ജയിലിലുള്ളവരുടെ മനസ്സിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
text_fieldsതടവിലാക്കപ്പെട്ട മനുഷ്യർ ജയിലിലും പുറത്ത് വന്ന ശേഷവും അനുഭവിക്കുന്ന മാനസിക പീഡനങ്ങളും അവസ്ഥകളും വ്യക്തിപരമായ പ്രശ്നങ്ങളല്ല, മറിച്ച് സാമൂഹിക പ്രശ്നം തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടുന്നു. സമാന സാഹചര്യങ്ങൾക്ക് സാക്ഷ്യംവഹിച്ച ലേഖകൻ
ദ ഷോഷാങ്ക് റിഡംപ്ഷൻ എന്ന സിനിമയിൽ നീണ്ട ജയിൽവാസത്തിന് ശേഷം മോചിതനാവുന്ന ബ്രുക്സ് എന്ന കഥാപാത്രം ഏറെ മാറിയ പുറംലോകത്ത് ജീവിക്കാൻ കഷ്ടപ്പെടുകയും ഒടുവിൽ ‘‘Brooks was here’’ എന്നെഴുതി ആത്മഹത്യ ചെയ്യുന്നതും, അതേ അവസ്ഥയെ മറികടക്കുന്ന റെഡ് എന്ന കഥാപാത്രം ‘‘So was Red’’ എന്നെഴുതിയ ജീവിതത്തിലേക്ക് നടന്നു നീങ്ങുന്നതും അവതരിപ്പിക്കുന്നുണ്ട്. വേണുവിന്റെ ‘‘മുന്നറിയിപ്പി’’ ൽ പുറംലോകത്ത് ജീവിക്കാൻ പ്രയാസപ്പെടുന്ന നായകൻ വീണ്ടും കൊലപാതകം നടത്തി ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് നാം കണ്ടത്. ജയിലിലെ നീണ്ടവാസവും പുറത്തെത്തിയാലുള്ള അരക്ഷിതാവസ്ഥയും മാനസികാവസ്ഥയും എന്താണെന്ന് ഈ രണ്ട് സിനിമകളിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാം.
ജയിലിൽ കഴിയുന്ന ആളുകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നവർപോലും അവരുടെ മാനസികാരോഗ്യത്തെ കുറിച്ചും, നേരിടുന്ന മാനസിക പീഡനങ്ങളെ കുറിച്ചും ചിന്തിക്കാറുണ്ടോ എന്ന് സംശയമാണ്.
ഡിപ്രഷനിലായിരിക്കെ, അതിനു മരുന്ന് കഴിച്ചുകൊണ്ടിരിക്കെ ജയിലിൽപോയ, ഈ അവസ്ഥയിൽ 17 ദിവസം പൊലീസ് / എൻ.ഐ.എ കസ്റ്റഡിയിൽ കഴിയേണ്ടിവന്ന, 10 മാസത്തെ ജയിൽവാസത്തിൽ 44 ദിവസവും തുടർച്ചയായി ക്വാറന്റീൻ എന്ന പേരിൽ ഏകാന്ത തടവിന് സമാനമായ അവസ്ഥ അനുഭവിക്കേണ്ടി വന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ, എണ്ണയിൽനിന്ന് എരിതീയിലേക്ക് വീഴുന്നതിന് സമാനമായ അവസ്ഥയാണത്.
മാനസികാരോഗ്യം മോശമായ ഒരാളെ സംബന്ധിച്ച് നരകമാണ് ജയിൽ. ഒരു സൈക്കോളജിസ്റ്റിനെ കാണാൻ പോയാൽപോലും അവർക്ക് ഭ്രാന്താണ് എന്ന് വിധിയെഴുതുന്ന സമൂഹത്തിന്റെ എറ്റവും പ്രാചീനവും വികൃതവുമായ അവസ്ഥയാണ് ജയിലിലുള്ളത്. (ജയിലിനു പുറത്ത് മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവരുടെ അവസ്ഥയെ ഒരു തരത്തിലും ചെറുതായി കാണുന്നില്ല, ഒപ്പം ഞാൻ ജയിലിൽ അനുഭവിച്ചത് മറ്റുള്ള പലരുമായി അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കുറച്ച് മാത്രമാണ് താനും).
