സർക്കാർജോലി അവകാശമാണ്, ആദിവാസി സ്വത്വം എനിക്കഭിമാനമാണ്
text_fieldsകൃത്യസമയത്ത് നല്ല ഭക്ഷണം ലഭിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ വിദ്യാർഥികൾക്ക് ഹോസ്റ്റലുകളിൽ വളരുകയേ മാർഗമുണ്ടായിരുന്നുള്ളൂ. ഹോസ്റ്റലുകളിൽ കൂടെ ഞങ്ങളുടെ സമുദായക്കാർ തന്നെയായിരിക്കും ഭൂരിഭാഗവും. സൗന്ദര്യസങ്കൽപങ്ങൾക്കപ്പുറമാണ് ഞങ്ങൾക്ക് സൗഹൃദങ്ങൾ. അതുകൊണ്ടുതന്നെ ഉന്തിവരുന്ന പല്ലും കോടുന്ന ചിറിയുമൊന്നും ചർച്ചയാവാറില്ല, അതിെൻറ പേരിൽ ഞങ്ങൾ ആരെയും അകറ്റുകയോ വേർതിരിച്ച് നിർത്താറോ ഇല്ല
ഞാൻ മുത്തു. അട്ടപ്പാടി മുക്കാലിയിൽനിന്ന് 12 കിലോമീറ്റർ അകലെ വനാന്തർഭാഗത്തുള്ള ആനവായ് ഊരു സ്വദേശിയാണ്. എന്റെ ഗ്രാമത്തിൽ ഇന്റർനെറ്റ് സൗകര്യമോ മൊബൈൽ റേഞ്ചോ ഇല്ല. എല്ലാം പരിഹരിക്കുമെന്ന് ഇടക്കിടെ ചില ഉദ്യോഗസ്ഥർ വന്നുപറഞ്ഞ് പോകാറുണ്ടെന്നല്ലാതെ ഈ സംവിധാനങ്ങളൊന്നും ഞങ്ങളുടെ നാട്ടിൽ എത്തിയിട്ടില്ല.
ഞങ്ങളുടേതുൾപ്പെടെ ഉൾഗ്രാമങ്ങളിലെ വിദ്യാർഥികളിൽ ഭൂരിഭാഗവും മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽ നിന്നും അകന്ന് ചെറുപ്പം മുതൽ ഹോസ്റ്റലുകളിലാണ് വളരുന്നത്. കൃത്യസമയത്ത് നല്ല ഭക്ഷണം ലഭിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ വിദ്യാർഥികൾക്ക് ഹോസ്റ്റലുകളിൽ വളരുകയേ മാർഗമുണ്ടായിരുന്നുള്ളൂ.
ഹോസ്റ്റലുകളിൽ കൂടെ ഞങ്ങളുടെ സമുദായക്കാർ തന്നെയായിരിക്കും ഭൂരിഭാഗവും. സൗന്ദര്യസങ്കൽപങ്ങൾക്കപ്പുറമാണ് ഞങ്ങൾക്ക് സൗഹൃദങ്ങൾ. അതുകൊണ്ടുതന്നെ ഉന്തിവരുന്ന പല്ലും കോടുന്ന ചിറിയുമൊന്നും ചർച്ചയാവാറില്ല, അതിന്റെ പേരിൽ ഞങ്ങൾ ആരെയും അകറ്റുകയോ വേർതിരിച്ച് നിർത്താറോ ഇല്ല.
അട്ടപ്പാടിയിൽ പി.എസ്.സിക്ക് പരീക്ഷ കേന്ദ്രമില്ല. ഇവിടത്തെ ഉദ്യോഗാർഥികൾ ആനവായിൽനിന്ന് കിലോമീറ്ററുകൾ താണ്ടി വണ്ടിപിടിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും പുറംജില്ലകളിലുമെത്തിയാണ് പി.എസ്.സി പരീക്ഷകൾ എഴുതാറ്. ഈ ഞാൻ ഇതിനകം അഞ്ച് പി.എസ്.സി പരീക്ഷകൾ എഴുതിയിട്ടുണ്ട്.
