വിദ്വേഷ പ്രസംഗങ്ങൾ;തെരഞ്ഞെടുപ്പ് കമീഷൻ തോറ്റുപോകുമ്പോൾ
text_fieldsവർഗീയതയും വിദ്വേഷവും ഇളക്കിവിടുന്ന പരാമർശങ്ങൾ നടത്തി ചട്ടലംഘനം പതിവാക്കിയ പ്രധാനമന്ത്രിക്കും കൂട്ടാളികൾക്കുമെതിരെ നടപടിയെടുക്കാൻ തയാറാവാത്ത തെരഞ്ഞെടുപ്പ് കമീഷന്റെ ലജ്ജാകരമായ നിലപാടിനെ ചോദ്യം ചെയ്യുന്നു മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ
മുൻകാലങ്ങളിലൊരിക്കലും ദൃശ്യമാവാത്ത വിധത്തിലെ വൃത്തികെട്ട വർഗീയ വിദ്വേഷവും അധിക്ഷേപകരമായ പ്രയോഗങ്ങളും നിറഞ്ഞ പ്രചാരണ ആഖ്യാനങ്ങളുടെ പേരിൽ 18ാം പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കും. ഏപ്രിൽ 18ന് നടന്ന ആദ്യഘട്ട പോളിങ്ങിന് ശേഷം ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത മുസ്ലിം വിരുദ്ധ വിശേഷണങ്ങൾ ഉപയോഗിച്ച് മതവിദ്വേഷം വിതറുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കൾ അത് ഏറ്റുപാടി. അനുരാഗ് ഠാകൂർ, പുഷ്കർ സിങ് ധാമി, ഹിമന്ദ ബിസ്വ ശർമ പോലുള്ള ഇളമുറക്കാരും അവരോടൊപ്പം ചേർന്നു.
1977 മുതൽ ഇംഗ്ലീഷ് ദിനപത്രങ്ങൾക്കുവേണ്ടി പൊതുതെരഞ്ഞെടുപ്പുകൾ കവർ ചെയ്തുപോരുന്നയാളാണ് ഈ കുറിപ്പുകാരൻ. സാമ്പത്തിക പരിപാടികളിലോ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലോ ഇത്രയേറെ മിണ്ടാട്ടംമുട്ടിയ ഒരു പ്രധാനമന്ത്രി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മാന്യമായ, പ്രശ്നാധിഷ്ഠിത തെരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോൾ പഴങ്കഥയായിരിക്കുന്നു. ഒട്ടനവധി തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ പരിചയസമ്പത്തുള്ള മുതിർന്ന നേതാവ് ശരദ് പവാർ പറഞ്ഞത്, വസ്തുതകളെ ആധാരമാക്കി സംസാരിക്കാത്ത ഇതുപോലൊരു പ്രധാനമന്ത്രിയെ താൻ കണ്ടിട്ടില്ലെന്നാണ്. ‘ഭടക്തി ആത്മ (അലഞ്ഞുതിരിയുന്ന ആത്മാവ്)’ എന്നാണ് മോദി അതിനദ്ദേഹത്തെ പരിഹസിച്ചത്.
പ്രതിപക്ഷത്തിന് നേരെ മോദി ഉന്നയിച്ച ആരോപണങ്ങൾ നോക്കുേമ്പാൾ പവാർ പറഞ്ഞതിൽ കാര്യമുണ്ട്. രാമ-ശൈവ ഭക്തരെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസിനെ പാകിസ്താന്റെ ശിഷ്യൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ രണ്ടാംകിട പൗരരായിരിക്കുന്നു’വെന്ന് പ്രഖ്യപിച്ച മോദി കുറ്റാരോപിതന്റെ പേര് ശൈഖ് ഷാജഹാൻ എന്നായതുകൊണ്ടാണ് സന്ദേശ്ഖലിയിൽ മമതാ ബാനർജി നടപടി സ്വീകരിക്കാഞ്ഞത് എന്നുമാരോപിച്ചു.
