ഗോദ്സെ ഭക്തരുടെ പുതിയ സന്ദേഹങ്ങൾക്ക് പിന്നിൽ
text_fields‘ആവർത്തിച്ചുകൊണ്ടിരുന്നാൽ, ഒരു വൃത്തം ചതുരമാണെന്ന് തെളിയിക്കുന്നത് അസാധ്യമല്ലാതാവും’ -ഹിറ്റ്ലറുടെ പ്രചാരണമന്ത്രി ജോസഫ് ഗീബൽസ് അനുയായികളെ പഠിപ്പിച്ച തത്ത്വമാണിത്. മഹാത്മാഗാന്ധിയെ 1948 ജനുവരി 30ന് വൈകീട്ട് 5.20ന് ഡൽഹിയിലെ ബിർള മന്ദിർ അങ്കണത്തിൽ വെടിവെച്ചു കൊന്നതിെൻറ പേരിൽ നാഥുറാം ഗോദ്സെ എന്ന ചിത്പാവൻ ബ്രാഹ്മണനെ തൂക്കിലേറ്റിയിട്ട് ഏഴുപതിറ്റാണ്ട് പൂർത്തിയാകുമ്പോൾ ആ കൊലപാതകത്തെക്കുറിച്ച് പുതിയ സന്ദേഹങ്ങളുമായി ചിലർ രംഗപ്രവേശനം ചെയ്തത് ഗീബൽസിയൻ ബുദ്ധിപ്രയോഗമായേ കാണേണ്ടതുള്ളൂ. ഗോദ്സെ അല്ല ഗാന്ധിജിയെ കൊന്നതെന്ന് പറയാൻ ധൈര്യമില്ലാത്തതുകൊണ്ട്, പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ വാദങ്ങളുമായി എഴുന്നള്ളിയിരിക്കയാണ് അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനയിലെ ‘ഗവേഷകൻ’ പങ്കജ് ഫദ്നിസ്. പൗരാണിക, മധ്യകാല ഇന്ത്യൻ ചരിത്രം മാറ്റിയെഴുതുന്നത് അജണ്ടയായി കൊണ്ടുനടക്കുന്ന ആർ.എസ്.എസ് തന്നെയാണ് ഗോദ്സെയെ അഭിഷിക്തനാക്കാനുള്ള പുതിയ ശ്രമങ്ങൾക്ക് പിന്നിലും. അത്തരമൊരു ശ്രമത്തിനു പരമോന്നത നീതിപീഠം നിന്നുകൊടുത്തത് ദൗർഭാഗ്യകരമായിപ്പോയി. വിഷയം പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത് ഹരജിക്കാരെൻറ വാദങ്ങളിൽ കഴമ്പുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനെങ്കിലും ഇടവരുത്തിയല്ലോ. ഇതേ ഗോദ്സെ ഭക്തൻ പോയവർഷം ഗാന്ധിവധത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് സമർയെ സമീപിച്ചപ്പോൾ ഹരജി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണുണ്ടായത്. ഗോദ്സെയെ കൂടാതെ, രണ്ടാമതൊരാൾ വെടിയുതിർത്തിരുന്നുവെന്നും നാലാമത്തെ വെടിയാണ് ഗാന്ധിജിയുടെ ജീവനെടുത്തതുമെന്നാണ് ഇയാളുടെ വാദം. അതായത്, മഹാത്മജിയുടെ പാദം വന്ദിക്കാനെന്ന് ഭാവിച്ച് കുനിഞ്ഞ് തെൻറ പാൻറ്സിെൻറ കീശയിൽനിന്ന് പുറത്തെടുത്ത ബറിേറ്റാ പിസ്റ്റളിൽനിന്ന് ഉതിർത്ത മൂന്നു വെടിയുണ്ടകളല്ല, അജ്ഞാതനായ ഒരാൾ മറ്റൊരു പിസ്റ്റളിൽനിന്ന് വെച്ച വെടിയുണ്ടയാണ് ഗാന്ധിജിയുടെ ശരീരത്തിൽ തുളച്ചുകയറിയതെന്ന പുതിയ കണ്ടുപിടിത്തം വേണമെങ്കിൽ നാളെ പാഠ പുസ്തകങ്ങളിൽ ഇടംപിടിച്ചുകൂടായ്കയില്ല. രാഷ്ട്രപിതാവിെൻറ കൊലയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കപൂർ കമീഷെൻറ റിപ്പോർട്ട് തള്ളണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെടുന്നത് കൊലപാതക ഗൂഢാലോചനയിൽ ഹിന്ദുത്വ ഉപജ്ഞാതാവ് വി.ഡി. സവർക്കർക്ക് പങ്കുണ്ടെന്നും ആർ.എസ്.എസിെൻറ വർഗീയമനസ്സാണ് കൊലക്കുപിന്നിൽ പ്രവർത്തിച്ചതെന്നുമുള്ള കമീഷെൻറ കണ്ടെത്തൽ തിരുത്തിക്കിട്ടാനാണ്.
