പൊതു തെരഞ്ഞെടുപ്പ്: ജാതിയും ഇസ്ലാമോഫോബിയയും
text_fieldsഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ സമയം ചെലവിട്ടത് മുഖ്യപ്രതിപക്ഷ, നേതാവായ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ വളച്ചൊടിക്കാനായിരുന്നു. കോൺഗ്രസ് ഉൾക്കൊള്ളുന്ന ‘ഇൻഡ്യ’ സഖ്യം അധികാരത്തിൽ വന്നാൽ നടപ്പാക്കുന്ന രണ്ടു വാഗ്ദാനങ്ങൾ രാഹുൽ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഒന്ന്, രാജ്യത്തുടനീളം ജാതി അടിസ്ഥാനമാക്കി സാമൂഹിക-സാമ്പത്തിക സെൻസസ് നടത്തും. അതിന്റെ വെളിച്ചത്തിൽ ജനസംഖ്യയിൽ 90 ശതമാനത്തിലേറെ വരുന്ന അവർണ ജനതക്ക് നൽകിവരുന്ന സംവരണമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കും.
രണ്ട്, ജാതിമൂലമുള്ള അസമത്വങ്ങളെക്കുറിച്ച് പഠിക്കുകയും സമ്പത്തിന്റെ പുനർവിതരണത്തിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. തികച്ചും നീതിപൂർവമായ ഈ വാഗ്ദാനങ്ങളെ നരേന്ദ്ര മോദി ദുർവ്യാഖ്യാനം ചെയ്തത് ‘ഹിന്ദു’ക്കളുടെ സ്വത്തെല്ലാം പിടിച്ചെടുത്ത് മുസ്ലിംകൾക്ക് നൽകു’മെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായാണ്. ജാതിവ്യവസ്ഥക്കെതിരായ നേരിയ വിമർശനത്തെപ്പോലും വക്രീകരിച്ച് മുസ്ലിം പ്രീണനമായി ചിത്രീകരിക്കുകയെന്നത് ഇടതു - വലതുപക്ഷങ്ങൾ പരമ്പരാഗതമായി സ്വീകരിച്ചുവരുന്ന തന്ത്രമാണ്. ഈ ഹീനതന്ത്രത്തിന്റെ പരിണിത ഫലമാണ് മുസ്ലിംകൾക്കെതിരായ കലാപങ്ങളും കൂട്ടക്കൊലകളും.
പ്രമുഖ തത്ത്വചിന്തകരായ ദിവ്യ ദ്വിവേദിയും ഷാജ്മോഹനും ദീർഘകാലമായി ഉന്നയിക്കുന്ന വാദഗതികളുടെ സ്വാധീനം രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ വ്യക്തമാണ്. സമീപകാലത്ത് രചിച്ച ഏപ്രിൽ തീസിസ് എന്ന ലേഖനത്തിൽ ഇന്ത്യയിലെ ചൂഷണാധിഷ്ഠിതമായ ചങ്ങാത്ത മുതലാളിത്തത്തിന്റെ അടിത്തറ ജാതിയാണ് എന്നും ജാതി-വംശീയതയും വർഗവും തമ്മിലുള്ള ബന്ധവും മാർക്സിസ്റ്റ് - ലെനിനിസ്റ്റ് കാഴ്ചപ്പാടിൽ അവർ വിശദീകരിക്കുന്നുണ്ട്: ‘‘സാമൂഹിക മൂലധനം’ എന്നു തെറ്റായി വ്യാഖ്യാനിക്കുന്നത്, യഥാർഥത്തിൽ ‘ജാതി പൈതൃക മൂലധന’മാണ്. സവർണ മുതലാളി പ്രാഥമികമായി ജാതിക്രമത്തിന്റെ സൂക്ഷിപ്പുകാരനാണ്. അതിനുശേഷം മാത്രമാണ്, സവർണ മുതലാളി കോർപറേറ്റ് അർഥത്തിലുള്ള മാനേജറാകുന്നത്.’’
