പ്രളയക്കെടുതിക്കു പിന്നാലെ പെയ്തിറങ്ങുന്ന ആരോഗ്യപ്രശ്നങ്ങൾ
text_fieldsതികച്ചും അപ്രതീക്ഷിതമായി തകർത്തുപെയ്ത മഴയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്ക ത്തിലും കേരളജനത സർവവും നഷ്ടപ്പെട്ട് വിറങ്ങലിച്ചുനിൽക്കുന്ന കാഴ്ചയാണെങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിലും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളിലും ഉറ്റവരെയും ഉടയവരെയും മാറോടുചേർത്ത് പ്രകൃതിയുടെ കനിവിനായി പ്രാർഥിക്കുകയാണ് പലരും. മഴക്കെടുതിയിൽനിന്ന് ജനജീവിതം സാധാരണ ഗതിയിലാകാൻ മാസങ്ങൾ പിടിക്കും. എല്ലാം തകർന്നടിഞ്ഞ മണ്ണിൽനിന്ന് ജീവിതം തിരികെ കെട്ടിപ്പടുക്കുക അത്ര എളുപ്പമല്ല. മഴ നിന്നാൽ ദുരിതങ്ങൾ മാറി എന്ന് കരുതാൻ വയ്യ. മഴക്കെടുതികൾക്ക് പിന്നാലെ ജീവന് ഭീഷണിയായി പലതരം ആരോഗ്യ പ്രശ്നങ്ങൾ തലപൊക്കും. ജലജന്യ രോഗങ്ങൾ, കൊതുകുജന്യ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ത്വഗ്രോഗങ്ങൾ, പാമ്പുകടി, വൈദ്യുതാപകടങ്ങൾ അങ്ങനെ പലതും പെയ്തിറങ്ങും.
കരുതലോടിരുന്നില്ലെങ്കിൽ വിലപ്പെട്ട ജീവനുകളും നമുക്ക് നഷ്ടമായേക്കും. പ്രളയക്കെടുതി അനുഭവപ്പെട്ട പ്രദേശങ്ങൾ മാത്രമല്ല മറ്റ് പ്രദേശങ്ങളിലേക്കും ഇൗ ആരോഗ്യ പ്രശ്നങ്ങൾ എത്തിച്ചേരും.
കുത്തിയൊഴുകുന്ന വെള്ളത്തിൽ വിസർജ്യങ്ങൾ, മറ്റ് മാലിന്യങ്ങൾ, പഴങ്ങളിലും വിളയിടങ്ങളിലും ഉപയോഗിച്ചതും സൂക്ഷിച്ചതുമായ കീടനാശിനികൾ, വളങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ഫാക്ടറികളിൽ നിന്നുള്ള പലതരം രാസപദാർഥങ്ങൾ, പലതരം രോഗങ്ങൾ പരത്താൻ കഴിവുള്ള ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികൾ അങ്ങനെ പലതും കലർന്നിരിക്കും. അതുകൊണ്ടുതന്നെ പ്രളയജലം കൈകാര്യം ചെയ്യുേമ്പാൾ ജാഗ്രത ആവശ്യമാണ്. ഇൗ ജലത്തിൽ കുളിക്കുന്നതും കളിക്കുന്നതും പലതരം ത്വഗ്രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമായേക്കാം. പ്രളയത്തിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. ഭക്ഷ്യ ഭദ്രത
പ്രളയജലം വിസർജ്യങ്ങൾ, കെമിക്കലുകൾ, രോഗകാരികളായ അണുക്കൾ മുതലായവ കലർന്നതാണ്. അതിനാൽ ഇത് കുളിക്കുന്നതിനോ പാചകത്തിനോ വായ് കഴുകുന്നതിനോ ഉപയോഗിക്കരുത്.
