Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഗുജറാത്ത്:...

ഗുജറാത്ത്: നിരോധിക്കാനാവാത്ത ഓർമ

text_fields
bookmark_border
ഗുജറാത്ത്: നിരോധിക്കാനാവാത്ത ഓർമ
cancel
camera_alt

ഗുജറാത്ത് വംശഹത്യാവേളയിൽ അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ 

ചുട്ടുകൊല്ലപ്പെട്ട സോനാ ബെൻ മൻസൂരിയുടെ ചിത്രവുമായി മകൻ കസംഭായ് മൻസൂരി

(റോയിട്ടേഴ്സ്)

ഭരണകൂടത്തിന്റെ സർവ പിന്തുണയോടെ നടമാടിയ ഗുജറാത്ത് വംശഹത്യക്ക് നാളെ 21 ആണ്ട് പൂർത്തിയാവുന്നു. തെളിവുകൾ എത്ര തേച്ചുമായ്ച്ചാലും, റിപ്പോർട്ടുകളും ഡോക്യുമെന്ററികളും നിരോധിച്ചാലും അവകാശപ്പോരാളികളെ തുറുങ്കിലടച്ചാലും ആ ഓർമകളെ മറച്ചുപിടിക്കാനാവില്ല, വിദ്വേഷത്തിനെതിരെ പൊരുതുന്നവരെ തടഞ്ഞുനിർത്താനുമാവില്ല

സാലിഹ എന്ന ഉർദു വാക്കിനർഥം കുലീനമായത് എന്നാണ്. ദഹോദിലെ അമ്മവീട്ടിലേക്ക് ഫെബ്രുവരി 23നാണ് മൂന്നര വയസ്സുകാരി സലേഹ എത്തിയത്. 28ാം തീയതി രാവിലെ പത്തിന് ഉമ്മയുടെ ശരീരത്തിൽ പറ്റിപ്പിടിച്ച് കിടക്കുമ്പോൾ ചുറ്റിലും എന്താണ് നടക്കുന്നതെന്ന് ആ കുഞ്ഞിന് മനസ്സിലായിട്ടുണ്ടാവില്ല. സാലിഹയുൾപ്പെടെ 16പേർ ജീവൻ നിലനിർത്താൻ കച്ചാറോഡിലെ ഊടുവഴിയിലൂടെയാണ് സഞ്ചരിച്ചത്.

എന്നാൽ വഴിയിൽ പരിചിതരും അപരിചിതരുമായ അക്രമികൾക്ക് മുന്നിൽപെട്ടതോടെ ജീവിതത്തിന്റെ വഴിയവസാനിച്ചു. സലേഹയെ ആക്രമികൾ മുകളിലേക്കെറിഞ്ഞ് കല്ലിൽ തലയടിക്കുന്നത് അമ്മ ബിൽക്കീസ് ബാനു നിസ്സഹായതയുടെ ഞരക്കത്തോടെ കണ്ടു തീർത്തു. ബിൽക്കീസും മൂന്നര വയസ്സുള്ള കുഞ്ഞുമുൾപ്പെടെ എല്ലാ സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടു. 14 പേരെ അവിടെവെച്ച് കൊത്തിനുറുക്കി.

ബിൽക്കീസിനെ കൂട്ടബലാത്സംഗം ചെയ്തവരിൽ പരിചിതരായ ശൈലേഷ് ഭട്ട്, ലാലാ ഡോക്ടർ, ലാലാ വക്കീൽ, ഗോവിന്ദ് നാവി എന്നിവരുമുണ്ട്. മരിച്ചെന്ന് കരുതി ബിൽക്കീസിനെ ബന്ധുക്കളുടെ കബന്ധങ്ങൾക്ക് നടുവിൽ ഉപേക്ഷിച്ച് സംഘ്പരിവാർ ക്രിമിനൽ സംഘം മടങ്ങി. മണിക്കൂറുകൾക്ക് ശേഷം ബോധം തിരിച്ചു കിട്ടി ഒരു മലമുകളിലേക്ക് ഓടിക്കയറിയ ബിൽക്കീസ് ബാനു തിരിച്ചിറങ്ങിയത് അറ്റമില്ലാത്ത നിയമപോരാട്ടത്തിലേക്കാണ്. കോടതിയിൽ ഫയൽ ചെയ്ത കേസുകൾ പ്രകാരം 1926 പേർ കൊല്ലപ്പെട്ട(യഥാർഥ കണക്ക് 2000ന് മുകളിൽ), 3600 കോടി നാശനഷ്ടമുണ്ടായ, 30,000ഓളം വീടുകൾ തകർക്കപ്പെട്ട, സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 200 ലേറെപേർ ബലാത്സംഗം ചെയ്യപ്പെട്ട (യഥാർഥ കണക്ക് 400നടുത്ത് വരും) ഭരണകൂട സ്പോൺസേഡ് മുസ്‍ലിം വംശഹത്യയുടെ 21 വർഷങ്ങൾ പൂർത്തിയാവുന്നു 2023 ഫെബ്രുവരി 27ന്.

