ഹമാസ് തോറ്റോ, ഇസ്രായേൽ വിജയിച്ചോ?
text_fieldsവടക്കൻ ചിന്തിലെ ഹമാസ് സേന സമ്പൂർണമായി നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേൽ പരസ്യമായി അവകാശപ്പെട്ടിട്ടില്ലെന്ന് കാണാനാവും. ‘മുതിർന്ന കമാൻഡർമാരെ ഇല്ലാതാക്കി’ പൊളിച്ചു’ എന്നിങ്ങനെ അവ്യക്തവും അതേ സമയം പൊതു സമ്പർക്കത്തിന് ഉപകരിക്കുന്നതുമായ പ്രയോഗങ്ങളാണ് നടത്തിയിരിക്കുന്നത്
വടക്കൻ ഗസ്സ ചീന്തിൽ ഹമാസിന്റെ സൈനികചട്ടക്കൂട് പൂർണമായി പൊളിച്ചു കഴിഞ്ഞതായി ഇസ്രായേലി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി അറിയിക്കുന്നു. ഹമാസിനെ തകർത്തശേഷം വടക്കൻ ഗസ്സയിലെ മുന്നേറ്റത്തിൽ കുറവ് വരുത്തുമെന്നാണ് സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലെ ഖസ്സാം ബ്രിഗേഡിന്റെ 12 ബറ്റാലിയനുകളെങ്കിലും തലപോയ അവസ്ഥയിലായി എന്ന് സൂചിപ്പിക്കാൻ കൊല്ലപ്പെട്ട ഹമാസ് കമാൻഡർമാരുടെ പട്ടികയും ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്
12 ബറ്റാലിയനുകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ അത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ വിജയം തന്നെയാണ്. ചീന്തിന്റെ മറ്റുമേഖലകളിൽ പോരാട്ടം തുടരുന്ന ഹമാസിനാകട്ടെ ഇവിടൊരു വീണ്ടെടുപ്പ് ഏറെക്കുറെ അസാധ്യവുമാണ്. ഇസ്രായേലിന്റെ അവകാശവാദങ്ങളും ഇരുപക്ഷങ്ങളുടെയും പ്രകടനവും സൂചിപ്പിക്കുന്നത് ഇത് വെറും ഇസ്രായേലി വിജയം അഥവാ ഹമാസിെൻറ പരാജയം മാത്രമല്ല എന്നാണ്.
അത്യാധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളും ഉപയോഗിച്ച് ഇസ്രായേലി സൈന്യം തുടർന്നുപോരുന്ന ആക്രമണത്തിൽ ഹമാസിന് കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നു എന്നകാര്യത്തിൽ അശേഷം സംശയംവേണ്ട. കമാൻഡർമാരും ഉപ കമാൻഡർമാരും ഗണ്യമായ തോതിൽ കൊല്ലപ്പെട്ടിരിക്കാനും എല്ലാ സാധ്യതകളുമുണ്ട്.
ഹെലികോപ്റ്ററുകളും ഡ്രോണുകളും വഴി കൃത്യം തെറ്റാത്ത റോക്കറ്റുകൾ വിക്ഷേപിക്കുന്നതുൾപ്പെടെ ഖസ്സാം ബ്രിഗേഡുകളുടെ കമാൻഡർമാരെത്തന്നെ ഉന്നമിട്ട് ഇല്ലാതാക്കാൻ എല്ലാവിധ മാർഗങ്ങളും ഇസ്രായേൽ പ്രയോഗിക്കുന്നുണ്ട്. പക്ഷേ, ഹമാസിന് ഈ രീതി പണ്ടേ പരിചിതമാണ്, ഇതിനനുസൃതമായിത്തന്നെയാണ് അവർ സേനയെ സജ്ജമാക്കിയിരിക്കുന്നതു തന്നെ. ഓരോ കമാൻഡർമാർക്കും കീഴിൽ സമാനമായ പരിശീലനം ലഭിച്ച ഒരു ഉപ കമാൻഡറെങ്കിലും പ്രവർത്തിക്കുന്നുണ്ട്. ഒരു നേതാവ് യുദ്ധത്തിൽ വീണുപോയാൽ അടുത്തയാൾ ആ സ്ഥാനത്തേക്ക് ഉയർന്നുവരുന്നു. അതു കൊണ്ടുതന്നെ ഏതെങ്കിലും യൂനിറ്റ് ഏറെ നേരം തലയറ്റുപോയ അവസ്ഥയിൽ നിൽക്കേണ്ടിവരുന്നത് അപൂർവമാണ്.
