Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഈ പിഞ്ചുമനസ്സിനോട് ...

ഈ പിഞ്ചുമനസ്സിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ

text_fields
bookmark_border
cartoon
cancel

'പോഞാൻ കളിക്കണില്ല.....' സുരാജ് വെഞ്ഞാറമൂട് ചില സിനിമകളിൽ പറയുന്നതുപോലൊരു കാഴ്ച കഴിഞ്ഞദിവസം ഡൽഹിയിൽ കണ്ടു. അത്ര വേദനിച്ചുള്ള ഡയലോഗായിരുന്നു അത്. വിശാലഹൃദയനായ തന്നെ വാർത്തസമ്മേളനം വിളിച്ച് മണിക്കൂറുകളോളം പുലഭ്യം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കാത്ത മലയാളി മാധ്യമ പ്രവർത്തകരോടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്ഷോഭവും ദുഃഖവുമെല്ലാമായിരുന്നു അതിൽ. ഇനിമുതൽ താൻ മലയാളി മാധ്യമങ്ങളെ കാണില്ല എന്നുപറഞ്ഞ അദ്ദേഹം ഹിന്ദി, ആംഗലേയ മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ്തു. ആർക്ക് ഛേദം എന്നുചോദിക്കാൻ വരട്ടെ, ആരിഫ് മുഹമ്മദ് ഖാന്‍റെ ഈ തീരുമാനം മലയാള മാധ്യമങ്ങൾക്ക് വലിയൊരു വാർത്താ ഉറവിടത്തെയാണ് നഷ്ടപ്പെടുത്തുന്നത്. കുറച്ച് നാളുകൾക്കുമുമ്പ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷായിരുന്നു മാധ്യമങ്ങൾക്ക് ഈ സഹായം ചെയ്തിരുന്നതെങ്കിൽ അടുത്തിടെയായി ഖാൻ സായിവായിരുന്നു ഈ കർത്തവ്യം നിർവഹിച്ചുവന്നത്.

മുഖ്യമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ കാണ്ഡം കാണ്ഡമായി വൈകുന്നേരങ്ങളിൽ പുറത്തുവിടുന്ന രീതിയായിരുന്നു സ്വപ്നയുടേത്. 'സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നു; തത്സമയ ദൃശ്യങ്ങൾ കാണാം' എന്നുപറഞ്ഞ് കാഴ്ചക്കാരെ വിളിച്ചുകയറ്റലായിരുന്നു മാധ്യമങ്ങളുടെ രീതി. അത് അവസാനിച്ച ഘട്ടത്തിലാണ് ആവേശം വിതറി ആരിഫ് ഖാൻ എത്തുന്നത്. എവിടെവെച്ചും മാധ്യമങ്ങളെ കാണും, മുഖ്യമന്ത്രി, മന്ത്രി, വി.സി, ചരിത്ര പണ്ഡിതർ എന്നിങ്ങനെ വ്യത്യാസമൊന്നുമില്ലാതെ ഇടതുപക്ഷക്കാരായ ആർക്കെതിരെയും ആരോപണങ്ങൾ വിളിച്ചുപറയും. ഗവർണർ പങ്കെടുക്കുന്ന പരിപാടികൾക്കുശേഷം, അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യപ്പെടുന്നെന്ന സന്ദേശം രാജ്ഭവനിൽനിന്ന് ലഭിക്കുമ്പോൾതന്നെ അടിച്ചുമോനേ എന്ന മുഖഭാവത്തിലാവും മാധ്യമപ്പട. സ്വപ്നയുണ്ടാക്കിയ വിടവ് പതിയെപ്പതിയെ നികത്തിവരുകയായിരുന്നു ഗവർണർ.

സർക്കാറുമായി പലതവണ കൊമ്പുകോർത്തെങ്കിലും ഇപ്പോൾ ഗവർണർ-സർക്കാർ പോര് കൈവിട്ടുപോയ സാഹചര്യമാണ്. മുൻകാലങ്ങളിൽ കേക്കുമായി മന്ത്രിമാരെ രാജ്ഭവനിലേക്കയച്ച് പ്രശ്നം പരിഹരിക്കാമായിരുന്നെങ്കിൽ ഇക്കുറി കാര്യങ്ങൾ അത്രക്ക് എളുപ്പമാണെന്ന് തോന്നുന്നില്ല. ആരിഫ് മുഹമ്മദ് ഖാന്‍റെ 'പിഞ്ചു'മനസ്സിനെ മാധ്യമങ്ങളും മുഖ്യമന്ത്രിയും ചേർന്ന് അത്രക്കാണ് നോവിച്ചത്. തന്നെ 'വധിക്കാൻ' 90 വയസ്സ് കഴിഞ്ഞ ചരിത്രകാരന്‍റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനക്കെതിരെ കേസെടുക്കാത്തതിലും തന്‍റെ അധികാരങ്ങൾ കവരാൻ നടക്കുന്ന നീക്കങ്ങളിലുള്ള വിഷമവും പങ്കുവെച്ച തന്നെ ഇത്രക്ക് ഇകഴ്ത്തിക്കാട്ടിയിട്ടും മലയാള മാധ്യമങ്ങൾ അതുകേട്ട് ചിരിച്ചിരുന്നതിലെ വിഷമമാണ് ആരിഫ് മുഹമ്മദ് ഖാന്. പിണറായി വിജയനെ ആരിഫ് മുഹമ്മദ് ഖാന് അറിയില്ലെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചപ്പോൾ, ആരിഫ് മുഹമ്മദ് ഖാനെ പിണറായി വിജയനും അറിയില്ലെന്ന് പറയാനുള്ള മര്യാദ വാർത്തസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് കാട്ടാമായിരുന്നില്ലേയെന്ന് ഗവർണർ ചിന്തിച്ചെങ്കിൽ അതിലെന്ത് തെറ്റ്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ.