ആർ.ബി. ശ്രീകുമാർ, ബിൽക്കീസ് ബാനു, സഞ്ജീവ് ഭട്ട്, ടീസ്റ്റ സെറ്റൽവാദ്

2002 ഫെബ്രുവരി 27ന് അഞ്ച് മണിക്കൂർ വൈകിയാണ് സബർമതി എക്സ്പ്രസ് ഗോധ്ര റെയിൽവേ സ്റ്റേഷനിലെത്തിയത്. അയോധ്യയിൽ നിന്ന് മടങ്ങുന്ന നിരവധി കർസേവകർ വണ്ടിയിലുണ്ടായിരുന്നു. ട്രെയിൻ ഓരോ സ്റ്റേഷനിലുമെത്തുമ്പോഴും അവർ ജയ് ശ്രീറാം വിളി മുഴക്കി. മതവൈരവും പ്രകോപനവും നിറഞ്ഞ അവരുടെ പെരുമാറ്റത്തിന്റെയും പലതരം അനുഭവങ്ങൾ പിന്നീട് പുറത്തുവന്നു. ട്രെയിൻ ഗോധ്രയിലെത്തിയപ്പോഴും സമാനമായ നിലയിലാണ് കർസേവകർ പ്രവർത്തിച്ചത്.

റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരുമായി കർസേവകർ തർക്കത്തിലാവുകയും അത് ചെറു സംഘർഷത്തിലേക്കെത്തുകയും ചെയ്തു. സ്റ്റേഷനിലുണ്ടായിരുന്ന സോഫിയ എന്ന പെൺകുട്ടിയെ പിടിച്ചുവലിച്ച് ട്രെയിനിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് കണ്ട് അവളുടെ ഉമ്മയും സഹോദരിയും ആർത്തുകരഞ്ഞു. അതോടെ ആളുകൾ ട്രെയിനിന് കല്ലെറിയാനും ആക്രമിക്കാനും തുടങ്ങി. ഗോധ്ര വിട്ട് ഒരു കിലോമീറ്ററിനിടെ രണ്ട് തവണയാണ് ട്രെയിനിൽ ചങ്ങല വലിച്ചത്. എന്നാൽ ആ ചങ്ങല വലിയെക്കുറിച്ച് അന്വേഷണം നടന്നില്ല. ട്രെയിനിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പരന്നു.

ഗോധ്രയിൽ നിന്ന് ഒരു കിലോമീറ്ററിനടുത്ത് ട്രെയിൻ നിൽക്കുകയും സിഗ്നൽ ഫാലിയയിലെ താമസക്കാർ ട്രെയിൻ ആക്രമിക്കുകയും ചെയ്തു. സബർമതിയുടെ S6 ബോഗി പെട്ടെന്ന് ഒരു തീഗോളമായി മാറി. 26 സ്ത്രീകളും 12 കുട്ടികളുമുൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു. ഗോധ്രയിലെ ദുഃഖകരമായ കൂട്ടക്കൊലയിൽ രാജ്യം നടുങ്ങി. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത സംഭവമല്ലെന്നും യാദൃച്ഛികമാണെന്നും ജില്ല കലക്ടർ ജയന്തി രവി രാത്രി 7.30 വരെ ആകാശവാണിയിലും ദൂരദർശനിലും ആവർത്തിച്ചു. എന്നാൽ 7.30 ന് മുൻകൂട്ടി ആസൂത്രണം ചെയ്ത ഭീകരപദ്ധതിയെന്ന് ഇതിനെ മുഖ്യമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. പിന്നീട് നടന്നത് കിരാതമായ മനുഷ്യവേട്ടയുടെ കുപ്രസിദ്ധമായ ചരിത്രം.

