Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
israel palestine conflict
cancel
camera_alt

തെക്കൻ ഗസ്സയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽപ്പെട്ട കുഞ്ഞുമായി

രക്ഷാപ്രവർത്തകൻ

ഇസ്രായേലിന്‍റെ ‘അത്യുദാര സമാധാന വാഗ്ദാനം’ ആയി കൊട്ടിഘോഷിക്കുന്നതാണ്​ 2000 ജൂ​ലൈയിലെ ക്യാമ്പ്​ ഡേവിഡ്​ കരാർ. ഇസ്രായേലി ഒഫീഷ്യലുകളും പടിഞ്ഞാറൻ നയകോവിദരും ‘അനുരഞ്ജന’ത്തിനുള്ള ഇസ്രായേലി സന്നദ്ധതയുടെ തെളിവായും ഫലസ്തീൻ തിരസ്കാരത്തിന്‍റെ അടയാളമായും ഇതിനെ എടുത്തുകാട്ടിയിരുന്നു. എന്നാൽ, യഥാർഥത്തിൽ ഇത്​ ഓസ്​ലോയിലെ നവകോളനീകരണ ചതിയുടെ ശാശ്വതീകരണമായിരുന്നു

ഗസ്സക്കുമേലുള്ള സമ്പൂർണ ഉപരോധത്തെ ന്യായീകരിച്ച്​ ഇസ്രായേലി പ്രതിരോധമന്ത്രി യോവ്​ ഗാലന്‍റ്​ പ്രസ്താവിച്ചത്​, അദ്ദേഹത്തിന്‍റെ ഗവൺമെന്‍റ്​ ‘മനുഷ്യമൃഗങ്ങൾക്കെതിരെയാണ്​ പോരാടുന്നത്​’ എന്നാണ്​. ഫലസ്തീനികളെ ഗസ്സയിൽനിന്ന് തൊട്ടപ്പുറത്തെ അറ്റമില്ലാത്ത ഇടമുള്ള സീനായ്​ മരുഭൂമിയിലേക്ക് തള്ളാനാണ്​ പദ്ധതിയെന്നും അവിടെ അവർക്ക്​ ടെന്‍റ്​ നഗരങ്ങളിൽ കഴിച്ചുകൂട്ടാം എന്നും​ മുൻ ഡെപ്യൂട്ടി വിദേശമന്ത്രി ഡാനി അയലോൺ വെളിപ്പെടുത്തുന്നു​.

ഇസ്രായേൽ പ്രസിഡന്‍റ്​ ഇസാഖ്​ ഹെർസോഗ്​ വെട്ടിത്തുറന്നുപറഞ്ഞത്​, ഗസ്സയിൽ നിരപരാധികളേ ഇല്ലെന്നാണ്​. 1948 മേയിൽ ഇസ്രായേലിന്‍റെ സ്ഥാപനത്തിനുമുമ്പും പിമ്പുമായി നൂറായിരങ്ങളെ കൊന്നുതള്ളിയ ‘നക്​ബ’ എന്നറിയപ്പെട്ട വംശനശീകരണം ഓർമയിലേക്കു കൊണ്ടുവന്ന്​ പാർലമെന്‍റ്​ അംഗം ഏരിയൽ കാൾനർ പറഞ്ഞു: ‘‘ഇസ്രായേലിന് ഒറ്റലക്ഷ്യ​മേയുള്ളൂ: 1948ലെ നക്​ബയെ കവച്ചുവെക്കുന്ന മറ്റൊരു നക്​ബ’’

ആക്രമണവർധന ഭീഷണി നിലനിൽക്കെ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡൻ ഇസ്രായേലിന്‍റെ ചോരക്കൊതിക്ക്​ അംഗീകാരം നൽകുകയാണ്​. യുദ്ധവിരാമ ആ​ഹ്വാനങ്ങളെ അരോചകം എന്നാണ്​ വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി വിശേഷിപ്പിച്ചത്​.