ഗാന്ധിവധത്തെ രഹസ്യമായി ന്യായീകരിക്കുന്നവർക്ക് കാലം മായ്ക്കാത്ത ആ പാപപങ്കിലതയിൽനിന്ന് കൈകഴുകാൻ പറ്റിയ കാലാവസ്ഥയാണിതെന്ന തോന്നലാവണം അർഥശൂന്യ വാദങ്ങളുമായി നീതിപീഠത്തെ സമീപിക്കാൻ പ്രചോദനമായത്. ഗാന്ധി വധത്തെക്കുറിച്ച് പുനരന്വേഷണം നടത്താനോ വസ്തുതാന്വേഷണത്തിന് മറ്റൊരു കമീഷനെ നിയോഗിക്കാനോ പര്യാപ്തമായ പുതിയ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സീനിയർ അഭിഭാഷകനായ അമിക്കസ് ക്യൂറി അമരേന്ദ്ര ശരൺ സുപ്രീംകോടതിയെ ബോധിപ്പിച്ചത്. ഡൽഹിയിലെ പ്രശസ്തമായ ബിർളമന്ദിർ അങ്കണത്തിൽ പകൽ വെളിച്ചത്തിൽ അരങ്ങേറിയ ഈ അറുകൊലയിലെ പ്രതികളാരെന്നും മഹാത്മജിയുടെ ജീവനെടുക്കുന്നതിലൂടെ ഇവരെന്താണ് ലക്ഷ്യമിട്ടതെന്നും ആരൊക്കെയാണ് ഗൂഢാലോചന നടത്തിയതെന്നും സംശയത്തിനു ഇടംനൽകാത്തവിധം ചരിത്രത്തിൽ കുറിച്ചിടപ്പെട്ടിട്ടുണ്ട്. 1948 ജനുവരി 30ന് ആറിന് ആകാശവാണിയുടെ ദേശീയ വാർത്താബുള്ളറ്റിനിലൂടെയാണ് ആ ദുരന്തവൃത്താന്തം ലോകമറിയുന്നത്. ‘‘ ഇന്ന് വൈകുന്നേരം 5.20ന് ന്യൂഡൽഹിയിൽ മഹാത്മാഗാന്ധി വധിക്കപ്പെട്ടു. കൊലയാളി ഒരു ഹിന്ദുവാണ്’’-. ആകാശവാണിയിലെ ഈ വാർത്ത കാതിലെത്തുന്നതിന് മുമ്പേ, ഗവൺമെൻറ് ഹൗസിൽനിന്ന് ബിർള മന്ദിരത്തിലേക്ക് കാലെടുത്തുവെച്ച ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ പ്രഭു ജനക്കൂട്ടത്തിനിടയിൽനിന്ന് രോഷാകുലനായ ഒരാൾ പറയുന്നത് കേട്ടു, ‘ഘാതകൻ മുസ്ലിം ആണെന്ന്’. മൗണ്ട് ബാറ്റൻ ആ മനുഷ്യന് നേരെ തിരിഞ്ഞു അട്ടഹസിച്ചു: ‘‘ You fool, don’t you know it was a Hindu’’. പ്രസ് അറ്റാഷെ കാംബെൽ സ്തബ്ധനായി പ്രഭുവിനോട് ചോദിച്ചു; ‘‘അേങ്ങക്ക് അത് എങ്ങനെ തറപ്പിച്ചു പറയാൻ കഴിയും’’? ‘‘അങ്ങനെ ആയേ പറ്റൂ, അല്ലെങ്കിൽ ഈ നാട് കത്തിയെരിഞ്ഞേനെ’’ -മൗണ്ട് ബാറ്റെൻറ ശബ്ദം കനത്തതായിരുന്നു.
