കോൺഗ്രസ് നന്നാവാൻ തീരുമാനിച്ചെന്നോ?
text_fieldsപ്രതിപക്ഷ ഐക്യത്തിന്റെ വഴിയിൽ പ്രായോഗികവും വഴക്കവുമുള്ള സമീപനങ്ങളിലാണ് കോൺഗ്രസ്. ഒന്നിച്ചുനിന്നില്ലെങ്കിൽ സർവനാശമാണെന്ന പ്രതിപക്ഷ പാർട്ടികളുടെ തിരിച്ചറിവാണ് ഐക്യദാഹം കൂട്ടുന്നത്. അതിനിടയിൽ, പ്രതിപക്ഷത്തെ ഞങ്ങൾതന്നെ നയിച്ചേ തീരൂ എന്ന വാശി ഇന്ന് കോൺഗ്രസിനില്ല.
നന്നാവാൻ തീരുമാനിച്ചു എന്നൊരു തോന്നൽ കോൺഗ്രസ് പ്രസരിപ്പിക്കുന്നുണ്ട്. അത് രണ്ടു കാരണങ്ങൾ കൊണ്ടാകാം. ഒന്ന്, കുത്തഴിഞ്ഞ പുസ്തകം പോലത്തെ അവസ്ഥയിൽനിന്നുള്ള മാറ്റം. രണ്ട്, കോൺഗ്രസിന്റെ പ്രതിയോഗികളോടുള്ള ജനാഭിപ്രായത്തിൽ വരുന്ന മാറ്റം. രണ്ടും സംഭവിക്കുന്നുണ്ട്.
ബി.ജെ.പിയുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല. അവരുടെ ഒന്നാംനിര നേതാക്കൾ തരപ്പെടുത്തിയ ഭൂരിപക്ഷ വിശ്വാസ്യതക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഭരണത്തോടുള്ള അതൃപ്തി വർധിച്ചു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് കേരളത്തിലടക്കം ഇതിന്റെ നേട്ടം കിട്ടുന്നു.
നന്നാവാൻ ഒരുക്കമല്ലെന്ന ശാഠ്യം വിട്ട്, കൈവിട്ട പ്രതാപം തിരിച്ചുപിടിക്കണമെന്ന താൽപര്യം കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായിട്ടുണ്ട്. നിലനിൽപുതന്നെ കടുത്ത ഭീഷണിയിലായാൽ പിന്നെ, കിണഞ്ഞുശ്രമിക്കാതെ തരമില്ല.
മല്ലികാർജുൻ ഖാർഗെയുടെ കടന്നുവരവ് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രക്കും എം.പി അല്ലാതാക്കിയതിനുംശേഷം രാഹുൽ ഗാന്ധിയോടുള്ള കാഴ്ചപ്പാടും മാറിയിരിക്കുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പുഫലം നൽകിയത് കോൺഗ്രസിനു മാത്രമല്ല, പ്രതിപക്ഷത്തിനാകെത്തന്നെ ജീവവായുവാണ്.
ഇതിനു ചുവടുപിടിച്ച് ലോക്സഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങണമെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ഇടവും ദൗത്യവും കൈവിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നുമുള്ള ചിന്തയോടെ കോൺഗ്രസ് ചുവടുവെക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ കാണാനുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ അതിനൊത്ത ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായി.
സി.പി.എം പ്രധാന പ്രതിയോഗിയായ കേരളത്തിലും തമ്മിലടി മൂലം സാധ്യത നഷ്ടപ്പെടാതിരിക്കാൻ കരുതൽ നീക്കങ്ങൾ കാണാനുണ്ട്. നെഹ്റു കുടുംബത്തിനു പുറത്തൊരാൾ പ്രസിഡന്റാകേണ്ട ഘട്ടം വന്നപ്പോൾ മൂന്നാമത്തെ നറുക്കു മാത്രമാണ് ഖാർഗെക്ക് കിട്ടിയത്. എന്നാൽ, തന്നെ നിശ്ചയിച്ചവർക്ക് തെറ്റിയില്ല എന്ന് തെളിയിക്കാൻ ഇതുവരെ ഖാർഗെക്ക് കഴിഞ്ഞുവെന്ന് പറയാം.
പരിചയത്തഴക്കവും വിശ്വസ്തതയും മുൻനിർത്തി നെഹ്റുകുടുംബം ആദ്യം താൽപര്യപ്പെട്ടത് അശോക് ഗെഹ് ലോട്ടിനെയാണ്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കാൾ അദ്ദേഹത്തിന് പ്രധാനം രാജസ്ഥാൻ മുഖ്യമന്ത്രിക്കസേരയായിരുന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെയാണ് പിന്നെ കണ്ടത്.