‘നിർവിപുലീകരണം’, ‘യുദ്ധവിരാമം’, ‘അതിക്രമം അവസാനിപ്പിക്കൽ’, ‘രക്തച്ചൊരിച്ചിൽ, സമാധാന പുനഃസ്ഥാപനം’ തുടങ്ങിയ പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്ന്​ സ്​റ്റേറ്റ്​ ഡിപ്പാർട്മെന്‍റ്​ ജീവനക്കാർക്ക്​ പ്രത്യേക നിർദേശം പോയിട്ടുണ്ട്​. അമേരിക്കയിലെ രണ്ടു രാഷ്ട്രീയപാർട്ടികളുടെയും നിലപാട്​ പങ്കുവെക്കുകയാണ്​ ബൈഡൻ. വിരലിലെണ്ണാവുന്ന കോൺഗ്രസ്​ അംഗങ്ങൾ മാത്രമാണ്​ യുദ്ധവിരാമം ആവശ്യ​പ്പെടുന്നത്​.

മുൻ സംഭവങ്ങളിലെന്ന​പോലെ, പാശ്ചാത്യമാധ്യമങ്ങളും രാഷ്​ട്രീയനേതൃത്വവും ഗസ്സക്കുമേലുള്ള അതിക്രമത്തെ ന്യായീകരിക്കുന്നത്​ ഇസ്രായേലിന്​ ‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്​’ എന്നുപറഞ്ഞാണ്​. തങ്ങളുടെ അസ്തിത്വം അംഗീകരിക്കാത്ത ഫലസ്തീൻ സായുധർക്കെതിരായി മറ്റൊരു വഴിയുമില്ലെന്നും. ഇപ്പറയുന്നത് നിയമപരമായി തെറ്റാണ്​.

ഏത് ആക്രമണത്തെയും പ്രതിരോധിക്കാനുള്ള അന്തർദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട അവകാശം ഇസ്രായേലിനുള്ളപ്പോൾതന്നെ, ഉപരോധിത സിവിലിയൻ ജനതക്കെതിരെ യുദ്ധക്കുറ്റങ്ങൾ ചെയ്യാൻ അവർക്ക് അവകാശമില്ല. മാത്രമല്ല, ഇസ്രായേലിന്‍റെ ‘സ്വയം പ്രതിരോധം’ പുറം കൈയേറ്റക്കാർക്കെതിരിലല്ല, തടവിലിടപ്പെട്ട അകത്തെ ജനതക്കെതിരിലാണ്​.

സൈനിക അധിനിവേശ​ത്തെ ചെറുക്കാൻ അവർക്കുമുണ്ട്​ അവകാശം (എന്നാൽ, അത്​ ​ഇസ്രായേലി സിവിലിയന്മാരെ കൊല്ലാനും തട്ടിക്കൊണ്ടുപോകാനുമല്ല). ഇസ്രായേലിന്‍റെ ഘടനാപരമായ അതിക്രമവും ക്രൂരതയും ഫലസ്തീൻ ജനതയുടെ സ്വന്തം മണ്ണിൽനിന്നുള്ള പുറന്തള്ളലിന്‍റെ പശ്ചാത്തലവും അവഗണിച്ചുകൊണ്ടേ ഇസ്രായേലി-യു.എസ്​ ആഖ്യാനം സ്വീകരിക്കാൻ കഴിയുകയുള്ളൂ.

ഇസ്രായേൽ ‘സ്വയം പ്രതിരോധിക്കുന്നത്​’ നീണ്ട കാലമായി തങ്ങൾ കോളനിവത്​കരിച്ച്​ കീഴ്​പ്പെടുത്തിയ ജനതയെയാണ്​ എന്നത്​ അവരുടെ നേതൃത്വത്തിലുള്ളവർ തന്നെ അംഗീകരിച്ച സത്യമാണ്​. 1948ൽ ഇസ്രായേൽ സ്ഥാപന സമയത്ത്​ നടന്ന സൈനികനീക്കങ്ങൾ നയിച്ച ജന. മോഷെ ദയാൻ 1956ൽ ഗസ്സയിൽ ഫലസ്തീനികൾ വധിച്ച ഒരു ഇസ്രായേൽ സൈനികന്‍റെ സംസ്കാരച്ചടങ്ങിൽ സംബന്ധിച്ച്​ വ്യക്തമാക്കി:

‘‘നമ്മൾ ഇപ്പോൾ കൊലപാതകികളെ ആക്ഷേപിക്കേണ്ട. നമുക്കെതിരായ അവരുടെ കത്തുന്ന രോഷത്തെ ന​മ്മളെങ്ങനെ അപലപിക്കും? എട്ടുവർഷമായി അവർ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ കുത്തിയിരിക്കുകയാണ്​. അവരുടെ കണ്ണുകൾക്കു മുന്നിലാണ്​ അവരുടെ പൂർവികരുടെ ഭൂമിയും നിലങ്ങളും നാം നമ്മുടെ സ്വന്തം ബംഗ്ലാവുകളാക്കി മാറ്റുന്നത്​’’.