- ചാക്ക്, കാർഡ് ബോർഡ് പെട്ടികൾ, പ്ലാസ്റ്റിക് പെട്ടികൾ തുടങ്ങിയവയിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പ്രളയജലത്തിൽ കുതിർന്നാൽ പിന്നെ അവ ഭക്ഷ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. മഴകാരണം പലയിടങ്ങളിലും ദിവസങ്ങളോളം വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കാം. അത്തരം സ്ഥലങ്ങളിൽ ഫ്രിഡ്ജുകളിലും ഫ്രീസറുകളിലും സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുത്.
- പ്രളയജലം കലർന്നതോ നിറഞ്ഞുകവിഞ്ഞതോ ആയ ജലസ്രോതസ്സുകളിൽനിന്ന് ജലം കുടിക്കാൻ ഉപയോഗിക്കാതിരിക്കുക.
- കുടിവെള്ളം കുറഞ്ഞത് മൂന്നു മിനിറ്റെങ്കിലും തിളപ്പിച്ചതിനുശേഷം തണുപ്പിച്ചാറ്റി മാത്രം കുടിക്കുക. വൃത്തിയുള്ള പാത്രങ്ങളിൽ ബാക്കി വെള്ളം അടച്ചുസൂക്ഷിക്കാനും ശ്രദ്ധിക്കുക.
- ഭക്ഷ്യവസ്തുക്കൾ ഒന്നുംതന്നെ തുറന്നുവെക്കരുത്. മഴക്കുശേഷം ഇൗച്ച, കൂറ (പാറ്റ) മുതലായ ക്ഷുദ്രജീവികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകും. ഇത് അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പടരുന്നതിന് കാരണമാകും.
2. കൊതുകുജന്യ രോഗങ്ങൾ
വെള്ളത്തിൽ ഒലിച്ചുപോയ ഖരമാലിന്യങ്ങൾ, പ്ലാസ്റ്റിക് വേസ്റ്റുകൾ, മരങ്ങളിലെ പൊത്തുകൾ എന്നിവയിൽ തങ്ങിനിൽക്കുന്ന ജലം കൊതുകുകൾ പെരുകുന്നതിന് കാരണമാകും. ക്രമേണ െഡങ്കിപ്പനി, ചികുൻഗുനിയ, മലേറിയ മുതലായ രോഗങ്ങൾ പടർന്നുപിടിക്കാം. ആരോഗ്യവകുപ്പ്, സന്നദ്ധ സംഘടനകൾ, റെസിഡൻറ്സ് അസോസിയേഷനുകൾ, എൻ.സി.സി, കോളജ് സംഘടനകൾ, വിവിധ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ൈകകോർത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പരിസര ശുചീകരണത്തിൽ ഏർപ്പെട്ടാൽ, ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം അത്യാഹിതങ്ങൾ ഒരു പരിധിവരെയെങ്കിലും നിയന്ത്രണവിധേയമാക്കാം.
3. ജന്തുജന്യ രോഗങ്ങൾ
ജന്തുക്കളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളാണിവ. നിപ വിതച്ച ഭീതിയിൽനിന്ന് ഇനിയും കേരളജനത പൂർണ വിമുക്തി നേടിയിട്ടില്ല. പ്രളയക്കെടുതികൾക്കൊപ്പം ചേർത്തുവായിക്കേണ്ട ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ്. മഴക്കെടുതിയിൽ തകർന്ന വീടുകളും മറ്റും എലികൾക്കിനി പറുദീസയായി മാറും. കൂടാതെ നാശം സംഭവിച്ച ഭക്ഷ്യവസ്തുക്കൾ അവക്ക് ആഹാരവും. പെൺ എലി ഒരു വർഷംകൊണ്ട് ജന്മം നൽകുന്നത് ഏകദേശം 100 കുഞ്ഞുങ്ങൾക്കാണ്. എലികളിലൂടെയും മറ്റ് വളർത്തുമൃഗങ്ങളിലൂടെയും എലിപ്പനി മനുഷ്യരിലേക്ക് പടരാം. രോഗം മൂർച്ഛിച്ചാൽ ചിലപ്പോൾ മരണംപോലും സംഭവിക്കാം. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുക, ഒാടകൾ വൃത്തിയാക്കുന്നവരും വെള്ളത്തിൽ ജോലി ചെയ്യുന്നവരും കൈയുറകളും കാലുറകളും ധരിക്കുക. കടുത്ത പനി, തലവേദന, കണ്ണിന് ചുവപ്പ്, പേശീവേദന, മഞ്ഞപ്പിത്തം മുതലായ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്ധ ചികിത്സ തേടിയാൽ രോഗം ഭേദഗമാക്കാം. ഭക്ഷ്യമാലിന്യങ്ങൾ വലിച്ചെറിയാതെ വേണ്ടവിധത്തിൽ സംസ്കരിച്ചും എലി നിയന്ത്രണ മാർഗങ്ങൾ അവലംബിച്ചും പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചും രോഗം പ്രതിരോധിക്കാം.
