Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇനി...

ഇനി നക്ഷത്രങ്ങൾക്കൊപ്പം തിളങ്ങുക

text_fields
bookmark_border
ഇനി നക്ഷത്രങ്ങൾക്കൊപ്പം തിളങ്ങുക
cancel

ദുർബല സമൂഹങ്ങൾ നേരിടുന്ന അനീതിക്കെതിരെ പൊരുതിയതി​ന്റെ പേരിൽ ഭരണകൂട​​ത്തിൽനിന്നും നീതിപീഠത്തിൽനിന്നും കൊടിയ അനീതികൾ നേരിട്ട, ഒടുവിൽ ഈ ഭൂമിയിൽനിന്ന്​ തിരോഭവിച്ച മനുഷ്യാവകാശ പ്രവർത്തകനും അക്കാദമിഷ്യനുമായ ഡോ. ജി.എൻ. സായിബാബക്ക്​ പ്രിയ സുഹൃത്ത്​ എഴുതുന്ന യാത്രാമൊഴി

പ്രിയപ്പെട്ട സായീ,

നാം ഏവരും നക്ഷത്രത്തരികളാണെന്ന്​ ഞാൻ മനസ്സിലാക്കുന്നു. ഉജ്ജ്വലമായ പ്രപഞ്ചത്തിന്റെ ഘനീഭവിച്ചതും സ്വയം ബോധമുള്ളതുമായ ശകലങ്ങൾ. അനന്തകാലം സ്വതന്ത്രമായി അലഞ്ഞുതിരിഞ്ഞ്​ അവ വഴിതെറ്റി ഭൂമിയുടെ അരികിലെത്തി. പിന്നീട്​ ഗുരുത്വ ബലത്താൽ ആകർഷിക്കപ്പെട്ട് ക്രമേണ നമ്മിൽ രൂപവും ഇടവും കണ്ടെത്തി. ഇന്ന്, താങ്കൾ നക്ഷത്രങ്ങളുടെ വൈശാല്യത്തിലേക്ക് മടങ്ങിയിരിക്കുന്നു. താങ്കൾക്കവിടം ഒരുപക്ഷേ, കൂടുതൽ ഹൃദ്യമായ ഇടമായിരിക്കുമെന്ന്​ തോന്നുന്നു. നക്ഷത്രത്തരിയിൽനിന്ന് നക്ഷത്രത്തരിയിലേക്ക്.

ദശലക്ഷക്കണക്കിന് ആളുകളുടെ ഭാഗധേയം നിർണയിക്കാൻ ആഗ്രഹിക്കുന്ന സ്വന്തം അൽപത്തം തിരിച്ചറിയാത്ത സ്വേച്ഛാധിപതികൾക്കും നിഷ്​ഠുര പീഡകർക്കും ഞെരിച്ചില്ലാതാക്കാനാവാത്ത ഒരു സ്വാതന്ത്ര്യം താങ്കളിന്ന്​ അനുഭവിക്കുകയും പങ്കിടുകയും ചെയ്യുന്നുണ്ടാകുമെന്ന്​ ഞാൻ കരുതുന്നു.

അതിഭയാനകവും മനുഷ്യത്വരഹിതവുമായ അനീതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ച ആളുകൾക്കിടയിലൂടെ പത്തു വർഷക്കാലം കോടതികളിൽനിന്ന്​ കോടതികളിലേക്ക്​ താങ്കൾ തട്ടിക്കളിക്കപ്പെട്ടു. ജയിലിലിരുന്ന്​ വ്യക്തവും ചലനാത്മകവുമായ കത്തുകൾ എഴുതുമ്പോഴും, താങ്കളുടെ ദേഹത്തും മനസ്സിലും അധീശയുക്തിയുടെ ക്രൂരതയും അടിസ്ഥാന അവകാശങ്ങളോടുള്ള തികഞ്ഞ നിസ്സംഗതയും ആലേഖനം ചെയ്യാനുള്ള ഭരണകൂട ത്വര കൂടുതൽ ക്രൂരമായി വളരുകയായിരുന്നു.

സ്റ്റാൻ സ്വാമി, ഹാനി ബാബു

താങ്കളുടെ മനസ്സിനെ​ ഒരിക്കലും തളർച്ച ബാധിച്ചില്ല; പക്ഷേ, ശരീരം തകർന്നുതുടങ്ങിയിരുന്നു. ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പാൻക്രിയാറ്റിക് പ്രശ്​നങ്ങൾ, ചികിത്സിക്കപ്പെടാതെപോയ കോവിഡ്​ സങ്കീർണതകൾ...ഇതിനിടയിൽ ചലന പരിമിതിയും അവശതകളും അനുദിനം കൂടിക്കൂടിവന്നു. ഇതാണവർ ജയിലിൽ ചെയ്യുന്നത്. അവർ നിങ്ങളെ ഭയപ്പെടുത്താനും കൊല്ലാനും ശ്രമിച്ചു.

ഫാദർ സ്റ്റാൻ സ്വാമി കൊല്ലപ്പെട്ടു, പാണ്ഡു നരോത്തെ കൊല്ലപ്പെട്ടു, വരവര റാവു ഏറക്കുറെ കൊല്ലപ്പെട്ട മട്ടിലായി, ഹാനി ബാബു കടുത്ത ആരോഗ്യപ്രശ്​നങ്ങളെ നേരിടുന്നു... ആ പട്ടികക്ക്​ അവസാനമില്ല.

