ഗാന്ധിയും നെഹ്റുവും ഹിന്ദുത്വവും
text_fieldsസ്വാതന്ത്ര്യം നേടി ആറു മാസം തികയുംമുമ്പ്, 1948 ജനുവരിയിൽ, സ്വാതന്ത്ര്യസമരത്തിെൻറ സര്‍വോന്നത നേതാവെന്ന നിലയില്‍ ഇന്ത്യ രാഷ്ട്രപിതാവായി ആദരിക്കുന്ന മഹാത്മ ഗാന്ധി കൊല്ലപ്പെട്ടു. ഹിന്ദുത്വത്തിെൻറ ഉപജ്ഞാതാവായ വി.ഡി. സവര്‍ക്കറുടെ അനുയായി നാഥുറാം ഗോദ്സെയായിരുന്നു കൊലയാളി.ഹിന്ദുരാഷ്ട്രസൃഷ്ടിക്കുള്ള തടസ്സം നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയെ വധിച്ചതെന്ന് ഗോദ്സെ കോടതിയില്‍ നടത്തിയതും ഹിന്ദുത്വവാദികള്‍ വ്യാപകമായി വിതരണം ചെയ്തതുമായ പ്രസ്താവനയില്‍നിന്ന് വ്യക്തമാണ്.
സ്വതന്ത്ര ഇന്ത്യക്കൊപ്പം ജന്മംകൊണ്ട പാകിസ്താെൻറ സ്ഥാപകനും ആദ്യ ഗവര്‍ണര്‍ ജനറലുമായ മുഹമ്മദ് അലി ജിന്ന രോഗബാധയെ തുടര്‍ന്ന് 1948 സെപ്റ്റംബറില്‍ അന്തരിച്ചു. അദ്ദേഹത്തിെൻറ അടുത്ത സഹപ്രവര്‍ത്തകനും പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന് 1951ല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കൊല്ലപ്പെട്ടു. കൊലയാളി അഫ്ഗാനിസ്താന് സ്വദേശിയായിരുന്നു. അയാളെ പൊലീസ് അപ്പോള്‍തന്നെ കൊന്നതുകൊണ്ട് കൊല നടത്താന്‍ ആരാണ് അയാളെ നിയോഗിച്ചതെന്ന് കണ്ടെത്താനായില്ല.
ഒരു മുസ്ലിം ആവാസസ്ഥാനം എന്ന നിലയിലാണ് പാകിസ്താന് വിഭാവന ചെയ്യപ്പെട്ടതെങ്കിലും അത് നിലവില്‍വന്നപ്പോള്‍ എല്ലാ മതസ്ഥരും തുല്യരായിരിക്കുമെന്ന് ജിന്ന പ്രസ്താവിച്ചു. ജിന്നയുടെയും ലിയാഖത്ത് അലിയുടെയും വേർപാടിനുശേഷം അത്തരത്തിലുള്ള നിലപാടെടുക്കാന്‍ തയാറുള്ള ഒരു നേതാവ് പാകിസ്താനില്‍ ഉണ്ടായിരുന്നില്ല. വൈകാതെ അതൊരു മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.
ഗാന്ധി ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കള്‍ രാജ്യത്തെ വിഭജിക്കാനുള്ള ബ്രിട്ടെൻറ തീരുമാനത്തിനു സമ്മതംമൂളിയെങ്കിലും മുസ്ലിം ലീഗിെൻറ ദ്വിരാഷ്ട്ര സിദ്ധാന്തം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ഗാന്ധിവധം ദിശാമാറ്റത്തിലേക്ക് നയിച്ചില്ല. ജവഹര്‍ലാല്‍ നെഹ്റുവിെൻറ നേതൃത്വത്തില്‍ കോൺഗ്രസ് മതേതര ജനാധിപത്യ രാഷ്ട്രം എന്ന സങ്കൽപവുമായി മുന്നോട്ടു പോയി. അങ്ങനെ ഹിന്ദുത്വവാദികളുടെ സ്വപ്നം പൊലിഞ്ഞു. ഗാന്ധിയെയല്ല നെഹ്റുവിനെയായിരുന്നു വധിക്കേണ്ടിയിരുന്നതെന്ന് ഒരു ഹിന്ദുത്വ നേതാവ് അടുത്ത കാലത്ത് പറയുകയുണ്ടായി. ആ നിരീക്ഷണത്തില്‍ നെഹ്റുവിെൻറ സാന്നിധ്യമാണ് ഹിന്ദുരാഷ്ട്രനിർമിതി തടഞ്ഞതെന്ന തിരിച്ചറിവ് പ്രതിഫലിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്റുവിെൻറ പേര് ഉച്ചരിക്കാന്‍പോലും ഭയപ്പെടുന്നതിെൻറ കാരണവും അതുതന്നെ.
