തെരഞ്ഞെടുപ്പില്ലാ കാലത്തെ പിഴിച്ചിൽ
text_fieldsസംസ്ഥാനത്തിന്‍റെ ധനസ്ഥിതി ഒട്ടും മെച്ചമല്ലെന്ന സത്യമാണ് ബജറ്റ് അടിവരയിടുന്നത്. സംസ്ഥാന ഖജനാവിലെത്തുന്ന ഒരു രൂപ വരുമാനത്തിൽ 14.62 പൈസയും കമ്മിയാണ്. അഥവാ കടം വാങ്ങുന്നതാണ്. ഒരു രൂപ ചെലവിടുമ്പോൾ അതിൽ 16.53 പൈസയും പലിശ നൽകാനും തിരിച്ചടവിനും വേണ്ടിയും. ആശങ്ക ഉയർത്തുന്ന കണക്കുകളാണിത്. ഇക്കൊല്ലവും ബജറ്റ് ചെലവുകൾക്കായി കടം വാങ്ങാൻ ലക്ഷ്യമിടുന്നത് 28552.79 കോടി രൂപയാണ്. വരും വർഷങ്ങളിലും കടഭാരം കൂടുമെന്നു തന്നെ കരുതണം
ഇക്കൊല്ലം തെരഞ്ഞെടുപ്പുകളൊന്നുമില്ല. വരും വർഷങ്ങളിൽ അതല്ല സ്ഥിതി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് 2025 ലാണ്. നിയമസഭ തെരഞ്ഞെടുപ്പ് 2026 ലും. വോട്ടിൽ തിരിച്ചടി പേടിക്കേണ്ടാത്ത സുരക്ഷിത വർഷമെന്ന ധൈര്യത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇക്കുറി ജനത്തെ പിഴിഞ്ഞെടുക്കാൻ തീരുമാനിച്ചതെന്ന് വ്യക്തം. അത് കുറച്ചൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര കഠിനമാകുമെന്ന് ആരും നിനച്ചിരുന്നില്ല.
വരുമാനം കൂട്ടാനും ചെലവ് കുറക്കാനും നിരവധി നിർദേശങ്ങളാണ് സർക്കാറിന് മുന്നിൽ അട്ടിക്ക് കിടക്കുന്നത്. അതിന്‍റെ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് മാറ്റിവെക്കുകയാണ് മിക്ക ധനമന്ത്രിമാരും ചെയ്തത്. കോവിഡ് കാലത്ത് സർക്കാർ നിയോഗിച്ച രണ്ട് സമിതികളുടെ ശിപാർശകളിൽ നടപ്പാക്കാനാവില്ലെന്ന് കണ്ട് മാറ്റിവെച്ച പലതും ഇക്കുറി ബജറ്റിന്‍റെ താളുകളിൽ കാണാനാകും. പലതും കണ്ണിൽചോരയില്ലാത്ത ശിപാർശകൾ. ഇതിന്‍റെ തിരിച്ചടികളാണ് സർക്കാർ ഇപ്പോൾ നേരിടുന്നത്. ഒരു സാധാരണക്കാരനായ മലയാളിയുടെ ജീവിതത്തിൽ ഈ കടുംവെട്ട് എന്തു മാറ്റമാണ് ഉണ്ടാക്കുകയെന്ന് അറിയാത്തവരല്ല ഇത് പ്രഖ്യാപിച്ചത്. കിട്ടുന്ന വരുമാനത്തിൽ മാത്രം കണ്ണുടക്കുന്ന ധനകാര്യ ബ്യൂറോക്രാറ്റിക് ശൈലിയിലേക്ക് ധനമന്ത്രിയും മാറിയെന്ന് കരുതേണ്ടി വരും.
വാചകക്കസർത്തുകൾക്കും മനസ്സിലാകാത്ത ധനക്കണക്കുകൾക്കും നടുവിൽ പോക്കറ്റിലുള്ള നക്കാപ്പിച്ച കൂടി ചോർന്നുപോകുന്നുവെന്ന യാഥാർഥ്യത്തിലാണ് സാധാരണക്കാർ. കേന്ദ്രം ബജറ്റിൽ കേരളത്തിന് ഒന്നും തരാതിരിക്കാൻ ശ്രദ്ധിച്ചെങ്കിൽ കേരളമാവട്ടെ പാവപ്പെട്ടവന്‍റെ പോക്കറ്റിൽ ഉള്ളതു കൂടി പിടിച്ചുവാങ്ങുന്നുവെന്ന സ്ഥിതി. വമ്പന്മാർക്ക് പെട്രോളിനും കാറിനും വിലകൂടിയാലും ഭൂമിയുടെ ന്യായവില വർധിച്ചാലും പാറയുടെ വില കൂടിയാലും കെട്ടിടത്തിന് നികുതി ഉയർന്നാലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല.
