തോക്കിനാൽ തോൽക്കുന്ന അമേരിക്ക
text_fieldsഇക്കഴിഞ്ഞ മേയ് 24ന് തെക്കൻ ടെക്‌സസിലെ ഉവാൾഡെ എന്ന കൊച്ചു പട്ടണത്തിലെ എലിമെന്ററി സ്കൂളിൽ 19 വിദ്യാർഥികളും രണ്ട് അധ്യാപകരും ഉൾപ്പെടെ 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തന്റെ 18ാം ജന്മദിനത്തിൽ സ്വന്തം മുത്തശ്ശിയുടെ മാറിൽ നിറയൊഴിച്ചശേഷം സാൽവഡോർ റാമോസ് എന്നയാൾ സ്‌കൂളിലെത്തി പിഞ്ചു കുട്ടികളുടെ നേരെ ഘോരകൃത്യം ആവർത്തിക്കുകയായിരുന്നു.
ഈവർഷം അമേരിക്കയിലെ സ്കൂളുകളിൽ നടന്ന ഇരുപത്തിയേഴാമത്തെ വെടിവെപ്പാണിത്. 2018 നു ശേഷം നടക്കുന്ന 119ാ മത്തെയും. മുന്നിൽ ഏതു നിമിഷവും ചാടിവീണേക്കാവുന്ന തോക്കുധാരിയെ നേരിടാൻ പരിശീലനം നേടേണ്ട അവസ്ഥയിലാണ് അമേരിക്കയിലെ കൊച്ചു കുട്ടികൾ പോലും.
ന്യൂയോർക്കിലെ ബഫലോയിൽ സൂപ്പർ മാർക്കറ്റിൽ കറുത്ത വർഗക്കാരായ പത്തുപേർ വിവേചനരഹിതമായ വെടിവെപ്പിൽ കൊല്ലപ്പെട്ടതിനു പത്തുദിവസങ്ങൾക്കു ശേഷമാണ് ഉവാൾഡെയിലെ നരഹത്യ. അവിടെ കാഞ്ചി വലിച്ചതും 18 വയസ്സുകാരനാണ്. ബഫല്ലോയിലേത് വംശീയ കൂട്ടക്കൊലയാണെന്നു സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും ഉവാൾഡെ കൊലപാതകിയുടെ പ്രചോദനം അജ്ഞാതമാണ്.
വെള്ളക്കാരന്റെ മേൽക്കോയ്മ - Whitemen's Supremacy - സിദ്ധാന്തങ്ങൾ ഉദ്ഘോഷിക്കുന്ന 180 പേജുള്ള 'മാനിഫെസ്റ്റോ' ബഫലോ വെടിവെപ്പ് നടത്തിയ ജൻഡ്രോൺ ഓൺലൈനിൽ പബ്ലിഷ് ചെയ്തിരുന്നു. ഹിസ്പാനിക്‌സ്, ആഫ്രോ - ഏഷ്യൻ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങൾക്ക് അമേരിക്കയിലിപ്പോൾ അഭൂതപൂർവമായ ജനപിന്തുണയുണ്ട്. കുടിയേറ്റക്കാർ വെള്ളക്കാരുടെ അവസരങ്ങൾ കവർന്നെടുക്കുന്നു, കുടിയേറുന്നവരുടെ ക്രമാതീത വർധന ജനസംഖ്യ/ വംശീയ സന്തുലിതത്വം തകർക്കുന്നു തുടങ്ങിയ പ്രചാരണങ്ങൾ തീവ്ര വലതുപക്ഷ വൃത്തങ്ങളിൽ മാത്രമായി ഒതുങ്ങിയിടത്തു നിന്ന് രാഷ്ട്രീയ- സാമൂഹിക വ്യവഹാരത്തിന്റെ സർവ മണ്ഡലങ്ങളിലേക്കും പടർന്നിരിക്കുന്നു. റിപ്പബ്ലിക്കൻസ് ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയക്കാരിൽ ഇത്തരം പ്രചാരണങ്ങൾക്ക് സ്വാധീനം ലഭിക്കുന്നത് കുടിയേറ്റവിരുദ്ധ പൊതുബോധ നിർമിതിയെ ത്വരിതപ്പെടുത്തുന്നുണ്ട്.