ഇസ്രായേലി സേനയും ഖസ്സാം ബ്രിഗേഡും യുദ്ധക്കളത്തിൽ പ്രവർത്തിക്കുന്ന രീതിയിലും മൗലികമായ വ്യത്യാസങ്ങളുണ്ട്. തികച്ചും ക്ലാസിക്കലായി ക്രമീകരിച്ച ഒരു സുസജ്ജ സൈന്യമാണ് ഇസ്രായേലിന്റെത്. അവരുടെ ഓരോ യൂനിറ്റിനും അഥവാ യുദ്ധ ഗ്രൂപ്പിനും കൃത്യമായ ചുമതലകളും ഉത്തരവാദിത്ത മേഖലകളും ഏൽപിച്ചുനൽകിയിട്ടുണ്ട്. ആസ്ഥാനത്തു നിന്നുള്ള അനുമതിക്കായി കാത്തുനിൽക്കാതെ ഓരോ അവസരങ്ങൾക്കനുസൃതമായി നീങ്ങാവുന്ന വിധത്തിൽ അവരുടെ ഓരോ യൂനിറ്റ് കമാൻഡറും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ഹമാസ് തീർത്തും വ്യത്യസ്തമായ ഒരു തത്ത്വമാണ് പ്രയോഗിക്കുന്നത്. രഹസ്യാത്മകത സൂക്ഷിച്ച് കമാൻഡുകളെ പരമാവധി വേർതിരിച്ചുനിർത്തി സംരക്ഷിക്കുകയാണ് ഖസ്സാം ബ്രിഗേഡിന്റെ രീതി.
ഒരു യൂനിറ്റ് തകർക്കപ്പെടുകയോ കീഴടക്കപ്പെടുകയോ ചെയ്താലും മറ്റു യൂനിറ്റുകളുടെ അതിജീവനം ഉറപ്പുവരുത്തുന്ന രീതിയിലാണ് അവരുടെ ഘടന രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ. ബ്രിഗേഡ് മേധാവികളുമായി നാമമാത്ര കൂടിയാലോചനകൾ നടത്തിയാണ് ഹമാസ് ബറ്റാലിയനുകളുടെ പ്രവർത്തനമെന്ന് കാണാം. വടക്കൻ ചീന്തിൽ സംഭവിച്ചതുപോലെ കമാൻഡർമാരും ഉപ നേതാക്കളും കുറഞ്ഞ ഒരു കാലയളവിനുള്ളിൽ ഇല്ലാതായാലും അവസാനം ലഭിച്ച ഉത്തരവുകൾക്കനുസൃതമായി സേനകൾക്ക് പ്രവർത്തനം തുടരാനാവും. അതിശക്തമായ ഏകോപനം ആവശ്യമായ ആക്രമണങ്ങളും മുന്നേറ്റങ്ങളും നടത്താൻ ഇത്തരത്തിൽ തീർത്തും സ്വതന്ത്രമായ സേനാസംവിധാനം കൊണ്ട് അസാധ്യമാണ്. എന്നാൽ, ഒക്ടോബർ 23ന് കരയുദ്ധം ആരംഭിച്ചതു മുതൽ ഹമാസ് നടത്തിവരുന്ന രീതിയിലെ പ്രതിരോധത്തിന് ഇത് ധാരാളവുമാണ്.
സമർഥമായ പോരാട്ടത്തിനുതകാത്ത, ‘തരംതാഴ്ന്ന’ സംഘമായാണ് ഹമാസിന്റെ ഗസ്സ ബ്രിഗേഡിനെയും വടക്കൻ ബ്രിഗേഡിനെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ (ഐ.എസ്.ഡബ്ല്യു) വിലയിരുത്തുന്നത്. രണ്ട് ബ്രിഗേഡുകളിലായുള്ള 12 ബറ്റാലിയനുകളിൽ 11 എണ്ണവും തകർന്ന മട്ടാണ്. അവശേഷിക്കുന്ന ഒന്നാകട്ടെ നാശം തട്ടാതെ പോരാട്ടസജ്ജമായി നിൽക്കുന്നു. ഏറെ ദുർബലപ്പെട്ടെങ്കിലും പോരാട്ടം നടത്താൻ പ്രത്യേകിച്ച് പ്രതിരോധം തുടരാൻ ഹമാസിന് ശേഷിയുണ്ടെന്നാണ് ആ വിലയിരുത്തലിൽനിന്ന് ലഭിക്കുന്ന സൂചന.
പിന്നെയെന്തുകൊണ്ടാണ്, രണ്ട് വടക്കൻ ബ്രിഗേഡുകൾ പരാജയപ്പെട്ടുവെന്നും ആക്രമണം മന്ദഗതിയിലാക്കുമെന്നും ഇസ്രായേൽ പ്രസ്താവിച്ചത്? സത്യത്തിൽ, ഈ പ്രസ്താവനകൾ ശ്രദ്ധാപൂർവം നോക്കിയാൽ വടക്കൻ ചീന്തിലെ ഹമാസ് സേന സമ്പൂർണമായി നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേൽ ഒരിക്കലും പരസ്യമായി അവകാശപ്പെട്ടിട്ടില്ലെന്നു കാണാനാകും. ‘മുതിർന്ന കമാൻഡർമാരെ ഇല്ലാതാക്കി’ പൊളിച്ചു’ എന്നിങ്ങനെ അവ്യക്തവും അതേ സമയം പൊതുസമ്പർക്കത്തിന് ഉപകരിക്കുന്നതുമായ പ്രയോഗങ്ങളാണ് നടത്തിയിരിക്കുന്നത്. ഹമാസിന് ‘നാശം’ അല്ലെങ്കിൽ ‘തോൽവി’ നൽകാനായി എന്ന് ഇസ്രായേലി സൈന്യം പറയുന്നതേയില്ല. മറിച്ച് ഇൻഫ്ലുവൻസർമാരും ബ്ലോഗർമാരും മറ്റുമാണ് ഇവ്വിധം പറയുന്നത്.