പ്രതിപക്ഷത്തിന് ചുകപ്പ് കാർഡ്
ഇതൊക്കെ നടക്കുേമ്പാഴും അസാധാരണമായതൊന്നും സംഭവിച്ചിട്ടില്ല എന്നു നടിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ. എന്നാൽ, ഭരണകക്ഷി ആവശ്യപ്പെട്ടതിൻപ്രകാരം പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരായി നടപടികൾ സ്വീകരിക്കുകയും ചെയ്തു. പണം നൽകുന്നതിന് സമാനമായിത്തീരുമെന്ന് ചൂണ്ടിക്കാട്ടി ഈയിടെ കോൺഗ്രസിന്റെ ഗാരന്റി കാർഡ് വിതരണം കമീഷൻ നിർത്തിവെപ്പിച്ചിരുന്നു. ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാൽ, കൊട്ടിഘോഷിക്കപ്പെട്ട ‘മോദിയുടെ ഗാരന്റി’ കാർഡിൽ അവർക്ക് ഒരു കുഴപ്പവും തോന്നിയതുമില്ല. കഴിഞ്ഞ മാസം ആദ്യഘട്ട പോളിങ്ങിന്റെ തലേനാൾ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ, മോദിയുടെ ‘ഗാരന്റി കാർഡ്’ അപ്ഡേറ്റ് പുതുക്കിയിട്ടുണ്ടെന്നും അടുത്ത അഞ്ച് വർഷത്തേക്ക് സൗജന്യ റേഷൻ തുടരുമെന്നും പാവപ്പെട്ടവർക്ക് മൂന്നു കോടി വീടുകൾ നിർമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാരന്റി കാർഡിനെക്കുറിച്ച് അദ്ദേഹം തുടരെത്തുടരെ പറയുന്നുണ്ടെങ്കിലും കമീഷൻ അതറിഞ്ഞമട്ടേയില്ല.
കമീഷൻ കൈക്കൊണ്ട മറ്റു നടപടികളും ഒട്ടുംതന്നെ പ്രതീക്ഷയേകുന്നവയല്ല. ആം ആദ്മി പാർട്ടിയുടെയും ഉദ്ധവ് പക്ഷ ശിവസേനയുടെയും തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾക്കെതിരെ ബി.ജെ.പി പരാതി നൽകിയ ഉടനെ നടപടികളുമായി മുന്നോട്ടുവന്നു അധികൃതർ. മതപ്രേരിതമാകയാൽ ജയ് ഭവാനി, ഹിന്ദു എന്നീ വാക്കുകൾ തെരഞ്ഞെടുപ്പ് ഗാനത്തിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തെ എതിർത്ത ഉദ്ധവ് മോദിയും ഷായും ഹനുമാന്റെയും രാമന്റെയും പേരിൽ വോട്ടുചോദിക്കുന്നതിന്റെ ക്ലിപ്പുകൾ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ ഹാജരാക്കി.
അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. ചന്ദ്രശേഖർ റാവുവിന് 48 മണിക്കൂർ പ്രചാരണവിലക്ക് ഏർപ്പെടുത്തി കമീഷൻ. അന്നേരം ബി.ആർ.എസ് പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു: പൊതുവേദിയിൽ നടത്തിയ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ മോദിക്കെതിരെ നടപടി കൈക്കൊള്ളാത്തത് എന്തുകൊണ്ടാണ്?
മറ്റൊരവസരത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ആരോപിച്ചത് തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നാണ്. കമീഷനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡൽഹി മന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അതിഷി ബി.ജെ.പി പരാതി നൽകുേമ്പാൾ മാത്രമാണ് അവർ നടപടിയെടുക്കുന്നതെന്നും ഭരണകക്ഷിയുടെ നിയമലംഘനങ്ങളോട് നിശ്ശബ്ദത പാലിക്കുകയാണെന്നും ആരോപിച്ചു.
