'മതഭ്രാന്ത് ഫാക്ടറി'; കപിൽ മിശ്രയുടെ ടെലഗ്രാം ഗ്രൂപുകളിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ
text_fieldsNewslaundry.com ന് വേണ്ടി മേഘാനന്ദ് എസ്& ശംഭവി ഠാക്കൂർ എന്നിവർ കണ്ടെത്തിയ വിവരങ്ങൾ
പരിഭാഷ: കെ.പി മൻസൂർ അലി
അതിവേഗം വേരുപടർത്തുന്ന ഹിന്ദുരാഷ്ട്രമെന്ന യാഥാർഥ്യം ഒരു വലിയ ക്രിസ്മസ് ആഘോഷമായിരുന്നുവെങ്കിൽ അതിലെ സാന്താേക്ലാസ് കപിൽ മിശ്ര തന്നെയാകും. ''ഹിന്ദു ആവാസ വ്യവസ്ഥ''യിലെ അംഗങ്ങൾ, ഹിന്ദുത്വയിൽ പൊതിഞ്ഞ് ജനങ്ങൾക്ക് രഹസ്യമായി എന്നാൽ വ്യവസ്ഥാപിതമായി മതസ്പർധയുടെയും മതഭ്രാന്തിെൻറയും സമ്മാനങ്ങൾ എത്തിച്ചുനൽകുന്ന വേതാളങ്ങളും.
മുൻ ആം ആദ്മി പാർട്ടി മന്ത്രിയും നിലവിൽ ബി.ജെ.പി നേതാവും ഒപ്പം 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കൂട്ടക്കുരുതിക്കു പിന്നിലെ കരങ്ങളെന്ന് ഇരകളും സന്നദ്ധ പ്രവർത്തകരും ആരോപണ മുനയിൽ നിർത്തിയ ആളുമായ മിശ്ര കഴിഞ്ഞ വർഷം നവംബർ 16ന് ഒരു ട്വീറ്റ് ചെയ്തിരുന്നു. ''ഹിന്ദു ആവാസ വ്യവസ്ഥ'' ടീം രൂപവത്കരിക്കുകയാണെന്നും അംഗമാകാൻ താൽപര്യമുള്ളവർ ഒരു ഫോം പൂരിപ്പിച്ചുനൽകി ചേരണമെന്നായിരുന്നു ആവശ്യം.
അപേക്ഷ ഫോം വളച്ചുകെട്ടില്ലാത്തതാണ്- പേരു വേണം, മൊബൈൽ ഫോൺ നമ്പർ, സംസ്ഥാനം, താമസിക്കുന്ന രാജ്യം എന്നിവയും ചേർക്കണം. കൂടെയുള്ള മറ്റൊരു ചോദ്യമാണ് ശ്രദ്ധേയം- ഹിന്ദു ആവാസ വ്യവസ്ഥയിലെ മുന്നണി പോരാളിയാകാൻ താൽപര്യമുള്ളവനെങ്കിൽ ഇഷ്ട മേഖല ഏതാണെന്ന് അറിയിക്കണം.
മേഖലകൾ ഏതൊക്കെയെന്ന് അറിയായ്ക വരാതിരിക്കാൻ കുറെ ഉദാഹരണങ്ങൾ (ഗോരക്ഷ, ഗോസേവ, ലവ് ജിഹാദിനെതിരായ പോരാട്ടം, ഘർ വാപസി, ഹലാൽ, മന്ദിർ നിർമൽ, ഹിന്ദു ഏകത, സേവ...തുടങ്ങിയവ) ചേർത്തിട്ടുണ്ട്.ഓൺലൈനായാണോ അതോ നേരിട്ടെത്തിയാണോ സംഘാംഗമാകുന്നതെന്ന് സത്യപ്രസ്താവവും നടത്തണം. ഇതു കണ്ട് ആവേശം കയറിയ ഞങ്ങൾ, അംഗമാകാൻ തന്നെ തീരുമാനിച്ചു. േഫാം പൂരിപ്പിച്ചുനൽകി. സമൂഹമാധ്യമമായ ടെലഗ്രാം ഗ്രൂപിൽ അംഗത്വവും ലഭിച്ചു. മറ്റു അനുബന്ധ ഗ്രൂപുകളിലേക്ക് കൂടി ചേർത്തുകിട്ടി.