മുമ്പ് ഒരു ഗവർണറും ചെയ്യാത്ത 'സഹായ'മല്ലേ താൻ ചെയ്യുന്നത്. കണ്ണൂർ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിപാർശ ചെയ്ത കത്തുകൾ ഉൾപ്പെടെ രാജ്ഭവനിൽ പ്രത്യേക വാർത്തസമ്മേളനം നടത്തി പുറത്തുവിട്ടിട്ടും സർവകലാശാല നിയമപ്രകാരമാണ് നിയമനമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങി വന്ന മലയാള മാധ്യമ പ്രവർത്തകരോട് അരിശം വരില്ലേ. ഒന്നര മണിക്കൂർ വാർത്തസമ്മേളനത്തിൽ, തന്നെ വെള്ളം കുടിപ്പിച്ച തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ കവാത്ത് മറന്നുപോയതിലും ഗവർണർക്ക് വിഷമം തോന്നിയത് ന്യായം. അതിൽ സത്യമില്ലാതെയുമില്ല. മുൻ മുഖ്യമന്ത്രിമാരെ ഉൾപ്പെടെ നിർത്തിപ്പൊരിക്കുന്ന മലയാളി മാധ്യമ പ്രവർത്തകർക്ക് പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ പേടിയാണെന്ന് സമൂഹത്തിന് പൊതുധാരണയുണ്ട്. കടക്കുപുറത്തെന്ന് ആക്രോശിച്ചിട്ടും വീണ്ടും പിണറായി വിജയന് മുന്നിലേക്ക് ഒരു ചമ്മലുമില്ലാതെ കടന്നുചെന്ന മാധ്യമ പ്രവർത്തകരുടെ വലിയ മനസ്സും കാണാതെ പോകരുത്. ഇക്കാര്യത്തിലും ആരിഫ് മുഹമ്മദ് ഖാന് വിഷമമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ രേഖകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് പുറത്തുവിട്ട ദൃശ്യങ്ങളെ കേരളം ചിരിച്ചുതള്ളിയെന്ന് പരിഹസിച്ചതിലും എന്തിന്, 'വിയറ്റ്നാം കോളനി' സിനിമയിലെ ശങ്കരാടിയുടെ കൈയിലെ രേഖയായി സമൂഹ മാധ്യമങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെ പരിഹാസരൂപേണ പോസ്റ്റിയതും മലയാള ചാനലുകളിലെ അന്തിച്ചർച്ചകളിൽ ഗവർണറുടെ തമാശകളെക്കുറിച്ച് ആർത്തുചിരിച്ചതുമൊന്നും ആരിഫ് മുഹമ്മദ് ഖാന് അത്ര പെട്ടെന്ന് മറക്കാനാകില്ല. ആ വിഷമം അണപൊട്ടിയൊഴുകിയപ്പോഴാണ് മലയാള മാധ്യമങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പക്ഷേ, ഇപ്പോൾ ആ തീരുമാനത്തിൽ അദ്ദേഹത്തിന് മനസ്താപമുണ്ടായിക്കാണും.

അതിന്‍റെ അടുത്ത ദിവസംതന്നെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ നടന്ന പരിശോധനയും അതിനെതിരെ നടന്ന ഹർത്താൽ അക്രമങ്ങളുടെയുമെല്ലാം സാഹചര്യത്തിൽ രണ്ടുദിവസം മാധ്യമങ്ങൾക്കുമുന്നിൽ നിറഞ്ഞുനിൽക്കാനുള്ള സാധ്യതയാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്. പിന്നെ ഒരേയൊരു ആശ്വാസമാണ് ഗവർണർക്കുള്ളത്. മുഖ്യമന്ത്രി കടക്കുപുറത്തെന്ന് ആട്ടിയോടിച്ചിട്ടും വിളിപ്പുറത്ത് ചെല്ലുന്ന മാധ്യമ പ്രവർത്തകർ തന്‍റെ ബഹിഷ്കരണവും മറക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.●

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorpinarayimediakerala govt
News Summary - Governor Kerala Govt dispute
Next Story