വിഭജനതീരുമാനത്തെ തുടര്‍ന്നുണ്ടായ വർഗീയ സംഘര്‍ഷവും അഭയാര്‍ഥിപ്രവാഹവും വടക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളിലെ അന്തരീക്ഷം കലുഷിതമാക്കിയിരുന്നു. ന്യൂഡല്‍ഹി തെരുവില്‍ അക്രമം നടക്കുന്നത് കണ്ട് നെഹ്റു കാറില്‍നിന്നിറങ്ങി ആക്രമികളെ നേരിടാന്‍ മുതിര്‍ന്ന ഒരവസരവും അക്കാലത്തുണ്ടായി. അതിനിടയില്‍ ബി.ആര്. അംബേദ്കറുടെ നേതൃത്വത്തില്‍ എല്ലാവർക്കും തുല്യതയും തുല്യാവകാശങ്ങളും ഉറപ്പുനല്‍കുന്ന ഭരണഘടന തയാറാക്കപ്പെടുകയും 1950 ജനുവരിയില്‍ അത് പ്രാബല്യത്തില്‍ വരുകയും ചെയ്തു.
പ്രായപൂര്‍ത്തിയായ എല്ലാവർക്കും വോട്ടവകാശമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് 1951 അവസാനവും 1952 ആദ്യവുമായി നടക്കുമ്പോള്‍ സ്വാതന്ത്ര്യം നേടിയിട്ട് അഞ്ചു കൊല്ലം തികഞ്ഞിരുന്നില്ല. ചെറിയ പേരുമാറ്റത്തോടെ പ്രത്യക്ഷപ്പെട്ട മുസ്ലിം ലീഗിന് ആ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനും കഴിഞ്ഞു. ഹിന്ദുത്വചേരിയുടെ മൂന്നു കക്ഷികളാണ് ആ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്: സവര്‍ക്കറുടെ ഹിന്ദു മഹാസഭ, ആര്.എസ്.എസ് മുന്‍കൈയെടുത്ത് മഹാസഭ മുൻ അധ്യക്ഷനും നെഹ്റു മന്ത്രിസഭയില്‍ അംഗവുമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനസംഘം, സന്യാസിമാരുടെ പാര്‍ട്ടിയായ രാമരാജ്യ പരിഷത്ത്. മൂന്നു കക്ഷികള്‍ക്കുംകൂടി 489 അംഗങ്ങളുള്ള ലോക്സഭയില്‍ കിട്ടിയത് വെറും 10 സീറ്റ് (ഹിന്ദുമഹാസഭ നാല്, ജനസംഘം, ആര്.ആര്.പി മൂന്നു വീതം). അതില്‍ ഏഴെണ്ണം മുന്‍ നാട്ടുരാജ്യങ്ങള്‍ മാത്രമടങ്ങിയ രാജസ്ഥാൻ, മധ്യഭാരത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. അവിടങ്ങളില്‍ വര്‍ഗീയതയേക്കാള്‍ ഫ്യൂഡല്‍ സ്വാധീനമാകണം നിർണായകമായത്.
കോൺഗ്രസിന് കിട്ടിയത് 364. അന്ന് അത് ഹിന്ദു മേഖലകളില്‍ വര്‍ഗീയാന്തരീക്ഷം മറികടന്നത് വര്‍ഗീയതയുമായി സമരസപ്പെട്ടുകൊണ്ടല്ല, അതിനെ ധൈര്യത്തോടെ നേരിട്ടുകൊണ്ടാണ്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നെഹ്റു എല്ലാതരം വര്‍ഗീയതകള്‍ക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ അംബാല സിറ്റി അസംബ്ലി നിയോജകമണ്ഡലത്തില്‍ (ഇപ്പോള്‍ ആ സ്ഥലം ഹരിയാനയിലാണ്) കോൺഗ്രസിെൻറ സ്ഥാനാർഥി അബ്ദുല്‍ ഗഫാര്‍ ഖാന് എന്ന പ്രാദേശിക നേതാവായിരുന്നു. കലാപത്തെ തുടര്‍ന്ന് പട്ടണത്തിലെ മുസ്ലിംകളെല്ലാം പാകിസ്താനിലേക്ക് പലായനം ചെയ്തപ്പോള്‍ അവിടെത്തന്നെ നിന്ന അദ്ദേഹം മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലെ ഏക മുസ്ലിമായിരുന്നു. അദ്ദേഹത്തെ സ്ഥാനാർഥിയാക്കാനുള്ള ചങ്കൂറ്റം നെഹ്റുവിെൻറ കോൺഗ്രസിനുണ്ടായിരുന്നു. വോട്ടര്‍മാര്‍ ആ തീരുമാനത്തിെൻറ പിന്നിലുള്ള ചേതോവികാരം തിരിച്ചറിയുകയും ഗഫാര്‍ ഖാനെ വിജയിപ്പിക്കുകയും ചെയ്തു. അടുത്ത രണ്ടു തെരഞ്ഞെടുപ്പുകളിലും അദ്ദേഹംതന്നെയായിരുന്നു കോൺഗ്രസിെൻറ സ്ഥാനാർഥി. മരണംവരെ അദ്ദേഹം അംബാലയെ പ്രതിനിധാനം ചെയ്തു.
സ്വാതന്ത്ര്യത്തിെൻറ ആദ്യകാലത്തെ അനുഭവത്തില്‍നിന്ന് മതനിരപേക്ഷ കക്ഷികള്‍ പഠിക്കേണ്ട പാഠം വര്‍ഗീയതയെ തോൽപിക്കേണ്ടത് നേർക്കുനേര്‍ പോരടിച്ചാണെന്നാണ്. മൃദുഹിന്ദുത്വം തീവ്രഹിന്ദുത്വത്തിനു മറുമരുന്നല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.