‘അവർക്ക് അധികാരമാണ് ദേവൻ’
text_fieldsശാസ്ത്രിയെയും ഇന്ദിരയെയും പോലെ പ്രധാനമന്ത്രിമാർ മുമ്പും ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നു. പക്ഷേ, അവരുടെയൊന്നും ചിത്രംപതിച്ച പോസ്റ്ററുകൾ അമ്പലത്തിനുള്ളിലും പുറത്തുമായി പതിപ്പിക്കാറുണ്ടായിരുന്നില്ല
മുഗൾ രാജകുമാരൻ ദാര ശിഖോയാണ് പതിനേഴാം നൂറ്റാണ്ടിൽ വാരാണസി വിശ്വനാഥ ക്ഷേത്രത്തിന്റെ മേൽനോട്ട പട്ടം മഹന്ദ് രാജേന്ദ്രപ്രസാദ് തിവാരിയുടെ പൂർവികർക്ക് അനുവദിച്ചുനൽകിയത്. അന്നു മുതൽ 1983ൽ അന്നത്തെ യു.പി സർക്കാർ ഭരണചുമതലകളിൽനിന്ന് ഒഴിവാക്കുംവരെ 10 തലമുറയിലേറെയായി തിവാരി കുടുംബം ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും മേൽനോട്ടം വഹിച്ചുപോന്നു.
ഈയടുത്ത വർഷങ്ങളിലായി കുറെ മാറ്റത്തിരുത്തലുകൾ വന്നിട്ടുണ്ടെങ്കിലും ഒട്ടുമിക്ക ചടങ്ങുകളും പണ്ട് തിവാരിമാർ ചിട്ടപ്പെടുത്തിയ അതേ പാരമ്പര്യപ്രകാരമാണ് ഇപ്പോഴും നടക്കുന്നത്.
286 ശിവലിംഗങ്ങളടങ്ങുന്ന നിരവധി പുരാതന ക്ഷേത്രങ്ങൾ പൊളിച്ചശേഷം രൂപംനൽകിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപദ്ധതിയായ വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ കടുത്ത വിമർശകനായിരുന്നു തിവാരി. പലതും വേരോടെ പിഴുതെറിഞ്ഞു; പലതും തകർത്തു; വീണ്ടെടുത്ത 146 എണ്ണം വാരാണസിയിലെ ലങ്ക എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
അവിടെ ദിവസവും അവയുടെ പൂജയും നടക്കുന്നുണ്ട്. പുണ്യസ്ഥലങ്ങൾ യുക്തിരഹിതമായി പുതുക്കിപ്പണിയുന്നതിൽ പലപ്പോഴും രോഷം പ്രകടിപ്പിക്കുന്ന തിവാരിയെ ഈ പദ്ധതിക്കുവേണ്ടി ക്ഷേത്രങ്ങൾ തകർത്തത് വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു.
അതൊക്കെ പഴയകാര്യമാണെന്നും ‘‘ഹൈന്ദവ നാഗരിക പുനരുത്ഥാനത്തിന്റെ’’ പ്രതീകം എന്നപേരിൽ ഉയർത്തിക്കാട്ടപ്പെടുന്ന അയോധ്യയിലെ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുയരുന്ന അസാധാരണവും ആസൂത്രിതവുമായ ശബ്ദങ്ങൾക്കിടയിൽ തിവാരി മോദിയോട് ക്ഷമിച്ചിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്.
പലരെയുംപോലെ അദ്ദേഹവും ജനുവരി 22നെ ഒരു ആഘോഷദിവസമായാണോ കാണുന്നത് എന്ന് ഞാൻ തിരക്കി. ‘‘എനിക്കീ ചടങ്ങുമായി ഒരു മനസ്സടുപ്പവുമില്ല, അത് ഒരു മതചടങ്ങല്ല, ഭാരതീയ ജനതാപാർട്ടിയുടെ അജണ്ട നടപ്പാക്കാനുള്ള ചടങ്ങുമാത്രമാണ്’’ -ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒരു സിനിമാക്കാരൻ സംഘടിപ്പിക്കുന്ന ഒരു മതപരിപാടിയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ മോദിയുടെ പൊങ്ങച്ചത്തിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയാണിത്, അല്ലാതെ സമൂഹത്തിന് ആത്മീയ ഉന്മേഷം പകരാനല്ല -തിവാരി പറയുന്നു.
ലാൽബഹാദൂർ ശാസ്ത്രിയെയും ഇന്ദിര ഗാന്ധിയെയും പോലെ പ്രധാനമന്ത്രിമാർ മുമ്പും ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നു. പക്ഷേ, അവരുടെയൊന്നും ചിത്രംപതിച്ച പോസ്റ്ററുകൾ അമ്പലത്തിനുള്ളിലും പുറത്തുമായി പതിപ്പിക്കാറുണ്ടായിരുന്നില്ല. ആ നിഷ്ഠയൊക്കെ പോയിരിക്കുന്നു.
മോദി അടുത്തിടെ സന്ദർശിച്ചപ്പോൾ, വിശ്വനാഥ ക്ഷേത്രത്തിന്റെ കവാടത്തിൽ അദ്ദേഹത്തിന്റെ ഒരു കട്ടൗട്ട് തന്നെ ഉയർത്തിയിരുന്നു. അക്കാര്യമെല്ലാം മറന്നാലും, ഇപ്പോഴും നിർമാണത്തിലിരിക്കുന്ന ഒരു ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് സംഘടിപ്പിക്കുകയോ വിഗ്രഹത്തിന് ജീവൻ പകരുകയോ ചെയ്യുന്നത് മതനിയമലംഘനമാണെന്ന് അടുത്തിടെ ശങ്കരാചാര്യന്മാർ വ്യക്തമാക്കിയിരുന്നു.