ആധുനിക യുദ്ധരീതികളിൽ യൂനിറ്റുകൾ നശിപ്പിക്കപ്പെടുന്നുവെന്നാൽ സിനിമകളിൽ കാണുന്നതുപോലെ അവസാന സൈനികനെ വരെ പിടികൂടുകയോ കൊല്ലുകയോ ഒന്നും അർഥമാക്കുന്നില്ല. താന്താങ്ങളുടെ ചുമതലകൾ നിറവേറ്റാൻ കഴിയാതാകുമ്പോൾ, തങ്ങളുടെ ആൾബലമോ ആയുധങ്ങളോ ക്ഷയിക്കുന്നുവെന്ന് തിരിച്ചറിയുമ്പോൾ സേനകൾ പോരാട്ടത്തിൽനിന്ന് വിടുതൽ നേടുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവശേഷിക്കുന്ന ആൾ-ആയുധബലം സംരക്ഷിച്ച്, യുദ്ധത്തിൽനിന്ന് മാറിനിന്ന് യൂനിറ്റുകൾ പരിഷ്കരിക്കാനോ അല്ലെങ്കിൽ ശത്രുവിനെതിരെ വിലയേറിയ സമീപകാല യുദ്ധ പരിചയമുള്ള പോരാളികളെ മറ്റു യൂനിറ്റുകളിൽ ചേർക്കാനോ ആണ് വിവേകശാലിയായ കമാൻഡർമാർ ശ്രമിക്കുക.
അതുതന്നെയാവാം വടക്കൻ ഗസ്സയിലും സംഭവിച്ചിട്ടുണ്ടാവുക. അതിശക്തമായ ഇസ്രായേലി സേനക്കെതിരെ ഏതെങ്കിലും ചില പോക്കറ്റുകളിൽ മാത്രം പ്രതിരോധം തുടരുന്നത് ഫലപ്രദമല്ലെന്നുകണ്ട് പിൻവാങ്ങാനും സേനയെ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാനും ഹമാസ് തീരുമാനിച്ചിട്ടുണ്ടാവാം. തുരങ്കങ്ങളുടെ നിയന്ത്രണം ഇപ്പോഴും കൈയാളുന്ന ഹമാസിന്റെ ആയിരക്കണക്കിന് പോരാളികൾ കുറഞ്ഞകാലത്തേക്ക് മധ്യ-ദക്ഷിണ മേഖലകളിലേക്ക് പിൻവാങ്ങി മൂന്നു ബ്രിഗേഡുകളെയും വീണ്ടും പൂർണസജ്ജമാക്കാനുള്ള സാധ്യതകളും നിലവിലുണ്ട്.
നിർമിത ബുദ്ധി നയിക്കുന്ന യുദ്ധങ്ങൾ
ഗസ്സ യുദ്ധത്തിൽ നിരീക്ഷണത്തിനും ബോംബാക്രമണത്തിന്റെ ലക്ഷ്യം നിർണയിക്കാനും ഹമാസിന്റെ തുരങ്കം കണ്ടെത്താനും ഇസ്രായേൽ പ്രതിരോധസേന ഹബ്സോറ എന്ന നിർമിത ബുദ്ധി സംവിധാനം ഉപയോഗിക്കുന്നതായി കഴിഞ്ഞയാഴ്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിർമിത ബുദ്ധി യുദ്ധങ്ങളുടെ സ്വഭാവം മാറ്റുകയാണ്.
ആളില്ലാ വിമാനങ്ങളും ബോട്ടുകളും ചെറുഡ്രോണുകളും ആക്രമണങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നു. സ്വന്തം സൈനികർക്ക് ജീവഹാനി ഭയക്കാതെ ആക്രമിക്കാൻ കഴിയുമ്പോൾ അധിനിവേശവും ക്രൂരമായ ആക്രമണങ്ങളും എളുപ്പമാകുന്നു. നിർമിത ബുദ്ധിയും മാരകായുധങ്ങളും ഉപയോഗിച്ചുള്ള യുദ്ധങ്ങൾ മാനവരാശിയെ എവിടെ എത്തിക്കുമെന്ന് ലോകം കാണാൻ പോകുന്നതേയുള്ളൂ. നിർമിത ബുദ്ധി നിർണയിക്കുന്ന ലക്ഷ്യങ്ങൾ എത്രത്തോളം വിശ്വസനീയമാണ് എന്ന ചോദ്യവും ഉയരുന്നു. ഗസ്സയിൽ കൊല്ലപ്പെട്ട സാധാരണക്കാർ ഇതിന് തെളിവാണ്. അതോ ഇനി സാധാരണക്കാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതാണോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.