അവരുടെ ജീവിതത്തെ അത് ഒരു നിലക്കും ബാധിക്കില്ല. പക്ഷേ അന്നന്നത്തെ അന്നം തേടുന്നവന്‍റെ കാര്യമതല്ല. ജീവിതച്ചെലവിൽ ചെറിയ കയറ്റം പോലും അവരെ വല്ലാതെ പ്രയാസത്തിലാക്കും. കോവിഡ് കാലത്തെ കൊടും ദുരിതം താണ്ടി വന്ന അവർ രണ്ട് കാലിൽ ഇതുവരെ ഉറച്ചു നിന്നിട്ടില്ല. കുടുംബങ്ങൾ കരകയറിയിട്ടില്ല. അത്തരക്കാരുടെ ജീവിതം ബജറ്റ് തീരെ കണ്ടില്ലെന്ന് പറയേണ്ടി വരും.
പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടുമ്പോൾ ധനികന് അത് ഒരു പ്രശ്നമല്ലെങ്കിലും സാധാരണക്കാരന് പ്രശ്നമാകുന്നത് അതുകൊണ്ടാണ്. സ്ത്രീകളും ചെറുപ്പക്കാരുമടക്കം ദിവസവേതനക്കാരുൾപ്പെടെ സമയത്തിന് ജോലിക്ക് പോയി വന്ന് കുടുംബം പുലർത്താൻ ഇരുചക്രവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. പെട്രോളിലെ സെസ് ആദ്യം ബാധിക്കുക അവരെയാണ്. ഓട്ടോക്കാരും ടാക്സിക്കാരും നിരക്ക് പിറകെ കൂട്ടും.
സ്വകാര്യ ബസുടമകൾ നിരക്ക് വർധന ആവശ്യപ്പെട്ട് കഴിഞ്ഞു. കടത്ത് കൂലി കൂടുന്നതോടെ എല്ലാ ഉൽപന്നങ്ങളുടെയും വിലയിൽ അത് പ്രതിഫലിക്കും. കടുത്ത ജനരോഷത്തിൽ ഇത് പുനഃപരിശോധിക്കാൻ ആലോചിച്ചുതുടങ്ങിയത് നല്ല കാര്യം. ഒട്ടനവധി ശ്രദ്ധേയമായ പദ്ധതികൾ ബജറ്റിലുണ്ടായിട്ടും അവ ശ്രദ്ധിക്കപ്പെടാതെ പോയത് നികുതി നിർദേശങ്ങളുടെ കാഠിന്യം കൊണ്ടാണ്. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചതും ജി.എസ്.ടി നഷ്ടപരിഹാരം നിലച്ചതും ധനകമീഷൻ നൽകിയ റവന്യൂ കമ്മി ഗ്രാന്‍റ് അവസാനിക്കുന്നതും സംസ്ഥാനത്തെ വല്ലാതെ ഞെരുക്കുന്നുണ്ട്.
ഇത് ഒരു ദിവസമുണ്ടായ തീരുമാനമല്ല. ഇതൊക്കെ നിലക്കുന്ന തീയതി നേരത്തേ തന്നെ സർക്കാറിന് അറിയാമായിരുന്നു. അതിനുള്ള ബദൽ മുൻകൂട്ടി സംസ്ഥാനം സ്വീകരിച്ചതുമില്ല. അർഹതപ്പെട്ട സഹായം കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ലെന്നും കേന്ദ്ര പദ്ധതികളിലെ വിഹിത മാനദണ്ഡം തിരിച്ചടിയാകുന്നുവെന്നതും യാഥാർഥ്യമായി നിൽക്കുമ്പോഴും അത് തിരുത്തിക്കാൻ നമുക്കായിട്ടില്ല.