ഇത് ഒരു മനഃസാക്ഷിക്കുത്തിന്‍റെ വർത്തമാനമായിരുന്നില്ല. ഫലസ്തീനികളുടെ ബലാൽക്കാരേണയുള്ള പുറന്തള്ളലിൽനിന്ന് പിന്തിരിയുന്നതിനുപകരം കൂടുതൽ അതിക്രമത്തിലൂടെ കോളനിവത്​കരണം നിലനിർത്താൻ തീട്ടൂരമിറക്കുകയായിരുന്നു മോഷെ ദയാൻ.

‘‘ഈ ഭൂമിയിൽ കുടിപാർക്കുന്ന ജനതയാണ്​ നമ്മൾ. ഉരുക്കുതൊപ്പിയും തോക്കിൻമുനയുമില്ലാതെ നമുക്കിവിടെ ഒരുമരം നടാനോ, ഒരുവീട്​ നിർമിക്കാനോ കഴിയില്ല. നമുക്കുചുറ്റും ജീവിക്കുന്ന നൂറുകണക്കിന് അറബികളുടെ വിദ്വേഷംനിറഞ്ഞ നോട്ടംകണ്ട്​ പേടിക്കേണ്ട.

തിരിച്ചും തുറിച്ചുനോട്ടം ഒഴിവാക്കേണ്ട. അതാണ്​ നമ്മുടെ തലമുറയുടെ നിയോഗം. അതാണ്​ നമ്മുടെ തെരഞ്ഞെടുപ്പ്​-സായുധരായി സജ്ജരായി നിൽക്കുക, ഉറച്ച് ശക്തമായി പോരടിക്കുക. ഇല്ലെങ്കിൽ നമ്മുടെ കൈകളിൽനിന്ന് വാൾ ഊർന്നുവീഴും. നമ്മുടെ ജീവിതം തീരുകയും ചെയ്യും’’.

മോഷെ ദയാൻ ബെൻ ആമി

ദയാൻ ഈ വാക്കുകൾ പറഞ്ഞ്​ ഏതാണ്ട്​ 70 വർഷ​ത്തോടടുക്കുമ്പോൾ ഫലസ്തീൻ ഭൂമിയുടെ അപഹരണം വിപുലപ്പെടുത്തിയും അഭയാർഥികളുടെ പുതുതലമുറകളെ സൃഷ്ടിച്ചും ഇസ്രായേൽ അത്​ കാര്യത്തി​ലെടുത്തിരിക്കുന്നു. ‘ബേത്​ സലേം’ എന്ന പ്രമുഖ ഇസ്രായേലി മനുഷ്യാവകാശ കൂട്ടായ്മ 2021ൽ ഏറ്റുപറഞ്ഞതുപോലെ ഈ നിലപാട്​ ഇസ്രായേലിനെ ‘ജോർഡൻ നദിക്കും മെഡിറ്ററേനിയൻ കടലിനുമിടയിൽ ജൂതമേധാവിത്വം സ്ഥാപിച്ചു നിലനിർത്തുന്ന ഒരു വംശവിവേചന (അപാർതൈറ്റ്​) ഭരണക്രമമാക്കി’ മാറ്റിയിരിക്കുന്നു.

ഇസ്രായേൽ അപാർതൈറ്റ്​ ഭരണകൂടം അടിത്തറ ഭദ്രമാക്കിയത്​ 1967ലെ വെസ്റ്റ്​ ബാങ്ക്​, ഗസ്സ ചീന്ത്​ കീഴടക്കലിലൂടെയായിരുന്നു. അതോടെ ദശലക്ഷക്കണക്കിന്​ ഫലസ്തീനികൾ ഇസ്രായേലി സൈനിക അധിനിവേശത്തിനുകീഴിൽ വന്നു. ദയാൻ 1956ൽ പറഞ്ഞത്​ ഇസ്രായേലിന്‍റെ മാർഗദർശക നയമായി മാറി. ‘‘നിങ്ങൾ ഫലസ്തീനികൾക്ക്​ ഒരു രാഷ്ട്രമെന്നനിലയിൽ ഞങ്ങളെ പിടിക്കുന്നില്ല.

