ഗാന്ധി എന്ന സാധാരണക്കാരൻ
text_fieldsഗാന്ധിജി ഭയപ്പെടാത്ത രണ്ടു കാര്യങ്ങളുണ്ടായിരുന്നു. പരാജയമായിരുന്നു അതിലൊന്ന്, അടുത്തത് മരണവും
ചരിത്രത്തിൽ ഏറ്റവും പഴക്കമുള്ളതാവാനും സാമ്പത്തിക വികസനത്തിൽ ഏറ്റവും വേഗമേറിയതാവാനും പ്രതിമകളിൽ ഏറ്റവും ഉയരമേറിയതാവാനും മത്സരിക്കുന്ന ലോകത്ത് ഔന്നത്യമേറിയ ഒരാൾ അതിസാധാരണ മനുഷ്യനായി സ്വയം വിശേഷിപ്പിക്കുന്നത് കേൾക്കുന്നത് അതീവ ഉന്മേഷദായകമാണ്.
ഗാന്ധി എത്രമാത്രം സാധാരണക്കാരനായിരുന്നുവെന്ന് ഞാൻ പറയാം: നമ്മൾ ഏതാണ്ടെല്ലാവരെയും പോലെ ഭയം എന്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ചെറുബാലകനായിരിക്കെ ഇരുളിനെ ഭയപ്പെട്ടിരുന്നു. തന്റെ പതിമൂന്നാം വയസ്സിൽ വിവാഹം ചെയ്ത മറ്റൊരു പതിമൂന്നുകാരിക്ക്- കസ്തൂറിന് പേടി ഇല്ലേയില്ലായിരുന്നു. ‘അവർ ഇരുട്ടിലിറങ്ങി ഭയപ്പാടില്ലാതെ നടക്കുമായിരുന്നു, ഞാൻ പേടിക്കാരനായിരുന്നു’വെന്ന് ഗാന്ധിതന്നെ പറയുന്നുണ്ട്. ഒരിക്കൽ പേടിച്ചുവിറച്ചു നിൽക്കെ രംഭ എന്ന വീട്ടുജോലിക്കാരിയാണ് രാമനാമം ജപിച്ചാൽ പേടിയുണ്ടാവില്ലെന്ന് അദ്ദേഹത്തെ പഠിപ്പിച്ചത്. രാമൻ തനിക്ക് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഒരു കാര്യം വ്യക്തമാണ് അദ്ദേഹത്തെ ഭയപ്പെടുത്തിയ, വിഷമിപ്പിച്ച കാര്യങ്ങളെ നേരിടാൻ രാമൻ അദ്ദേഹത്തിന് ബലം നൽകിയിരുന്നു.
ഗാന്ധിജി ഭയപ്പെടാത്ത രണ്ടു കാര്യങ്ങളുണ്ടായിരുന്നു. പരാജയമായിരുന്നു അതിലൊന്ന്, അടുത്തത് മരണവും.
നമ്മൾ പലരെയും പോലെ അദ്ദേഹവും കായികമായ ഭീഷണികളെ നേരിട്ടിട്ടുണ്ട്, ഭീഷണി മാത്രമല്ല കൈയേറ്റവും അനുഭവിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ വിഷയങ്ങൾക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ അദ്ദേഹത്തെ അവിടത്തെ വെള്ളക്കാരായ യുവാക്കൾ മർദിച്ച് മരണവക്കിലെത്തിച്ച സംഭവം നമുക്കത്ര പരിചിതമല്ല. കപ്പലുകളിൽ കൂടുതൽ കൂടുതൽ ഇന്ത്യക്കാരെ ദക്ഷിണാഫ്രിക്കയിൽ എത്തിക്കുന്നത് കുടിയേറ്റക്കാരുടെ എണ്ണം വർധിപ്പിച്ചേക്കുമെന്ന് കരുതിയ അവർ അദ്ദേഹത്തെ അടിച്ചവശനാക്കുകയും ചീഞ്ഞമുട്ട കൊണ്ടെറിയുകയും മരിച്ചുവെന്ന് കരുതി തെരുവിലിട്ടേച്ച് പോവുകയും ചെയ്തു. അവർ മർദിക്കുന്നത് തുടരുകയും ഒരു വീടിന്റെ റെയിലിങ്ങിലുള്ള പിടിത്തം വിട്ടുപോവുകയും ചെയ്തിരുന്നുവെങ്കിൽ ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഞാനവരെ തിരിച്ചു തല്ലുകയോ കടിക്കുകയോ ചെയ്യുമായിരുന്നു എന്നാണ് ഗാന്ധി പറഞ്ഞത്. ശേഷമുള്ള വാക്കിലാണ് ആ സാധാരണ മനുഷ്യന്റെ അസാധാരണത്വം പ്രകടമാവുന്നത്. തന്നെ ആക്രമിച്ചവരെക്കുറിച്ച് മനസ്സിൽ കാലുഷ്യമേയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതാനും വർഷങ്ങൾക്കുശേഷം അതേ നഗരത്തിൽവെച്ച് മറ്റൊരു സംഭവമുണ്ടായി. ഇന്ത്യക്കാരുടെ വിരലടയാളം ശേഖരിക്കാനുള്ള