മാലിന്യ സംസ്കരണം: ജനങ്ങളെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിക്ക് ബ്രഹ്മപുരത്തെ വീഴ്ചയിൽ മൗനം
text_fieldsകൊച്ചി: മാലിന്യ സംസ്‌കരണത്തില്‍ പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരണമെന്ന് കൊച്ചിയിൽ പ്രസംഗിച്ച മുഖ്യമന്ത്രി ബ്രഹ്മപുരത്ത് അധികൃതർ വരുത്തിയ ഗുരുതര വീഴ്ചയെ കുറിച്ച് മിണ്ടുന്നില്ല. ഫെബ്രുവരി നാലിന് ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് എന്ന പേരിൽ സർക്കാർ സംഘടിപ്പിച്ച എക്സ്പോ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വല്ലാത്ത നിസ്സഹകരണമാണ് പലരില്‍ നിന്നും ഉണ്ടാകുന്നതെന്നാണ് കുറ്റപ്പെടുത്തിയത്.
ബ്രഹ്മപുരം തീപിടിത്തം സ്വന്തം പാർട്ടി ഭരിക്കുന്ന കോർപറേഷന്റെ വീഴ്ചയാണ് തെളിയിച്ചത്. സംഭവം നടന്ന് 11 ദിവസമാകുമ്പോഴും വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സംസ്ഥാനം കണ്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരത്തിനാണ് ബ്രഹ്മപുരത്ത് തീപിടിച്ചത്. സംസ്കരണ ചുമതല ഏറ്റവർ അത് നിർവഹിക്കാതെ വീഴ്ചപറ്റിയതിനാൽ അത് മറക്കാൻ തീയിട്ടു എന്ന ആരോപണം ശക്തമാണ്. പാർട്ടി നേതാവിന്‍റെ മരുമകന് മാലിന്യ സംസ്കരണ കരാർ നൽകാൻ പാർട്ടിയിൽ ചിലർ ഒത്തുകളിച്ചു എന്ന ആരോപണവും ഉണ്ട്. അതോടെയാണ് ഒരുമാസം മുമ്പ് ജനങ്ങളെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മൗനം ചർച്ചയാകുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിൽ 12 കോടിയോളം രൂപ ചെലവഴിച്ചാണ് ഫെബ്രുവരി നാല് മുതൽ ആറ് വരെ മറൈൻ ഡ്രൈവിൽ എക്സ്പോ നടത്തിയത്. വിഷപ്പുക ശ്വസിച്ച് കൊച്ചിയിലെ ജനങ്ങൾ ശ്വാസംമുട്ടുൾപ്പടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. തീപിടിത്തമുണ്ടായ ഉടനെ അണക്കുന്നതിലും വീഴ്ച വരുത്തിയതാണ് പ്രശ്നം ഇത്ര സങ്കീർണമാക്കിയത്. തീ അണക്കുന്നു, പുക ശമിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഇപ്പോഴും വിഷപ്പുകയാണെവിടെയും.
‘‘മാലിന്യ സംസ്‌കരണത്തില്‍ സൗകര്യങ്ങളുടെ അപര്യാപ്തത മാത്രമല്ല പ്രശ്നം. ജനങ്ങളുടെ മനോഭാവവും പ്രധാനമാണ്. വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരികരംഗത്തും നമ്മള്‍ വലിയ പുരോഗതി കൈവരിച്ചെങ്കിലും ശുചിത്വ പരിപാലനരംഗത്ത് വേണ്ടത്ര പുരോഗതിയില്ല. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍പോലും ഈ നിലയില്‍ പെരുമാറുന്നുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റ് നാടിന്റെ ശുചിത്വം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. വിദ്യാസമ്പന്നരും സംസ്‌കാര സമ്പന്നരുമായ നമ്മള്‍ക്ക് അതിനുസരിച്ച് മാലിന്യ സംസ്‌കരണത്തില്‍ ഒരു പൊതുബോധം ഉയര്‍ത്തിക്കൊണ്ടുവരാൻ കഴിയണം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം നമ്മുടെ നാടിന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാകാത്തതാണ്. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനും വായു മലിനീകരണം കുറക്കുന്നതിനും പ്രാണികളുടെ അളവ് നിയന്ത്രിക്കുന്നതിനും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനും ഇത് അനിവാര്യമാണ്. ഇത്തരം തിരിച്ചറിവോടെയുള്ള പ്രവര്‍ത്തനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടത്. പ്രൈമറി സ്‌കൂളുകളില്‍ നിന്നുതന്നെ ഇത്തരമൊരു പൊതുബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം’’, എന്നിങ്ങനെ പ്രസംഗിച്ച മുഖ്യമന്ത്രി നോർവേ സന്ദര്‍ശനത്തെയും പരാമർശിച്ചു. മുഖ്യമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനടക്കമുള്ളവരും കൊച്ചിയിലെ ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി നിശബ്ദത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.