ഈ ആവാസ വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു, പ്രചാരണവേലക്കുള്ള വസ്തുവകൾ എങ്ങനെ നിർമിക്കുന്നു, വിഷം പൊതിഞ്ഞ കഥകൾ മെനയുന്ന രീതിയെന്ത്, സാമുദായികസ്പർധയും മതഭ്രാന്തും ആളിക്കത്തിക്കാൻ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി നിർത്തുന്നതെങ്ങനെ, ഹിന്ദുത്വക്ക് പിന്തുണ ഉറപ്പാക്കാൻ ഏതേത് മാർഗങ്ങൾ... തുടങ്ങിയവ വിദൂരസാക്ഷിയായി ഞങ്ങൾ അടുത്തറിഞ്ഞു. അവരും ടൂൾകിറ്റുകൾ പങ്കുവെക്കുന്നുണ്ട്. കർഷക പ്രക്ഷോഭകരെ പിന്തുണച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് പങ്കുവെച്ച ടൂൾകിറ്റ് പോലെയുള്ളവ തന്നെ. തുൻബെർഗ് ടൂൾകിറ്റിെൻറ പേരിൽ കേസെടുത്ത ഡൽഹി പൊലീസ് യുവ സന്നദ്ധ പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തത് നാംകണ്ടു.
ഞങ്ങൾ കണ്ടെത്തിയ വസ്തുതകളുടെ രത്നച്ചുരുക്കം ഇതാണ്: 20,000 പേരുടെ ഒരു ശ്രംഖലയാണ് കപിൽ മിശ്ര നടത്തുന്നത്. സാമുദായിക വിരോധവും വെറുപ്പും പടർത്താൻ സംഘടിതമായാണ് സംഘം പ്രവർത്തിച്ചുവരുന്നത്.
വെറുപ്പ് ഫാക്ടറിയിലേക്ക് സ്വാഗതം
നവംബർ 27ന് അംഗങ്ങൾക്കായി മിശ്ര ഒരു വിഡിയോ പോസ്റ്റ് ചെയ്യുന്നു. 'ജോയിൻ ഹിന്ദുഎക്കോസിസ്റ്റം' എന്ന ഹാഷ്ടാഗിൽ ആദ്യ കാമ്പയിൻ അന്ന് രാവിലെ 10ന് ആരംഭിക്കുകയാണെന്നാണ് പ്രഖ്യാപനം.
ഇതുവരെ 27,000 പേർ ഫോം പൂരിപ്പിച്ചുനൽകിയെന്നും 15,000 പേർ ടെലഗ്രാം ഗ്രൂപിൽ അംഗത്വമെടുത്തുവെന്നും അദ്ദേഹം പറയുന്നു. 5,000 പേർ സമാനമായ ട്വിറ്റർ ഗ്രൂപിലും അംഗത്വമെടുത്തിട്ടുണ്ട്. ഇവരുടെ സാമൂഹിക, ലിംഗ സ്വത്വം വെളിപ്പെടുത്തുന്നില്ലെങ്കിലും യൂസർനെയിം കണ്ടാൽ ഉയർന്ന ജാതിക്കാരായ ഹിന്ദു പുരുഷന്മാർ ആണെന്ന് സംശയിക്കാം. ഹിന്ദുത്വ വക്താവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ ആദിത്യനാഥിെൻറ പേരും ഉപയോഗിച്ചിട്ടുണ്ട്. എന്തിനാണിത്. എന്തുകൊണ്ടില്ല?
നിർദിഷ്ട ഹാഷ്ടാഗിൽ ''സാംപിൾ ട്വീറ്റുകൾ'' ട്വീറ്റ് ചെയ്ത കൂടുതൽ പേരെ അംഗങ്ങളാക്കുകയായിരുന്നു ആദ്യ കാമ്പയിൻ ലക്ഷ്യം.അതേ ദിവസം ഹിന്ദുത്വ സംഘടനകളുടെ മാതൃവേദിയായ രാഷ്ട്രീയ സ്വയംസേവക് സംഘിെൻറ പ്രസിദ്ധീകരണങ്ങളായ 'ഓർഗനൈസർ, പാഞ്ചജന്യ' എന്നിവക്ക് വരി ചേർക്കുന്ന ഒരു കാമ്പയിൻ കൂടി മിശ്ര പ്രഖ്യാപിച്ചു.ഹിന്ദു എക്കോ സിസ്റ്റം ടെലഗ്രാം ഗ്രൂപിനായി പോസ്റ്റ് ചെയ്ത വിഡിയോയുടെ അവസാന ഭാഗത്ത്, കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ, പാർലമെൻറംഗം മനോജ് തിവാരി എന്നിവർ പാഞ്ചജന്യ പ്രചാരണവുമായി എത്തുന്നുണ്ട്.അതൊരു തുടക്കം മാത്രമായിരുന്നു. ഹിന്ദുത്വയെ സംഘടിത രൂപത്തിൽ പ്രചരിപ്പിക്കാൻ സഹായകമായി അതിദീർഘവും ദൂരവ്യാപകവുമായ ഓൺലൈൻ കാമ്പയിനുകൾക്കാവശ്യമായ രേഖകളുടെ പ്രവാഹം തുടർന്നു.