നിലവിലുള്ള മാനസിക പ്രയാസങ്ങൾക്ക് പുറമെ, ജയിലിൽ എത്തിയാൽ നേരിടുന്ന പീഡനങ്ങളുടെ ഫലമായുണ്ടാകുന്ന മാനസിക പ്രയാസങ്ങളും, ജയിലിൽനിന്നും ഇറങ്ങിയാൽ ഉണ്ടാകുന്ന വേട്ടയാടലുകളും അരക്ഷിതാവസ്ഥയും ഒരാളെ സാരമായി ബാധിക്കും. ഇത് നമ്മുടെ ഭരണകൂടമോ അക്കാദമിക് സമൂഹമോ വേണ്ട രീതിയിൽ പഠിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല.
യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമാണ് ഇവ്വിഷയത്തിൽ കാര്യമായ പഠനങ്ങൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിംഹാൻസ്(National Institute of Mental Health and Neuro Sciences) പോലുള്ള സ്ഥാപനങ്ങൾ ചെറിയ തോതിൽ പഠനം നടത്തുകയും കൂടുതൽ മാനസികാരോഗ്യ സംരക്ഷണ മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ അത്തരം കാര്യമായ ശ്രമങ്ങളൊന്നും കാണാനായിട്ടില്ല. കോടതികൾ തന്നെ കൊറോണക്ക് ശേഷമാണ് ഈ വിഷയത്തിൽ ചെറുതായെങ്കിലും ശ്രദ്ധചെലുത്തിയത്.
പൊതുവേ ശാരീരിക പ്രശ്നങ്ങളെ പോലെയല്ല മാനസിക പ്രശ്നങ്ങളെ സംവിധാനം കാണുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യൻ പ്രിസൺ ആക്ട് ആയാലും മാനസികാരോഗ്യ നിയമം ആയാലും സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ജയിൽ ചട്ടങ്ങൾ ആയാലും ‘കൂടിയ’ ഇനം മാനസിക പ്രശ്നങ്ങൾക്കാണ് പരിഗണന നൽകുന്നത്. ‘‘ഭ്രാന്താകുന്ന’’ അവസ്ഥയിലാണ് പലപ്പോഴും ചികിത്സ പോലും സാധ്യമാകുന്നത്. നിലവിലെ വ്യവസ്ഥിതിയിൽ തെറപ്പി പോലുള്ള ചികിത്സാരീതികൾക്ക് പരിമിതിയുമുണ്ട്.
ജയിലിൽ എത്തുന്ന ഒരു തടവുകാരന് ആദ്യം സംഭവിക്കുന്നത് അയാളുടെ വ്യക്തിത്വം ഇല്ലാതാകുന്നു എന്നതാണ്. പേരിൽനിന്ന് ഒരു നമ്പറിലേക്കും, എടാ പോലുള്ള അഭിസംബോധനകളിലേക്കും തടവുകാരന്റെ വ്യക്തിത്വം ചുരുങ്ങുന്നു. ചെയ്യാത്ത തെറ്റിനാണ് ജയിലിൽ എത്തുന്നത് എങ്കിൽ തീർച്ചയായും ആത്മസംഘർഷം കൂടുതലായിരിക്കും. ഉറക്കം ഇല്ലായ്മ, ടെൻഷൻ, ഒറ്റപ്പെടൽ തുടങ്ങിയവ ഉണ്ടാകുമ്പോൾ അതിന് കൃത്യമായ മരുന്നോ തെറപ്പിയോ കൊടുക്കാതെ നാട്ടിലെ ഹെൽത്ത് സെന്ററിൽനിന്ന് എല്ലാ രോഗത്തിനും പാരസെറ്റമോൾ കൊടുക്കുന്നതു പോലെ ഒരു മരുന്ന് രോഗിക്ക് എഴുതിക്കൊടുക്കുകയാണ് പതിവ്.
വൃത്തിഹീനമായ ഭക്ഷണം, പാർപ്പിടം, കക്കൂസ് സൗകര്യങ്ങളാണ് ജയിലുകളിലേത്. കൊതുകുകടി അസഹനീയമാണ്. സുരക്ഷ കാരണങ്ങൾ പറഞ്ഞ് കൊതുകുവല നിഷേധിക്കും. രണ്ടോ മൂന്നോ ആളുകളെ പാർപ്പിക്കേണ്ട സെല്ലുകളിൽ ചിലപ്പോൾ നാലും അഞ്ചും ആളുകളുണ്ടാവും. തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ പോലും കഴിയാത്ത അവസ്ഥ.