ഈ കുറിപ്പ്​ എഴുതു​േമ്പാഴും ഞാൻ താങ്കളിൽ എക്കാലവും അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യത്തെക്കുറിച്ച്​ ഓർക്കുന്നു; വീൽചെയറിലായിരുന്നിട്ടും താങ്കൾ സൂക്ഷിച്ചിരുന്ന സ്വാതന്ത്ര്യബോധവും ​ അപാരമായ സാധ്യതകളും. അഞ്ചോ ആറോ വയസ്സുള്ള എന്റെ മകൾ ആ വീൽചെയർ അതിവേഗത്തിൽ ഉന്തുമ്പോൾ താങ്കൾ ചിരിച്ച ചിരി ഇന്നും ഞാൻ ഓർമിക്കുന്നു! ഒരുപക്ഷേ, അത് താങ്കളിൽ എന്തെങ്കിലും സ്മരണകളുണർത്തിയിരിക്കാം.

സ്വാതന്ത്ര്യത്തിന്റെ അഗാധമായ ആദ്യകാല അനുഭവത്തെക്കുറിച്ച് ഒരിക്കൽ താങ്കൾ പറഞ്ഞു. മാതാപിതാക്കൾ ആവുംവിധമെല്ലാം പരിശ്രമിച്ചിട്ടും താങ്കൾ പോളിയോ ബാധിച്ച് അവശനായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം, പിതാവ്​ സൈക്കിളിൽ കയറ്റിയിരുത്തി ഒരു നീണ്ട സവാരി നടത്തി, താങ്കൾകൂടി ഉൾക്കൊള്ളുന്ന ഗ്രാമവും ലോകവുമെല്ലാം ചുറ്റിക്കാണിച്ചു തന്നു. അതദ്ദേഹം ഓരോ ദിവസവും ആവർത്തിച്ചത്​ താങ്കളിൽ യാത്രകൾക്കുള്ള ആഗ്രഹം ജ്വലിപ്പിച്ചു, പിന്നെയത് കൂടുതൽ കൂടുതൽ ആഴത്തിലും പ്രാധാന്യത്തിലുമായി വളർന്നുവന്നു.

അധികാരവും സ്വാതന്ത്ര്യവും സംബന്ധിച്ച അനുഭവജ്ഞാനം ഏറെമുമ്പേ താങ്കൾക്കുണ്ട്​. അനിയന്ത്രിതമായ അധികാരത്തി​ന്റെ ക്രൂരതയും സ്വാതന്ത്ര്യത്തിനു നേരെ അത് നടത്തുന്ന തുറുനോട്ടവും താങ്കൾ എത്രയും കൃത്യമായി മനസ്സിലാക്കിയിരുന്നു. ദരിദ്രരിൽ ദരിദ്രരായ മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും വേണ്ടി തികച്ചും ഭരണഘടനപരമായ ആവശ്യങ്ങൾ ഉന്നയിച്ചതി​ന്റെ പേരിൽ ഒരു നടപടിക്രമവും പാലിക്കാതെ തികച്ചും നിയമവിരുദ്ധവും കുറ്റകരവുമായ രീതിയിലാണ്​ യു.എ.പി.എ പ്രകാരം താങ്കളെ അറസ്റ്റ്​ ചെയ്തത്​ (താങ്കളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു!). താങ്കൾ തുടങ്ങിവെച്ച പ്രവർത്തനം ഇനിയും പൂർണമായിട്ടില്ല.

​വേറെയുമുണ്ട്​ പൂർത്തിയാവാത്ത കാര്യങ്ങൾ- താങ്കൾ ഹൈദരാബാദിൽനിന്ന് മടങ്ങിയെത്തിയ ശേഷം തുടരാമെന്ന്​ വെച്ചിരുന്ന ഒരു സംഭാഷണം, വായിച്ചു പകുതിയാക്കിയ ഒരു പുസ്തകം, ഒരു പുസ്തകം എഴുതുന്നത്​ സംബന്ധിച്ച ആശയം, മാങ്ങാ അച്ചാറി​ന്റെ പരിപാടികൾ, എന്റെ വീട്ടിലേക്ക്​ വരാമെന്നേറ്റത്​, നീതിക്കായി ആരംഭിക്കാനിരുന്ന പുതു പോരാട്ടങ്ങൾ...

ഇന്ന്, ഞാനിതെഴുതുമ്പോൾ, താങ്കളുടെ അമ്മയെക്കുറിച്ചോർമിക്കുന്നു- താങ്കൾ തടവിൽ കിടന്ന വർഷങ്ങളിൽ ഹൃദയംപൊട്ടി നീറിനീറി മരിച്ച അമ്മയെ. വസന്തയും മഞ്ജീരയുമടങ്ങുന്ന എ​ന്റെ വലിയ കുടുംബത്തെയുമോർമിക്കുന്നു.

നല്ല കാലത്തിലേക്ക്​ സഞ്ചരിച്ച്​ നക്ഷത്രങ്ങൾക്കൊപ്പം പ്രകാശം തൂവുക.

(ചിന്തകയും ഡൽഹി സെന്റ്​ സ്റ്റീഫൻസ്​ കോളജ്​ ഇംഗ്ലീഷ്​ വിഭാഗം മേധാവിയുമായ ലേഖിക thequint.comൽ എഴുതിയ കുറിപ്പി​ന്റെ സംഗ്രഹം)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPA caseGN Sai Baba
News Summary - G. N. Saibaba
Next Story