സവർക്കർ രക്ഷപ്പെട്ട വഴി
ആഭ്യന്തരമന്ത്രി സർദാർ വല്ലഭഭായി പട്ടേലുമായുള്ള ചർച്ച നീണ്ടുപോയത് കൊണ്ട് സമയം വൈകിയതിനാൽ സാധാരണ നടന്നുവരാറുള്ള വഴിയുപേക്ഷിച്ച് ബിർള മന്ദിരത്തിലെ പൂന്തോട്ടത്തിെൻറ നടുവിലൂടെ പ്രാർഥനസ്ഥാനം ലക്ഷ്യമിട്ട് മഹാത്മ നടന്നുനീങ്ങുമ്പോഴാണ് ഗോദ്സെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പ്രാർഥനസ്ഥലത്ത് ഗാന്ധിജി ഇരുന്നശേഷം കൊല്ലാനായിരുന്നുവെത്ര പുണെയിൽനിന്ന് ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഗോദ്സെയും നാരായൺ ആപ്തെയും വിഷ്ണു കർക്കരെയും പദ്ധതിയിട്ടിരുന്നത്. ജനുവരി 14ന് മുംബൈയിലെ സവർക്കർ സദനിൽ ചെന്ന് ഗുരു സവർക്കറുടെ ഉപദേശങ്ങൾ തേടിയിരുന്നു ഇരുവരും. മഹാത്മജിയുടെ കഥ കഴിക്കാൻ നേരത്തേതന്നെ തീരുമാനിച്ചശേഷം അതിനുപറ്റിയ ആയുധം തിരയുകയായിരുന്നു 10 ദിവസത്തോളം. ഒടുവിൽ ജനുവരി 28ന് നിയമവിരുദ്ധ ആയുധക്കച്ചവടത്തിെൻറ അറിയപ്പെടുന്ന കേന്ദ്രമായ ഗ്വാളിയോറിലെത്തുകയാണ്. അവിടെ സവർക്കർ ഭക്തനും തങ്ങളുടെ പരിചിതനുമായ അഖില ഭാരതീയ ഹിന്ദുമഹാസഭ അംഗം ദത്താത്രയ പർച്യൂരെയുടെ സഹായം തേടി. ജഗദീഷ് പ്രസാദ് ഗോയൽ എന്നയാളെ പർച്യൂരെ പരിചയപ്പെടുത്തിക്കൊടുത്തു. 500 രൂപക്ക് പിസ്റ്റൾ കൈമാറാൻ ഇവർ തമ്മിൽ കരാറായപ്പോൾ എങ്ങനെയാണ് വെടിവെക്കേണ്ടതെന്നുകൂടി പഠിപ്പിച്ചു കൊടുത്തുവെത്ര.