പ്രതിപക്ഷം അവതരിപ്പിച്ച പ്രകടന പത്രികക്കും ഈ ചിന്തകരുടെ വിപ്ലവങ്ങൾക്കുമിടയിൽ ഒരുപാട് സമാനതകളുണ്ട്. സമകാല ഇന്ത്യയിൽ, സവർണ ഭരണാധികാരികൾ രണ്ടു വെല്ലുവിളികൾ നേരിടുന്നു. ഒന്ന്, മൂവായിരം കൊല്ലങ്ങളായി തുടർന്നുവരുന്ന സാമൂഹിക ഉച്ചനീചശ്രേണിക്കെതിരെ ഉയരുന്ന വെല്ലുവിളി, രണ്ട്, ജാതി അടിസ്ഥാനത്തിലുള്ള മുതലാളിത്തത്തിലെ സവർണ ആധിപത്യത്തിനെതിരായ വെല്ലുവിളി. ഇതിനെ നേരിടാൻ ഇസ്ലാം വിരുദ്ധത ഇളക്കിവിടുകയായിരുന്നു മോദിയും കൂട്ടരും. ജനരോഷത്തിൽ നിന്നും ഭരണപരാജയങ്ങളിൽ നിന്നും തടിയൂരാൻ ആഗോള തലത്തിൽ ബൈഡൻ ഭരണകൂടം ഉൾപ്പെടെ പയറ്റുന്ന തന്ത്രമാണിത്. ഗസ്സയിലെ കൂട്ടക്കൊലക്ക് ബൈഡൻ ഭരണകൂടം കൂട്ടുനിൽക്കുന്നതിൽ പ്രതിഷേധിച്ച് അടുത്തിടെ യഹൂദ പണ്ഡിതയും അമേരിക്കൻ ഗവൺമെന്റ് ഉദ്യോഗസ്ഥയുമായ ലിലിഗ്രീൻ ബെർഗ്, ഉദ്യോഗം രാജിവെച്ചിരുന്നു.
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും അമേരിക്കൻ യുദ്ധതന്ത്രത്തിന് മറയാക്കി യഹൂദരെ ഉപയോഗിക്കുകയാണ്. ഇത് മനഃസാക്ഷിയുള്ള യഹൂദർക്ക് അപമാനകരമാണെന്നു മാത്രമല്ല, നിലപാടുകളെ ദുർബലമാക്കുകയും ചെയ്യുന്നു. ജനവിരുദ്ധവും നരഹത്യാപരവുമായ നിലപാടുകൾക്ക് മറപിടിക്കാൻ ജോ ബൈഡൻ ശ്രമിക്കുന്നതുപോലെ, നിന്ദ്യമാണ് ഇന്ത്യൻ ഭരണകക്ഷി ‘ഇസ്ലാമിക വിദ്വേഷ’മുപയോഗിച്ച് ജാതീയ മർദനത്തിന്റെ യഥാർഥ്യത്തിൽനിന്ന് ശ്രദ്ധതിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിംകളെ ‘ഭീഷണി’യും ‘മാലിന്യ’വുമായി ചിത്രീകരിക്കുന്നതിലൂടെയാണ്, ഇക്കാലമത്രയും രാഷ്ട്രീയ-സാംസ്കാരിക - അക്കാദമിക രംഗങ്ങളിൽ സവർണാധിപത്യം നിലനിർത്തിയത്.
‘ഹിന്ദു ഭൂരിപക്ഷ’വും ‘മുസ്ലിം ന്യൂനപക്ഷ’വും തമ്മിലെ സംഘർഷമായാണ് സവർണ പക്ഷ മാധ്യമങ്ങളുടെ പക്കമേളങ്ങളോടെ മോദിയും കൂട്ടരും അവതരിപ്പിക്കുന്നത്. ‘ഹിന്ദു ഭൂരിപക്ഷ’ത്തിന്റെ വക്താക്കളായി സ്വയം ചിത്രീകരിക്കുന്ന ബി.ജെ.പി, പ്രതിപക്ഷം മുസ്ലിംകളുടെ പ്രതിനിധികളാണെന്ന് പ്രഖ്യാപിക്കുന്നു. ആഭ്യന്തര നേട്ടത്തിന് മാത്രമല്ല, അമേരിക്കൻ -ഇസ്രായേൽ ഭരണകൂടങ്ങളുമായുള്ള ബന്ധം ഗാഢമാക്കാനും ഇത് മോദിയെ സഹായിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പുരോഗമന രാഷ്ട്രീയത്തെ വക്രീകരിക്കുക വഴി തന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ഘടകമെന്തെന്ന് തന്നെയാണ് മോദി വെളിപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.