അദ്ദേഹവും ഒഴിഞ്ഞുമാറിയ പതിനൊന്നാം മണിക്കൂറിലാണ് മല്ലികാർജുൻ ഖാർഗെ പ്രസിഡന്റാകട്ടെ എന്ന് തീരുമാനിച്ചത്. തനിക്ക് അവസരം കിട്ടിയതിൽ അർഹത, പാകത, സീനിയോറിറ്റി, വിശ്വസ്തത എന്നിവക്ക് ഒരുപോലെ പങ്കുണ്ടെന്ന് തെളിയിക്കാൻ ഖാർഗെക്ക് കഴിയുന്നുണ്ട്.
തെരഞ്ഞെടുപ്പു നടത്തിപ്പിന്റെ സൂക്ഷ്മ നിർവഹണം വിദഗ്ധരായ പ്രഫഷനലുകളെ ഏൽപിച്ചത് കർണാടകത്തിൽ നേട്ടമായെന്ന് കോൺഗ്രസ് നേതാക്കൾ നൂറ്റൊന്നാവർത്തി പറയും. അതുകൊണ്ട് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കം കേരളത്തിലും രാജസ്ഥാനിലുമടക്കം പ്രഫഷനലുകൾക്ക് വിട്ടുകൊടുക്കുകയാണ്. ജയിച്ചേ തീരൂ എന്ന വാശിയോടെ കൈമെയ് മറന്ന് ഐക്യത്തോടെ ഒത്തുപിടിച്ചതിന്റെ ഫലമാണ് കർണാടകത്തിലെ ശക്തമായ തിരിച്ചുവരവ്.
കർണാടകക്കാരനായ ഖാർഗെ അവിടത്തെ നേതൃപോരുകൾക്കിടയിൽ പക്ഷംപിടിച്ചു നീങ്ങുമോ എന്ന ആശങ്കകൾവരെ ഉണ്ടായിരുന്നു. എന്നാൽ, വിട്ടുവീഴ്ചകളിലേക്ക് ഡി.കെ. ശിവകുമാറിനെ കൂട്ടിക്കൊണ്ടു പോകാനും, എന്താണോ സംഭവിക്കേണ്ടത് അത് നടത്തിയെടുക്കാനും കോൺഗ്രസ് ഹൈകമാൻഡിന് സാധിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ അവരവരുടെ ഇടപെടലുകൾ ഗുണപരമാക്കി.
ഗെഹ് ലോട്ടും സചിൻ പൈലറ്റുമായുള്ള പോര് ഒതുക്കാത്തതു മൂലം രാജസ്ഥാനിലെ സാധ്യതകൾ കളഞ്ഞുകുളിക്കുന്നുവെന്നു മാത്രമല്ല, പാർട്ടി പിളർന്നേക്കാമെന്ന സ്ഥിതി കൂടിയാണ് ഏതാനും ദിവസം മുമ്പുവരെ കോൺഗ്രസിനെ വേട്ടയാടിയിരുന്നത്. എന്നാൽ, ചില വിട്ടുവീഴ്ചകൾക്ക് ഗെഹ് ലോട്ടും അതിലേറെ മെയ്വഴക്കത്തിന് സചിനും പൊടുന്നനെ തയാറായി. രാഹുൽ ഗാന്ധിയെ ഒപ്പമിരുത്തി ഖാർഗെയുടെ നേതൃത്വത്തിൽ നടത്തിയ നാലുമണിക്കൂർ ചർച്ചയാണ് അതിലേക്ക് നയിച്ചത്.
കഴിഞ്ഞതൊന്നും വീണ്ടെടുക്കാനാവില്ല, ഭാവി മുൻനിർത്തി പ്രവർത്തിക്കണമെന്ന ഖാർഗെയുടെ ഉപദേശം സചിൻ സ്വീകരിച്ചു. സചിന്റെ മുഖം രക്ഷിക്കാൻ, അദ്ദേഹം ഉന്നയിച്ചു പോന്ന ആവശ്യങ്ങൾ അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഹൈകമാൻഡിനും സാധിച്ചു. പതിവില്ലാത്ത രണ്ടാമൂഴം രാജസ്ഥാനിൽ കോൺഗ്രസിന് കിട്ടാൻ ഇനിയുമേറെ നടക്കണമെങ്കിലും, ഗെഹ് ലോട്ടും സചിനും കെട്ടിപ്പിടിക്കുമെന്ന് വിചാരിച്ചവർ വിരളം.
മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തിനുശേഷം വിട്ടുകൊടുക്കാമെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ധാരണ പൊളിഞ്ഞ ഛത്തിസ്ഗഢിലും ഗുരുതരമായ സാഹചര്യമാണ് കോൺഗ്രസ് നേരിട്ടുകൊണ്ടിരുന്നത്. ഭൂപേഷ് ബാഘേൽ പദവി ഒഴിയാൻ തയാറായില്ല. സചിനെപ്പോലെ ടി.എസ്. സിങ്ദേവ് കോൺഗ്രസിൽ ഇടഞ്ഞു കഴിഞ്ഞു.
ഉപമുഖ്യമന്ത്രി പദവി സിങ്ദേവിന് നൽകി തെരഞ്ഞെടുപ്പിലേക്ക് യോജിച്ച് പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാൻ ഖാർഗെയുടെ നേതൃത്വത്തിന് സാധിച്ചപ്പോൾ അവിടെയും കോൺഗ്രസിന് ശ്വാസം വീണിട്ടുണ്ട്. മധ്യപ്രദേശ്, തെലങ്കാന, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം മുന്നിട്ടിറങ്ങി.
പ്രതിപക്ഷ ഐക്യത്തിന്റെ വഴിയിൽ പ്രായോഗികവും വഴക്കവുമുള്ള സമീപനങ്ങളിലാണ് കോൺഗ്രസ്. ഒന്നിച്ചുനിന്നില്ലെങ്കിൽ സർവനാശമാണെന്ന പ്രതിപക്ഷ പാർട്ടികളുടെ തിരിച്ചറിവാണ് ഐക്യദാഹം കൂട്ടുന്നത്. അതിനിടയിൽ, പ്രതിപക്ഷത്തെ ഞങ്ങൾതന്നെ നയിച്ചേ തീരൂ എന്ന വാശി ഇന്ന് കോൺഗ്രസിനില്ല.
ജനതാദൾ-യു നേതാവ് നിതീഷ് കുമാറിന്റെ സംഘാടനവും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ പട്ന വേദി നിർണയവും അംഗീകരിച്ച കോൺഗ്രസ്, ആഭ്യന്തരമായ എതിർപ്പുകൾ പറഞ്ഞൊതുക്കി ആം ആദ്മി പാർട്ടിയുമായിത്തന്നെ സഹകരിക്കുകയാണ്. ഇതിലൊക്കെ ഖാർഗെയുടെ പാർലമെന്ററി പ്രവർത്തന പരിചയം മുതൽക്കൂട്ടാവുന്നു. ഫലത്തിൽ ഖാർഗെയെ പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് കഴിയുന്നു.
നെഹ്റു കുടുംബത്തോടുള്ള കൂറ് നിലനിർത്തിക്കൊണ്ട് ഖാർഗെ വഴികാട്ടുന്നു. സോണിയയും രാഹുലും അതുമായി പൂർണതോതിൽ സഹകരിക്കുന്നു. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ സാഹചര്യങ്ങൾക്കൊത്ത് ഉണർന്നു പ്രവർത്തിച്ച് മികവ് വർധിപ്പിക്കാൻ കെ.സി. വേണുഗോപാൽ പരിശ്രമിക്കുന്നു. നിലവിൽ ഈ ക്രമീകരണം ഫലപ്രദമായി മുന്നോട്ടുപോകുന്നുവെന്ന് പറയാം.
നേതൃതലത്തിൽ വന്ന ഈ ഉണർവുകൊണ്ടായില്ലെന്ന യാഥാർഥ്യം മറുവശത്തുണ്ട്. ജയിച്ചേ തീരൂവെന്ന വാശിയിൽ മണ്ഡലം തോറും പാർട്ടി സജ്ജമാക്കുകയെന്ന വലിയ വെല്ലുവിളിയിലേക്ക് ഇനിയും നടന്നു തുടങ്ങിയിട്ടില്ല. പല സംസ്ഥാനങ്ങളിലും സംഘടന സംവിധാനം അടിക്കല്ല് ഇളകി തീർത്തും ദുർബലം. പാർട്ടിക്ക് പച്ചപ്പുള്ള സംസ്ഥാനങ്ങളിൽ ബൂത്ത് തലം മുതൽ മേലോട്ട് ഐക്യം സാധ്യമാകണം.
ഇങ്ങനെയെല്ലാം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സംഘടിപ്പിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. അണികളുടെ പ്രവർത്തനം ഉഷാറാകണം. അവിടെ, പാർട്ടിക്കാരുടെ പ്രവർത്തനോത്സുകതയേക്കാൾ പ്രതിയോഗിയുടെ പിഴവുകളിലാണ്, ജനങ്ങൾക്കുള്ള അതൃപ്തിയിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, കോൺഗ്രസുകാരെ ജയിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന പഴയ ധാരണകളിൽനിന്ന് പാർട്ടി ഇനിയും ബഹുദൂരം നടക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.