കൊല ആസൂത്രണം ചെയ്യുന്നതിലും ബിർള മന്ദിരം വരെ ഗോദ്സെയെ അനുധാവനം ചെയ്യുന്നതിലും ആവേശം കാട്ടിയ മറ്റു രണ്ടു പ്രതികളായ -നാരായൺ ആപ്തെയും വിഷ്ണു കർക്കരെയും സംഭവം നടന്ന ഉടൻ ഭീരുക്കളെപ്പോലെ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരെ 24 മണിക്കൂറിനകം മുംെബെയിൽനിന്നാണ് പിടികൂടിയത്. വൻ ഗൂഢാലോചനയുടെ ഫലമായാണ് ഗാന്ധി കൊല്ലപ്പെട്ടതെന്നാണ് കുറ്റപത്രം സാക്ഷ്യപ്പെടുത്തുന്നത്. താൻ ഒറ്റക്കാണ് കൃത്യം നിർവഹിച്ചതെന്നും മറ്റാർക്കും ഈ പാതകത്തിൽ പങ്കില്ലെന്നും വരുത്തിത്തീർക്കാൻ ഗോദ്സെ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 1948 മേയ് 27ന് കേസിെൻറ വിചാരണ തുടങ്ങിയപ്പോഴേക്കും പ്രതിപ്പട്ടികയിൽ 12 പേരുണ്ടായിരുന്നു. ഹൈകോടതിയിൽ എത്തിയപ്പോൾ അത് എട്ടുപേരായി. നാഥുറാം, ആപ്തെ, ഗോപാൽ ഗോദ്സെ, മദൻലാൽ, കർക്കരെ, സവർക്കർ, പർച്യൂരെ, ദിഗംബർ ബാഡ്ജിെൻറ വേലക്കാരൻ. ഇതിൽ നാഥുറാമിനും ആപ്തെക്കും വധശിക്ഷ നൽകിയ കോടതി അഞ്ചുപേർക്ക് ജീവപര്യന്തമാണ് വിധിച്ചത്. സവർക്കറെ കുറ്റവിമുക്തനാക്കി. ഗൂഢാലോചനയിൽ സജീവ പങ്കാളിയായ സവർക്കറെ വിചാരണകോടതി വെറുതെ വിട്ടപ്പോൾ സർക്കാർ അപ്പീൽ നൽകിയില്ല. അമിക്കസ് ക്യൂറിയും അദ്ഭുതം കൂറുന്നത് ഇക്കാര്യത്തിലാണ്. കപൂർ കമീഷൻ സവർക്കറുടെ പങ്കിനെക്കുറിച്ച് ആഴത്തിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയ വസ്തുതകൾ ശ്രദ്ധേയമാണ്. ഹിന്ദുമഹാസഭ പ്രസിഡൻറായിരുന്ന സവർക്കർ, ഗോദ്സെയുമായും ആപ്തെയുമായും ഉറ്റബന്ധം പുലർത്തിയിരുന്നു. ഗാന്ധിയെ ഉന്മൂലനം ചെയ്യേണ്ടതിെൻറ അനിവാര്യത ഘാതകരെ ബോധ്യപ്പെടുത്തിയതും അതിെൻറ മാർഗങ്ങൾ പറഞ്ഞുകൊടുത്തതും സവർക്കറാണ്. എന്നാൽ, ഈ മനുഷ്യൻ ചില കുതന്ത്രങ്ങൾ പ്രയോഗിച്ചു. 1947ൽ നെഹ്റു സർക്കാറിനെ പിന്തുണക്കുകയും ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തുകയും ചെയ്തത് നല്ലപിള്ള ചമയാൻ വേണ്ടിയായിരുന്നു. അന്തമാനിലെ സെല്ലുലാർ ജയിലിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുക്കുക മാത്രമല്ല, സ്വാതന്ത്ര്യസമരത്തിെൻറ ഒറ്റുകാരനാവാൻ തയാറാവുകയും ചെയ്ത ഹിന്ദുത്വവാദിക്ക് അധികാരിവർഗത്തെ പാട്ടിലാക്കാൻ പ്രത്യേക കഴിവായിരുന്നു. അങ്ങനെയാണ് ഗോദ്സെ അന്ത്യംകണ്ട കഴുമരത്തിൽനിന്ന് സവർക്കർ രക്ഷപ്പെടുന്നത്. ആർ.എസ്.എസും ബി.ജെ.പിയും ഇന്ന് പിന്തുടരുന്ന തീവ്രപ്രത്യയശാസ്ത്ര പാത സവർക്കറുടേതാണ്. അതുകൊണ്ടുതന്നെ, ഗാന്ധിവധത്തിെൻറ പാപക്കറയിൽനിന്ന് കൈകഴുകാൻ വല്ല മാർഗവുമുണ്ടോയെന്ന അന്വേഷണത്തിലാണ് ഇപ്പോഴത്തെ പിത്തലാട്ടങ്ങളും പുതിയകഥകൾ ചമച്ച് ചരിത്രത്തെ വികലമാക്കാനുള്ള ഹീന ശ്രമങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.