ജാതി സർവേക്ക് പച്ചക്കൊടി; നിതീഷ് വിരുദ്ധർക്ക് തിരിച്ചടി
text_fieldsദേശീയതലത്തിൽ ജാതി സർവേ വേണമെന്ന ആവശ്യമുന്നയിച്ച് സർവകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നുവെങ്കിലും അനുകൂലമായി ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല
ജാതി സർവേ നടത്താനുള്ള ബിഹാർ സർക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികൾ ആഗസ്റ്റ് ഒന്നിന് പട്ന ഹൈകോടതി തള്ളിയതോടെ അതിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ബിഹാർ സർക്കാറിനെയും ഉന്നമിട്ടവർ മലക്കംമറിയുകയാണിപ്പോൾ.
മേയ് മാസം നാലിന് ഇതേ കോടതി ജാതി സർവേ നടപടി സ്റ്റേ ചെയ്തതു മുതൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി കടുത്തഭാഷയിലെ വിമർശനങ്ങളുമായി രംഗത്തുണ്ടായിരുന്നു. ജാതി സർവേക്കെതിരെ ഹരജി നൽകാൻ ‘യൂത്ത് ഫോർ ഇക്വാലിറ്റി’ പോലുള്ള സംഘടനകളെ ബി.ജെ.പി ഉപയോഗിച്ചതായി നിതീഷിന്റെ പാർട്ടിയായ ജനതാദൾ -യു ആരോപിക്കുകയും ചെയ്തു.
സ്വകാര്യത ഉൾപ്പെടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ ജാതി സർവേയെ കോടതിയിൽ ചോദ്യം ചെയ്തത്. എന്നാൽ, ‘‘സമൂഹത്തിൽനിന്ന് വിപാടനം ചെയ്യാനുള്ള നിരന്തര ശ്രമങ്ങൾക്കിടയിലും ഒഴിഞ്ഞുപോകാനോ അപ്രത്യക്ഷമാക്കാനോ നീക്കം ചെയ്യപ്പെടാനോ വിസമ്മതിച്ചുകൊണ്ട് ജാതി ഒരു യാഥാർഥ്യമായി തുടരുന്നു’’ വെന്ന് കോടതി നിരീക്ഷിച്ചു.
കോടതി നിരീക്ഷണം അനുസരിച്ച്, സംസ്ഥാന സർക്കാറിന്റെ ജാതി സർവേക്കെതിരെ ഉയർന്ന പ്രധാന കാരണങ്ങൾ ഇവയായിരുന്നു:
(i) ഫലത്തിൽ ഒരു സെൻസസ് ആയി മാറുന്ന ഇത്തരമൊരു സർവേ നടത്താൻ സംസ്ഥാന നിയമനിർമാണ സഭക്ക് ഒരു യോഗ്യതയുമില്ല, (ii) യോഗ്യതയുണ്ടെങ്കിൽപ്പോലും, ഇത്തരത്തിൽ പൗരജനങ്ങളിൽനിന്നുള്ള ഒരു വിവരശേഖരണത്തിന് ശേഖരിക്കുന്നതിന് കൃത്യമായ കാരണമോ ഉദ്ദേശ്യ ലക്ഷ്യമോ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. (iii) മതം, വരുമാനം, ജാതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് നിർബന്ധിതാവസ്ഥയുടെ ഘടകമുണ്ട്. (iv) ഈ നിർബന്ധിതാവസ്ഥ ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിൽ വിലപ്പെട്ട അവകാശമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വ്യക്തിസ്വകാര്യതയുടെ ലംഘനത്തിലേക്ക് നയിക്കുന്നു. (v) പദ്ധതിക്കായി വൻ തുക ചെലവഴിക്കുന്നതിന് അനുമതി ഇല്ലായെന്നും ഒരു റിട്ട് ഹരജിയിൽ വാദമുണ്ട്.
വാദങ്ങൾ കേട്ടശേഷം ‘‘ ‘നീതിപൂർണമായ വികസനം’ എന്ന നിയമാനുസൃത ലക്ഷ്യത്തോടെ, തികഞ്ഞ യോഗ്യതയോടെ സംസ്ഥാനം ആരംഭിച്ച നടപടി തികച്ചും സാധുതയുള്ളതാണെന്ന് ഞങ്ങൾ കണ്ടെത്തി’’യെന്ന് കോടതി വ്യക്തമാക്കി.
മേയ് നാലിന് പട്ന ഹൈകോടതി ജാതി സർവേ നടപടികൾ സ്റ്റേ ചെയ്ത വേളയിൽ തീരുമാനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി നേതാക്കൾ മുന്നോട്ടുവന്നിരുന്നു. ജാതി സർവേ ജാതി സംഘർഷം വഷളാക്കുമെന്ന് ആരോപിച്ച അവർ കേസ് ശരിയായ രീതിയിൽ കോടതിയിൽ അവതരിപ്പിക്കുന്നതിൽ നിതീഷ് കുമാർ സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ചിരുന്നു.
