Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജാ​തി​യു​ടെ...

ജാ​തി​യു​ടെ ആ​ഗോ​ള​വ്യ​വ​സ്ഥ

text_fields
bookmark_border
Seattle Banned Caste Discrimination
cancel
camera_alt

തുല്യതാ അവകാശ പ്രവർത്തകരായ ​റിതാ മെഹർ, ശൈലജ റാവു, തേൻമൊഴി സൗന്ദരരാജൻ എന്നിവർ സിയാറ്റിൽ സിവിക് സെന്ററിൽ ജാതിവിരുദ്ധനിയമം പാസായതിന്റെ ആഹ്ലാദം പങ്കു വെക്കുന്നു

ഫി​ജി​യി​ൽ ജാ​തി​വ്യ​വ​സ്ഥ​യോ ജാ​തി​ചി​ന്ത​യോ നി​ല​നി​ൽ​ക്കു​ന്നി​ല്ല എ​ന്ന് മ​ന്ത്രി മ​ഹേ​ന്ദ്ര റെ​ഡ്ഢി​യു​ടെ പ്ര​സ്താ​വ​ന ഞാ​ൻ കൗ​തു​ക​ത്തോ​ടെ​യാ​ണ് വാ​യി​ച്ച​ത്. എ​ന്നാ​ൽ, അ​തി​നോ​ടൊ​പ്പം ക​ണ്ട​ത് ഇ​തേ മ​ഹേ​ന്ദ്ര റെ​ഡ്ഢി​യെ ബ്രാ​ഹ്മ​ണ​ൻ എ​ന്ന​നി​ല​യി​ൽ മ​റ്റു 16 ബ്രാ​ഹ്മ​ണ​രോ​ടൊ​പ്പം അ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ദ​രി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ്. വാ​ർ​ത്ത​യു​ടെ ത​ല​ക്കെ​ട്ടു​ത​ന്നെ ‘ബ്രാ​ഹ്മ​ണ​രെ മ​ന്ത്രി ആ​ദ​രി​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു! മൊ​റീ​ഷ്യ​സി​ലാ​വ​ട്ടെ ജാ​തി​യും ജാ​തി​സം​ഘ​ട​ന​ക​ളും ജാ​തി​വി​വേ​ച​ന​വും പ്ര​ത്യ​ക്ഷ​ത്തി​ൽ​ത​ന്നെ ശ​ക്ത​മാ​യി നി​ല​വി​ലു​ണ്ട്

അമേരിക്കയിലെ സിയാറ്റിലിൽ കഴിഞ്ഞയാഴ്ച നഗരസമിതി പാസാക്കിയ ജാതിവിരുദ്ധനിയമം ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ളതാണ്. ഒരുപക്ഷേ, അതിശയോക്തിപരമെന്നു തോന്നാമെങ്കിൽപോലും അംബേദ്‌കർ-ഗാന്ധി പൂനാപാക്റ്റിന്റെ കാലത്തെ സംവാദങ്ങളുടെ ഓർമകളുണർത്തുന്നുണ്ട് ഈ നിയമത്തിലേക്കുനയിച്ച വിവാദങ്ങൾ എന്നതാണ് യാഥാർഥ്യം. ഒരുവശത്തു ദലിത് ആക്ടിവിസ്റ്റുകളും മറുവശത്തു വിശ്വഹിന്ദുക്കളും അണിനിരന്ന കടുത്ത സംവാദങ്ങൾക്കൊടുവിലാണ് ഈ നിയമം പ്രാബല്യത്തിൽവന്നത്.

