മുസ്ലിം സഹോദരങ്ങളോട് പറയാനുള്ളത്
text_fieldsഒരു ഹിന്ദു നാമധാരിയായ നിങ്ങൾക്ക് മുസ്ലിം സഹോദരങ്ങളോട് എന്തു പറയാനുണ്ട്? -രണ്ടു ദിവസം മുമ്പ് ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമിയിൽ ഇന്ന് നടക്കുന്ന ക്ഷേത്രപരിപാടിയാണ് ചോദ്യത്തിന്റെ പശ്ചാത്തലമെന്ന് പറയേണ്ടതില്ലല്ലോ.
വേണ്ടിടത്തും അല്ലാത്തിടത്തും ചാടിക്കയറി അഭിപ്രായം പറയുന്ന എനിക്ക് ആ സുഹൃത്തിന്റെ ചോദ്യത്തിന് നൽകാൻ മറുപടിയില്ലായിരുന്നു.
ഉള്ളിലെ ശൂന്യതയുടെ പ്രധാന കാരണം ഞാൻ എത്രമാത്രം വിഡ്ഢിയായിരുന്നു എന്ന് മനസ്സിലാക്കിച്ചുകൊണ്ട് ഈ കഴിഞ്ഞ ദിവസങ്ങൾ സമ്മാനിച്ച ചില തിരിച്ചറിവുകളായിരുന്നു. അയോധ്യയിൽ ഒരു പൈതലിന്റെ വിഗ്രഹം ഉയരുമ്പോൾ, വീണ്ടുവിചാരമില്ലാത്ത ചെറുപ്പത്തിൽ, അരാഷ്ട്രീയത തലപൊക്കിയ 1980കളിൽ, കൊത്തിമിനുക്കിയ പല വിഗ്രഹങ്ങളാണ് എന്റെ മുന്നിൽ തകർന്നുവീണത്.
അതിലെന്നെ ഏറ്റവും നിരാശപ്പെടുത്തിയത് ഗായകൻ ജി. വേണുഗോപാൽ ഗായിക കെ.എസ്. ചിത്രയെക്കുറിച്ചെഴുതി എന്നു പറയപ്പെടുന്ന ചില വാക്കുകളാണ്. സമൂഹമാധ്യമങ്ങളിൽ പേരിനുമാത്രം ഉള്ളതുകൊണ്ടാണ് ‘‘പറയപ്പെടുന്നത്’’ എന്നെഴുതിയത്. പലയിടത്തും കണ്ട വാർത്തകളിൽ വേണുഗോപാൽ ഇങ്ങനെ എഴുതിയിരുന്നതായി കണ്ടു: ‘‘ഇക്കഴിഞ്ഞ 44 വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ എഴുത്തോ രാഷ്ട്രീയാഭിമുഖ്യമോ ചിത്രക്കില്ല.’’
‘‘എല്ലാവരും’’ ജനുവരി 22ന് എന്തു ചെയ്യണം എന്നുപദേശിച്ചതിന്റെ പേരിൽ ചിത്രക്കുനേരെ ഉയർന്ന, അതിരുകടന്നു എന്ന് ചിലർക്കു തോന്നിയ വിമർശനത്തെ മുൻനിർത്തി വേണുഗോപാൽ എഴുതിയ കുറിപ്പിലെ രണ്ടു വരികളാണ് മുകളിൽ പറഞ്ഞത്.
‘‘വായന’’, ‘‘എഴുത്ത്’’, ‘‘രാഷ്ട്രീയാഭിമുഖ്യം’’. ഇവയുടെ അഭാവം പൗരരുടെ ജീവിതത്തെ പരിപോഷിപ്പിക്കുകയാണോ അതോ ശോഷിപ്പിക്കുകയാണോ എന്ന് വേണുഗോപാലിന്റെ കുറിപ്പിൽനിന്ന് വ്യക്തമല്ല. എന്നാൽ, ‘‘മഹത്തായ സാഹിത്യത്തിനും സംഗീതത്തിനും നിങ്ങളെ സ്വാധീനിക്കാനും പ്രചോദിപ്പിക്കാനുമുള്ള കരുത്തുണ്ട് എന്ന്’’ 2019ലെ ഒരു സംഭാഷണത്തിൽ വേണുഗോപാൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, എഴുത്തും വായനയും അത്ര മോശമായ പ്രവൃത്തികളാണ് എന്ന് വേണുഗോപാലിന് അഭിപ്രായമുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരു ബിരുദാനന്തര ബിരുദമെടുത്തിരിക്കുന്നത് ഇംഗ്ലീഷ് സാഹിത്യത്തിലാണ്. ഞാൻ പഠിച്ച മാർ ഇവാനിയോസ് കോളജിൽനിന്നുതന്നെ.