ജാതി സർവേ തടയാനാവശ്യപ്പെട്ട് നേരത്തേ ഹരജി എത്തിയെങ്കിലും പട്ന ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. വിഷയം ഹൈകോടതിയിൽ എത്തിയ ഘട്ടത്തിൽ ജാതി സർവേയുടെ എൺപതു ശതമാനം പൂർത്തിയായെന്ന് സർക്കാർ വാദിച്ചെങ്കിലും മുഴുവൻ നടപടികളും പൂർത്തിയാക്കാൻ അനുവദിക്കാതെ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യപ്പെട്ടു. ഇതു നീക്കാൻ സുപ്രീംകോടതി കൂട്ടാക്കിയിരുന്നതുമില്ല. ഒടുവിലിപ്പോൾ സർക്കാറിനെതിരായ ഹരജിക്കാരുടെ എതിർപ്പുകൾ പട്ന ഹൈകോടതി തള്ളിക്കളഞ്ഞിരിക്കുന്നു.
ഈ വർഷം ജനുവരി ഏഴിനാണ് ബിഹാർ സർക്കാർ ജാതി കണക്കെടുപ്പിന് തുടക്കമിട്ടത്. ജനുവരി 21 ന് ആദ്യഘട്ടം പൂർത്തിയായി, അതിൽ 12 കോടി 70 ലക്ഷം പേരുടെ വിവരങ്ങൾ രേഖപ്പെടുത്തപ്പെട്ടു. ഏപ്രിൽ 15ന് ആരംഭിച്ച രണ്ടാം ഘട്ടം മേയ് 15ന് അവസാനിക്കാനിരിക്കെയാണ് ആ മാസം നാലിന് സ്റ്റേ ഉത്തരവ് നിലവിൽ വന്നത്.
ജാതിസർവേ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുമെന്ന് ആരോപിച്ചിരുന്ന ബി.ജെ.പി നേതാക്കളിപ്പോൾ ഹൈകോടതി വിധിക്ക് സ്വാഗതമോതുക മാത്രമല്ല, ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. തങ്ങൾ സർക്കാറിലുണ്ടായിരുന്നപ്പോഴാണ് ജാതി സർവേ നടത്താൻ തീരുമാനമെടുത്തത് എന്നാണ് വാദം. സംസ്ഥാന നിയമസഭയുടെ ഇരുസഭകളും പാസാക്കിയ ജാതി സർവേ നിർദേശത്തിന് ബിഹാർ മന്ത്രിസഭ അഞ്ഞൂറ് കോടി രൂപ വകയിരുത്തിയിരുന്നു.
ബിഹാറിലെ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും സർക്കാറിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം കാണുന്നു. അവരിത് രാഷ്ട്രീയമായി ഉപയോഗിച്ചേക്കുമെന്നാണ് ആക്ഷേപം. ക്രമസമാധാന പാലനത്തിലും സ്കൂൾ വിദ്യാഭ്യാസ രംഗത്തെ അരാജകത്വവത്കരണം അവസാനിപ്പിക്കുന്നതിലും സർവേ എന്തു പ്രയോജനമാണ് ചെയ്യുക എന്ന ചോദ്യവും സിൻഹ ഉന്നയിക്കുന്നു. നിതീഷ് കുമാറിന്റെ കടുത്ത വിമർശകനായ ബി.ജെ.പിയുടെ രാജ്യസഭാംഗം സുശീൽ കുമാർ മോദിയും ഹൈകോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സർവേക്കെതിരെ ഹരജി നൽകിയവർ ബി.ജെ.പിയുമായി ബന്ധമുള്ളവരാണെന്ന വാദം നിഷേധിച്ചു.
എന്നാൽ, ജാതി സർവേ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് ഹൈകോടതി വിധിയിലൂടെ പരാജയപ്പെട്ടതെന്നാണ് ജനതാദൾ (യുനൈറ്റഡ്) ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ എന്ന ലല്ലൻ സിങ്ങിന്റെ വാദം.
നിതീഷ് കുമാർ ബി.ജെ.പിയുമായി അധികാരം പങ്കിടുമ്പോഴും സർവേ വേണമെന്ന ആവശ്യത്തിൽ ജെ.ഡി-യുവിനും അന്ന് പ്രതിപക്ഷത്തായിരുന്ന ലാലു പ്രസാദിന്റെ ആർ.ജെ.ഡിക്കും ഒരേ നിലപാടായിരുന്നു.
ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെങ്കിൽ എന്തുകൊണ്ട് ദേശീയതലത്തിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ജാതി സർവേ ആവശ്യപ്പെടുന്നില്ലെന്നാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ചോദിച്ചത്. ദേശീയതലത്തിൽ ജാതി സർവേ വേണമെന്ന ആവശ്യമുന്നയിച്ച് ഒരു സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നുവെങ്കിലും അനുകൂലമായി ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല, പകരം സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ അത് ചെയ്യാനാകുമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യരൂപമായ ഇൻഡ്യ ദേശീയതലത്തിൽ ജാതി സർവേ വേണമെന്ന ആവശ്യം ഉന്നയിച്ചതും വെറുതെയല്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജാതി സർവേക്ക് അനുകൂലമായ പ്രസ്താവനയും നടത്തിയിരുന്നു.
ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രതിരോധം തീർക്കാൻ ജാതി സർവേ സഹായകമായിരിക്കുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നുണ്ട്. നിതീഷ് കുമാർ ഇക്കാര്യത്തിൽ കൂടുതൽ പറഞ്ഞേക്കുമെന്നും പലരും വിശ്വസിക്കുന്നുണ്ട്. ശേഷിക്കുന്ന ഇരുപതു ശതമാനം ജോലികൾ കൂടി പൂർത്തിയാക്കി ജാതി സർവേ ഫലം പുറത്തുവരുമ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർച്ചയായും മാറ്റങ്ങൾക്ക് തുടക്കം കുറിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.