നരവേട്ടയുടെ ഭീദിതാനുഭവം

‘മജീദ് ഭായ്, നിങ്ങളാരും രാവിലെ മുതൽ ഒന്നും കഴിച്ചുകാണില്ലല്ലോ. അടുക്കളേന്ന് കറിയുണ്ടാക്കുന്ന വലിയ പാത്രങ്ങളെടുത്തുവാ. നല്ല തൈരിന്റെ കിച്ചടിയുണ്ടാക്കി തരാം’. ‘തൈര് കിച്ചടിയോ അത് ശവമടക്കിനല്ലേ ഉണ്ടാക്കുക’. അവനപ്പോഴേക്കും ഉടലാകെ വിറക്കുന്ന പോലെ തോന്നി. ‘അതെ,നീയെല്ലാം ചാവാൻ പോവുകയാണ്’- ജയ്ഭവാനി പറഞ്ഞു. (വെറുപ്പിന്റെ ശരീരശാസ്ത്രം, രേവതി ലോൾ ) ഫെബ്രുവരി 27 കഴിഞ്ഞ് ഒറ്റ രാത്രിക്കുമുന്നേ അയൽവാസികളും സുഹൃത്തുക്കളും മുസ്‍ലിംകൾക്ക് ചാവടിയന്തിരത്തിന്റെ തൈര് കിച്ചടി ഓഫർ ചെയ്യാൻ തുടങ്ങിയിരുന്നു. അതൊരൊറ്റ ദിവസം കൊണ്ടുണ്ടായ സാംസ്കാരിക മാറ്റമല്ല.

വർഷങ്ങൾകൊണ്ട് ഹിന്ദുത്വവാദികൾ നിർമിച്ചെടുത്ത അപരവിദ്വേഷത്തിന്റെ പ്രകടനമാണ്. മുസ്‍ലിംകളും ക്രൈസ്തവരും പുറത്തുനിന്ന് വന്നവരാണെന്ന് പാഠപുസ്തകങ്ങൾ കുട്ടികളിൽ കുത്തിവെച്ചു. രാജ്യത്തെ പാഠ്യപദ്ധതികൾ എങ്ങനെയാണ് കുട്ടികളെ വർഗീയവത്കരിക്കുന്നതെന്ന് കമ്യൂണലിസം കോമ്പാറ്റിലെ ലേഖനത്തിൽ ടീസ്റ്റ സെറ്റൽവാദ് വ്യക്തമാക്കുന്നു.ഗോധ്രയിലെ ദാരുണമായ കൂട്ടക്കൊലയുടെ വാർത്ത പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിക്കപ്പെട്ടു. ഗുജറാത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ മനുഷ്യത്വരഹിതവും പക്ഷപാതപരവുമായ വാർത്താനിർമിതിയെക്കുറിച്ച് 2002ലെ എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

കൂട്ടബലാത്സംഗങ്ങളും കൂട്ടക്കൊലകളും കൊണ്ട് മനുഷ്യത്വം മരവിച്ചുപോയ രണ്ട് ദിവസങ്ങളാണ് പിന്നീടുണ്ടായത്. മുസൽമാനോം കോ സിന്ദാ ജലാവോ (മുസ്‍ലിംകളെ ജീവനോടെ ചുടുക) എന്നത് വംശഹത്യ കാലത്തെ ആപ്തവാക്യമായി. കൂടുതൽ ക്രൂരത ചെയ്യാൻ ആൾക്കൂട്ടം മത്സരിച്ചു. ഒമ്പതു മാസം ഗർഭിണിയായിരുന്ന കൗസർബാനുവിനെ ബലാത്സംഗം ചെയ്ത ശേഷം വയർ കുത്തിക്കീറി ഗർഭസ്ഥശിശുവിനെ തീയിലെറിഞ്ഞെന്ന് നരോദാപാട്യ കൂട്ടക്കൊലയിൽ കാര്യമായ പങ്കുവഹിച്ച ബാബു ബജ്രംഗി ‘തെഹൽക്ക’യോട് വെളിപ്പെടുത്തി. കൗസർബാനു ബലാത്സംഗം ചെയ്യപ്പെട്ടതിന് സാക്ഷ്യം വഹിക്കേണ്ടിവന്ന കഥ സുഹൃത്ത് ആമിന ആഫ കമ്യൂണലിസം കോമ്പാറ്റിനോട് വിറയലോടെ വിശദീകരിച്ചു.

മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളും സ്ഥാപനങ്ങളും ലക്ഷ്യം വെച്ച് ക്രിമിനൽ സംഘം നീങ്ങി. നരോദാപാട്യയുടെ തെരുവിലൂടെ മുസ്‍ലിംകളെ ചുട്ടെരിക്കാൻ ആക്രോശിച്ച് എം.എൽ.എ മായാകോട്നാനി നടന്നത് ചിലരുടെ ഓർമയിലുണ്ട്. പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ ആശുപത്രികൾ തയാറായില്ല. ചമൻപുരയിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയ ആറുപേർക്ക് വി.എസ് ഹോസ്പിറ്റൽ ചികിത്സ നിഷേധിച്ചത് ഇതിനുദാഹരണമാണ്. ‘ഇത് ആയിരത്തോളം പഴക്കമുള്ള പകയുടെ ബഹിസ്ഫുരണമാണ്. അവർ അനുഭവിക്കട്ടെ’ എന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.

ഗുജറാത്തിലെ തലസ്ഥാന നഗരിയിൽ ഹിന്ദുത്വ വർഗീയവാദികളാൽ കൊല്ലപ്പെട്ടവരിൽ ഒരാൾ മുൻ പാർലമെന്റംഗവും കവിയും ട്രേഡ് യൂനിയനിസ്റ്റുമായ ഇസ്ഹാൻ ജാഫരിയായിരുന്നു. താൻ താമസിക്കുന്ന ഗുൽബർഗ കോളനിയിലേക്ക് ആക്രമികൾ ഇരച്ചുകയറുന്നുവെന്നറിയിച്ച് അഞ്ച് മണിക്കൂറോളം ഇസ്ഹാൻ ജാഫരി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പല ഉന്നതരെയും വിളിച്ചെങ്കിലും ആരും രക്ഷക്കെത്തിയില്ല. നിരവധി മനുഷ്യർ വെന്തുമരിച്ചു.

പൊലീസ് നിഷ്ക്രിയരായില്ല, പകരം അക്രമികൾക്കൊപ്പം വംശഹത്യയിൽ പങ്കുചേർന്നു. പരാതി പറയാൻ ചെല്ലുന്നവരെ ഭീഷണിപ്പെടുത്തിയും ആട്ടിയോടിച്ചും വെടിവെച്ചും വിധേയത്വം കാണിച്ചു. പ്രാണരക്ഷാർഥം ഓടയിൽ ഒളിച്ചവരെ ആക്രമികൾക്ക് കാണിച്ചു കൊടുത്തു. ബെസ്റ്റ് ബേക്കറി അഗ്നിക്കിരയാകുമ്പോൾ പൊലീസ് തൊട്ടടുത്തുണ്ടായിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തിൽ പങ്കെടുത്ത വി.ബി. റാവലിനെപ്പോലുള്ള ‘നിയമപാലകർ’ വംശഹത്യയിൽ എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാവുന്നതാണ്. മുസ്‍ലിംകളായ ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളിൽ നിന്ന് നേരത്തേ മാറ്റി നിർത്തിയിരുന്നു.

‘എനിക്കെന്റെ മകനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അവന്റെ തലയുടെ ഒരു ഭാഗം വെടിയേറ്റ് തകർന്നിരുന്നു’ ഇംതിയാസ് ഖാന്റെ ഉമ്മ പറഞ്ഞു. ഫെബ്രുവരി 28ന് മൊറാർജി മങ്കിലേയും മരോദായ ചൗക്കിലേയും നാൽപതോളം മുസ്‍ലിംകളെ പൊലീസ് വെടിവെച്ചു കൊന്നു.ഗുജറാത്ത് വംശഹത്യയുടെ കേസുകൾ കൈകാര്യം ചെയ്യാൻ വി.എച്ച്.പിയും സംഘ്പരിവാറും വിപുലമായ പദ്ധതിയൊരുക്കി. പൊലീസ് കേസെടുക്കാതിരിക്കുകയും കേസെടുത്താൽ തന്നെ പ്രതികളുടെ പേരുകൾ പരാമർശിക്കാതിരിക്കുകയും ചെയ്തത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എഫ്.ഐ.ആറിൽ ‘ആക്രമികൾ‘ ‘ആൾക്കൂട്ടം’ എന്നു മാത്രമാണ് രേഖപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർക്കും പ്രതിഭാഗം വക്കീലിനും ഒരേ നിലപാടുള്ള കേസുകളായിരുന്നു ഗുജറാത്തിലേത്.