വേണുഗോപാലിന് മറ്റൊരു ബിരുദാനന്തര ബിരുദമുണ്ട്-അത് മാധ്യമപ്രവർത്തനത്തിലാണ്. കലാലയോത്സവങ്ങളിൽ പതിവായി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്ന യുവഗായകൻ ഒരു ജേണലിസം വിദ്യാർഥിയായി എന്ന് സ്കൂളിലോ പ്രീഡിഗ്രിക്കോ പഠിക്കുന്ന കാലത്ത്, പത്രപ്രവർത്തകൻ ആകണം എന്നാഗ്രഹിച്ച് നടന്നിരുന്ന ഞാൻ ആഹ്ലാദത്തോടെ വായിച്ചത് ഇന്നും ഓർക്കുന്നു. വേണുഗോപാൽ അൽപസമയം, ഒരുമാസത്തോളം ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയബോധമുള്ള ഒരു പത്രത്തിൽ ജോലി ചെയ്തു എന്നും വായിച്ചതായി ഓർക്കുന്നു. ശരിയാണോ എന്നറിയില്ല.
എന്തായാലും അദ്ദേഹം രാഷ്ട്രീയബോധം ഇല്ലാത്ത ഒരു പൗരനാണ് എന്ന് ഞാൻ കരുതുന്നില്ല. ചിത്രയെക്കുറിച്ചുള്ള വേണുഗോപാലിന്റേതെന്നു പറയപ്പെടുന്ന കുറിപ്പിൽ അതിപ്രസക്തമായ ഒരു രാഷ്ട്രീയവാചകം ഉണ്ട്: ‘‘ഇവരാരും രക്തം ചിന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവരല്ല.’’
ചിത്രയെയും യേശുദാസിനെയുംപോലുള്ള കലാകാരന്മാരെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ മറ്റുചിലരെങ്കിലും ‘‘രക്തം ചിന്തിയ വഴികളിലൂടെ വന്ന്’’ അധികാരത്തിലേറി എന്ന് വേണുഗോപാലിന് അറിയാമെന്ന് വ്യക്തം. ആരാണവർ? കേരള സർവകലാശാലയിൽനിന്ന് മാധ്യമപ്രവർത്തനം പഠിച്ച വേണുഗോപാലിന് അതറിയില്ല എന്ന് ഞാൻ കരുതുന്നില്ല.
ഇവിടത്തെ ചോദ്യം അതല്ല. വേണുഗോപാലിന് ചിത്രയെ 50 വർഷങ്ങളിലേറെയായി അറിയാം എന്നദ്ദേഹം എഴുതുന്നു. ഞാൻ അറിഞ്ഞിടത്തോളം ചിത്ര തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിലാണ് പഠിച്ചത്. ഇന്ത്യയുടെ, ഏഷ്യയുടെ അഭിമാനംതന്നെയാണ് ആ സ്കൂൾ.
ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ചിത്രക്ക് വയസ്സ് 29. സംഗീതത്തിൽ അർപ്പിച്ച ആ മനസ്സിനെ ബഹുമാനിക്കുന്നു. പക്ഷേ, ഏഷ്യയിലെ ഏറ്റവും വലിയ ഒരു സ്കൂളിൽ പഠിച്ച സുഹൃത്ത് 44 വർഷങ്ങളായി വായിക്കുന്നില്ല, എഴുതുന്നില്ല എന്നറിഞ്ഞിട്ടും വേണുഗോപാൽ ഒന്നും ചെയ്തില്ല എന്നതുതന്നെയാണ് നമ്മുടെ കൂട്ടായ പരാജയം. ഇത്രയും ദീർഘമായി വേണുഗോപാലിനെക്കുറിച്ചു മാത്രം (അദ്ദേഹം ഇക്കാര്യത്തിൽ ഒരിക്കലും ഏകനല്ല) പറയാൻ കാര്യം എന്റെ ഉള്ളിൽ ഉടഞ്ഞുപോയ വിഗ്രഹങ്ങളിൽ എന്നെ അറിയാത്ത അദ്ദേഹവും ഉണ്ട് എന്നതു മാത്രമല്ല, പറയേണ്ടത് പറയേണ്ട രീതിയിൽ പറയാൻ അറിയാവുന്നത് അദ്ദേഹത്തെപ്പോലുള്ളവർക്കാണ് എന്നതുകൊണ്ടുകൂടിയാണ്.