എന്നാൽ, ബലമായി നിങ്ങൾക്കുമേൽ സാന്നിധ്യമുറപ്പിച്ചുതന്നെ ഈ മനോഭാവം ഞങ്ങൾ മാറ്റിയെടുക്കും. ഇസ്രായേലി ഭരണത്തിൻകീഴിൽ അധിനിവിഷ്ട ഫലസ്തീനികൾ പട്ടികളെപോലെ കഴിയേണ്ടിവരും. ആർക്കെങ്കിലും വിട്ടുപോകണമെങ്കിൽ പോകാം’’ -ഇസ്രായേലി ജനറൽ പറഞ്ഞു. ലോകത്തെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗസ്സയിൽ ഇസ്രായേലിന്‍റെ ഈ ബലാത്​ അധിനിവേശം 23 ലക്ഷം ജനതയെ അടച്ചുപൂട്ടി.

അതിൽ പകുതിയിലേറെയും പിഞ്ചുമക്കളാണ്​. മുൻ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ഡേവിഡ്​ കാമറൺ ​ലോകത്തെ ഏറ്റവും വലിയ ‘തുറന്ന ജയിൽ’ എന്നാണ് വിശേഷിപ്പിച്ചത്​. ഹിബ്രു കലാശാല പ്രഫസർ ബറൂച്​ കിമ്മർലിങ്​ അതിനെ വിളിച്ചത്​ ‘എക്കാലത്തെയും ഏറ്റവും വലിയ കോൺസൻട്രേഷൻ ക്യാമ്പ്​’ എന്നും.

2005ൽ ഇസ്രായേൽ ഒരു ‘വിട്ടുനിൽപ്​’ പ്രഖ്യാപിച്ചത്​ ഗസ്സ അധിനിവേശം അവസാനിക്കുകയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കി. വാസ്തവത്തിൽ സ്ഥിതി കൂടുതൽ ദയനീയമാകുകയായിരുന്നു. വർഷങ്ങളുടെ അപ്രഖ്യാപിത ഉ​പരോധത്തിനുശേഷം 2007ൽ ഇസ്രായേൽ പൂർണ ഉപരോധം അടിച്ചേൽപിച്ചു.

മുൻവർഷം ഫലസ്തീൻ നിയമനിർമാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹമാസ്​ നേടിയ അപ്രതീക്ഷിത വിജയത്തോടുള്ള പ്രതികരണമായിരുന്നു അത്​. പാശ്ചാത്യപിന്തുണയുള്ള ഫലസ്​തീൻ അതോറിറ്റിയുടെ കഴിവുകെട്ട അഴിമതി ഭരണത്തെ ജനം അധികാരത്തിൽനിന്ന് മാറ്റിനിർത്തി.

അട്ടിമറിസാധ്യത കണ്ട ഹമാസ്​ മുൻകൂർ ഓപറേഷനിലൂടെ ഗസ്സയുടെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട്​ ഹിലരി ക്ലിന്‍റൺ പറഞ്ഞത്​, ഫലസ്തീൻ ​വോട്ടെടുപ്പിൽ കൃത്രിമത്വം നടത്തുന്നതിൽ അമേരിക്ക പരാജയപ്പെട്ടു എന്നാണ്​. ഫലസ്തീൻ ജനാധിപത്യം അട്ടിമറിക്കാനാവാതെവന്നപ്പോൾ ഇസ്രായേൽ യു.എസ്​ പിന്തുണയോടെ ‘തെറ്റായി വോട്ടുചെയ്തതിന്​ ഗസ്സക്കാരെ ശിക്ഷിക്കാൻ തുനിഞ്ഞിറങ്ങി.

ഗസ്സയിലേക്കുള്ള ഭക്ഷണത്തിന്‍റെയും ഊർജത്തിന്‍റെയും ഒഴുക്ക്​ നിയന്ത്രിച്ചു. ചുരുങ്ങിയ അളവിൽ കലോറിയുള്ളതെന്ന് കണക്കുകൂട്ടിയ ഭക്ഷണയിനങ്ങൾ മാത്രം ഫലസ്തീനിൽ എത്താൻ അവർ ​കരുതലെടുത്തു. പോഷകാഹാരക്കുറവിന്‍റെ വലിയ പ്രശ്നങ്ങളില്ലാതെ നോക്കുക മാത്രമായിരുന്നു അതിനു പിറകിലെ സൂത്രം.