സംസ്ഥാനത്തിന്‍റെ ധനസ്ഥിതി ഒട്ടും മെച്ചമല്ലെന്ന സത്യമാണ് ബജറ്റ് അടിവരയിടുന്നത്. സംസ്ഥാന ഖജനാവിലെത്തുന്ന ഒരു രൂപ വരുമാനത്തിൽ 14.62 പൈസയും കമ്മിയാണ്. അഥവാ കടം വാങ്ങുന്നതാണ്. ഒരു രൂപ ചെലവിടുമ്പോൾ അതിൽ 16.53 പൈസയും പലിശ നൽകാനും തിരിച്ചടവിനും വേണ്ടിയും. ആശങ്ക ഉയർത്തുന്ന കണക്കുകളാണിത്. ഇക്കൊല്ലവും ബജറ്റ് ചെലവുകൾക്കായി കടം വാങ്ങാൻ ലക്ഷ്യമിടുന്നത് 28552.79 കോടി രൂപയാണ്. വരും വർഷങ്ങളിലും കടഭാരം കൂടുമെന്നു തന്നെ കരുതണം. കടം കൂടുമ്പോൾ പലിശ ബാധ്യതയും കൂടും. വികസനത്തിന് വിനിയോഗിക്കേണ്ട പണം ഇങ്ങനെ പലിശ കൊടുത്ത് തീരും. കടം തിരിച്ചടവിനും പലിശ കൊടുക്കാനുമായി വീണ്ടും കടമെടുക്കേണ്ടി വരുന്നു. പെരുകുന്ന കടം വലിയ ബാധ്യതയായി തന്നെ സംസ്ഥാനത്തിന് ഭാവിയിലും വെല്ലുവിളി തീർക്കും.
സംസ്ഥാനം കടക്കെണിയിലല്ലെന്നും കടത്തിന്‍റെ തോത് കുറയുകയാണെന്നുമൊക്കെയാണ് സർക്കാർ അവകാശവാദം. അടുത്ത കൊല്ലം സംസ്ഥാനത്തിന്‍റെ പൊതുകടം നാല് ലക്ഷം കോടി(4,11,053.11) കടക്കും. 24-25ൽ ഇത് 4,55,727.77 കോടിയായി വർധിക്കും. കടത്തിനുള്ള പലിശ ബാധ്യത ഇക്കൊല്ലം 25,965 കോടിയാണ്.
24-25ൽ 28,961 കോടിയിലെത്തും. ശമ്പളം-പെൻഷൻ പലിശ എന്നിവയുടെ ചെലവ് നടപ്പു വർഷത്തെ 94,870 കോടിയിൽ നിന്ന് 24-25ൽ 1,15,306 കോടിയായി ഉയരും. എത്ര വലിയ തുകയാണ് ഇങ്ങനെ കടം പരിപാലനത്തിനായി മാറ്റിവെക്കേണ്ടി വരുന്നതെന്ന് ഓർത്തു നോക്കൂ.
12.01 ശതമാനം വളർച്ച കൈവരിച്ചുവെന്നാണ് ആസൂത്രണ ബോർഡ് പറയുന്നത്. അടുത്ത വർഷം സാമ്പത്തിക വളർച്ച 12.5 ശതമാനമായും 24-25ൽ 13.5 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും കാര്യങ്ങൾ അത്ര ഭദ്രമല്ലെന്നും ഖജനാവ് മെച്ചമല്ലെന്നുമാണ് വമ്പൻ നികുതി വർധനക്കുള്ള നിർദേശങ്ങൾ വഴി ധനമന്ത്രി നൽകുന്നത്. നികുതി കുടിശ്ശിക പിരിക്കാൻ ഊർജിത ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. 13,000 കോടിയിലേറെ രൂപയുടെ നികുതി കുടിശ്ശികയാണ് പിരിച്ചെടുക്കാനുള്ളത്. അത് പിരിച്ചിരുന്നുവെങ്കിൽ ഇത്ര വലിയ ഭാരം ജനത്തിനു മുകളിൽ അടിച്ചേൽപിക്കേണ്ടി വരുമായിരുന്നില്ല. നികുതി കുടിശ്ശികയാക്കിയവരിൽ പലരും വമ്പന്മാരാണ്. ഇതിൽ മുഖം നോക്കാതെ നടപടിക്ക് സർക്കാറുകൾ സന്നദ്ധവുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.