ജി.എസ്.ടി: എന്തെല്ലാം മാറ്റങ്ങൾ
text_fieldsരാജ്യം സമഗ്രമായൊരു നികുതി പരിഷ്കാരത്തിലേക്ക് മാറാൻ ഇനി ദിവസങ്ങൾ മാത്രം. ഇന്ത്യയൊട്ടുക്കും ഏകീകൃത നികുതി സംവിധാനം- ഒറ്റ വാക്കിൽ ചരക്ക് സേവന നികുതി(ജി.എസ്.ടി)യെ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും സാമ്പത്തിക രംഗത്ത് സമൂലമായ മാറ്റങ്ങൾക്കാണ് ജി.എസ്.ടി തുടക്കമിടുന്നത്. 1991ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരമായാണ് ജി.എസ്.ടിയെ കണക്കാക്കുന്നത്.
നികുതിക്കു മേൽ നികുതി എന്ന സങ്കൽപ്പമാണ് ജി.എസ്.ടി വരുന്നതോടെ ഇല്ലാതാകുന്നത്. ഉൽപ്പന്നങ്ങൾക്ക് ഒറ്റ നികുതി മാത്രമേ ഇടാക്കു എന്നതാണ് പുതിയ സംവിധാനത്തിെൻറ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. ജി.ഡി.പി വളർച്ചക്കും സുതാര്യതക്കും ജി.എസ്.ടി സഹായകമാവുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ഉൽപ്പാദന കേന്ദ്രത്തിൽ നികുതി ഇൗടാക്കുക എന്നതിന് പകരം ഉപഭോഗ കേന്ദ്രത്തിൽ നികുതി ഇൗടാക്കുക എന്നതാണ് ജി.എസ്.ടിയിലെ രീതി.

എന്താണ് ജി.എസ്.ടി
രാജ്യത്ത് നിലവിലുള്ള പതിനേഴ് നികുതികളെ ഒറ്റ നികുതിയാക്കി മാറ്റുകയാണ് ജി.എസ്.ടി. കേന്ദ്രവും സംസ്ഥാനവും ഏർപ്പെടുത്തിയിരുന്ന നികുതികളാവും ഇത്തരത്തിൽ ഏകീകരിക്കുക. ഇതോടെ നിലവിൽ ചുമത്തുന്ന പല നികുതികളും ഇല്ലാതാകും. കേന്ദ്രവാറ്റ്, സംസ്ഥാന വാറ്റ്, എസ്സൈസ് തീരുവ, അധിക എക്സൈസ് തീരുവ, സെൻട്രൽ എക്സൈസ് ഡ്യൂട്ടി, മെഡിക്കൽ എക്സൈസ് ഡ്യൂട്ടി, ടെക്സ്റ്റൈൽസ് സേവന നികുത, ചരക്കുകൾക്കും സേവനങ്ങൾക്കമുള്ള സർചാർജ്, സെസ് തുടങ്ങിയവ ഏകീകരിക്കപ്പെടും
ജി.എസ്.ടി മൂന്ന് തരം
ഒരേ നികുതി അടിസ്ഥാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം ചുമത്തുന്ന രണ്ട് തലത്തിലുള്ള ജി.എസ്.ടിയാണ് നടപ്പിലാക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന കൈമാറ്റത്തിൻമേൽ കേന്ദ്രം ചുമത്തുന നികുതിയെ കേന്ദ്ര ജി.എസ്.ടി( സി.ജി.എസ്.ടി) എന്ന് പറയും. സംസ്ഥാനം ചുമത്തുന്നതിനെ സ്റ്റേറ്റ് ജി.എസ്.ടി (എസ്.ജി.എസ്.ടി എന്നും അന്തസംസ്ഥാന കൈമാറ്റങ്ങളിൽ െഎ.ജി.എസ്.ടി എന്നപേരിലും നികുതി ചുമത്തും ഫെഡറൽ സംവിധാനം എന്ന നിലയിലാണ് വിവിധ നികുതികൾ ചുമത്തുക. കേന്ദ്ര ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം കേന്ദ്രസർക്കാറിനും സംസ്ഥാന ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം സംസ്ഥാന സർക്കാറിനും െഎ.ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പങ്കുവെക്കുകയുമാണ് ചെയ്യുക. ഇതിന് പുറമേ കേന്ദ്രഭരണ പ്രദേശങ്ങൾക്കായി യു.ജി.എസ്.ടി എന്ന പേരിലും നികുതിയുണ്ടാവും.