പരാതികൾ അവഗണിച്ചു
ആദ്യഘട്ട പോളിങ് സമാപിച്ച ഘട്ടത്തിൽതന്നെ പ്രധാനമന്ത്രി നടത്തിയ മാതൃക പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അര ഡസനിലേറെ ചട്ടലംഘനങ്ങളാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാണിച്ചത്. എന്നാൽ, കമീഷൻ അനങ്ങിയില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് മന്ദിർ മാർഗ് പൊലീസിൽ നൽകിയ അപേക്ഷ നിരസിച്ചതിനെ തുടർന്ന് പാർട്ടി പൊലീസ് കമീഷണറെ സമീപിച്ചിരുന്നു.
ഒാരോ സന്ദർഭങ്ങളും ചൂണ്ടിക്കാട്ടി 16 പരാതികളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ, ഒരു സർക്കാർ ഏജൻസിയും വലിയ മുതലാളിക്കെതിരെ നടപടിയെടുക്കാൻ ധൈര്യപ്പെട്ടില്ല. ഒടുവിൽ വിഷയം മാധ്യമങ്ങളിൽ വലിയ വിവാദമായപ്പോൾ കമീഷൻ വിചിത്രമായ ഒരു രീതി സ്വീകരിച്ചു. മോദിക്കെതിരായ പരാതികളുടെ പേരിലെ നോട്ടീസ് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡക്കാണയച്ചത്. ചരിത്രത്തിൽതന്നെ ഇതാദ്യമായിട്ടാവും ഇത്തരമൊരു രീതി. ഈ ചെയ്തിയെ ന്യായീകരിക്കുന്നതിനായി രാഹുൽ ഗാന്ധിക്കെതിരായ പരാതിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും അവർ നോട്ടീസ് നൽകി. ഈ സമീപനം ഒരു ചോദ്യമുയർത്തുന്നുണ്ട്: ഇനിമേൽ ഏതൊരു നേതാവ് മാതൃക പെരുമാറ്റച്ചട്ട ലംഘിച്ചാലും അതത് പാർട്ടി അധ്യക്ഷന്മാർക്കാണോ നോട്ടീസ് അയക്കുക? ചട്ടം ലംഘിച്ചവർക്ക് അയക്കില്ലേ?
മോദിയും സഹപ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം എന്ന പേരിൽ നടത്തിയ ചില അപകീർത്തികരമായ പ്രസ്താവനകൾ നോക്കുക:
കഴിഞ്ഞ മാസം ബൻസ്വാരയിൽ നടന്ന റാലിയിൽ, ‘നിങ്ങൾ’ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും സ്വത്തുക്കളും ‘നുഴഞ്ഞുകയറ്റക്കാർക്കും’ ‘കൂടുതൽ കുട്ടികളുള്ളവർക്കും’ നൽകാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് മോദി ആരോപിച്ചു. “എന്റെ അമ്മമാരേ, പെങ്ങൻമാരേ, അവർ നിങ്ങളുടെ മംഗല്യസൂത്രം (താലിമാല)പോലും ഒഴിവാക്കില്ല. അവർ ഏതറ്റം വരെയും പോയേക്കും. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? നിങ്ങൾ അത് അനുവദിക്കുമോ?’’ -മോദി ചോദിച്ചു. വോട്ട് തേടാൻ മതം ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റച്ചട്ടം വിലക്കുന്നു.
അനന്തരാവകാശ നികുതി അടിച്ചേൽപിക്കാൻ കോൺഗ്രസ് താൽപര്യപ്പെടുന്നുവെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സ്വത്ത് ‘സിന്ദഗി കെ സാത്ത് ഔർ സിന്ദഗി കേ ബാദ് (ജീവിതകാലത്തും അതിനുശേഷവും)’ തട്ടിയെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോപിച്ചു. ഇത് വാസ്തവവിരുദ്ധമാണെന്ന് കോൺഗ്രസ് വിശദമാക്കി.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാത്ത കോൺഗ്രസിനെയും സഖ്യകക്ഷികളെയും നിരാകരിക്കണമെന്ന് കർണാടകയിലെ കലബുറഗിയിൽ മോദി വോട്ടർമാരോട് അഭ്യർഥിച്ചു.