തടവുകാർക്ക് ജയിലിൽ സുഖമാണെന്നും മട്ടനും ചിക്കനുമുൾപ്പെടെ സമൃദ്ധമായ ഭക്ഷണമാണെന്നുമുള്ള പൊതുബോധം ജയിൽ വകുപ്പും സർക്കാറും വാട്സ്ആപ് പണ്ഡിതരും ചേർന്ന് സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പലപ്പോഴും ചീഞ്ഞ മീനും വെള്ളം കൂടിയ, എല്ലുമാത്രമായ കറികളും മറ്റും തികച്ചും അപര്യാപ്തമായ അളവിൽ ഭക്ഷണവും കിട്ടിയ അനുഭവങ്ങളുണ്ട്. 30 - 40 പേർക്ക് പ്രഭാതകർമങ്ങൾ നിർവഹിക്കാൻ ആറിൽ താഴെ കക്കൂസുകൾ ഉള്ള അവസ്ഥയായിരുന്നു കോഴിക്കോട് ജില്ല ജയിലിൽ. ഇതെല്ലാം മെരുക്കലിന്റെയും പല നിലയിലുള്ള അധികാര പ്രയോഗത്തിന്റെയും കൂടി ഭാഗമാണ്.
ഇത്തരം പ്രതികൂല സാഹചര്യങ്ങൾ വിഷാദവും മറ്റു മാനസിക പ്രശ്നങ്ങളും ഉള്ളവരുടെ അവസ്ഥ കൂടുതൽ സങ്കീർണമാക്കുമെന്നത് ജയിൽ അധികൃതർ ഗൗരവത്തിൽ കാണുന്നില്ല. ഈ സാഹചര്യങ്ങൾ നോർമലായ തടവുകാരുടെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. ദേശീയ മനുഷ്യാവകാശ കമീഷന്റെ 2014ലെ ഒരു പഠനം പറയുന്നത് ജയിലിൽ കഴിയുന്ന ഒരാൾക്ക് പുറത്തുള്ള ഒരു മനുഷ്യനെക്കാൾ ഒന്നര ശതമാനം അധികം ആത്മഹത്യ സാധ്യത ഉണ്ടെന്നാണ്.
എല്ലാ മാനസിക പ്രശ്നങ്ങളെയും ഒരു നിശ്ചിത ഘട്ടത്തിനുശേഷം മാത്രമാണ് ഒരു പ്രശ്നമായി പോലും കാണുക. സ്കിസോഫ്രീനിയ തുടങ്ങിയ അവസ്ഥ മൂർച്ഛിച്ച് ആക്രമണത്തിലേക്ക് വരെ എത്തുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി മരുന്ന് കുത്തിവെക്കുന്നു. ജയിലിൽ ഒറ്റക്ക് പൂട്ടിയിടുന്നു, ഈ ഏകാന്ത തടവ് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ജയിലുകളിലെ വിചാരണ തടവുകാരിൽ 80 ശതമാനത്തിലേറെയും ആദിവാസികളും മുസ്ലിംകളും ദലിതരുമാണ്. ജയിലിനു പുറത്തു തന്നെ പല രീതിയിൽ വേട്ടയാടപ്പെടുന്ന ആ സമൂഹങ്ങൾ ജയിലുകൾക്കുള്ളിൽ കൈകാര്യം ചെയ്യുന്നത് അതിലും ക്രൂരമായ രീതിയിലാണ്. ഭീകരമായ ട്രോമയാണ് അത് സൃഷ്ടിക്കുക. ജയിലിൽ ഇന്നും നിലനിൽക്കുന്നത് ഒരു കൊളോണിയൽ ഫ്യൂഡൽ ജാതി വ്യവസ്ഥയാണ്.
അമേരിക്കയിൽ എങ്ങനെയാണോ കറുത്ത വംശജരെ അടിച്ചമർത്താൻ വേണ്ടി ഭരണകൂടം ജയിലുകളെ ഉപയോഗിച്ചത്, അതിന് സമാനമായ രീതിയിലാണ് ഇന്ത്യയിൽ ആദിവാസി, ദലിത്, മുസ്ലിം ന്യൂനപക്ഷങ്ങളിൽപെട്ട വിഭാഗങ്ങളെയും മറ്റു രാഷ്ട്രീയത്തടവുകാരെയും അടിച്ചമർത്തുന്നത്. ഫാഷിസം എന്നത് കേവലം ശാരീരികമായ ഉന്മൂലനം മാത്രമല്ലെന്നും അത് മാനസികമായ കടന്നാക്രമണങ്ങൾ കൂടിയാണെന്നും നമ്മൾ മനസ്സിലാക്കണം. രാഷ്ട്രീയ തടവുകാരെ പുസ്തകങ്ങൾ നൽകാതെയും വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ വൈകിപ്പിച്ചും മാനസികമായി തകർക്കാൻ ശ്രമിക്കുന്ന പല ഉദാഹരണങ്ങളും കേരളത്തിൽതന്നെ നമുക്ക് കാണാനാവും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.