ഇസ്രായേൽ ഗവൺമെന്‍റിലെ ഉപദേഷ്ടാവ്​ ഡോവ്​ വെയ്​സ്​ ഗ്ലാസ്​ അത്​ വിശദീകരിച്ചു: ‘‘ഫലസ്തീനികൾക്ക് ഭക്ഷണനിയന്ത്രണം എന്നതാണ്​ ഐഡിയ. എന്നാൽ, അവർ പട്ടിണി കിടന്ന് ചാവാനും പാടില്ല’’. ഇസ്രായേലി നിയന്ത്രണത്തിൽ ഗസ്സയിലെ വെള്ളത്തിന്‍റെ 90 ശതമാനവും മനുഷ്യോപ​യോഗത്തിന് പറ്റാത്തതാണ്​. 2018ൽ യു.എൻ വെളിപ്പെടുത്തിയത്​ ​പ്രദേശത്തെ ജീവിതം ഏറെ ദുഷ്കരമാണെന്നും വർഷങ്ങൾക്കുള്ളിൽ അവിടം താമസയോഗ്യമല്ലാതായിത്തീരു​​മെന്നുമാണ്​.

ഉപരോധത്തി​ന്​ അകമ്പടിയായി ഊഴംവെച്ചുള്ള സൈനിക അതിക്രമങ്ങൾ ആളുകളെ കൊല്ലുകയും പരിക്കേൽപിക്കുകയും പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്തു. കുടിയിറക്കും അധിനിവേശവും ശക്തിപ്പെടുത്തിയ ഇസ്രായേൽ, തങ്ങൾ നേരത്തേ പിന്തുണക്കുന്നുവെന്ന് വാദിച്ച ദ്വിരാഷ്ട്ര പരിഹാരവും അഗണ്യകോടിയിൽ തള്ളി.

1993ൽ ഇസ്രായേലും ഫലസ്തീൻ വിമോചന സംഘടന പി.എൽ.ഒയും തമ്മിൽ ഒപ്പുവെച്ച ഓസ്​ലോ കരാർ ‘ഒരു നവ കോളനീകരണാടിത്തറയിൽ ഉരുത്തിരിച്ചെടുത്തതാണ്​’ എന്ന്​ മുൻ ഇസ്രായേൽ വിദേശമന്ത്രി ​ശലോമോ ബെൻ ആമി പ്രഖ്യാപിച്ചു. ‘‘ഓസ്​ലോ കരാറിന്‍റെ ഒരാശയം ഇൻതിഫാദ​ (ഇസ്രായേലി അധിനിവേശത്തിനെതിരെ തൃണമൂലതലത്തിൽ രൂപംകൊണ്ട അക്രമരഹിതയെ ഉയിർത്തെഴുന്നേൽപ്​) ഞെക്കിക്കൊല്ലാൻ ഇസ്രായേലിനെ പി.എൽ.ഒ സഹായിക്കുമെന്നായിരുന്നു.

അങ്ങനെ ഫലസ്തീൻ സ്വാ​തന്ത്ര്യത്തിനുള്ള ആധികാരിക ജനാധിപത്യ പോരാട്ടത്തെ ചുരുട്ടിക്കെട്ടാനായിരുന്നു പരിപാടി. അന്നത്തെ പ്രധാനമന്ത്രി യിത്​സാക്​ റബിൻ അടക്കമുള്ള ഓസ്​ലോ കരാറിന്‍റെ ഇസ്രായേലി ശിൽപികളാരും ഒരു ഫലസ്തീൻ രാഷ്ട്രത്തിന്​ സ്വയം നിർണയാവകാശം നൽകാൻ കരുതിയവരല്ല.

‘സമാധാനക്കരാറിൽ’ പൊതിഞ്ഞ ഒരു നവകോളനീകരണ യജ്ഞമെന്ന നിലയിൽ ഓസ്​ലോ കരാറിൽ തുടങ്ങിയ ആദ്യ എട്ടു വർഷക്കാലം ഇസ്രായേലി സെറ്റിൽമെന്‍റുകളുടെ അനധികൃത നിർമാണം ഇരട്ടിയായി. ഇസ്രായേലിന്‍റെ ‘അത്യുദാര സമാധാന വാഗ്ദാനം’ ആയി കൊട്ടിഘോഷിക്കുന്നതാണ്​ 2000 ജൂ​ലൈയിലെ ക്യാമ്പ്​ ഡേവിഡ്​ കരാർ.

