ഗുജറാത്ത് ഒരുങ്ങി, കോൺഗ്രസ് അറിഞ്ഞില്ല
text_fieldsഏവരും കാത്തിരുന്ന യു.പി, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പുകൾ മാത്രമല്ല ഈ വർഷം മറ്റൊരു ശ്രദ്ധേയ സംസ്ഥാനത്തിന്റെ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനുണ്ട്- ഗുജറാത്തിലേക്ക്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അഭിമാനകേന്ദ്രം എന്ന നിലയിലും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തട്ടകം എന്നതുകൊണ്ടും ബി.ജെ.പി ഏറെ മുമ്പുതന്നെ കണക്കുകൂട്ടലുകളും ഒരുക്കങ്ങളുമെല്ലാം തുടങ്ങിയിരിക്കുന്നു. എന്നാൽ, ഒരു കാലത്ത് സംസ്ഥാന ഭരണം കൈയാളിയിരുന്ന, മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനവും മട്ടും മാതിരിയുമെല്ലാം കണ്ടാൽ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനെപ്പറ്റി അവർ അറിഞ്ഞിട്ടില്ലെന്നു തോന്നും. എന്നാൽ, രണ്ടു പതിറ്റാണ്ടു മുമ്പ് വംശഹത്യക്കിരയായ, ഇന്നും അതിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ലാത്ത മുസ്ലിം ജനത തെരഞ്ഞെടുപ്പിനെക്കുറിച്ച് ഏറെ ആകുലതയിലാണ്. എന്നാൽ, സകലവിധ ദുരിതങ്ങൾക്കും സഹനങ്ങൾക്കുംശേഷവും ആത്മവിശ്വാസത്തിന്റെയും പൊരുതിമുന്നേറ്റത്തിന്റെയും ചിത്രങ്ങളാണ് ആ ജനവിഭാഗത്തിനിടയിൽ പ്രകടമാവുന്നത്.
യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയിച്ചിട്ടുണ്ടാവാം, പക്ഷേ അത് ഏകപക്ഷീയമായി ആവർത്തിക്കാൻ അനുവദിച്ചുകൂടാ എന്നായിരുന്നു അഹ്മദാബാദിലെ ദരിയാപുരിൽ കണ്ടുമുട്ടിയ അൽതാഫ് ഭായ് എന്ന 45കാരന്റെ പ്രതികരണം- സമുദായം ഏതുവിധം ചിന്തിക്കുന്നുവെന്നത് വ്യക്തമാണ് ഈ പറച്ചിലിൽ. വെറുമൊരു ആവേശത്തിന്റെയോ വിരോധത്തിന്റെയോ പേരിലല്ല, കൃത്യമായ വിശകലനത്തിന്റെ ബലത്തിലാണ് അദ്ദേഹമിത് പറയുന്നത്. മോദിയെ വളർത്തി വലുതാക്കുകയും പ്രധാനമന്ത്രി പദത്തിലേറ്റുകയും ചെയ്ത സംസ്ഥാനമാണെങ്കിലും നൂറിനു മുകളിലുണ്ടായിരുന്ന അംഗബലം 2017ൽ 99ലേക്ക് താണുപോയത് അൽതാഫ് ചൂണ്ടിക്കാണിക്കുന്നു.
മുസ്ലിംകൾ മാത്രമല്ല, ഏതാണ്ടെല്ലാവരും രഹസ്യമായെങ്കിലും സമ്മതിക്കുന്ന ഒരു കാര്യം സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധവികാരമാണ്. 1995ൽ കേശുഭായ് പട്ടേലിലൂടെയാണ് ബി.ജെ.പി അധികാരം പിടിക്കുന്നത്. 2001 മുതൽ 2014 വരെ മോദിക്കാലമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ വലിയ കളികൾക്കായി മോദി ഡൽഹിക്കു പോയതോടെ ഉറച്ച നേതൃത്വമെന്നൊന്ന് പാർട്ടി സംസ്ഥാന ഘടകത്തിന് നഷ്ടമായി. ഇന്ന് ബഹുവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുമുണ്ട്. ആനന്ദിബെൻ പട്ടേൽ, വിജയ് രൂപാണി, നിലവിൽ ഭരിക്കുന്ന ഭൂപേന്ദ്ര പട്ടേൽ എന്നിങ്ങനെ മൂന്നു പേരാണ് 2014നുശേഷം സംസ്ഥാന മുഖ്യമന്ത്രിപദമേറിയത്. പാർട്ടിയെയും ഭരണത്തെയും സമരസപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഒന്നിനൊന്ന് പരാജയമായിരുന്നു മൂന്നു പേരും.
