ആ അടിയന്തരാവസ്ഥക്കാലത്ത് ഗാന്ധി ഘാതകർ പൂജിക്കപ്പെട്ടിരുന്നില്ല
text_fieldsആർ.എസ്.എസിൽനിന്ന് വിട്ടുപോരാനും സോഷ്യലിസം, സമത്വം, നീതി എന്നീ ആദർശങ്ങളിലൂന്നിയ ജനതാ പാർട്ടിയിൽ ചേരാനും ജെ.പി ആവശ്യപ്പെട്ടുവെങ്കിലും സംഘ് നേതാക്കൾ അനുസരിച്ചില്ല. സമൂഹത്തിൽ അംഗീകാരം നേടിയെടുക്കുന്നതിന് അവർ അടിയന്തരാവസ്ഥാവിരുദ്ധ പ്രസ്ഥാനത്തെ ഉപയോഗിക്കുകയും താന്താങ്ങളുടെ വർഗീയ വഴികളിൽ തുടരുകയും ചെയ്തു
ലോക്സഭ സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഓം ബിർള പറഞ്ഞു-അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വാർഷികമായ ജൂൺ 25 കരിദിനമായി കണക്കാക്കണമെന്ന തന്റെ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചുവെന്ന്. ഭരണ നിർവഹണത്തിലും ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിലും വരുത്തിവെച്ച ഭീമാകാരമായ പരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ സഭയെ ഉപയോഗിക്കാനാണ് ഇരുവരും ശ്രമിച്ചത്.
മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പി-ആർ.എസ്.എസ് സുഹൃത്തുക്കളും സംശയാസ്പദമായ പങ്കുവഹിച്ച ഒരു കാലഘട്ടത്തെക്കുറിച്ച് അടുത്ത തലമുറയെ ‘പ്രബുദ്ധരാക്കുന്നു’ എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിച്ചേൽപിച്ച അടിയന്തരാവസ്ഥയുടെ അതിരുകടക്കലിനെ ചെറുക്കാൻ മഹാത്മാഗാന്ധിക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ജനനേതാവായ ജയപ്രകാശ് നാരായണൻ രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ കൺവീനറായിരുന്നു ഞാൻ. 15 മാസത്തിലേറെയായി മെയിന്റനൻസ് ഓഫ് സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം ഞാൻ ജയിലിലായിരുന്നു.
അടിയന്തരാവസ്ഥയെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്ന ബി.ജെ.പി മന്ത്രിമാരിൽ പലരെയും എനിക്കോ സഹപ്രവർത്തകർക്കോ അറിയില്ലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ മൂല്യത്തെക്കുറിച്ച് ഇന്ന് നമ്മോട് പ്രഭാഷണം നടത്തുന്ന മോദിയെയും ജെ.പി. നഡ്ഡയെയും പ്രധാനമന്ത്രിയുടെ മറ്റ് മന്ത്രിതല സഹപ്രവർത്തകരെയും കുറിച്ച് ഞങ്ങളന്ന് കേട്ടിട്ടേയില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അന്നത്തെ പ്രധാനമന്ത്രി അവലംബിച്ചത് ഭരണഘടനാ വ്യവസ്ഥകളെയാണ്. ഇന്ദിര ഗാന്ധി ഞങ്ങളിൽ പലരെയും ജയിലലടച്ചു, പക്ഷേ അവർ ഒരിക്കലും ഞങ്ങളെ അധിക്ഷേപിച്ചിട്ടില്ല. അവരോ മന്ത്രിമാരോ ഞങ്ങളെ ദേശവിരുദ്ധരെന്നോ ദേശസ്നേഹമില്ലാത്തവരെന്നോ വിളിച്ചിട്ടില്ല. നമ്മുടെ ഭരണഘടനയുടെ ശിൽപിയായ ബാബാസാഹെബ് ഭീംറാവു അംബേദ്കറുടെ സ്മരണയെ കളങ്കപ്പെടുത്താൻ അവർ ഒരിക്കലും അക്രമികളെ അനുവദിച്ചില്ല. മതത്തിന്റെയും ജാതിയുടെയും പേരിൽ ന്യൂനപക്ഷങ്ങളെയും ദലിതരെയും കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്യുന്ന ആൾക്കൂട്ട അക്രമികളെ അനുകൂലിക്കുന്നവരുമായി അവർ സഹവസിച്ചില്ല. കന്നുകാലി കച്ചവടക്കാരെ ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടില്ല.
