ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ പൊരുളും ഇന്ത്യൻ ദേശീയതയും
text_fieldsസ്വ ന്തം ജീവിതവീക്ഷണത്തിൽ ഉറച്ചുനിന്നുകൊണ്ട് സമൂഹത്തെ നിർവചിക്കാൻ ശ്രമിച്ച അപൂർവം ലോകനേതാക്കളിൽ ഒരാളാണ് മഹാത്മാഗാന്ധി. നെപ്പോളിയനും ലെനിനും സ്റ്റാലിനും മാവോയുമൊക്കെ ഈ ഗണത്തിൽ പെടുന്നവരാണെങ്കിലും ഇവരിൽനിന്ന് രണ്ട് കാര്യങ്ങളിൽ അദ്ദേഹം വേറിട്ടു നിൽക്കുന്നു.
അഹിംസയിലൂടെയും ഭരണകൂട പിന്തുണ ഇല്ലാതെയുമാണ് അദ്ദേഹം ഇത് സാധിച്ചത്. മറ്റുള്ളവർ അധികാരത്തിലൂടെ ജനങ്ങളുടെ ഭാവനയെ മാറ്റിമറിച്ചിടത്ത് ഗാന്ധിജി സ്വന്തം ഭാവനയിലൂടെ ഭരണകൂടാധികാരത്തെയും ജനങ്ങളുടെ കാഴ്ചപ്പാടിനെയും തിരുത്തിക്കുറിച്ചു.
ഗാന്ധിയൻ രാഷ്ട്രീയം
രാഷ്ട്രീയവും മതവുമായിരുന്നു ഇതിന്റെ കേന്ദ്ര ബിന്ദുക്കൾ. ബഹുജന മുന്നേറ്റങ്ങളുടെ പാരമ്പര്യമോ രാഷ്ട്രീയത്തെ അധികാരത്തിന്റെ ശീലുകൾക്കപ്പുറം കാണുന്ന ശീലമോ ഇല്ലാത്തൊരു ജനതയെ രാഷ്ട്രീയത്തിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.
അതിലൂടെ ദേശീയതയുടെയും വിയോജിപ്പിന്റെയും സമാധാനപൂർണമായ പ്രതിരോധത്തിന്റെയും ബീജാവാപം നടത്തി, അധികാരത്തിന്റെ മുറകളെ ചോദ്യംചെയ്തു. ഗാന്ധിയൻ രാഷ്ട്രീയം ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ ഒതുങ്ങിനിന്നതുമില്ല. ഇതിന്റെ തെളിവാണ് സ്വാതന്ത്ര്യത്തോടുള്ള അതിന്റെ സമീപനം. അതിനെ ഭരണകൂടവുമായി കൂട്ടിച്ചേർക്കാനല്ല ഗാന്ധിജി ഒരുമ്പെട്ടത്.
കാരണം, സ്വാതന്ത്ര്യം അദ്ദേഹത്തിന് ദൈനംദിന ജീവിതവും മനുഷ്യന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഒന്നാണ്. ഓരോ മനുഷ്യനും തനിക്കാവശ്യമായ തുണി സ്വയം ഉണ്ടാക്കിയും ആരോഗ്യം സ്വയം സംരക്ഷിച്ചും ആവശ്യത്തിനുള്ള ഉപ്പ് സ്വയം കാച്ചിയും അപരനുമായുള്ള സംഘർഷങ്ങൾ സ്വയം പരിഹരിച്ചും സ്വാതന്ത്ര്യം അനുഭവിക്കണമെന്നാണ് അദ്ദേഹം നിഷ്കർഷിച്ചത്.
ഇതിലൂടെ ഭരണകൂടത്തെ നിഷേധിക്കാനല്ല, പുനർനിർവചിക്കാനാണ് ശ്രമിച്ചത്. താഴെനിന്ന് മേലോട്ടു നോക്കുന്ന, സാധാരണക്കാരുടെ വികാരം പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയത്തെ ഇതിന്റെ മൂലശിലയാക്കി.
‘അപരന്റെ’ അധികാരവത്കരണം
എല്ലാത്തരം ചേരിതിരിവുകൾക്കുമപ്പുറം ‘അപരനെ’ അധികാരവത്കരിക്കുന്നതാണ് ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഗാന്ധിജിയുടെ ജനാധിപത്യ സങ്കല്പം. വ്യത്യസ്തമായി പ്രവർത്തിക്കാനും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങളിലും ജനങ്ങളുടെ സാഹോദര്യത്തിലും ഉൾച്ചേർന്നുനിൽക്കുന്ന ഭരണവ്യവസ്ഥിതിയാണ് അദ്ദേഹത്തിന് ജനാധിപത്യം. പൊതു പൗരത്വ സംസ്കാരവും(public culture of citizenship) നീതിനിഷ്ഠമായ രാഷ്ട്രീയവുമാണ് ഇതിന്റെ ഉൾത്തുടിപ്പ്.