ഫ്രാൻസിലെ തീവ്ര വലതുപക്ഷ എഴുത്തുകാരനായ റീണോഡ് കാമസ് യൂറോപ്പിലെ അറബ് - മുസ്‌ലിം കുടിയേറ്റക്കാർക്കെതിരെയും ആഫ്രിക്കൻ വംശജർക്കെതിരെയും 'Great Replacement Theory' എന്ന പേരിൽ കടുത്ത വംശീയതയിൽ ചാലിച്ചെടുത്ത് അവതരിപ്പിച്ച പ്രതിലോമ സിദ്ധാന്തം അമേരിക്കയിലും വംശീയ ആക്രമണങ്ങൾക്ക് വലിയ തോതിൽ പ്രചോദനമേകിയിട്ടുണ്ട്. 'ശക്തിപ്രാപിക്കുന്ന' കുടിയേറ്റ ജനത പടിഞ്ഞാറിനെ / അമേരിക്കയെ കീഴടക്കുംമുമ്പേ ഉയിർത്തെഴുന്നേൽക്കാൻ ആഹ്വാനം ചെയ്യുന്നതാണ് Great Replacement Theory എന്ന് അമേരിക്കൻ നാഷനൽ എമിഗ്രേഷൻ ഫോറം നടത്തിയ പഠനത്തിൽ അതിനെ വ്യവഹരിക്കുന്നു.
മധ്യവർഗത്തിൽ ഏറെ സ്വാധീനമുള്ള ഫോക്‌സ് ന്യൂസ് അവതാരകൻ ടക്കർ കാൾസണെ പോലുള്ള പോപ്പുലിസ്റ്റ് മാധ്യമപ്രവർത്തകരും ഈ 'സിദ്ധാന്ത'ത്തെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വെള്ളക്കാരല്ലാത്തവർ വെടിവെപ്പ് കേസുകളിൽ പ്രതികളായി വരുമ്പോൾ അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രമോ മതമോ വംശമോ ഒക്കെ വലിയ തോതിൽ അമേരിക്കൻ പൊതുമണ്ഡലത്തിൽ വിചാരണ ചെയ്യപ്പെടാറുണ്ട്. പക്ഷേ, കൊലയാളി 'ഒറ്റപ്പെട്ടവനും ഒതുങ്ങിക്കൂടുന്നവനുമായ' വെള്ളക്കാരനാവുമ്പോൾ മതമോ പ്രത്യയശാസ്ത്രമോ ആശയമോ ഒന്നും തന്നെ വിചാരണക്കുവിധേയമാകേണ്ടിവരുന്നില്ല; എല്ലാം പരാങ്മുഖനായ അക്രമിയുടെ ചെയ്തി മാത്രം.
'ദുഷ്ടനായ ഒരു തോക്കുധാരിയെ നിലക്കുനിർത്താൻ നല്ലവനായ തന്റെ കൈയിലും വേണം ഒരു തോക്ക് ' എന്ന രീതിയിൽ സാധാരണ അമേരിക്കക്കാരൻ ചിന്തിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങളിപ്പോൾ. മദ്യവും സിഗരറ്റും വാങ്ങണമെങ്കിൽ 21 വയസ്സ് തികയണമെന്നാണ് അമേരിക്കയിലെ നിയമം. എന്നാൽ, തോക്കുവാങ്ങാൻ 18 വയസ്സായാൽ മതി!
പൊതുഇടങ്ങളിൽ നടക്കുന്ന കൂട്ടവെടിവെപ്പിൽ ലോകത്തുതന്നെ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെടുന്ന രാജ്യമെന്ന 'കുത്തക' ആളോഹരി തോക്കുടമസ്ഥത ഏറ്റവും കൂടുതലുള്ള അമേരിക്കക്കുതന്നെയാണ്. ഓരോ നൂറുപേർക്കും 120 തോക്കുകൾ! 2011ൽ 100 പേർക്ക് 88 തോക്കുകൾ ഉണ്ടായിരുന്നിടത്തുനിന്നാണ് ഈ 'കുതിച്ചുചാട്ടം'. പൗരന്മാരേക്കാളേറെ തോക്കുകളെ പേറുന്ന ഒരു രാജ്യം എത്തിപ്പെട്ടേക്കാവുന്ന സ്വാഭാവിക പരിണതി മാത്രമാണ് അമേരിക്കയിൽ ഇപ്പോൾ സംഭവിക്കുന്നത് എന്ന് ചുരുക്കം.