അവർ മൂന്നുപേരും 'കാവൽ മുഖ്യമന്ത്രി'മാരായിരുന്നു എന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് ഇല്യാസ് ഖുറൈശിയുടെ വിലയിരുത്തൽ. ഭൂപേന്ദ്ര പട്ടേലിന് ഭാഗ്യവശാൽ കൈവന്നതാണീ പദവി. ജാതിവിഷയം കൈകാര്യം ചെയ്യുന്നതിനുവേണ്ടി മാത്രമാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കളമൊഴിയേണ്ടിവരുമെന്നാണ് ഖുറൈശിയുടെ പക്ഷം.
ബി.ജെ.പിയുടെ കോട്ടയെന്നും ഹിന്ദുത്വയുടെ പരീക്ഷണശാലയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വോട്ടർമാരൊട്ടുക്കും ആ നിലപാടുകാരോ ബി.ജെ.പിയെ കണ്ണടച്ച് പിൻപറ്റുന്നവരോ അല്ല. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൂറത്ത് സ്വദേശി ധിമൻഭായ് പട്ടേൽ പറഞ്ഞത് കോൺഗ്രസോ മറ്റു പ്രതിപക്ഷപാർട്ടികളോ ഒരുങ്ങിപ്പുറപ്പെട്ട് ബി.ജെ.പിയെ നേരിടാൻ തയാറായാൽ ഇത്തവണ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാവില്ല എന്നാണ്.
കോൺഗ്രസ് പക്ഷേ ഇപ്പോഴും ഒരു ഇലക്ഷൻ മൂഡിലേക്ക് എത്തിയിട്ടില്ല എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കുറച്ചു വർഷങ്ങളായി സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടി വാണിജ്യ, രാഷ്ട്രീയ കേന്ദ്രങ്ങളായ സൂറത്തിലും അഹ്മദാബാദിലുമൊക്കെ ചെറിയതോതിലെങ്കിലും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ബി.ജെ.പി സർവസജ്ജമാണെന്നും ആം ആദ്മി പാർട്ടി ഒരു ബദലേ അല്ലെന്നുമാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഈ ലേഖകനോട് പറഞ്ഞത്.
ജനങ്ങൾക്കൊപ്പം ആരുമില്ലാതിരുന്ന ഘട്ടത്തിലും തന്റെ പാർട്ടി അവർക്കൊപ്പം നിന്നുവെന്നും ബി.ജെ.പിക്ക് രാഷ്ട്രീയം ഒരു തെരഞ്ഞെടുപ്പ് അനുബന്ധക്രമം മാത്രമല്ലെന്നും അദ്ദേഹം വാദിക്കുന്നു. ആം ആദ്മിക്ക് ഒരു ചലനവും സൃഷ്ടിക്കാനാവില്ല. ഗുജറാത്ത് മോഡൽ വികസനത്തിനും ഭരണപാടവത്തിനും വലിയ സ്വീകാര്യതയുണ്ട്. സൗജന്യങ്ങൾ വാഗ്ദാനം നൽകിയുള്ള വോട്ടുപിടിത്തം ഇവിടെ വിലപ്പോവില്ല. ഗാന്ധിനഗർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആം ആദ്മി ശക്തമായി മുന്നേറുമെന്ന മട്ടിലായിരുന്നു പ്രചാരണങ്ങളും വിലയിരുത്തലുകളുമെല്ലാം, എന്നാൽ 44ൽ 41 സീറ്റും ഞങ്ങളാണ് നേടിയത് -മുഖ്യമന്ത്രി പറയുന്നു. സൗജന്യങ്ങൾ നൽകൽ മാത്രമാണ് വിഷയമെങ്കിൽ ഞങ്ങൾക്കും നൽകാനാവും. പക്ഷേ, സാമ്പത്തികഭദ്രത നിലനിർത്തുന്നതിനും കാര്യങ്ങൾ സമതുലിതമായി കൊണ്ടുപോകുന്നതിനുമാണ് ഞങ്ങൾ പരിഗണന നൽകുന്നത്.