പദ്ധതിക്കെതിരെ ആദ്യഘട്ടത്തിൽ രംഗത്തിറങ്ങിയ ഗാന്ധി പദ്ധതി നിർബന്ധിതമാക്കില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ അഡ്മിനിസ്ട്രേറ്റർ ജനറൽ സ്മട്സ് നൽകിയ ഉറപ്പിനെത്തുടർന്ന് സ്വമേധയാ വിരലടയാളം നൽകാൻ മുന്നോട്ടുവന്നു. ഇതറിഞ്ഞ് മീർ ആലം എന്ന പഠാണി രോഷാകുലനായി-‘ഞങ്ങളോട് എതിർക്കാൻ പറഞ്ഞിട്ട് നിങ്ങളിപ്പോൾ സ്വമേധയാ നൽകുന്നതിൽ തെറ്റില്ലെന്ന് പറയുന്നു, ഇത് സമ്മതിക്കില്ല. ഞാൻ കൊടുക്കില്ല, മറ്റുള്ളവരെയും സമ്മതിക്കില്ല’. വിരലടയാളം നൽകാൻ പോയ ഗാന്ധിയെ പിന്തുടർന്ന് രജിസ്ട്രേഷൻ ഓഫിസിൽ ചെന്ന മീർ ആലം അദ്ദേഹത്തിന്റെ തലയിലും മുഖത്തും വയറ്റിലും വാരിയെല്ലിലുമെല്ലാം മർദനമേൽപിച്ചു. സ്വബോധംതന്നെ നഷ്ടപ്പെട്ടവേളയിൽ എനിക്കാകെ ഓർമയുണ്ടായിരുന്നത് ഹേ റാം എന്ന് ഉരുവിട്ടതാണ് എന്ന് ഗാന്ധി പറയുന്നു.
ഇനി നമുക്ക് 1946-47-48 കാലത്തിലേക്ക് വരാം. പോകുന്നിടത്തെല്ലാം ശാരീരികമായ ഭീഷണികളെ നേരിട്ട അദ്ദേഹം ഏതുസമയം മരണത്തെ നേരിടാൻ തയാറെടുത്തിരുന്നു; ഏതോ അസാധാരണ വ്യക്തിയുടെ മരണമല്ല, മറിച്ച് സാധാരണക്കാരനായ ഒരു മനുഷ്യന്റെ മരണം. സ്വാതന്ത്ര്യലബ്ധിയോട് ചേർന്ന കാലത്ത് ആയിരക്കണക്കിന് മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ യാതൊരു ദാക്ഷിണ്യവുമില്ലാത്ത അതിക്രമങ്ങൾക്ക് വിധേയരാവേണ്ടിവന്നു. അന്നത്തെ കിഴക്കൻ പാകിസ്താനിൽ (ഇപ്പോൾ കിഴക്കൻ ബംഗാളിൽ) സ്ഥിതിചെയ്യുന്ന നവ്ഖാലിയിലേക്ക് പോയത് സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾ കാരണമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ദേഹത്ത് കൈകൾ പതിക്കുന്ന സാഹചര്യങ്ങൾ പലപ്പോഴുമുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. കൊൽക്കത്തയിൽ മർദനത്തിന്റെ വക്കിലെത്തി. നടക്കാനിരുന്നത് പിന്നീട് ഡൽഹിയിൽ സംഭവിക്കുകയും ചെയ്തു.
പരാജയമോ മരണമോ ആ മനുഷ്യനിൽ ഒരു ഭയവും സൃഷ്ടിച്ചില്ല. ഭയപ്പാടില്ലാത്ത വേറെയും ചില കാര്യങ്ങളുമുണ്ടായിരുന്നു. അതിനും നന്ദി പറയേണ്ടത് രംഭയോടാണെന്ന് തോന്നുന്നു. സിവിൽ ഡിസൊബീഡിയൻസ് പ്രസ്ഥാനം കൊണ്ട് പ്രതീക്ഷിക്കുന്നത് സംബന്ധിച്ച് 1915ൽ തൊഴിലാളി നേതാവ് ഇന്ദുലാൽ യാഗ്നിക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു: തക്കതായ സമയത്ത് എത്തിച്ചേരുന്ന വലിയൊരു പറ്റം അനുയായിവൃന്ദത്തെക്കുറിച്ചോർത്ത് ഞാൻ വ്യാകുലനല്ല, പക്ഷേ, ആദർശങ്ങളോട് ഞാൻ കർശനമായി പറ്റിച്ചേർന്നുനിൽക്കുന്നതിന്റെ പേരിൽ എന്റെ അനുയായിവൃന്ദം പുറത്തേക്ക് തള്ളുന്ന കാലം വന്നേക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്, ഒരുപക്ഷേ, ഒരു തുണ്ട് റൊട്ടിക്കുവേണ്ടി തെരുവിലിറങ്ങി വീടുവീടാന്തരം യാചിച്ചു നടക്കേണ്ടിയും വന്നേക്കാം-ഇതായിരുന്നു അനുയായികളെയും പിന്തുണയും സംബന്ധിച്ച് അദ്ദേഹത്തിന്റെ വീക്ഷണം.