ഇസ്രായേലി ഒഫീഷ്യലുകളും പടിഞ്ഞാറൻ നയകോവിദരും ‘അനുരഞ്ജന’ത്തിനുള്ള ഇസ്രായേലി സന്നദ്ധതയുടെ തെളിവായും ഫലസ്തീൻ തിരസ്കാരത്തിന്‍റെ അടയാളമായും ഇതിനെ എടുത്തുകാട്ടിയിരുന്നു.

എന്നാൽ, യഥാർഥത്തിൽ ഇത്​ ഓസ്​ലോയിലെ നവകോളനീകരണ ചതിയുടെ ശാശ്വതീകരണമായിരുന്നു. അന്നത്തെ ഉച്ചകോടിയിൽ ഇസ്രായേൽ ഭാഗത്തുനിന്ന് പ​ങ്കെടുത്ത മുൻ വിദേശമന്ത്രി ബെൻ ആമി വർഷങ്ങൾക്കുശേഷം വ്യക്തമാക്കി: ‘‘ഞാൻ ഒരു ഫലസ്തീനിയായിരുന്നുവെങ്കിൽ ക്യാമ്പ്​ ഡേവിഡ്​ കരാർ തള്ളിക്കളയുമായിരുന്നു’’.

2022ൽ അറബ്​ ലീഗ്​ സമ്പൂർണ സമാധാനത്തിനുവേണ്ടി ഒരു നിർദേശം വെച്ചു. 1967ൽ കൈയേറിയ സിറിയ, ലബനാൻ, ഫലസ്തീൻ എന്നിവിടങ്ങളിലെ അറബ്​ പ്രദേശങ്ങളിൽനിന്ന് ഇസ്രായേൽ പിൻവാങ്ങുക, കിഴക്കൻ ജറൂസലം തലസ്ഥാനമായി വെസ്റ്റ്​ബാങ്ക്​, ഗസ്സ എന്നിവ ഉൾപ്പെടുത്തി ഒരു ഫലസ്തീൻരാഷ്ട്രം രൂപവത്​കരിക്കുക, അഭയാർഥിവിഷയത്തിൽ ‘ഒരു പ്രമേയവും’ -ഇതായിരുന്നു നിർദേശം.

ഇസ്രായേലിന്‍റെ വെസ്റ്റ്​ ബാങ്ക്​ അധിനിവേശം കൈയൊഴിയുകയും ഫലസ്തീൻഭൂമി കവർന്നും അനുപാതരഹിതമായി വാട്ടർ റിസർവുകൾ കൈയടക്കിയുമുള്ള അനധികൃത പാർപ്പിടനിർമാണം അവസാനിപ്പിക്കണമെന്നുമായിരുന്നു അന്നത്തെ ആവശ്യം. പിന്നെയും അയഞ്ഞ അറബ്​ ലീഗ്​ ഇരുവിഭാഗവും തമ്മിൽ സാധ്യമായ ഭൂമി ​വെച്ചുമാറാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.

അഥവാ നിർമാണം പൂർത്തീകരിച്ച സെറ്റിൽമെന്‍റുകൾ ഇസ്രായേൽ അധീനതയിൽതന്നെ വെക്കാൻ അവർ സമ്മതിച്ചു. എന്നാൽ, അന്നത്തെ പ്രധാനമന്ത്രി എഹൂദ്​ ഒൽമെർട്ട്​ 2008ൽ ഇത്​ പൂർണമായി തള്ളിക്കളഞ്ഞു. തുല്യമായ തരത്തിലും ഗുണത്തിലും ഭൂമി അന്യോന്യം കൈമാറാനുള്ള ഫലസ്തീൻ നിർദേശമൊന്നും ഇന്നോളം ഒരു ഇസ്രായേൽ ഗവൺമെന്‍റും അനുവദിച്ചിട്ടില്ലെന്ന്​ മിഷേൽ ഹെർസോഗ്​ 2011ൽ ​എഴുതി.