ഈ നിയമനിർമാണത്തിന്റെ ഫലമായി ജാതിവിവേചനം സിയാറ്റിലിൽ കുറ്റകൃത്യമായി മാറി. സന്തോഷാശ്രുക്കൾ പൊഴിച്ചാണ് വികാരപരമായ ജയ്ഭീം വിളികളോടെ ദലിത് ആക്ടിവിസ്റ്റുകൾ ഈ നിയമനിർമാണത്തെ എതിരേറ്റത്. മറുവശത്തു വിശ്വഹിന്ദുക്കൾ, പ്രധാനമായും അമേരിക്കയിലെ സവർണ ജാതിവാദികൾ ഈ നിയമത്തെ ‘ഹിന്ദു’മതത്തിനെതിരായ നീക്കമായാണ് വ്യാഖ്യാനിച്ചത്. അംബേദ്‌കർ ജാതിവിവേചനത്തിന്റെ പ്രശ്നം ഉയർത്തിയ കാലംമുതൽ ഇന്ത്യയിലെ ജാതിവാദികൾ സ്വീകരിച്ച അതേ നിലപാടുകളാണ് അമേരിക്കയിൽ ഈ പ്രശ്നം വിവാദമായപ്പോഴും അവർ സ്വീകരിച്ചത്.

ജാതിയെയും ജാതിവിവേചനത്തെയും ഒന്നുകിൽ അപ്രധാനമായി കാണുക, അല്ലെങ്കിൽ അത്തരം നീക്കങ്ങൾ ഹിന്ദുമതത്തെ വിഭജിക്കാനുള്ള ശ്രമമായി വ്യാഖ്യാനിച്ച് സംഘർഷങ്ങൾ സൃഷ്ടിക്കുക. വാഷിങ്ടൺ ഡി.സിയിലെ സവർണ ഹിന്ദുസംഘടനയായ ഹിന്ദു അമേരിക്കൻ ഫെഡറേഷൻ അടക്കം നിരവധി മനുവാദി സംഘടനകൾ ഈ നിയമത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നോർത്ത് അമേരിക്കൻ ഹിന്ദുമുന്നണി പറയുന്നത്, നൂറോളം ഹിന്ദുസംഘടനകൾ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചിട്ടുണ്ട് എന്നാണ്.

പൊരുതിനേടിയ വിജയം

നവഹിന്ദുത്വം ഇന്ത്യയിൽ കാലുറപ്പിച്ചതോടൊപ്പം സംഭവിച്ചതാണ് ആഗോള മനുവാദി പ്രസ്ഥാനങ്ങളുടെ കൂടുതൽ പ്രത്യക്ഷമായ ശാക്തിക കേന്ദ്രീകരണവും. എന്നാൽ, അമേരിക്കയിലെ വിവിധ നഗരങ്ങളിലും സർവകലാശാലകളിലുമെല്ലാം ഇന്ത്യക്കാർക്കിടയിൽ ജാതിവിവേചനം വർധിക്കുകയാണെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നുമുള്ള പൊതുബോധവും അതോടൊപ്പം അവിടെ വളർന്നുവരുന്നുണ്ട്. ദലിത് വിദ്യാർഥികളും പ്രഫഷനലുകളും കൂടുതലായി അമേരിക്കയിൽ എത്തുകയും അവരിൽ പലരും ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും ശക്തമാകുന്ന ജാതിവിവേചനങ്ങൾക്കെതിരെയുള്ള സമരങ്ങളുടെ അവബോധം പങ്കുവെക്കുന്നവരാവുകയും ചെയ്തതാണ് ഈ പ്രശ്‌നത്തിന് ഇപ്പോഴുള്ള രാഷ്ട്രീയമാനം ലഭിക്കാനുള്ള പ്രധാന കാരണങ്ങൾ.