മൂന്ന് ഉപാധികൾ ഇവിടെ സുപ്രധാനമാണ്: ഹിംസയും ആധിപത്യ മനോഭാവവും ഉന്മൂലനംചെയ്ത് പൊതുപ്രവർത്തനത്തെ വിമലീകരിക്കുക; ‘അപരനെ’ അദ്ദേഹത്തിന്റെ എല്ലാ ‘അപരത്വത്തോടും’ കൂടി സ്വീകരിക്കുക; അയാളെ സശ്രദ്ധയോടെ കേൾക്കുക. തങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നവരെ, അതിന്റെ നിദാനം എന്തുതന്നെയാണെങ്കിലും, അവരുടെ എല്ലാ വൈജാത്യങ്ങളോടുംകൂടി അംഗീകരിക്കുക എന്നതാണ് ഏറ്റവും മൗലികമായത്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ‘സ്വാതന്ത്ര്യത്തിന്റെ സംസ്കാരമാണ്’. ഇതിൽ ‘കേൾവിയുടെ കലയും’ പ്രധാനംതന്നെ. അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലെ, പ്രവർത്തന സ്വാതന്ത്ര്യത്തെപ്പോലെ, എല്ലാത്തരം സ്വേച്ഛാധിപത്യത്തിൽനിന്നും ‘അപരന്റെ’ ‘അപരത്വത്തെ’ സംരക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് ഗാന്ധിജി കരുതി. എല്ലാ ജീവിതങ്ങളും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നുവെന്നും ‘അപരന്റെ’ ‘അപരത്വത്തോട്’ നിസ്സംഗതയോ ശത്രുതയോ പുലർത്തുന്നവർ നന്മ അശേഷം ഇല്ലാത്തവരാണെന്നും വിവക്ഷ.
സ്വന്തം ജീവിതത്തിലൂടെ ഇത് അദ്ദേഹം സാക്ഷാത്കരിക്കുന്നുമുണ്ട്. ഗാന്ധിജിയുടെ ഏറ്റവും വലിയ വിമർശകർക്കുപോലും ഒരു കാര്യം സമ്മതിക്കാതെ തരമില്ല -അദ്ദേഹം ‘അപരനെയും’ അയാളുടെ നിലപാടുകളെയും ആദരിച്ചിരുന്നു. തന്റെ കാഴ്ചപ്പാടുകളോടും രീതികളോടും വിയോജിച്ചവരുടെ വാദം സാകൂതം കേട്ടു, വിയോജിപ്പിനുള്ള അവരുടെ അവകാശത്തെ ബഹുമാനിച്ചു.
സന്തതസഹചാരിയായിരുന്ന മനുവിന്റെ അഭിപ്രായത്തിൽ ഗാന്ധിജി തനിക്ക് ലഭിച്ച ഒരോ കത്തിനും, അത് എത്രതന്നെ വിദ്വേഷം വമിപ്പിക്കുന്നതായിരുന്നെങ്കിലും, കണിശതയോടെ മറുപടി എഴുതിയതായി കാണാം.
ഭിന്നതകളെ സംഗമങ്ങളാക്കുന്ന രാഷ്ട്രീയം
ഇതിൽനിന്നെല്ലാം ഊറിക്കൂടുന്നതാണ് ഗാന്ധിജിയുടെ രാമരാജ്യ സങ്കൽപവും ദേശീയതയെക്കുറിച്ചുള്ള നിലപാടും. മതപരമായി രാമരാജ്യം ഭൂമിയിലെ ദൈവ രാജ്യവും രാഷ്ട്രീയമായി അത് വർഗ-വർണ-ലിംഗ-മത അസമത്വമില്ലാത്ത പരിപൂർണ ജനാധിപത്യവുമാണ്.
‘അതിൽ ഭൂമിയും ഭരണകൂടവും ജനങ്ങളുടെതാണ്, നീതിയുടെ നടത്തിപ്പ് കൃത്യവും ചെലവ് കുറഞ്ഞതും സമ്പൂർണവുമാണ്... ആരാധന സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും കുറ്റമറ്റതാണ്”. ‘ഇത് സഫലീകരിക്കാനാകാത്ത സ്വപ്നമായിരിക്കാം. പക്ഷേ, ഞാൻ ഈ സ്വപ്നലോകത്ത് ജീവിക്കാനാഗ്രഹിക്കുന്നു’, -ഗാന്ധിജി പറഞ്ഞു.