കോർപ്പറേറ്റുകൾ കനിയണം
വിവിധ നികുതികൾ ഒന്നായി ഒറ്റ നികുതിയാകുേമ്പാൾ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുൾപ്പടെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിത്യോപയോഗ സാധനങ്ങൾ ജി.എസ്.ടിയിൽ നികുതി ചുമത്തുന്നില്ല. ഇത് ഇവയുടെ വില കുറയുന്നതിന് സഹായകമാവും. ഇറച്ചികോഴി ഉൾപ്പടെ നികുതി ഉണ്ടായിരുന്ന ഉൽപ്പന്നങ്ങൾ നികുതി രഹിതമാവും. ഇതാണ് പ്രധാനമായും ഉപഭോക്താവിന് ലഭിക്കുന്ന നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചില ഉൽപ്പന്നങ്ങളുടെ വില വർധിക്കാനും സാധ്യതയുണ്ട്. ഉദാഹരണമായി ഹോട്ടൽ ഭക്ഷണത്തിന് ചിലവേറും.
കൊള്ളലാഭം തടയുന്നതിനായി ചട്ടങ്ങൾ ജി.എസ്.ടിയിൽ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം യാഥാർഥ്യമാവുമെന്നതിൽ ആശങ്കയാണ് ഉള്ളത്. നികുതി മാറ്റത്തിലൂടെ ഉണ്ടാവുന്ന അധികലാഭം ഇല്ലാതാക്കി വില കുറയണമെങ്കിൽ കോർപ്പറേറ്റുകൾ കൂടി മനസ്വെക്കണം. ധനകാര്യ വകുപ്പ് മന്ത്രി തോമസ് െഎസക് ഉൾപ്പടെ ഇത് സംബന്ധിച്ച സൂചനകൾ നൽകി കഴിഞ്ഞു. കോർപ്പറേറ്റുകൾ കൂടി കനിഞ്ഞാൽ മാത്രമേ ഉൽപ്പന്ന വിലയിൽ കുറവ് ലഭിക്കുകയുള്ളു.

ആശങ്കയോടെ വ്യാപാരികൾ
പുതിയ നികുതി ഘടനയിൽ കച്ചവടക്കാർ പൂർണമായും പുതിയ അക്കൗണ്ടിങ് സംവിധാനത്തിലേക്ക് മാറേണ്ടിവരും. ജി.എസ്.ടി.എൻ പോർട്ടലിൽ പ്രത്യേക നമ്പർ ഉപയോഗിച്ച് വ്യാപാരികൾ രജിസ്റ്റർ ചെയ്യണം. നികുതി സംബന്ധിച്ച റിേട്ടണുകൾ ഫയൽ ചെയ്യുന്നത് ഇൗ പോർട്ടലുകൾ വഴിയാകും. പ്രതിവർഷം സമർപ്പിക്കുന്ന നികുതി റിേട്ടണുകളുടെ എണ്ണത്തിലും വർധനയുണ്ടാകും. ജി.എസ്.ടിയിൽ 37 റിേട്ടണുകൾ വരെ പ്രതിവർഷം വ്യാപാരികൾ സമർപ്പിക്കേണ്ടി വരും. അക്കൗണ്ടിങ് സംവിധാനത്തിലുൾപ്പടെ സമഗ്രമായ പരിഷ്കാരം നടത്തേണ്ടി വരുമെന്നതാണ് ചെറുകിട വ്യാപരികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിൽ കേരളത്തിൽ 76 ശതമാനം വ്യാപാരികൾ മാത്രമേ ജി.എസ്.ടിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളു. നികുതി സംവിധാനത്തെ കുറിച്ച് വ്യാപരികൾക്ക് അജ്ഞത നില നിൽക്കുന്നുമുണ്ട്. ഇതും പ്രതിസന്ധിയാവും.
ഇതിനു പുറമെ പഴയ സ്റ്റോക്കിന് ചുമത്തേണ്ട നികുതിയെ സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നില നിൽക്കുകയാണ്. വൻ ഒാഫറുകൾ നൽകി പഴയ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക എന്ന തന്ത്രമാണ് വ്യാപാരികൾ ഇപ്പോൾ സ്വീകരിക്കുന്നത്. പുതിയ സ്റ്റോക്ക് എടുക്കാൻ വ്യാപാരികളൊന്നും തയ്യാറാവുന്നില്ല. ഇത് ജി.എസ്.ടിയെ സംബന്ധിച്ച ഇവരുടെ ആശങ്കയാണ് കാണിക്കുന്നത്.