മലമ്പുഴ എം.ആർ.എസ് സ്കൂളിൽനിന്ന് പ്ലസ് ടു പാസായ ശേഷം 2018 ബാച്ചിൽ തൃശൂർ കേരളവർമ കോളജിൽ ബി.എ പൊളിറ്റിക്കൽ സയൻസാണ് ഞാൻ പഠിച്ചത്. അവസാന സെമസ്റ്റർ പരീക്ഷ ബാക്കി നിൽക്കെ കോവിഡ് നാട് സ്‍തംഭിപ്പിച്ചതോടെ ഞാനടക്കമുള്ളവർ ഊരുകളിലേക്ക് മടങ്ങി.
പരീക്ഷകൾക്കും സപ്ലിമെന്ററി പരീക്ഷകൾക്കുമുള്ള തീയതികൾ അറിഞ്ഞ് സമയം തെറ്റാതെ അപേക്ഷിക്കാൻ സാധിച്ചില്ല. ഡിഗ്രി ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. നിലവിൽ പഞ്ചായത്തിന്റെ കീഴിൽ ഊരിൽ പ്രമോട്ടറായി ജോലിനോക്കുന്നതിന് 13000 രൂപയാണ് എനിക്ക് ശമ്പളമായി ലഭിക്കുക. കിട്ടുന്നത് സ്വരുക്കൂട്ടിവെച്ച് സ്വന്തമായി സ്കൂട്ടർ വാങ്ങി. അതിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് മുക്കാലിയിലോ മറ്റോ എത്തിവേണം എനിക്ക് പരീക്ഷക്ക് അപേക്ഷ അയക്കാൻ.
സമീപ ഊരുകളിൽ പലരും ഇതിലേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് പരീക്ഷക്കും പഠനത്തിനുമെത്തുന്നത്. പ്രകൃതി വിഭവങ്ങൾ ശേഖരിച്ചും ചെറുകൃഷികളുമാണ് ഭൂരിഭാഗം ആളുകളുടെയും വരുമാനമാർഗം. ഊരിൽ നിന്ന് മൂന്നുകിലോമീറ്റർ അപ്പുറം തൊടുക്കി വരെ റോഡില്ല. മഴപെയ്താലോ ഇരുട്ടുമുടിയാലോ ചളിയും വന്യമൃഗസാന്നിധ്യവും വെല്ലുവിളിയാവും.
ഊരിൽ സോളാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വേനൽക്കാലത്ത് മാത്രമേ അത് പ്രവർത്തിക്കൂ. മഴക്കാലത്ത് പുറംലോകവുമായി ഊരിന് ബന്ധമറ്റുപോകും. ഊരിന് സമീപമുള്ള പുഴകടക്കാൻ മഴക്കാലത്ത് ബുദ്ധിമുട്ടാണ്. ഊരിൽനിന്ന് മുക്കാലിയിലേക്ക് ജീപ്പാണ് മാർഗം. ഒരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യം വന്നാൽപോലും ഞങ്ങൾക്ക് നാട്ടുവൈദ്യത്തെയാണ് ആശ്രയിക്കേണ്ടിവരുക.
ഇത്ര സഹിച്ച് ആ ഊരിൽ കഴിയുന്നതെന്തിന് എന്ന് ചിലർക്ക് തോന്നുന്നുണ്ടാവാം. ഇത് ഞങ്ങളുടെ മണ്ണാണ്. ഇല്ലായ്മകൾക്കും സന്തോഷങ്ങൾക്കുമിടയിൽ ഞങ്ങൾ ചവിട്ടിനടന്ന മണ്ണ്. പിറന്ന മണ്ണിന് വിലയിടാനാവില്ല. വെറുതെയാണോ ആളുകൾ വീടും നാടും സംരക്ഷിക്കാൻ സമരങ്ങൾ നടത്തുന്നത്.
എന്തെങ്കിലും ആവശ്യങ്ങൾക്കായി പുറത്തേക്കിറങ്ങുമ്പോഴാണ് പി.എസ്.സി വിശേഷങ്ങളൊക്കെ അറിയുക. വലിയ ആഗ്രഹമാണ് സർക്കാർ ജോലിക്ക്, അതെനിക്ക് അവകാശവുമാണ്. പല്ല് നിരതെറ്റി നിന്നെന്ന പേരിൽ എനിക്ക് വനംവകുപ്പിലെ ജോലി നിഷേധിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വീണതോടെയാണ് പല്ലിന് രൂപമാറ്റമുണ്ടായത്. ഈയടുത്ത വർഷങ്ങളിലാണ് പല്ല് അൽപം പുറത്തേക്ക് ഉന്തിവന്നത്. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്റെ ഗ്രാമത്തിൽനിന്ന് ആശുപത്രിയിലെത്തി പല്ല് നേരെയാക്കാനുള്ള ചികിത്സ നടത്തുക എന്നത് വെല്ലുവിളിയായതുകൊണ്ട് അതും നടന്നില്ല.