ഒ.ബി.സി പട്ടികയിൽപ്പെടുത്തി മുസ്ലിംകൾക്ക് സംവരണം നൽകിയെന്ന് അദ്ദേഹം കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ കുറ്റപ്പെടുത്തി. എന്നാൽ, 1994ലാണ് ഈ േക്വാട്ട ആവിഷ്കരിച്ചതെന്നും ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ കാലത്തും ഇത് നിലനിന്നിരുന്നുവെന്നും കർണാടക മുഖ്യമന്ത്രി വിശദീകരിച്ചു.
അനന്തരാവകാശ നികുതിയെക്കുറിച്ചുള്ള തന്റെ വാദങ്ങൾ ആവർത്തിക്കവേ ‘ഷഹ്സാദ (രാഹുലിന് മോദി നൽകുന്ന വിശേഷണം)’ മഹാരാജാക്കളെ അപമാനിച്ചുവെന്നും നവാബുകളുടെ അതിക്രമങ്ങളിൽ നിശ്ശബ്ദത പാലിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ഹനുമാൻ ചാലിസ കേൾക്കുന്നതുപോലും കുറ്റകൃത്യമാണെന്നും ആരോപിച്ചു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ പിൻവാതിലിലൂടെ മുസ്ലിം വ്യക്തിനിയമം കൊണ്ടുവരുമെന്ന് അമിത് ഷാ ആരോപിച്ചു. ശരീഅത്ത് നിയമം കൊണ്ടുവരുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് ആദിത്യനാഥ് വിളിച്ചുപറഞ്ഞു.
സായുധസേനയിൽ ജാതി സർവേ നടത്താനും ന്യൂനപക്ഷ േക്വാട്ട ഏർപ്പെടുത്താനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രിയെ പ്രകീർത്തിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, കേന്ദ്രത്തിൽ രാമഭക്തർ അധികാരത്തിൽ വരുന്നുവെന്ന് ഉറപ്പാക്കണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ മക്കളുടെ സ്വത്ത് കോൺഗ്രസ് മുസ്ലിംകൾക്ക് നൽകുമെന്ന് യുവമന്ത്രിയായ അനുരാഗ് ഠാകുർ ആരോപിച്ചു.
ഇത്തരം നഗ്നമായ മാതൃക പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ കുറ്റം നടത്തിയവരുടെ സ്ഥാനമാനങ്ങൾ നോക്കാതെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ സന്നദ്ധമാകുമോ?
ഈ ചോദ്യത്തിന് ഉത്തരം തേടുേമ്പാൾ രണ്ട് ഘടകങ്ങൾ പരിഗണിക്കണം - മോദി നിയോഗിച്ച കമീഷന്റെ ട്രാക്ക് റെക്കോഡും നിലവിലെ തെരഞ്ഞെടുപ്പ് കമീഷണർമാർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അളവും. ദൗർഭാഗ്യവശാൽ, ധീരമായ പ്രവർത്തനം അവർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
കുറ്റക്കാർക്ക് ധൈര്യം പകരുന്നത്
വാസ്തവത്തിൽ, മാതൃക പെരുമാറ്റച്ചട്ടം സംരക്ഷിക്കുന്നതിലെ തെരഞ്ഞെടുപ്പ് കമീഷന്റെ കഴിവില്ലായ്മ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കാൻ ഇവർക്ക് കൂടുതൽ ധൈര്യം പകരുന്നു. പാർട്ടി അധ്യക്ഷർക്ക് കമീഷൻ ഏപ്രിൽ 25ന് നൽകിയ നോട്ടീസിനുശേഷം, തെറ്റുകാർ അവരുടെ നിലപാടിൽ ഖേദിക്കുകയല്ല കൂടുതൽ ഉറച്ചുനിൽക്കുകയാണുണ്ടായത്.