സന്ദേശങ്ങളുടെ ഒഴുക്കുമായി ഖ്യാതിയുടെ നെറുകെ ട്വിറ്റർ അനാവശ്യ സന്ദേശങ്ങൾകൊണ്ട് നിറക്കണമെന്ന് ഹിന്ദു എക്കോ സിസ്റ്റം വിശ്വസിക്കുന്നു. ഓരോ ആഴ്ചയിലും ഒരു വിഷയം തെരഞ്ഞെടുക്കും. ആ വിഷയത്തിൽ അതിതീവ്ര കാമ്പയിനാണ് അരങ്ങേറുക. ഒരു വശത്ത് ആൾക്കൂട്ട പ്രചാരണം, മറുവശത്ത് വ്യാജ വാർത്തകൾ. അങ്ങനെ ഹിന്ദുത്വ ആശയങ്ങൾക്ക് ആളെ കൂട്ടും. ടെലഗ്രാം ഗ്രൂപിൽ സംഘടിത കാമ്പയിൻ നടത്തേണ്ട വിഷയങ്ങൾ നിർണയിച്ചുള്ള ഒരു സന്ദേശം തന്നെ പിൻ ചെയ്തുവെച്ചിട്ടുണ്ട്. (ഹിന്ദു ഹോളകാസ്റ്റ്, സ്കൂളുകളിലെ തെറ്റായ വിദ്യാഭ്യാസം, സംസ്ഥാനങ്ങളിലെ ഹിന്ദു ന്യൂനപക്ഷം, ജനസംഖ്യ കുറഞ്ഞതിെൻറ പേരിലെ ഹിന്ദു പലായനം, നഷ്ടമായ പട്ടണങ്ങൾ, നഷ്ടമായ ക്ഷേത്രങ്ങൾ തുടങ്ങിയവ ഉദാഹരണം).
എക്കോസിസ്റ്റം അംഗങ്ങൾ ചെയ്യേണ്ടത് നിരന്തരം ട്വീറ്റുകളുമായി ട്വിറ്റർ നിറക്കണം. ഒരേ സമയം കൂടുതൽ പേർ അനാവശ്യ സന്ദേശങ്ങളുമായി നിറഞ്ഞുനിന്നാൽ, ഹാഷ്ടാഗ് ട്രെൻഡിങ് ആയി മാറും. എപ്പോൾ, എങ്ങനെ ഇത്തരം ട്വീറ്റുകളുമായി നിറയണമെന്ന് പഠിപ്പിക്കുന്ന നിരവധി രേഖകൾ ടെലഗ്രാം ഗ്രൂപിലുണ്ട്.
ട്വിറ്ററിൽ വ്യാജ സന്ദേശങ്ങൾ നിറക്കുന്നതിന് പുറമെ സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാനും ആളുണ്ട്. നിലവിലെ പോസ്റ്റുകൾ എങ്ങനെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നുവെന്ന് തെളിയിക്കുന്ന സ്ക്രീൻഷോട്ടുകളും ഈ വിഭാഗത്തിൽ കാണാം. എണ്ണം കൂട്ടി ട്വിറ്റർ പിടിക്കാൻ ആഹ്വാനവും ഉണ്ടാകും.