പ്രതീക്ഷയോടെ കേരളം
നികുതി വരുമാനത്തിൽ വർധനയുണ്ടാവുെമന്നതാണ് കേരളം പ്രതീക്ഷിക്കുന്ന പ്രധാന നേട്ടം. നിലവിൽ 10 ശതമാനമാണ് കേരളത്തിലെ നികുതി വളർച്ച നിരക്ക്. ഇത് മൂന്ന് വർഷത്തിനുളളിൽ 20 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉപഭോഗ കേന്ദ്രത്തിൽ നികുതി ഇടാക്കുന്നത് ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഗുണകരമാവും. കയറ്റുമതി പൂർണമായും നികുതി രഹിതമാണ് ഇത് കേരളത്തിലെ സമുദ്രോൽപ്പന കയറ്റുമതി മേഖലയിൽ ഉൾപ്പടെ വൻ കുതിച്ചു ചാട്ടത്തിന് കാരണമാവും.ഒാൺലൈൻ വഴി വിൽക്കുന്ന ഉൽപ്പന്നങ്ങൾക്കും ജി.എസ്.ടിയിൽ നികുതി ചുമത്താൻ സാധിക്കും. ഇതും കേരളത്തിന് ഗുണകരമാണ്.
അന്യസംസ്ഥാന ലോട്ടറിക്ക് അധിക നികുതി ചുമത്തുന്നതും കേരളത്തിെൻറ ലോട്ടറി മേഖലക്ക് ഗുണകരമാവും. സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനം നികുതിയുമാവും ചുമത്തുക. അതേസമയം, മൊബൈൽ, ബാങ്കിങ്, സ്വർണ്ണത്തിനും വില കൂടാനാണ് സാധ്യത. ഇത് കേരളത്തെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്.
ഇ വേ ബിൽ സംവിധാനത്തിലേക്ക് മാറുന്നതിെൻറ ഫലമായി ചെക്പോസ്റ്റുകൾ ഇല്ലാതായേക്കും. ഇത് ഇവിടത്തെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നത് ആശ്വാസകരമാണ്.

ജി.എസ്.ടിയിലെ നികുതി നിരക്കുകൾ
നാല് സ്ലാബുകളിലായാണ് ജി.എസ്.ടിയിലെ നികുതി നിശ്ചയിച്ചിരിക്കുന്നത്. 5,12,18,28 ശതമാനം നികുതിയാണ് വിവിധ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത്. നികുതി ചുമത്താത്ത ഉൽപ്പന്നങ്ങളും ജി.എസ്.ടിയിലുണ്ട്.മാംസം, ഇറച്ചികോഴി, മുട്ട, പാൽ, തൈര്, തേൻ, പഴങ്ങൾ, പച്ചക്കറികൾ, ഉപ്പ്, ബ്രെഡ്, പത്രം, കൈതറി, പ്രിൻറ് ചെയ്ത ബുക്കുകൾ 1000 രൂപയിൽ താഴെയുള്ള ഹോട്ടൽ റൂമുകൾ തുടങ്ങിയവക്ക് ജി.എസ്.ടിയിൽ നികുതി ചുമത്തില്ല.
1000 രൂപയിൽ താഴെയുള്ള തുണിത്തരങ്ങൾ, പാക്ക് ചെയ്ത ഭക്ഷണം, അഞ്ഞൂറ് രൂപയിൽ താഴെയുള്ള ചെരിപ്പ്, ക്രീം, പാൽപ്പൊടി, ബ്രാൻഡഡ് പനീർ, ശിതീകരിച്ച പച്ചക്കറികൾ, കാപ്പി, ചായ, പിസ ബ്രഡ്, റസ്ക്, കൽക്കരി, മരുന്നുകൾ, സെറ്റൻററ്, ലൈഫ് ബോട്ട്, കശുവണ്ടി, ബയോ ഗ്യാസ്, ഇൻസുലിൻ, റവന്യൂ സ്റ്റാമ്പ്, റെയിൽ, വ്യോമ ഗതാഗതം, ചെറിയ റസ്റ്റോറൻറുകളിലെ ഭക്ഷണം എന്നിവക്ക് അഞ്ച് ശതമാനം നികുതിയാണ് ചുമത്തുക.
1000 രൂപയിൽ കൂടുതലുള്ള വിലയുള്ള ഉൽപ്പന്നങ്ങൾ, ശീതികരിച്ച മാംസം, ആയുർവേദ മരുന്നുകൾ, മൊബൈൽ ഫോൺ, സ്പൂണുകൾ, ഫോർക്കുകൾ, കായിക വിനോദങ്ങൾക്കുള്ള ഉപകരണങ്ങൾ സംസ്ഥാന ലോട്ടറികൾ, ശിതീകരിക്കാത്ത ഹോട്ടലുകൾ, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ എന്നീ സേവനങ്ങൾക്കെല്ലാം 12 ശതമാനം നികുതി ചുമത്തും.