മുകളിൽ സൂചിപ്പിച്ച കാര്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള ഗാന്ധിയൻ കാഴ്ചപ്പാടും. ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെയും മതത്തെയും സംസ്കാരത്തെയും സമന്വയിപ്പിക്കുന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും നിലപാടിന്റെയും പശ്ചാത്തലത്തിൽ വേണം അതിനെ വിലയിരുത്തേണ്ടത്.
ലോകത്ത് ഒരിടത്തും മതവും ദേശീയതയും പൂരകമാകുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ‘ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് വിശ്വസിക്കുന്നവർ സ്വപ്നലോകത്താണ് ജീവിക്കുന്നത്. ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും പാഴ്സികളും ഇന്ത്യക്കാരും ഐക്യപ്പെട്ട് കഴിയേണ്ടവരുമാണ്’,
-അദ്ദേഹം വ്യക്തമാക്കുന്നു. പ്രാദേശികമായും സാംസ്കാരികമായുമുള്ള പൊതു ഈടുവെപ്പുകൾ മതവൈജാത്യങ്ങളെ കവച്ചുവെക്കുന്നു എന്ന സൂചന മറ്റൊരിടത്ത് അദ്ദേഹം മുന്നോട്ടുവെക്കുന്നു. തൊഴിലാളിവർഗ ഐക്യം ഉറപ്പിക്കുന്നതിലും ജാതി-മത ഭിന്നതകൾ ഇല്ലാതാക്കുന്നതിലും തൊഴിലിനുള്ള പങ്കിനെക്കുറിച്ച് മുപ്പതുകളിൽ തന്നെ അദ്ദേഹം എഴുതിയിരുന്നു എന്നത് സ്മരണീയമാണ്.
1947 സെപ്റ്റംബർ 14ന് നവഖാലിയിലെ ജനങ്ങളോട് ആഹ്വാനംചെയ്തതും ഇതുതന്നെ- ‘മതങ്ങളുടെ കെട്ടുപാടുകൾ മറന്നുകൊണ്ട് നിങ്ങൾ നെയ്ത്തുകാരും മത്സത്തൊഴിലാളികളും കർഷകരുമായി മാറുക’. ‘മതം ദേശീയതയുടെ മാപിനിയല്ലെന്നും അത് ദൈവവും മനുഷ്യനും തമ്മിലെ വ്യക്തിപരമായ ഏർപ്പാടാണെ’ന്നും 1947 ജൂൺ 29ന് ‘ഹരിജനിൽ’ അദ്ദേഹം എഴുതി. മിശ്രവിവാഹത്തോട് പുലർത്തിയിരുന്ന എതിർപ്പും ഇക്കാലത്ത് അദ്ദേഹം പിൻവലിക്കുന്നുണ്ട്.
ഭിന്നതകളെ സംഗമങ്ങളാക്കുന്നതാണ് ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ പൊരുൾ. അവയെ സമരസപ്പെടുത്താൻ സാധിക്കാത്തിടത്ത് അവയെ അദ്ദേഹം ഒരുമിച്ച് കൊണ്ടുനടന്നു, ഇരുകാലിലും രണ്ടുതരം ചെരുപ്പിട്ടിരുന്ന കവി പി. കുഞ്ഞിരാമൻ നായരെ പോലെ. ദൈവത്തെയും മനുഷ്യനെയും പ്രാർഥനയെയും പ്രവൃത്തിയെയും ശാസ്ത്രത്തെയും മതത്തെയും വിശ്വാസത്തെയും വസ്തുതകളെയും അദ്ദേഹം കൂടെക്കൂട്ടി.
ഇതിനാവശ്യമായിരുന്ന ഭാവനയും നിസ്വാർഥതയും ദാർശനികതയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഗാന്ധിജിയിൽനിന്ന് നരേന്ദ്ര മോദിയിൽ എത്തിനിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന് ഇന്ന് ഇല്ലാത്തതും ഇതുതന്നെ. ഇന്ത്യൻ രാഷ്ട്രീയം ഗ്രഹണിബാധിച്ച കുട്ടിയെപോലെ പള്ള വീർത്തും (അധികാര ദുര മൂത്ത്) ഉടലൊട്ടിയും(ജനാധിപത്യം ശോഷിച്ചു) നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.