമുള്ള മുസ്ലിംകൾ സഹോദരസമുദായാംഗങ്ങൾ പാകംചെയ്ത ഭക്ഷണം കഴിക്കാറുണ്ട്. ഇസ്ലാം അതിനെ വിലക്കിയിട്ടില്ലെന്നതുതന്നെ കാരണം. എന്നിട്ടും മുസ്ലിംകൾ ഹലാൽ മാത്രമേ കഴിക്കുകയുള്ളൂവെന്നത് അവർ മറ്റുള്ളവരുടെ റസ്റ്റാറൻറുകളിൽനിന്ന് ഭക്ഷണം കഴിക്കാതിരിക്കാനും കശാപ്പുശാലകളിൽനിന്ന് അവരല്ലാത്ത തൊഴിലാളികളെ മാറ്റിനിർത്താനുമാണെന്ന് വ്യാജം പ്രചരിപ്പിക്കുന്നു.
അറബ് നാടുകളിലേക്ക് ഇന്ത്യയിൽനിന്ന് മാംസം കയറ്റിയയക്കുന്നവരിൽ വൻകിടക്കാരെല്ലാം ഹിന്ദു വ്യാപാരികളാണ്. അവ നടത്തുന്നവർ മൃഗങ്ങളറുക്കാൻ സംവിധാനം ചെയ്യാറുണ്ടെന്നു മാത്രം. അങ്ങനെ അവരും തങ്ങൾ കയറ്റിയയക്കുന്ന ഭക്ഷണം ഹലാലാണെന്ന് ഉറപ്പുവരുത്തുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നു. എന്തിലും ഏതിലും വർഗീയവിഷം കലർത്താൻ തീരുമാനിച്ച സാമൂഹിക ദ്രോഹികൾ നാടിനും സമൂഹത്തിനും വരുത്തുന്ന വിപത്തുകൾ വിവരണാതീതമത്രേ. നൂറ്റാണ്ടുകളായി ഏകോദര സഹോദരങ്ങളായി കഴിഞ്ഞുപോന്ന വിവിധ മതസമൂഹങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നവർ സമകാലീന സമൂഹത്തോട് മാത്രമല്ല, വരുംതലമുറകളോടും ചെയ്യുന്ന ക്രൂരത വളരെ വലുതാണ്. അതു സൃഷ്ടിക്കുന്ന വിള്ളലുകളും വിടവുകളും ഇല്ലാതാക്കാൻ അവർക്കുതന്നെ സാധിക്കുകയില്ല. അത്രമേൽ ഭീകരവും അപകടകരവുമാണ് അർബുദം പോലെ പടർന്നുപിടിക്കുന്ന വർഗീയത വളർത്തുന്ന വെറുപ്പും ശത്രുതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.