ജി.എസ്.ടിയിലെ ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ വരുന്നത് ഇൗ വിഭാഗത്തിലാണ്. 500 രൂപയിൽ കൂടുതലുള്ള ചെരിപ്പുകൾ, ബിസ്കറ്റ്, സൂപ്പ്, ജാം, സോസ്, കുപ്പിവെള്ളം, ടിഷ്യു, കാമറ, സ്പീക്കറുകൾ, മോണിറ്ററുകൾ, അലുമിനിയം ഫോയിൽ, പ്രിൻററുകൾ, ഇലക്ട്രിക്കൽ ട്രാൻസ്ഫോമറുകൾ, സി.സി.ടി.വി, ഒപ്ടിക്കൽ ഫൈബർ, മുള ഉപയോഗിച്ച് നിർമ്മിക്കുന്ന ഉപകരണങ്ങൾ, സ്വിമ്മിങ് പൂൾ, മദ്യം വിളമ്പുന്ന എ.സി ഹോട്ടലുകൾ, െഎ.ടി സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, 2,500 രൂപക്കും 7,500 രൂപക്കും ഇടയിൽ വരുന്ന ഹോട്ടൽ മുറി, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണശാലകൾ എന്നിവയെല്ലാം 18 ശതമാനം നികുതിയാണ് ചുമത്തുക
ബീഡി, പാൻമസാല, ച്യൂയിങം, ചോക്ലേറ്റ്, പെയിൻറ്, ഡിയോഡൻറ്, ഷേവിങ് ക്രീം, ഷാംപൂ, ഡൈ, സൺ സ്ക്രീൻ, വാൾപേപ്പർ, സെറാമിക് ടൈലുകൾ, വാട്ടർ ഹീറ്റർ, ഡിഷ്വാഷർ, വാക്യം ക്ലീനർ, ഒാേട്ടാമൊബൈൽ, മോേട്ടാർ സൈക്കിൾ, 7500 രൂപയിൽ കൂടുതലുള്ള ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറി, സിനിമ തുടങ്ങിയവക്കെല്ലാം ഉയർന്ന നികുതിയായ 28 ശതമാനം എന്നത് ചുമത്തും.

ജി.എസ്.ടിക്ക് പുറത്തുള്ളവ
നിലവിൽ ജി.എസ്.ടിയുടെ പുറത്താണ് പെട്രോളിയം ഉൽപ്പന്നങ്ങളും മദ്യവും. പെട്രോളിയം, ഡീസൽ, മോേട്ടാർ സ്പിരിറ്റ്, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ, നാച്യൂറൽ ഗ്യാസ് എന്നിവ ജി.എസ്.ടിയുടെ പരിധിയിൽ വരുന്നില്ല. നിലവിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നതിനേക്കാൾ കുറഞ്ഞ നികുതിയാണ് ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ നിലവിൽ വരിക. ഇത് ഒഴിവാക്കാനാണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ നിന്ന് ഉൾപ്പെടുത്താത്തതെന്ന് വിമർശമുണ്ട്.
സമ്പദ്വ്യവസ്ഥയെ പോസ്റ്റീവായി ജി.എസ്.ടി സ്വാധീനിക്കുമെന്നാണ് കേന്ദ്രസർക്കാറിെൻറ അവകാശവാദം. ജി.ഡി.പിയിൽ ഒരു ശതമാനത്തിെൻറ വളർച്ചയെങ്കിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇന്ത്യയിലെ ജി.ഡി.പി വളർച്ച നിരക്ക് കുറവാണ്. നോട്ട് പിൻവലിക്കൽ ഉൾപ്പടെയുളള തീരുമാനങ്ങളായിരുന്നു ഇതിന് പിന്നിൽ. പ്രതീക്ഷക്ക് വിപരീതമായി ജി.എസ്.ടിയും രാജ്യത്തെ പ്രതികൂലമായി ബാധിച്ചാൽ സമ്പദ്വ്യവസ്ഥക്ക് അത് കനത്ത ആഘാതമായിരിക്കും ഏൽപ്പിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.