അറബ്​ ലീഗിന്‍റെ ആവർത്തിച്ചുള്ള നയതന്ത്രദൗത്യങ്ങളെ ഇസ്രായേൽ ആവർത്തിച്ചു തള്ളി. ഭാവിസംഭാഷണങ്ങൾക്കുള്ള അടിസ്ഥാനമായി അതിനെ സ്വീകരിക്കാനും തയാറായില്ല. 1967ലെ അതിരുകളിൽ ഇരുരാഷ്ട്രം എന്ന നിർദേശം ഹമാസ്​ പിന്തുണച്ചിട്ടും ഇസ്രായേൽ വഴങ്ങാൻ കൂട്ടാക്കിയില്ല.

2008 മാർച്ചിൽ ഹമാസിന്‍റെ പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഖാലിദ്​ മിശ്​അൽ ഒരു അഭിമുഖത്തിൽ അറബ്​ ലീഗ്​ നിർദേശം സ്വീകരിക്കാൻ തയാറാണെന്ന്​ വ്യക്തമാക്കി. 2013ൽ അവരുടെ ഡെപ്യൂട്ടി വിദേശമന്ത്രി ഗാസി ഹമദ്​ അത്​ ആവർത്തിച്ചുറപ്പിച്ചു.

ഇസ്രായേൽ എന്ന രാഷ്ട്രത്തെതന്നെ അംഗീകരിക്കാത്ത ഹമാസ്​ ആണ്​ ദ്വിരാഷ്ട്ര നിർദേശത്തിന് പിന്നീട്​ വഴങ്ങിയതെന്നോർക്കുക. എന്നാൽ, ഫലസ്തീൻരാഷ്ട്രത്തിന്​ നാമമാത്ര അംഗീകാരം നൽകിയ ശേഷവും വെസ്റ്റ്​ ബാങ്കിലെ കൈയടക്കലിൽ ഒരു വിട്ടുവീഴ്​ചക്കും വഴങ്ങാതിരിക്കുകയാണ്​ ഇസ്രായേൽ ചെയ്തത്​.

ദ്വിരാഷ്ട്ര പദ്ധതിയെ തള്ളിക്കളഞ്ഞു എന്നു മാത്രമല്ല, ഫലസ്തീൻ ചെറുത്തുനിൽപിനുള്ള അക്രമരഹിത സമരങ്ങളെ അക്രമംകൊണ്ട് അടിച്ചമർത്തുകയും ചെയ്തു ഇസ്രായേൽ. 2018 മാർച്ചിൽ ഗസ്സ ഉപരോധം ലംഘിക്കാൻ പതിനായിരക്കണക്കിന്​ ഫലസ്തീനികൾ തിരിച്ചുപോക്ക്​ മാർച്ച്​ (Great March of Return) സംഘടിപ്പിച്ചു.

അതിനെ നിഷ്ഠുരമായി നേരിട്ട ഇസ്രായേൽ 214 പേരെ വെടിവെച്ചുകൊന്നു. 46ഉം കുട്ടികളായിരുന്നു. 36,000 ത്തിലേറെ പേർക്ക്​ പരിക്കേറ്റു. ഫലസ്തീൻകാരോട്​ ഗാന്ധിയൻ അക്രമരഹിത സമരമുറ ഉപദേശിക്കാറുള്ള പാശ്ചാത്യവിശാരദർ അന്ന്​ സമ്പൂർണ മൗനത്തിലായിരുന്നു.

നെതന്യാഹു ഭരണകൂടം ഹമാസിനെയും ഫതഹിനെയും ഭിന്നിപ്പിച്ചുനിർത്താനും ഫലസ്​തീനികളെ അന്യോന്യം അകറ്റാനുമുള്ള ഉപായങ്ങളാണ്​ ആവിഷ്കരിച്ചത്​. ആഗോളതലത്തിൽ ഹമാസ്​ ഒറ്റപ്പെട്ടതും സംഘടനയിൽ ഇടക്കാലത്തുണ്ടായ അസ്വാരസ്യങ്ങളും മുതലെടുത്ത്​ ഫലസ്തീൻരാഷ്ട്രമെന്ന അവരുടെ ആവശ്യത്തെ നിർവീര്യമാക്കാമെന്നായിരുന്നു നെതന്യാഹുവിന്‍റെ കണക്കുകൂട്ടൽ.