കാലാകാലങ്ങളായി അമേരിക്കൻ ഇന്ത്യക്കാർക്കിടയിൽ നിലനിന്നിരുന്ന ജാതിവിവേചനത്തെ അവർ ഒരു ചർച്ചയാക്കി മാറ്റുകയും അമേരിക്കൻ വർണവിവേചനത്തിന് സമാനമായ സമീപനം ഇതിനോട് സ്വീകരിക്കാൻ രാഷ്ട്രീയനേതൃത്വത്തെ പ്രേരിപ്പിക്കുകയും ചെയ്തു. നിരവധി അംബേദ്കറൈറ്റ് സംഘടനകൾ ഈ ദൗത്യം ഏറ്റെടുക്കുകയും നീതിക്കുവേണ്ടിയുള്ള സമരത്തിന് രാഷ്ട്രീയബലം നൽകുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയിൽ നവഹിന്ദുത്വം അടിച്ചേൽപിക്കുന്ന ജാതിവിവേചനവുമായി ബന്ധപ്പെട്ട് 4000ത്തോളം ഇ-മെയിലുകളാണ് സിയാറ്റിൽ നഗരസഭക്ക് ലഭിച്ചത് എന്നത് ഈ പ്രശ്നത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്ന വസ്തുത, നവഹിന്ദുത്വത്തിന്റെ ആഗോളവത്കരണം ജാതിചിന്ത കൂടുതലായി കയറ്റുമതിചെയ്യുന്ന ഒരു പ്രത്യയശാസ്ത്രം കൂടിയാണെന്നതാണ്. സിയാറ്റിലിൽ മാത്രമല്ല, അമേരിക്കയിലെ മറ്റുനഗരങ്ങളിലും, അതുപോലെ സാങ്കേതികരംഗത്ത് പൊതുവേയും, ജാതിവിവേചനം കൂടിവരുന്നു എന്നത് ഈ നിരോധനത്തിന് നീതിമത്കരണം നൽകുന്ന വസ്തുതയാണ്. അമേരിക്കയിലെ പല യൂനിവേഴ്‌സിറ്റികളും ഇതിനകം ഇത്തരം ജാതിവിവേചന വിരുദ്ധനിയമങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു.

അസോസിയേറ്റഡ് പ്രസ് നൽകുന്ന വാർത്താക്കുറിപ്പ് അനുസരിച്ച് 2019 ഡിസംബറിൽ ബോസ്റ്റണിലെ ബ്രാൻഡിസ് യൂനിവേഴ്സിറ്റിയാണ് ആദ്യമായി ഇത്തരമൊരു നിയമം നടപ്പിലാക്കിയത്. തുടർന്ന് ബ്രൗൺ യൂനിവേഴ്സിറ്റി, കാലിഫോർണിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, കോൾബി കോളജ്, കാലിഫോർണിയ യൂനിവേഴ്സിറ്റി, തുടങ്ങിയ സ്ഥാപനങ്ങൾ സമാന നടപടികൾ ജാതിവിവേചനത്തിനെതിരെ സ്വീകരിച്ചു. ഗ്രാജ്വേറ്റ് വിദ്യാർഥി യൂനിയനുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ഹാർവാർഡ് യൂനിവേഴ്സിറ്റിയും ജാതിവിവേചനത്തിനെതിരെ ചില മാനദണ്ഡങ്ങൾ 2021ൽ സ്വീകരിക്കുകയുണ്ടായി എന്നും വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത്രയധികം സ്ഥാപനങ്ങൾ ഈ പ്രശ്നം ഗൗരവമായി എടുക്കണമെങ്കിൽ ഈ അടുത്തകാലത്ത് അതെത്രമാത്രം രൂക്ഷമായിട്ടുണ്ട് എന്നത് ഊഹിക്കാവുന്നതേയുള്ളു.