അവശ്യ വിഭവങ്ങൾ സാംപ്ൾ ട്വീറ്റുകൾക്ക് പുറമെ വിഭവമായി ഉപയോഗിക്കാവുന്ന വസ്തുക്കൾ, ടൂൾകിറ്റുകൾ എന്നിവയും ഗ്രൂപിൽ പങ്കുവെക്കും. 'ഇസ്ലാം വാർത്തകൾ', നിരുത്തരവാദ ചൈന'', ചർച്ച് സംസാരിക്കുന്നു'' എന്നിങ്ങനെ പേരുകളിലാകും അവ.
ക്രിസ്ത്യാനിസം, ഇസ്ലാം, ചൈന എന്നിവക്കെതിരെ നിരന്തരം വെടിക്കോപ്പുകൾ നൽകുകയാണ് ഇവിടെ ലക്ഷ്യമെന്ന് സാരം. വാർത്തകൾക്ക് പുറമെ ഇവ എങ്ങനെ അവതരിപ്പിക്കണമെന്നു പറയുന്ന കുറിപ്പടിയുമുണ്ടാകും.
ഗ്രെറ്റ ടൂൾകിറ്റിനെ അധിക്ഷേപിക്കാൻ നിരത്തുന്ന പ്രധാന ആരോപണം അത് ഇന്ത്യക്കെതിരായ''അന്താരാഷ്ട്ര ഗൂഢാലോചന''യുടെ ഭാഗമാണെന്നാണ്. ഓൺലൈനായും ഓഫ്ലൈനായും കർഷക സമരത്തെ പിന്തുണച്ച് നടത്തേണ്ട പരിപാടികളുടെ തീയതികൾ അവ നൽകുന്നുവെന്നും. ഹിന്ദു എക്കോ സിസ്റ്റവും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ, ന്യായമായ ഒരു ലക്ഷ്യം മുൻനിർത്തി ഗ്രെറ്റ ഒരു രേഖ മാത്രം പങ്കുവെച്ചപ്പോൾ മിശ്രയുടെ സംഘം ഓരോ ദിവസവും നിരവധി രേഖകളാണ് ന്യൂനപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനായി പങ്കുവെക്കുന്നത്.
ഗ്രൂപിെൻറ ഭാവി കാമ്പയിനുകളിൽ താൽപര്യമുണ്ടെങ്കിൽ മാർച്ച് മാസം നടത്തേണ്ടവയെ കുറിച്ച് വിശദ കലണ്ടറും നൽകിയിട്ടുണ്ട്. വായിച്ച് ആസ്വദിക്കൂ.വിഭവ നിർമാണം. അതുകൊണ്ട് എന്ത് എന്നു പറയാൻ വരട്ടെ. ചിലത് നമുക്ക് പറയാനുണ്ട്.
അനുബന്ധ ഗ്രൂപുകൾ
ഹിന്ദു എക്കോസിസ്റ്റം പരന്നുകിടക്കുകയാണ്. പ്രാഥമിക അംഗങ്ങൾക്ക് അഡ്മിൻമാരെ- മിശ്ര ഉൾപെടെ- കുറിച്ചല്ലാതെ അറിയില്ല. അതിനാൽ, അവർക്ക് സഹായമായി അനുബന്ധ ഗ്രൂപുകൾ വേറെയുണ്ട്. ചോദിക്കുക പോലും ചെയ്യാതെ ഞങ്ങൾക്കും കിട്ടി അവയിൽ അംഗത്വം, അതും മൂന്നെണ്ണത്തിൽ. അതിലൊന്ന് 33,000 അംഗങ്ങളുള്ള ഭരണനിർവഹണ സമിതി, 10,000 അംഗങ്ങളുള്ള അനുശീലൻ അഥവാ, മൂല്യനിർണയ സമിതി,1,900 അംഗങ്ങളുള്ള രാം രാം ജി എന്നിവയിൽ.
രാം രാം ജി ഗ്രൂപ് തുടക്കത്തിലേ അതിൽ എന്തു നടക്കുന്നുവെന്ന് വിശദീകരണം നൽകുന്നുണ്ട്. അത് ഇങ്ങനെ വിവർത്തനം ചെയ്യാമെന്ന് തോന്നുന്നു: ''പ്രകടന തത്പരർ ആണ് ഏറ്റവും വലിയ ഭീകരർ. ഹിന്ദുക്കൾ ക്രൂരമായി മുറിവേൽപിക്കപ്പെടുന്നു. ചുട്ടുകരിക്കപ്പെടുന്നു. വധിക്കപ്പെടുന്നു. ഊഴം കാത്തിരിക്കുകയാണ് നിങ്ങൾ''.