പവിത്രമായ നിയമം ഇത്തരത്തിൽ ലംഘിക്കപ്പെട്ടതിന്റെ പിന്നിലെ കാരണമെന്താണ്? രാമനവമിദിനത്തിൽ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയായിരുന്നുവെങ്കിൽ അത് യുക്തിസഹമായിരുന്നു. ഈ വർഷം ഏപ്രിൽ 16നാണ് രാമനവമി ദിനം വരുക.
പക്ഷേ, അപ്പോഴേക്ക് ലോക്സഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയും മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വരുകയും ചെയ്യുന്ന സമയമായിട്ടുണ്ടാവും. ‘‘മോദിക്ക് രാമനെ വോട്ടിനായി ഉപയോഗിക്കണം. അധികാരമാണ് മോദിയുടെ രാമൻ’’ -തിരക്കിട്ട് പ്രാണപ്രതിഷ്ഠ നടത്തിയതിന്റെ കാരണം തിവാരി വ്യക്തമാക്കുന്നു.
രാജ്യത്തെ പുണ്യസ്ഥലങ്ങളെ കച്ചവടത്തിനും വിനോദസഞ്ചാരത്തിനുമുള്ള മാളുകൾപോലുള്ള ഇടങ്ങളാക്കി പരിവർത്തിപ്പിക്കുന്ന രീതി അവഹേളനമാണെന്ന് സങ്കടപ്പെടുന്നു തിവാരി. പരമപവിത്രമായ സങ്കേതങ്ങളെ വാണിജ്യപരമായി ചൂഷണം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്, അല്ലാതെ, സന്ദർശകർക്ക് ദൈവഭക്തി പകരാനല്ല. ‘‘അവയെ മാൾ എന്നാണ് വിളിക്കാൻ കഴിയുക, ക്ഷേത്രമെന്നല്ല.’’
സനാതന ധർമത്തെയും അതിന്റെ തത്ത്വങ്ങളെയും നിയമങ്ങളെയും നിർവചിക്കാനുള്ള അധികാരം മതാചാര്യന്മാരിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് രാഷ്ട്രീയ സ്വയംസേവക സംഘം. ഈ നീക്കമാണ് ജനുവരി 22ലെ ക്ഷേത്രപരിപാടിക്കെതിരെ സംസാരിക്കാൻ ശങ്കരാചാര്യന്മാരെ പ്രേരിപ്പിച്ചത്’’ -തിവാരി ചൂണ്ടിക്കാട്ടുന്നു. ‘‘സനാതന ധർമത്തെ നിയന്ത്രിക്കാനുള്ള ആർ.എസ്.എസിന്റെ ശ്രമം ആചാര്യന്മാർക്കിടയിൽതന്നെ ഭിന്നിപ്പുണ്ടാക്കി.
ധർമത്തോടല്ല, സംഘത്തോട് കൂറ് പുലർത്തുന്നവരുണ്ട് എന്നു പറയുന്ന തിവാരി ജനുവരി 22 പ്രാണപ്രതിഷ്ഠാ ചടങ്ങിന് അനുകൂലമായ ദിവസമാണെന്ന് നാൾകുറിച്ച വാരാണസിയിലെ ജ്യോതിഷിയെ ഉദാഹരിക്കുന്നു. പകുതി പണിത ക്ഷേത്രത്തിൽ ഇത്തരമൊരു കർമം പാടില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഇത് ലൗകികത തേടുന്നവരും ആത്മീയതയും തമ്മിലെ പോരാട്ടമാണ്. രാഷ്ട്രീയശക്തിക്കു പുറമെ മതപരമായ അധികാരം നേടാനും സംഘ് ആഗ്രഹിക്കുന്നു. അത് സംഭവിച്ചാൽ, സമാജത്തിനുമേലുള്ള സംഘത്തിന്റെ നിയന്ത്രണം പൂർണമാകും’’ -അദ്ദേഹം പ്രവചിക്കുന്നു.
‘‘സത്യം പറയുക, അഹങ്കാരവും കോപവും ഒഴിവാക്കുക, സഹിഷ്ണുത വളർത്തുക തുടങ്ങി സനാതന ധർമ മൂല്യങ്ങളെല്ലാം കുറഞ്ഞുവരുകയാണ്. ഇവയൊന്നും നമ്മെ മതഭ്രാന്തിലാഴ്ത്തുന്ന മോദി ഉൾക്കൊള്ളുന്നില്ല.’’
സനാതന ധർമത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് തകർച്ചയുണ്ടാവുകയും ഹിന്ദുസമൂഹം ധാർമികമായി അധഃപതിക്കുകയും ചെയ്യുമ്പോഴെല്ലാം ഭഗവാൻ അവതാരമെടുക്കുമെന്ന് തിവാരി ശ്ലോകങ്ങൾ ചൊല്ലി പറയുന്നു.
ദൈവം ജനങ്ങൾക്ക് ജ്ഞാനം നൽകുമെന്നും അതുവഴി അവർക്ക് സത്യത്തിൽനിന്ന് അസത്യത്തെ വേർതിരിച്ചറിയാനും ഇന്ന് പലരും കാണിക്കുന്ന രാമഭക്തി വോട്ട് കൊയ്യാനും മറ്റു നേട്ടങ്ങളുണ്ടാക്കാനുമുള്ള തന്ത്രമാണെന്നും അവർ മനസ്സിലാക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
(മുതിർന്ന മാധ്യമപ്രവർത്തകനായ അജാസ് അഷ്റഫ് thewire.inൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.