സംയമനം പുലർത്തുന്നതിന് പകരം, എല്ലാ ബി.ജെ.പി സ്ഥാനാർഥികളോടും തന്നെ പിന്തുടരാനും ഒ.ബി.സി േക്വാട്ട ‘തട്ടിപ്പറിച്ച്’ മുസ്ലിംകൾക്ക് നൽകാനുള്ള കോൺഗ്രസ് പദ്ധതി വെളിപ്പെടുത്താനും മോദി ആവശ്യപ്പെട്ടു
2019ലെ പൊതുതെരഞ്ഞെടുപ്പ് വേളയിൽ, മോദിയുടെ ചട്ടലംഘനങ്ങൾക്കെതിരെ കമീഷന് മുന്നറിയിപ്പ് നൽകാൻ സുപ്രീംകോടതി ഏറ്റവും കുറഞ്ഞത് ആറ് തവണയെങ്കിലും ഇടപെട്ടു. മോദിക്കും ഷാക്കുമെതിരായ പരാതികൾ ഒരു മാസത്തിലേറെയായി തീർപ്പാക്കാതെ വെച്ചു കമീഷൻ. 2019 ഏപ്രിൽ 15ന് അന്നത്തെ മുഖ്യതെരഞ്ഞെടുപ്പ് കമീഷനർ സുനിൽ അറോറയെ വിളിച്ചുവരുത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയ ശേഷമാണ് കമീഷൻ യോഗം ചേർന്ന് മോദിക്കും ഷാക്കും ക്ലീൻചിറ്റ് നൽകിയത്. ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച തെരഞ്ഞെടുപ്പ് കമീഷനർ അശോക് ലവാസ പിന്നീട് രാജിവെക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് ഏതാണ്ട് പാതിവഴിയിലെത്തി നിൽക്കുേമ്പാഴും വിരമിച്ച ശേഷം മോദി ഭരണകൂടം മുഖേന രാജ്യസഭ ടിക്കറ്റ് നേടിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അന്ന് ഇടപെട്ടത്രപോലും ഇത്തവണ സുപ്രീംകോടതി ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പ് കമീഷൻ നിയമത്തിൽ 2023 ഡിസംബറിൽ നടപ്പാക്കിയ ഭേദഗതികൾ കമീഷന് മേൽ കൂടുതൽ നിയന്ത്രണം പുലർത്താൻ സർക്കാറിന് ഇടം നൽകി. കമീഷണർമാരെ കണ്ടെത്തുന്നതിനുള്ള പാനലിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറന്തള്ളി കേന്ദ്രമന്ത്രിയെ തിരുകിക്കയറ്റിയതോടെ ആരെ നിയോഗിക്കണമെന്ന് തീരുമാനിക്കാൻ സർക്കാറിന് പൂർണാധികാരം കൈവന്നു. അംഗങ്ങളുടെ സേവനം സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന് കൂടുതൽ പിടിമുറുക്കാനും സഹായിച്ചു.
തെരഞ്ഞെടുപ്പ് വ്യവഹാരത്തിന്റെ നിലവാരത്തകർച്ച കമീഷനെ സംബന്ധിച്ചിടത്തോളം ഒരു പരിശോധനക്ക് വഴിയൊരുക്കുന്നു. മാന്യത സംരക്ഷിക്കാനും പ്രസക്തി നഷ്ടപ്പെടുന്നത് ഒഴിവാക്കാനും കമീഷന് മുന്നിൽ ഇനി അവശേഷിക്കുന്നത് ഏതാനും ദിവസങ്ങൾ മാത്രമാണ്.
(ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേഡ് എന്നിവയുടെ മുൻ പൊളിറ്റിക്കൽ എഡിറ്ററും പ്രസ് കൗൺസിൽ മുൻ അംഗവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.