അവർ ആ കർത്തവ്യം നിർവഹിക്കാൻ വിമുഖത കാണിക്കുമ്പോൾ, നമ്മുടെ ഉറ്റബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അസംബന്ധം പറയുമ്പോൾ, അപരവത്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ, അവരുടെ ഉണങ്ങാത്ത മുറിവ് അവഗണിക്കുമ്പോൾ നമ്മുടെ മൗനം ‘‘രക്തം ചിന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവർക്കുള്ള’’ ഓരിയിടൽതന്നെയാണ്.
സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ഞാൻ ഉഴറുന്നതിനിടെ മറ്റൊരു സുഹൃത്ത് ഒരു ലേഖനം അയച്ചുതന്നു. SabrangIndia.in എന്ന പ്രസിദ്ധീകരണത്തിൽ എഴുത്തുകാരി സുരണ്യ അയ്യർ എഴുതിയത്.
ജനുവരി 22ന്റെ പശ്ചാത്തലത്തിൽ സുരണ്യ ഡൽഹിയിൽനിന്ന് എഴുതുന്നു:
‘‘ഇവിടത്തെ അന്തരീക്ഷം ഭൗതികാർഥത്തിൽ മലിനീകരിക്കപ്പെട്ടിരിക്കുന്നത് ഏവർക്കും അറിയുന്ന കാര്യമാണ്, അതിപ്പോൾ ആത്മീയമായി വിഷലിപ്തവും ശ്വാസംമുട്ടിക്കുന്ന ഹൈന്ദവ വർഗീയതയും വിദ്വേഷവും ഭീഷണിയുംകൊണ്ട് കട്ടപിടിച്ചിരിക്കുന്നു. ഒരു ഇന്ത്യക്കാരി എന്ന നിലയിലും ഹിന്ദുവെന്ന നിലയിലും ഇതെല്ലാം എന്നെ വല്ലാത്ത വേദനയിലാഴ്ത്തുന്നു. ഇതുപോലൊരു സാഹചര്യത്തിൽ എനിക്കെന്തു ചെയ്യാനാവും എന്ന് ആലോചിച്ച് ഒടുവിൽ ജനുവരി 20ന് തുടങ്ങി അയോധ്യയിലെ ചടങ്ങിന്റെ പിറ്റേന്ന് അവസാനിക്കുംവിധത്തിൽ ഉപവാസമനുഷ്ഠിക്കാൻ ഞാൻ തീരുമാനിച്ചു.
ഞാനിത് മുഖ്യമായും ചെയ്യുന്നത് ഇന്ത്യയിലെ എന്റെ മുസ്ലിം സഹപൗരരോടുള്ള സ്നേഹവും സങ്കടവും പ്രകടിപ്പിക്കാനായാണ്. എന്റെ മുസ്ലിം സഹോദരീസഹോദരന്മാരോട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ഹിന്ദുത്വത്തിന്റെയും ദേശീയതയുടെയും പേരിൽ അയോധ്യയിൽ നടക്കുന്ന സംഗതികളെ അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുവെന്നും പറയാതെ ഈ കാലത്തിലൂടെ കടന്നുപോകാൻ എനിക്കാവില്ലതന്നെ’’.
തന്റെ കാരണങ്ങൾ സുരണ്യ വളരെ വിശദമായി വിവരിക്കുന്നുണ്ട്. നമ്മുടെ എല്ലാ സ്കൂളുകളിലും സുരണ്യയുടെ ലേഖനം പാഠ്യവിഷയമാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ ഭാവിയിലെ വാനമ്പാടികൾ വായിക്കാതെയും എഴുതാതെയും 44 വർഷങ്ങൾ ചെലവിടില്ല. അവരുടെ സുഹൃത്തുക്കൾ അവരെ അതിന് അനുവദിക്കില്ല. അവർ ലേഖനം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ‘‘എന്റെ സങ്കടവും പ്രതിഷേധവും അടയാളപ്പെടുത്താനാണ് ഞാൻ ഉപവസിക്കുന്നത്. ടാഗോറിനെയും ഗാന്ധിയെയും മാർട്ടിൻ ലൂഥർ കിങ്ങിനെയുംപോലുള്ള മഹത്തുക്കളെ ഞാൻ വായിക്കും. ഇരുൾമുറ്റിയ, ആശയറ്റ ഈ കാലത്ത് അത് നമുക്ക് മാർഗദീപം പകർന്നേക്കുമെന്ന പ്രതീക്ഷയോടെ. ജയ്ഹിന്ദ്’’!
(ദ ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആയ ആർ. രാജഗോപാലുമായി നടത്തിയ സംഭാഷണത്തിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.