മഹാത്മാഗാന്ധിയുടെ ഘാതകർ 1975ലെ അടിയന്തരാവസ്ഥക്കാലത്ത് വാഴ്ത്തപ്പെട്ടിരുന്നില്ല. യുവജനങ്ങൾക്ക് ഇഷ്ടമുള്ള പങ്കാളികളെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ‘ലവ് ജിഹാദ്’ കെട്ടുകഥയുടെ പേരിൽ അവർ പീഡിപ്പിക്കപ്പെട്ടില്ല.
2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി ‘വോട്ട് ജിഹാദി’നെക്കുറിച്ച് പറയുകയും മീനും ആട്ടിറച്ചിയും കഴിക്കുന്നതിനെക്കുറിച്ച് വിപരീതാചാരമായ ആശയങ്ങൾ ഉന്നയിക്കുകയും ചെയ്തു. അതൊക്കെ അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനകളുമായി ചേർന്നു നിൽക്കുന്നവയാണ്. ഗണപതി ഭഗവാന് ആനയുടെ ശിരസ്സ് ലഭിച്ചത് പ്ലാസ്റ്റിക് സർജറിയിലൂടെയാണെന്ന് ഇന്ദിരാജി ഒരിക്കലും പറഞ്ഞിട്ടില്ല. അവർ ഇന്ത്യയെ ആണവശക്തിയാക്കി ഉയർത്തി. 1971ൽ അവർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യൻ സൈന്യം പാകിസ്താനെ പരാജയപ്പെടുത്തി, ബംഗ്ലാദേശ് രൂപവത്കരണത്തിലേക്ക് വഴിതെളിച്ചു. നിലവിലെ പ്രധാനമന്ത്രിക്ക് കാട്ടിക്കൂട്ടൽ കൂടുതലും നേട്ടങ്ങൾ പരിമിതവുമാണ്.
പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന്റെ ആദ്യ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തകർച്ച, പരീക്ഷാപേപ്പർ ചോർച്ച, പെരുകുന്ന തൊഴിലില്ലായ്മ, ജാതി സെൻസസ്, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സംവരണം, അഭൂതപൂർവമായ വിലക്കയറ്റം, ഭരണഘടനക്കെതിരായ ഭീഷണികൾ, ബിഹാറിന് നൽകേണ്ട പ്രത്യേക പദവി, മണിപ്പൂരിലെ അക്രമം, ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തത്, ജനാധിപത്യ സ്ഥാപനങ്ങളെ അധീനപ്പെടുത്തിയത്, മാധ്യമങ്ങളെ പിടിച്ചടക്കിയത്, മാധ്യമ പ്രവർത്തകരെയും എഴുത്തുകാരെയും സാമൂഹിക പ്രവർത്തകരെയും ജയിലിൽ അടച്ചത് എന്നിവയെല്ലാം ചർച്ച ചെയ്യേണ്ടിയിരുന്നു. രാജ്യത്തെ ഞെരിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയായി പ്രവർത്തിക്കാൻ പാർലമെന്റിനെ അനുവദിക്കുന്നതിനുപകരം അടിയന്തരാവസ്ഥാ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ഇടമായാണ് ബി.ജെ.പി അതിനെ ദുരുപയോഗിക്കുന്നത്. ഇൻഡ്യ സഖ്യത്തിനുകീഴിലെ വിശാല പ്രതിപക്ഷം അവർക്ക് ലഭിച്ച കൃത്യമായ ജനസമ്മതി സംഘ്പരിവാറിന്റെ സമഗ്രാധിപത്യ പ്രവണതകൾക്കെതിരെ ഉപയോഗപ്പെടുത്തുകതന്നെ ചെയ്യും.
തെലുഗുദേശം പാർട്ടി, ജനതാദൾ (യുനൈറ്റഡ്) എന്നിവയെ ഊന്നുവടികളാക്കിയാണ് പ്രധാനമന്ത്രി ഇപ്പോൾ അധികാരം നിലനിർത്തിയിരിക്കുന്നത്. പക്ഷേ, ഒരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത മട്ടിലാണ് അദ്ദേഹം പെരുമാറുന്നത്. അത് വെറും വിഡ്ഢിസ്വർഗമാണ്.
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, സുപ്രിയ സുലെ എന്നിവരുൾപ്പെടെ ഇൻഡ്യ സഖ്യത്തിന്റെ ബാനറിൽ തെരഞ്ഞെടുക്കപ്പെട്ട നിരവധി എം.പിമാരും മികച്ച പ്രകടനമാണ് സഭയിൽ കാഴ്ചവെക്കുന്നത്. ജനങ്ങൾ ഇൻഡ്യ സഖ്യത്തിനൊപ്പമാണ്. മോദിക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിത്തന്നത്. ഇൻഡ്യ മുന്നണി എം.പിമാർ ജനങ്ങളുടെ ആവശ്യങ്ങൾക്കായി സഭയിൽ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കണം.