പരമ്പരാഗതം ഈ വിവേചനം

ജാതി ഒരു ആഗോള പ്രതിഭാസമാണെന്നത് ഒരു പുതിയ കാര്യമല്ല. മലേഷ്യ, ഫിജി, മൊറീഷ്യസ്, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക തുടങ്ങി പരമ്പരാഗതമായി ഇന്ത്യൻ കുടിയേറ്റക്കാരുള്ള പ്രദേശങ്ങളിലൊക്കെ ഏറിയും കുറഞ്ഞും ജാതിയും ജാതിവിവേചനവും നിലനിന്നിട്ടുണ്ട്. മലേഷ്യയിലെ ഇന്ത്യക്കാർക്കിടയിൽ എക്കാലത്തും ജാതി ശക്തമായിരുന്നു. അവിടത്തെ ഇന്ത്യൻ ദലിതുകൾക്കെതിരെ നടക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് 2021ൽ ജെറാൾഡ് ജോസഫ്, അനുഷ അറുമുഖം എന്നിവരും മറ്റു ഗവേഷകരും ചേർന്ന് തയാറാക്കി ഏഷ്യ ദലിത് റൈറ്റ്സ് ഫോറം പ്രസിദ്ധീകരിച്ച റിപ്പോർട്ട്, കങ്കാണിവ്യവസ്ഥയുടെ കാലംമുതൽ, കൊളോണിയലിസത്തിനുമുമ്പും പിമ്പും ദലിതർ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചു വിശദമായി പരിശോധിക്കുന്നുണ്ട്. എന്നാൽ ഈ നൂറ്റാണ്ടിന്റെ തുടക്കംമുതൽ, അതായതു സാങ്കേതിക മേഖലയിലെ നവവരേണ്യ കുടിയേറ്റം ശക്തമായതുമുതൽ, യാഥാസ്ഥിതിക ഹിന്ദുവലതുപക്ഷം കൂടുതൽ പ്രബലമായിട്ടുണ്ട്. ഹിൻഡ്രാഫ് എന്ന വലതുപക്ഷ സംഘടന ആദ്യം തീവ്രവാദപരവും പിന്നീട് മിതവാദപരവുമായ നിലപാടുകളിലൂടെ ഒരു ഗണനീയ രാഷ്ട്രീയശക്തിയായതു ജാതിചിന്തക്കും ആക്കംകൂട്ടിയിട്ടുണ്ട് എന്ന് സിദ്ധാർഥൻ സ്മിത്ത് മലയസൈക്കിനിയിൽ ഏതാനും വർഷംമുമ്പ് സൂചിപ്പിച്ചിരുന്നു.

സിംഗപ്പൂരിൽ വളരെക്കാലം താമസിച്ച ഒരാൾ എന്നനിലയിൽ ഞാൻ ആദ്യം മനസ്സിലാക്കിയത് അവിടെ ഇന്ത്യക്കാർക്കിടയിൽ പൊതുവേ ജാതിബോധം കുറവാണ് എന്നായിരുന്നു. എന്നാൽ, ഞാനവിടെ താമസിക്കുന്ന കാലത്തുതന്നെ ചില കോണുകളിൽനിന്ന് ജാതിവാദത്തിന് ആക്കംകൂട്ടാൻ ശ്രമിക്കുന്ന പ്രവണത ദൃശ്യമായിത്തുടങ്ങിയിരുന്നു. ഈ നിരീക്ഷണത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ജോൺ സോളമൻ എഴുതിയ A Subaltern History of the Indian Diaspora in Singapore: The gradual disappearance of untouchability 1872-1965 (Routledge 2016 ) എന്ന പുസ്തകം. ഒരു കാലത്ത് അപ്രത്യക്ഷമാകാൻ തുടങ്ങിയ ജാതിചിന്ത കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ വിദ്യാസമ്പന്നരും ജാതിവാദികളുമായ നവസാങ്കേതിക തൊഴിലാളികളുടെ വരവോടെ സിംഗപ്പൂരിൽ ശക്തിപ്രാപിക്കുന്നതായി സോളമൻ ഈ പുസ്തകത്തിന്റെ ആമുഖത്തിൽത്തന്നെ സൂചിപ്പിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയിൽ ഗാന്ധിയുടെ കാലംമുതൽക്കുള്ള ജാതിവാദത്തിന്റെ ചരിത്രം വർണവിവേചനം ഔദ്യോഗികമായി അവസാനിച്ചതോടെ ചർച്ചയിലേക്ക് കടന്നുവന്നിട്ടുണ്ട്. സൂരജ് മിലിന്ദ് യെങ്ഡെ (Suraj Milind Yengde) 2015ൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ എഴുതിയ Caste among the Indian Diaspora in Africa എന്ന ലേഖനത്തിൽ ദലിത് തൊഴിലാളികളെ ഒഴിവാക്കിയുള്ള ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനകാലം മുതൽ അവിടെ നിലനിൽക്കുന്ന ദലിത് വിരുദ്ധതയെക്കുറിച്ച് പറയുന്നുണ്ട്. 2019ൽ റിയാസ് കോമു ജൊഹാനസ് ബർഗിൽ രണ്ട് അംബേദ്‌കർ പ്രതിമകൾ അവതരിപ്പിച്ചത് അവിടെ ഉയർന്നുവരുന്ന ജാതിവിരുദ്ധ-വർണവിവേചനവിരുദ്ധ അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെകൂടി പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ കഴിയും. ഘാന യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ‘ഗാന്ധിപ്രതിമക്കുപകരം അംബേദ്‌കർ പ്രതിമതരൂ’ എന്ന മുദ്രാവാക്യം മുഴക്കിയതിനുപിന്നിൽ നവഹിന്ദുത്വത്തോടുള്ള രാഷ്ട്രീയ വിയോജിപ്പും അടങ്ങിയിട്ടുണ്ട്. അവിടെ നിരവധി നേതാക്കൾ അംബേദ്കറൈറ്റ് വീക്ഷണങ്ങളെ ആഴത്തിൽ ഉൾക്കൊള്ളുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്.