ആവർത്തിക്കപ്പെടാതിരിക്കാൻ രാകി മിനുക്കേണ്ട ഓർമ

രണ്ടായിരത്തിരണ്ടിലെ ഗുജറാത്ത് വംശഹത്യക്കുശേഷം സംഘ്പരിവാർ വംശഹത്യയുടെ സ്ട്രാറ്റജിയിൽ മാറ്റം വരുത്തി. നവമാധ്യമങ്ങളുടെയും മൊബൈൽ കാമറയുടെയും കാലത്ത് രണ്ടായിരമാളുകളെ ഒറ്റയടിക്ക് കൊല്ലുന്നതിനു പകരം ചെറിയ കലാപങ്ങളിലൂടെ ഒരുപാടുപേരെ കൊല്ലുക എന്ന തന്ത്രം സ്വീകരിച്ചു. മുസഫർ നഗറിലും ഡൽഹിയിലുമൊക്കെ പ്രയോഗിച്ച രീതി. പശുവിന്റെ പേരിൽ ആളുകളെ കൊല്ലുകയും അതിന്റെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഭയം രാജ്യത്തിന്റെ അടിസ്ഥാന ചോദനയായി മാറി. ഇതരമതസ്ഥർക്ക് അടിമകളായി ജീവിക്കുകയോ നാടുവിടുകയോ മാത്രമാണ് വഴിയെന്ന് സന്ദേശം നൽകാനാണ് അത്തരം ആക്രമണങ്ങൾ.

ഗുജറാത്ത് കലാപാനന്തരം മുംബൈ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന മുഹമ്മദലി റോഡിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തിയതായി കണ്ടെന്നും ദാദറിലോ ശിവജിപാർക്കിലോ സമാനദൃശ്യമുണ്ടായിരുന്നില്ലെന്നും ചരിത്രകാരൻ രാമചന്ദ്ര ഗുഹ ‘ദേശസ്നേഹികളും പക്ഷപാതികളും’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അപരവത്കരിക്കപ്പെട്ട രാജ്യത്തെ മുസ്‍ലിംകൾക്ക് ദേശസ്നേഹം എപ്പോഴും തെളിയിച്ചു കൊണ്ടേയിരിക്കേണ്ട ബാധ്യത വന്നു ചേർന്നിരിക്കുന്നു.

കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ, മനുഷ്യശരീരം പച്ചക്ക് കത്തുന്നതിന്റെ ഗന്ധം മൂക്കിൽ പറ്റിക്കിടക്കുന്ന, വ്യഥകളുടെയും ഭയത്തിന്റെയും ഭാരം ഒറ്റക്ക് താങ്ങുന്ന ബിൽക്കീസിനെ പോലുള്ള ഒട്ടനവധി മനുഷ്യരാണ് നിയമപോരാട്ടം തുടരുന്നത്. കേസുകൾ മായ്ച്ചുകളയാൻ ഭരണകൂടം നിരന്തരം ശ്രമിക്കുകയാണ്. ഗുജറാത്തിലെ അനീതികൾക്കെതിരെ ശബ്ദിച്ച മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും ടീസ്റ്റ സെറ്റൽവാദിനെയും തുറുങ്കിലടച്ചു. സഞ്ജീവ് ഭട്ടിനെ തടവിലിട്ടിട്ട് വർഷം അഞ്ചായി. ഒറ്റപ്പെട്ട മനുഷ്യർ നടത്തുന്ന ചെറുത്തുനിൽപുകൾ ഒട്ടും ചെറുതല്ല. തടവുകളും പീഡനങ്ങളുമേറ്റുവാങ്ങിയാലും നീതിക്ക് വേണ്ടി അടിയുറച്ചുനിൽക്കുന്ന മനുഷ്യരിലാണ് ജനാധിപത്യത്തിന്റെ പ്രത്യാശ.

"ഒരു നേരമെങ്കിലും

പൊരുതി നിന്നോർ

അവരെത്ര നല്ലവർ

ഒരു ദിനമെങ്കിലും

പൊരുതി നിന്നോർ

അവരതിലേറെ നല്ലവർ

എന്നാൽ മറക്കായ്ക

ഒരു ജീവിതം മുഴുവൻ

പൊരുതി നിൽപോർ

അവരത്രേ പോരിന്റെ സത്തയും സാരവും"

-ബ്രഹ്ത്

(കേരള കലാമണ്ഡലത്തിൽ ഗവേഷകനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat Riotbjp
News Summary - Gujarat: An Unforbidden Memory
Next Story