വിഡിയോകൾ, ചിത്രങ്ങൾ, OpIndia ലേഖനങ്ങൾ എന്നിവ പ്രചരിപ്പിക്കുകയാണ് അനുബന്ധ ഗ്രൂപുകളുടെ ജോലി. ഇവ സമാഹരിച്ച് പിന്നീട് എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കും. പൊതുപരിപാടികൾ മാറ്റംവരുത്തി ഹിന്ദുത്വ കഥകൾ ചേർത്ത് പുനരവതരിപ്പിക്കുന്നത് അംഗങ്ങളെന്ന നിലക്ക് ഞങ്ങൾ കണ്ടതാണ്.
ഹിന്ദു എക്കോസിസ്റ്റം അംഗങ്ങളുടെ സമർപണവും മിടുക്കും അപാരമാണ്. ഒരു സംഭവം കഴിഞ്ഞ് മിനിറ്റുകൾക്കകം അതിെൻറ വ്യാജോക്തികൾ സജ്ജമാകും. വ്യാജ വിഡിയോകൾ, ലേഖനങ്ങൾ, പോസ്റ്ററുകൾ, ഹാഷ്ടാഗുകൾ, കൂട്ടമായി ചെയ്യേണ്ട ട്വീറ്റ് ലിങ്കുകൾ എന്നിങ്ങനെ എല്ലാമെല്ലാം.
ആത്മവിശ്വാസം വിടാതെ നിർലജ്ജമായി എത്ര വേഗത്തിലാണ് അവർ എല്ലാം ഒരുക്കുന്നത്.താണ്ഡവ് ഓൺലൈൻ പരമ്പര ഇറങ്ങിയ ജനുവരി 15ന് മിശ്ര അംഗങ്ങളോടായി ബഹിഷ്കരണ കാമ്പയിൻ നടത്താൻ ആഹ്വാനം ചെയ്യുന്നു.പിന്നെ സംഭവിച്ചതെല്ലാം നാം കണ്ടതാണ്.
റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങൾ മാത്രം എടുത്തുനോക്കാം. ട്രാക്ടർ മാർച്ച് നടത്തിയ കർഷകർ 'പൊലീസുമായി സംഘട്ടനം' നടത്തിയെന്ന വാർത്ത വന്നയുടൻ ഗ്രൂപിലുടനീളം സിഖ് വിരുദ്ധ 'സിഖ് തീവ്രവാദ' ഗൂഢാലോചന സിദ്ധാന്ത മുഖരിതമായി. ആവശ്യമായ പോസ്റ്ററുകൾ, വിഡിയോകൾ, ട്വീറ്റുകൾ എന്നിങ്ങനെ എല്ലാം ലഭ്യമായി.
രിഹാന ട്വീറ്റിനു പിറകെ ഇന്ത്യൻ സമൂഹ മാധ്യമങ്ങൾ നിറഞ്ഞാടിയ ''അന്താരാഷ്ട്ര സെലിബ്രിറ്റി ഗൂഢാലോചന'' ഓർമയുണ്ടാകും. അന്നത്തെ ഗ്രൂപിെൻറ മുഖം ഇങ്ങനെയൊക്കെയായിരുന്നു.
പോസ്റ്റുകളുടെ പൊതു സ്വഭാവം മറ്റൊന്നായിരുന്നില്ല- സിഖ് സമുദായത്തിന് ഭീകരമുദ്ര നൽകണം. അവരെ ഖലിസ്താനുമായി ചേർത്തുകെട്ടി ഭീകരരാക്കി മാറ്റണം. കൂട്ടത്തിൽ മുസ്ലിംകളെ കൂടി ഭീകരരാക്കാം.അനുബന്ധമായി, ''ഹിന്ദു ക്ഷേത്രങ്ങൾതകർത്ത് നിർമിച്ച പള്ളികളു''ടെ വിശദാംശങ്ങളുമുണ്ട്.
ഓൺൈലനിൽ ജീവിക്കുന്ന ചില വിഡ്ഢികളുടെ താന്തോന്നിത്തം എന്നു തോന്നിയേക്കാം. എന്നാൽ, ഇന്ത്യയിൽ വലിയ വിഭാഗത്തെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ് ഇവ. ഇവ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കും, ''ഹിന്ദു അപകടത്തിലാണ്'' എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.