സ്കൂൾ കാലഘട്ടം മുതൽ ഇതുവരെ എനിക്ക് എന്റെ രൂപമോ ശരീരമോ സംബന്ധിച്ച് വിഷമങ്ങൾ തോന്നിയിട്ടില്ല. തികഞ്ഞ അന്തസ്സോടെ, ആരുടെ മുന്നിലും വിധേയപ്പെടാതെയാണ് ഞാനിത്ര കാലവും ജീവിച്ചത്. ഒരുജോലിയൊക്കെ കിട്ടിയിട്ട് പല്ലിന്റെ പ്രശ്നം പരിഹരിക്കണമെന്നാണ് കരുതിയിരുന്നത്.
അച്ഛൻ വെള്ളി വനംവകുപ്പിൽ വാച്ചറാണ്. ആ വരുമാനം കൂടി ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോകുന്നത്. രണ്ടുസഹോദരന്മാരും പി.എസ്.സി അടക്കം പരീക്ഷകൾ എഴുതുന്നുണ്ട്. മൂത്തയാൾ ഡിഗ്രിക്കാരനാണ്.
എനിക്ക് ജോലി നിഷേധിക്കപ്പെട്ട വിഷയം വാർത്തയായതോടെ എന്നെ പിന്തുണച്ചും പരിഹസിച്ചും സമൂഹമാധ്യമങ്ങളിൽ പല പോസ്റ്റുകളും വാർത്തകളും വരുന്നതായി അറിയുന്നുണ്ട്. എന്റേത് വൈകല്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ചികിത്സകൊണ്ട് മാറ്റാനാവുന്നതാണ്. ഇതിനിടെ പല്ലിന്റെ പ്രതിസന്ധി പരിഹരിച്ചുനൽകാമെന്ന വാഗ്ദാനവുമായി പലരും സമീപിച്ചിരുന്നു.
ഇതിനുള്ള പരിഹാരത്തിന് സർക്കാർ സംവിധാനങ്ങൾ തന്നെ മതിയാകുമെന്നാണ് ഞാൻ കരുതുന്നത്. ആദ്യം മുമ്പ് കണ്ട ഡോക്ടറെ സമീപിച്ച് വിദഗ്ധ ഉപദേശം തേടിയ ശേഷം തീരുമാനമെടുക്കണം. ഇതിന് സമയം തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പി.എസ്.സി ജില്ല ഓഫിസിൽ കത്ത് നൽകിയിരുന്നു. കമീഷൻ തീരുമാനത്തിന് കാത്തിരിക്കുകയാണ്.
എന്റെ ഊരടക്കം വിദൂര മേഖലകളിൽ പി.എസ്.സി ജോലികൾക്ക് പരിശീലനവും ഒരിടത്തെങ്കിലും ഇന്റർനെറ്റ് സംവിധാനവും ഏർപ്പെടുത്തണം. വൈദ്യുതി അടക്കം അടിസ്ഥാന സൗകര്യ വികസനം തന്നെയാണ് ഞാനുൾപ്പെടുന്ന ജനസമൂഹത്തെ മുഖ്യധാരയോട് ചേർക്കാനുള്ള വഴി. സർക്കാർ ജോലി ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണെന്ന ഉറച്ച ബോധ്യമുണ്ട്.
അതുകൊണ്ടുതന്നെ മികച്ച ജോലികൾക്കായുള്ള ശ്രമം തുടരും. ഒരുജോലി നേടിയശേഷം എന്നെപ്പോലുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്നൊരു മോഹം ഞാൻ സൂക്ഷിക്കുന്നുണ്ട്. ഒരുപാട് മുത്തുമാർ ഈ ഗ്രാമങ്ങളിലുണ്ട്, അവരെ കൂടെ കൈപിടിച്ച് മുന്നോട്ടു നടത്താനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണമെന്നാണ് അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.