ഫിജിയിൽ ജാതിവ്യവസ്ഥയോ ജാതിചിന്തയോ നിലനിൽക്കുന്നില്ല എന്ന് മന്ത്രി മഹേന്ദ്ര റെഡ്ഢിയുടെ പ്രസ്താവന ഞാൻ കൗതുകത്തോടെയാണ് വായിച്ചത്. എന്നാൽ, അതിനോടൊപ്പം കണ്ടത് ഇതേ മഹേന്ദ്ര റെഡ്ഢിയെ ബ്രാഹ്മണൻ എന്നനിലയിൽ മറ്റു 16 ബ്രാഹ്മണരോടൊപ്പം അവരുടെ സേവനങ്ങൾക്ക് ആദരിക്കുന്ന വാർത്തയാണ്. വാർത്തയുടെ തലക്കെട്ടുതന്നെ ‘ബ്രാഹ്മണരെ മന്ത്രി ആദരിക്കുന്നു’ എന്നായിരുന്നു! മൊറീഷ്യസിലാവട്ടെ ജാതിയും ജാതിസംഘടനകളും ജാതിവിവേചനവും പ്രത്യക്ഷത്തിൽതന്നെ ശക്തമായി നിലവിലുണ്ട്. നവഹിന്ദുത്വമാവട്ടെ അതിനു വർധിതശക്തി നൽകുകയും ചെയ്യുന്നു.

കരീബിയൻ നാടുകളിലൊഴികെ ഇന്ത്യൻ കുടിയേറ്റക്കാരുള്ള സ്ഥലങ്ങളിലെല്ലാം ജാതിയും കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുംതന്നെ ജാതിവ്യവസ്ഥയുടെ പുനരുത്ഥാനത്തിനു ലഭിക്കുന്ന സ്വീകാര്യത ജാതിയുടെ പുതിയ ആഗോളവ്യവസ്ഥയെയാണ് തുറന്നുകാണിക്കുന്നത്. ഇതിനെതിരെയുള്ള സമരങ്ങളുടെ ശക്തമായ ഒരു വിജയമാണ് സിയാറ്റിലിൽ ഉണ്ടായത്. ജാതിയില്ല, അല്ലെങ്കിൽ ജാതിയും ജാതിവിവേചനവും ഇല്ലാതാവുകയാണ് എന്ന പൊള്ളവാദത്തിന്റെ അന്തസ്സാരശൂന്യതകൂടി ഇതിലൂടെ ശക്തമായി അനാവരണം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ആത്യന്തികമായ രാഷ്ട്രീയ പ്രാധാന്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caste DiscriminationSeattleDr. T.T Sreekumar
News Summary - Global status of caste -Dr. T.T Sreekumar
Next Story