1994ൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാനായിരുന്നപ്പോൾ തോക്കുപയോഗത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി അമേരിക്കൻ കോൺഗ്രസ് നിയമം പാസാക്കിയിരുന്നു. അതിനുശേഷം കൂട്ട വെടിവെപ്പു സംഭവങ്ങൾ കുറഞ്ഞിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ പിന്നീട് നിയന്ത്രണങ്ങൾ അയഞ്ഞു. ഉവാൾഡെ വെടിവെപ്പിൽ അക്രമി ഉപയോഗിച്ച AR -15 സ്റ്റൈൽ സെമി ഓട്ടോമാറ്റിക് റൈഫിൾ പോലെ കടുത്ത പ്രഹരശേഷിയുള്ള തോക്കുകളുടെ ഉപയോഗം വീണ്ടും വ്യാപകമായി.
തോക്കുകളുടെ ഉപയോഗവും വിൽപനയും നിയന്ത്രിക്കുകയെന്നത് അമേരിക്കൻ ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. നാഷനൽ റൈഫിൾസ് അസോസിയേഷൻ (NRA) എന്ന ആയുധലോബിക്ക് അമേരിക്കൻ ഡീപ് സ്റ്റേറ്റിൽ ഉള്ള സ്വാധീനം മനസ്സിലാക്കിയാൽ നമുക്കത് എളുപ്പം ബോധ്യപ്പെടും. രാജ്യത്തെ ഏറ്റവും ശക്തമായ ലോബിയിങ് ഗ്രൂപ്പായി ഇവർ മാറിക്കഴിഞ്ഞിരിക്കുന്നു. ആയുധ നിയന്ത്രണ ആവശ്യം ഉന്നയിക്കുന്ന രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും കൃത്യമായി ടാർഗറ്റ് ചെയ്‌ത് ആസൂത്രിത പ്രചാരണങ്ങളിലൂടെയും നിർലോഭ ഫണ്ടിങ്ങിലൂടെയും ഒതുക്കാനും വളക്കാനുമുള്ള എല്ലാ ശേഷിയും യു.എസ് ഗൺ ലോബിക്ക് ഉണ്ടെന്നതാണ് സത്യം. സെന്റർ ഫോർ റെസ്‌പോൺസിവ് പൊളിറ്റിക്‌സിന്റെ വിശകലനപ്രകാരം, 2000 മുതൽ 2012 വരെ, എൻ.ആർ.എയും അതിന്റെ സഖ്യ ഗ്രൂപ്പുകളും ചേർന്ന് 80 മില്യൺ ഡോളറാണ് യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റിവ് - സെനറ്റ്- പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിലേക്ക് ഒഴുക്കിയത്. 2016 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റ് സ്ഥാനാർഥിയായിരുന്ന ഹിലരി ക്ലിന്റന്റെ പ്രതിച്ഛായ തകർക്കുന്ന പരസ്യങ്ങൾക്കായി 20 മില്യൺ ഡോളറും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ പിന്തുണക്കുന്ന പരസ്യങ്ങൾക്കായി 10 മില്യൺ ഡോളറും ചെലവഴിച്ചുവെന്നും വിശകലനത്തിൽ പറയുന്നു.