മുഖ്യമന്ത്രി തള്ളിപ്പറയുന്നുവെങ്കിലും ജനങ്ങൾ ആം ആദ്മി പാർട്ടിയെ ഒരു ബദൽ എന്ന രീതിയിൽ കണക്കിലെടുക്കുന്നുവെന്നതാണ് സത്യം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ മാറ്റിപ്പണിയാനും ആപ്പിന്റെ സാന്നിധ്യം നിർബന്ധിതമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ കണക്കുകൂട്ടലുകളെ അട്ടിമറിച്ച് സൂറത്ത് നഗരസഭ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ പ്രകടനമാണ് വിജയ് രൂപാണിയെ മാറ്റി പട്ടേലിനെ മുഖ്യമന്ത്രിക്കസേരയിലിരുത്തുന്നതിലേക്കുപോലും നയിച്ചത്. സൂറത്ത് മേഖലയിൽ പട്ടിദാർ സമുദായത്തിന് ഗണ്യമായ സാന്നിധ്യവും സ്വാധീനവുമുണ്ട്. സംവരണം ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച പട്ടിദാർ മുന്നേറ്റത്തിനു പിന്നാലെ സമുദായം കോൺഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ ആം ആദ്മി പാർട്ടി പിടിച്ചെടുത്തതോടെ പട്ടിദാറുകൾ കോൺഗ്രസിനെ കൈയൊഴിഞ്ഞ മട്ടാണ്.
ബി.ജെ.പിയോട് കൂട്ടുകൂടാൻ മടിക്കുന്ന അവരുടെ ചായ്വ് സ്വാഭാവികമായും കെജ്രിവാളിന്റെ പാർട്ടിയോടായി. അതോടെ പട്ടിദാറുമാരെ പാട്ടിലാക്കുക എന്ന ദൗത്യവുമായാണ് വിവാദങ്ങളിലൊന്നുംപെട്ടിട്ടില്ലാത്ത, ആദ്യവട്ട എം.എൽ.എയായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. ഹിന്ദുത്വയുടെ ലബോറട്ടറിയാണെങ്കിലും ജാതിമൂലകങ്ങൾ തെറ്റിയാൽ കൈപൊള്ളുമെന്ന് ബി.ജെ.പിക്ക് നന്നായറിയാം. മുമ്പ് മുഖ്യമന്ത്രിമാരായ പട്ടേലുമാരെല്ലാം ലെഉവ പട്ടേൽ സമുദായക്കാരായിരുന്നുവെങ്കിൽ കട്വാ പട്ടേൽ വിഭാഗത്തിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഭൂപേന്ദ്ര. സംസ്ഥാന ജനസംഖ്യയുടെ 12.4 ശതമാനവും ഈ സമുദായക്കാരാണ്.
ജനങ്ങളുടെ മനസ്സളക്കുന്നതിൽ വിദഗ്ധനായ ആപ് മേധാവി അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെക്കാൻ ശ്രമിക്കുന്ന സന്ദേശം കോൺഗ്രസിന് പ്രസക്തിയില്ലെന്നും തങ്ങളാണ് ബി.ജെ.പിയെ എതിരിടാൻ ഒരുങ്ങിനിൽക്കുന്ന യഥാർഥ പ്രതിയോഗികളെന്നുമാണ്. മനീഷ് സിസോദിയ ഉൾപ്പെടെ പ്രധാന നേതാക്കളെയും കൂട്ടി സംസ്ഥാനത്ത് സന്ദർശനം നടത്തിയ അദ്ദേഹം 182 മണ്ഡലങ്ങളിലും ആപ് സ്ഥാനാർഥികളെ നിർത്തുമെന്നും വ്യക്തമാക്കുന്നു.
2014ൽ സംസ്ഥാനത്ത് 24 പാർലമെന്റ് സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടപ്പെടുത്തിയ പാർട്ടിക്ക് എല്ലാ നിയമസഭ മണ്ഡലങ്ങളിലും മത്സരത്തിനിറങ്ങാൻതക്ക ശേഷിയുണ്ടോ എന്ന കാര്യത്തിൽ ജനങ്ങൾക്കത്ര തീർച്ച പോരാ. എന്തുതന്നെയായാലും ആപ്പിന്റെ വരവും സാന്നിധ്യവും ബി.ജെ.പിയേക്കാളേറെ ക്ഷീണംചെയ്യുക കോൺഗ്രസിനാണ്. പഞ്ചാബിൽ മുഖ്യമന്ത്രിയെയടക്കം തോൽപിച്ച് കോൺഗ്രസിനെ മലർത്തിയടിച്ച ആത്മവിശ്വാസവുമായാണ് അവർ ഗുജറാത്തിൽ ഒരുകൈ നോക്കുന്നത്. സൗജന്യവാഗ്ദാനങ്ങളും ഡൽഹി മാതൃകയുടെ അവകാശവാദങ്ങളും ജനങ്ങൾ സ്വീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
(മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ ഗോധ്ര-ജേണി ഓഫ് എ പ്രൈംമിനിസ്റ്റർ, മോദി ടു മോദിത്വ- ആൻ അൺസെൻസേഡ് ട്രൂത്ത് എന്നീ കൃതികളുടെ രചയിതാവാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.