സ്വന്തം ഔന്നത്യത്തെക്കുറിച്ചോ ഇന്ത്യയിലെ ബഹുജനങ്ങളെ ആകർഷിക്കാനുള്ള പ്രാപ്തിയെക്കുറിച്ചോ അദ്ദേഹത്തിന് മിഥ്യാധാരണകളേതുമുണ്ടായിരുന്നില്ല. എന്നാൽ, നെൽസൺ മണ്ടേല ഗാന്ധിജിയെ വിശേഷിപ്പിച്ചത് ദക്ഷിണാഫ്രിക്കക്ക് അച്ചടക്കമുള്ള ബഹുജനസമരപാത കാണിച്ചുകൊടുത്ത വ്യക്തിയെന്നാണ്, അതുതന്നെയാണ് അദ്ദേഹം ഇന്ത്യക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും നൽകിയത്.
ദക്ഷിണാഫ്രിക്കയിലെ കാർഷിക, ഖനന, ഫാക്ടറി മേഖലകളിൽ പ്രവർത്തിച്ചിരുന്ന തമിഴ്, തെലുഗു വംശജരായ 2,000 ഇന്ത്യക്കാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ മുഴുവനുമല്ലെങ്കിലും നിരവധിയെണ്ണം അംഗീകരിക്കപ്പെട്ട സ്മട്സ്-ഗാന്ധി ധാരണയെത്തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി ലണ്ടനിലിറങ്ങി തന്റെ മാർഗദർശിയായ ഗോഖലെയെ കണ്ടു. ദക്ഷിണാഫ്രിക്കയിൽ അസാധാരണമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച മനുഷ്യനും പത്നിക്കും വേണ്ടി അവിടെയുണ്ടായിരുന്ന സരോജിനി നായിഡു സംഘടിപ്പിച്ച യോഗത്തിൽ മൂന്ന് അതികായന്മാർ പങ്കെടുത്തിരുന്നു. ലാലാ ലജ്പത് റായ്, അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ഭൂപേന്ദ്ര നാഥ് ബസു എന്നിവർക്ക് പുറമെ മൂന്നാമൻ സാക്ഷാൽ മുഹമ്മദലി ജിന്നയായിരുന്നു. ഗാന്ധിക്കായി ഭാവി കാത്തുവെച്ചിരിക്കുന്നതെന്താണെന്ന് ആർക്കും അറിയുമായിരുന്നില്ല.
ആ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധി പറഞ്ഞു:
‘കസ്തൂരും ഞാനും ചെയ്തത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ പോരാട്ടത്തിലെ യഥാർഥ നായികാ നായകന്മാർ ഞങ്ങളല്ല. അത് ഹർഭത് സിങ്, നാടുകടത്തപ്പെടുകയും പട്ടിണി കിടന്ന് മരിക്കുകയും ചെയ്ത നാരായൺ സ്വാമി, നാഗപ്പൻ, വള്ളിയമ്മ തുടങ്ങിയവരായിരുന്നു. കസ്തൂർ കിടന്ന അതേ ജയിലിലാണ് വള്ളിയമ്മയെ പാർപ്പിച്ചിരുന്നത്. കടുത്ത രോഗബാധിതയായ അവർക്ക് മോചനം ലഭിച്ചത് മരണം പുൽകാൻ മാത്രമായിരുന്നു. ഭൂമിയുടെ ഉപ്പായ ഈ മനുഷ്യർക്കുമേലാണ് ഇന്ത്യ എന്ന ഭാവിരാഷ്ട്രം പടുക്കപ്പെടുക’.
സ്വേച്ഛാധിപത്യവും തെറ്റുപറ്റാത്തവരെന്ന നാട്യവും സ്വയം പുകഴ്ത്തലുമെല്ലാം പ്രയോഗിച്ച് നടക്കുന്നവരുടെ കാലത്ത് നമ്മൾ ഓർമിക്കേണ്ടത് ഈ മനുഷ്യന്റെ കഥയാണ്. സാധാരണ മനുഷ്യരുടെ അസാധാരണ ശക്തിയെക്കുറിച്ച് അറിയുമായിരുന്ന ഗാന്ധി സ്വപ്നം കണ്ടതുപോലൊരു ഇന്ത്യ നിർമിക്കാൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ ജി.ഡി.പി വളർച്ചയുടെ ഭാഗമായ കോർപറേറ്റ് നായകരെയല്ല, ഭൂമിയുടെ ഉപ്പായ മനുഷ്യരെയാണ് സംരക്ഷിക്കേണ്ടത്.
(മഹാത്മ ഗാന്ധിയുടെ കൊച്ചുമകനും മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥനുമായ ഗോപാൽ കൃഷ്ണ ഗാന്ധി ഈ വർഷത്തെ ദ ഹിന്ദു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടത്തിയ പ്രഭാഷണത്തിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.