വ്യാജങ്ങൾ സൃഷ്ടിച്ച് അടിയന്തരാവസ്ഥാ വിരുദ്ധപ്പോരാട്ടത്തിന്റെ ‘ഹീറോ’ ചമയാനുള്ള ശ്രമത്തിലാണ് മോദിയും ഓം ബിർളയും നഡ്ഡയും അവരെപ്പോലുള്ളവരും. അടിയന്തരാവസ്ഥ നമ്മുടെ ജനാധിപത്യത്തിനേറ്റ കളങ്കമായി നിലനിൽക്കുമെന്നതിൽ ആർക്കും സംശയമില്ല, അതുപോലെതന്നെ അടിയന്തരാവസ്ഥയെ എതിർത്ത ധീരരായ നേതാക്കളും. മുൻ പ്രധാനമന്ത്രി എസ്.ചന്ദ്രശേഖർ, ജോർജ് ഫെർണാണ്ടസ്, മുലായം സിങ് യാദവ്, ശരദ് യാദവ്, കർപൂരി താക്കൂർ, രാമാനന്ദ് തിവാരി, രാജ് നാരായണൻ, ബിഹാറിലെ എന്റെ സുഹൃത്തുക്കളായ മുഖ്യമന്ത്രി നിതീഷ് കുമാർ, രാം വിലാസ് പാസ്വാൻ, ശിവാനന്ദ് തിവാരി, അബ്ദുൽ ബാരി സിദ്ദീഖ് എന്നിങ്ങനെ എണ്ണമറ്റ നായകർ ഇതിൽപ്പെടും.
സത്യത്തിൽ, സംഘ്പരിവാർ നേതാക്കളെയും അവരുടെ ഇരട്ടമുഖവും ജെ.പി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ആർ.എസ്.എസിൽനിന്ന് വിട്ടുപോരാനും സോഷ്യലിസം, സമത്വം, നീതി എന്നീ ആദർശങ്ങളിലൂന്നിയ ജനതാ പാർട്ടിയിൽ ചേരാനും ജെ.പി ആവശ്യപ്പെട്ടുവെങ്കിലും സംഘ് നേതാക്കൾ അനുസരിച്ചില്ല. സമൂഹത്തിൽ അംഗീകാരം നേടിയെടുക്കുന്നതിന് അവർ അടിയന്തരാവസ്ഥാവിരുദ്ധ പ്രസ്ഥാനത്തെ ഉപയോഗിക്കുകയും താന്താങ്ങളുടെ വർഗീയ വഴികളിൽ തുടരുകയും ചെയ്തു.
മിസ പ്രകാരം അറസ്റ്റിലായ അന്നത്തെ ആർ.എസ്.എസ് മേധാവി ബാലാസാഹെബ് ദേവറസ് അടിയന്തരാവസ്ഥക്ക് പൊതുജന പിന്തുണ നേടിയെടുക്കാൻ പ്രഖ്യാപിച്ച ഇരുപതിന പരിപാടികൾക്ക് പിന്തുണയറിയിച്ച് ഇന്ദിര ഗാന്ധിക്ക് കത്തെഴുതുകയും മറ്റ് ആർ.എസ്.എസ് പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്ത സംഭവം മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശിവാനന്ദ് തിവാരി അനുസ്മരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം സംരക്ഷിക്കാൻ നാമേവരും പോരാട്ടം തുടരണം. ഭരണഘടനയെ തകർക്കാനോ പ്രതിപക്ഷത്തെ വിഴുങ്ങാനായി ദുരുപയോഗം ചെയ്യാനോ ആർക്കും സാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ നമുക്ക് പ്രതിജ്ഞ ചെയ്യാം. 1975 ആവർത്തിക്കാൻ നാം ഒരിക്കലും അനുവദിച്ചുകൂടാ. ഇപ്പോൾ ആരാണ് അധികാരത്തിലിരിക്കുന്നതെന്നും പ്രതിപക്ഷത്തെ ബഹുമാനിക്കാൻ ആരാണ് വിസമ്മതിക്കുന്നതെന്നും നമ്മൾ മറക്കുകയുമരുത്.
(ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി മേധാവിയുമായ ലാലു പ്രസാദ് യാദവ് തന്റെ രാഷ്ട്രീയ ജീവിത കഥയുടെ സഹ എഴുത്തുകാരൻ നളിൻ വർമയുമായി പങ്കുവെച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.