4. വിഷബാധ
കാടുകളിൽനിന്നും മലകളിൽനിന്നും കുത്തിയൊഴുകിയ വെള്ളത്തിൽപെട്ട് പാമ്പുകൾ, തേളുകൾ, പഴുതാര മുതലായ പല വിഷജന്തുക്കളും നാട്ടിലെത്തിയിട്ടുണ്ടാകും. പ്രളയ മാലിന്യങ്ങൾ കൈകാര്യം ചെയ്യുേമ്പാഴും കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുേമ്പാഴും വെള്ളം കെട്ടിനിന്ന വീടുകളിൽ പ്രവേശിക്കുേമ്പാഴും അതിജാഗ്രത പുലർത്തണം. പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയെപ്പറ്റിയും ശരിയായ അവബോധം വേണം.
5. വൈദ്യുതി സുരക്ഷ
മരങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതി പോസ്റ്റുകൾ മുതലായവ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിയും വെള്ളം കയറിയ വീടുകളിലെ ടി.വി, ഫ്രിഡ്ജ്, മിക്സി, അയേൺ ബോക്സ് തുടങ്ങിയ ഉപകരണങ്ങളിലൂടെയും വൈദ്യുതി അപകടങ്ങൾ സംഭവിക്കാം. വേണ്ടത്ര സുരക്ഷാമാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ വീഴ്ച, പൊള്ളൽ, തീപിടിത്തം തുടങ്ങി ജീവഹാനിപോലും സംഭവിക്കാം. തകരാറിലായ വയറുകൾ, സ്വിച്ചുകൾ, പ്ലഗുകൾ, മറ്റ് കേടായ ഉപകരണങ്ങൾ തുടങ്ങിയവ കേടുപാടുകൾ തീർത്തതിനുശേഷം മാത്രം ഉപയോഗിക്കാം.
6. മാനസിക സമ്മർദങ്ങൾ
പേമാരി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടി വന്നവർ, സ്വന്തക്കാരും വസ്തുക്കളും നഷ്ടപ്പെട്ടവർ, അപകടമരണങ്ങളും മറ്റും നേരിട്ട് കാണേണ്ടിവന്നവർ മുതലായവരിൽ വർഷങ്ങളോളം നീളുന്ന മാനസിക സമ്മർദങ്ങൾ, ഭീതി, വിഷാദം മുതലായ രോഗങ്ങൾ കണ്ടേക്കാം. വേണ്ടത്ര പുനരധിവാസ സംരംഭങ്ങൾ ഏർപ്പെടുത്തിയും വേണമെങ്കിൽ വൈദ്യസഹായം നൽകിയും ഇത്തരക്കാരെ മുഖ്യധാരയിലെത്തിക്കാം. ഇത്തരം പ്രകൃതിദുരന്തങ്ങൾ കുട്ടികളിൽ പഠനവൈകല്യങ്ങൾക്കുപോലും കാരണമായേക്കാം.
(മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് ഗ്രൂപ് കോഴിക്കോട് സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.