ഫലസ്തീനികളുടെ ഒറ്റപ്പെടൽ കൂടുതൽ വ്യക്തമായതോടെ നെതന്യാഹുവിന്‍റെ അടിച്ചമർത്തൽ പദ്ധതികളും തീവ്രതരമായി. ഇസ്രായേലിന്‍റെ നയം 2022 ഡിസംബറിൽ നെതന്യാഹു ഗവൺമെന്‍റ്​ വ്യക്തമാക്കി. ‘‘ജൂതസമൂഹത്തിന്​ ഇസ്രായേൽ ഭൂമിയുടെ എല്ലാഭാഗത്തും അറുത്തുമുറിക്കാനാവാത്ത അവകാശമുണ്ട്​’’. അതിൽ ഗസ്സയും ഉൾപ്പെടും.

മന്ത്രി ഓറിത്​ സ്​​ട്രോക്​ ഇക്കഴിഞ്ഞ മാർച്ചിൽ വിശദീകരിച്ചു: ഒടുവിൽ ഗസ്സയുടെ വേറിട്ടുനിൽപ്​ തിരിഞ്ഞുവരുമെന്നുതന്നെയാണ്​ എന്‍റെ വിശ്വാസം. ദുഃഖകരമെന്നുപറയട്ടെ, ഗസ്സ ചീന്തിന്‍റെ മടക്കം കുറേ പരിക്കുകളോടെയായിരിക്കും... എന്നാൽ, ഒടുവിൽ അത്​ ഇസ്രായേലിന്‍റെ ഭാഗമായി തീരും. ഒരുനാൾ നാം അവിടെ തിരിച്ചെത്തും’’.

സമാധാനത്തിനും സുരക്ഷിതത്വത്തിനും മീതെ എന്നും അധിനിവേശവും മേധാവിത്വവും പഥ്യമായി കാണുന്ന ഇസ്രായേൽ ഇപ്പോൾ അധിനിവിഷ്ട ഫലസ്തീൻകാരുടെ കൂടുതൽ നാശത്തിനും കുടിയിറക്കിനും കൂട്ടക്കൊലകൾക്കുമാണ്​ തുനിഞ്ഞിറങ്ങിയിരിക്കുന്നത്, തിരിച്ചു ​പൊരുതുന്നവർക്കുള്ള തിരിച്ചടിയെന്നോണം. ഫലസ്തീൻ, ഇസ്രായേൽ ഭരണകൂടങ്ങളുടെ ഉപദേശകരായിരുന്ന സഹാ ഹസനും ദാനിയേൽ ലെവിയും മൂന്നിന കരാർ പ്രശ്നപരിഹാരത്തിന് മുന്നോട്ടുവെക്കുന്നു:

ഒന്ന്​, ഇസ്രായേൽ സിവിലിയന്മാർക്കുനേരെയുള്ള ആക്രമണം മനഃസാക്ഷിക്ക് നിരക്കാത്തതും മാനവവിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്​. രണ്ട്​, ഇസ്രായേലിന്‍റെ ഫലസ്തീൻ സിവിലിയന്മാ​ർക്കെതിരായ കൂട്ടശിക്ഷയും ഗസ്സയിലെ അവരുടെ ചെയ്തികളും അങ്ങനെതന്നെ.

മൂന്ന്​, മേഖലയിൽ അഖണ്ഡത നിലനിർത്തുകയും ഫലസ്തീൻകാർക്കും ഇസ്രായേലുകാർക്കും സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ജീവിക്കുകയും ചെയ്യണമെന്നുണ്ടെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് നയിച്ച

അധിനിവേശത്തിന്‍റെയും അപാർതൈറ്റിന്‍റെയും സാഹചര്യങ്ങളെ അഭിമുഖീകരിച്ചേതീരൂ. ഈ മൂന്നു സത്യങ്ങളും കണക്കിലെടുക്കുമെങ്കിൽ കൂടുതൽ അപായങ്ങൾ തടയാനും തടവുകാരുടെ മോചനം സാധ്യമാക്കാനും നാശത്തിന്‍റെ ഗർത്തത്തിലേക്കു പതിക്കാതെ പിൻവാങ്ങാനും സാധിക്കും.

(ക​​നേ​​ഡി​​യ​​ൻ എ​​ഴു​​ത്തു​​കാ​​ര​​നും ആ​​ക്ടി​​വി​​സ്റ്റു​​മാ​​ണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld News
News Summary - Gaza-The Roots of Genocide
Next Story