അനിയന്ത്രിത തോക്കുപയോഗം പോലെ തന്നെ ഗുരുതരമാണ് യു.എസ് സമൂഹത്തിൽ വിവിധ വിഭാഗങ്ങൾ അനുഭവിക്കുന്ന തിരസ്കരണം, വിശേഷിച്ചും യുവജനങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന അന്യഥാബോധവും അപരവത്കരണവും. ബാല്യത്തിലും കൗമാരത്തിലും അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലും അരികുവത്കരണവും, റാഡിക്കലൈസേഷനും വന്യമായ പ്രതികാര ചിന്തയിലേക്ക് ചെറുപ്പക്കാരെ കൊണ്ടെത്തിക്കുന്നു. ഉവാൾഡെ വെടിവെപ്പിലെ പ്രതി സാൽവഡോർ റാമോസും ഒറ്റപ്പെട്ട ജീവിതം നയിച്ചയാളായിരുന്നു. സ്‌കൂൾ പഠനകാലത്ത് ഒട്ടേറെ പരിഹാസങ്ങൾക്കും ഉപദ്രവങ്ങൾക്കും അയാൾ വിധേയനായിട്ടുണ്ടെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു. ഒറ്റപ്പെടൽ അനുഭവിക്കുന്ന കൗമാരക്കാരിൽ നല്ലൊരു വിഭാഗം കില്ലർ ഗെയിമുകളിൽ തലപൂഴ്ത്തുന്നവരുമാണ്. കൊലവിളിച്ചും അപരനെ കൊന്നും സ്വയം കൊന്നും അവർ വെർച്വൽ ലോകത്ത് ഹിംസരസം ആസ്വദിക്കുന്നു. അതിനിടയിലേക്ക് കളിപ്പാട്ടം പോലെ തോക്കുകൾ കൂടി കടന്നുവരുന്നതോടെ കളി മാറുന്നു.
ഉവാൾഡെ വെടിവെപ്പിനുശേഷം പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അത്യധികം വികാരാധീനനായിരുന്നു. "ഒരു രാഷ്ട്രമെന്ന നിലയിൽ, ദൈവനാമത്തിൽ നാം എപ്പോഴാണ് തോക്ക് ലോബിക്കെതിരെ നിലകൊള്ളാൻ പോകുന്നത്? എന്തുകൊണ്ടാണ് നാം ഈ കൂട്ടക്കൊലയിൽ ജീവിക്കാൻ തയാറാവുന്നത് ? ഇനി നാം പ്രവർത്തിച്ചേ പറ്റൂ" - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ 2019 മാർച്ചിൽ മുസ്‌ലിം പള്ളിയിൽ 59 പേർ കൊല്ലപ്പെട്ട വെടിവെപ്പിന് 24 മണിക്കൂറിനുള്ളിൽതന്നെ പ്രധാനമന്ത്രി ജസീന്ത ആർഡൻ തോക്കുപയോഗ നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. ഒരു മാസത്തിനുശേഷം ന്യുസിലൻഡ് പാർലമെന്റിൽ ഈ വിഷയകമായി നടന്ന നിർണായക വോട്ടെടുപ്പിൽ ഐകകണ്ഠ്യേനയാണ് ബിൽ പാസായത്. എന്നാൽ, ശക്തരായ തോക്കു ലോബിയുടെ കളികൾ മറികടന്ന് പ്രസിഡന്റ് ബൈഡന് തന്റെ വാക്കുകൾ എത്രത്തോളം പ്രായോഗികതലത്തിലേക്ക് പരിവർത്തിപ്പിക്കാൻ സാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഒരുവശത്ത് സമൂഹത്തിൽ ആഴത്തിൽ വേരാഴ്ത്തിയ വംശീയത, മറുവശത്ത് ഒറ്റപ്പെടലും തിരസ്കരണവും മാനസിക സംഘർഷങ്ങളും പേറി ജീവിതം തള്ളിനീക്കുന്ന സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം. അതിനുപുറമെ രാഷ്ട്ര - സമൂഹഘടനയിൽ നിർണായകമായി പിടിമുറുക്കിയ തോക്ക് ലോബിയും. സ്ഥിതിഗതികൾ ഏറെ സങ്കീർണമാണിന്ന് അമേരിക്കയിൽ. സൈനിക- സാമ്പത്തിക ശേഷിയുടെ തിണ്ണബലത്തിൽ ഇക്കാലമത്രയും മൂന്നാംലോക രാജ്യങ്ങളെ തോക്കിൻമുനയിൽ നിർത്തി വിറപ്പിച്ചവർ വംശീയതയിലും മാനസിക വിഹ്വലതകളിലും വേവുന്ന സ്വന്തം ജനത പരസ്പരം തോക്കു ചൂണ്ടുമ്പോൾ തോറ്റുപോകുന്നത് മറ്റൊരു കാലനീതി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.