പ്രതിസന്ധികൾക്ക് നടുവിൽ പരമ്പരാഗതമേഖല
text_fieldsഇക്കുറിയും കണ്ണീരോണമാണ് തൊഴിലാളികൾക്ക്. വേതനകുടിശ്ശിക അടക്കം കിട്ടാനുള്ളവരുണ്ട്. പ്രശ്നപരിഹാരത്തിനായി സർക്കാർ നടപ്പാക്കിയ പല പദ്ധതികളും താൽക്കാലിക മുറിവുണക്കൽ മാത്രമായിരുന്നു. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരാണ് ഈ രംഗത്തെ തൊഴിലാളികൾ. അതുകൊണ്ടുതന്നെ കൈപിടിച്ചുയർത്താൻ കൂടുതൽ അവധാനതയോടെയുള്ള ഇടപെടൽതന്നെ വേണം
പരമ്പരാഗത വ്യവസായങ്ങളെയും കരകൗശല-കൈത്തറി മേഖലകളെയും സംരക്ഷിക്കുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എത്ര ഉറപ്പുകളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടാവുമെന്നതിന് കൃത്യമായ എണ്ണമുണ്ടാവില്ല. അതിൽ പകുതിയെങ്കിലും നടപ്പായിരുന്നുവെങ്കിൽ കേരളത്തിലെ പരമ്പരാഗതമേഖല ഇന്നത്തേതുപോലെ ഊർധം വലിക്കുമായിരുന്നില്ല.
പ്രതിജ്ഞചെയ്ത എത്രപേരിന്ന് ഖാദി ധരിക്കുന്നുണ്ട്?
2022ലെ പുതുവർഷം മുതൽ എല്ലാ സർക്കാർ-അർധസർക്കാർ-പൊതുമേഖലാജീവനക്കാരും കൈത്തറി-ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന് സർക്കാർ സർക്കുലർ നൽകിയിരുന്നു. പ്രഖ്യാപനം വൻ ആഘോഷമാക്കി. ജീവനക്കാരൊക്കെ കൈത്തറിവസ്ത്രം വാങ്ങുന്നതോടെ മേഖലയിൽ വലിയ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. ആദ്യ ആഴ്ചകളിലൊക്കെ ചിലർ കൈത്തറിയണിഞ്ഞു. പിന്നെ എല്ലാം പതിവുപോലെ.
കൈത്തറിമേഖലയിൽ 2009ന് ശേഷം കേന്ദ്രം റിബേറ്റ് റദ്ദാക്കി. 2018ന് ശേഷം പ്രൊഡക്ഷൻ ഇൻസെന്റീവ് സംസ്ഥാനം നൽകുന്നില്ല. തൊഴിലാളികളുടെ കൂലിവർധന, പ്രൊഡക്ഷൻ ഇൻസെന്റീവ് പുനഃസ്ഥാപിക്കൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പാക്കേജ് എന്നിവ അടിയന്തരമായി നടപ്പാക്കിയാലേ പിടിച്ചുനിൽക്കാനാവൂവെന്ന് കൈത്തറി നെയ്ത്ത് തൊഴിലാളി ഫെഡറേഷൻ നേതാവ് താവം ബാലകൃഷ്ണൻ പറയുന്നു.
സൗജന്യ സ്കൂൾ യൂനിഫോം കൈത്തറിമേഖലക്ക് നൽകിയത് ഈ രംഗത്ത് വലിയ ആശ്വാസംപകർന്നിരുന്നു. തൊഴിൽസാധ്യത വർധിപ്പിച്ചു. പക്ഷേ, അഞ്ച് മാസത്തെ കൂലി ഇപ്പോഴും തൊഴിലാളികൾക്ക് കുടിശ്ശികയാണ്. ഓണത്തിനെങ്കിലും അത് ലഭിക്കുമെന്ന പ്രതീക്ഷയാണവർക്ക്. കൈത്തറിമേഖലയുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ 2022 ജൂലൈയിൽ വ്യവസായ വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി ഇനിയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പരുത്തി വിളവെടുപ്പ് സമയത്ത് വാങ്ങാൻ ലക്ഷ്യമിട്ട് കോട്ടൺ ബോർഡ്, കൈത്തറി ഗ്രാമം, കയറ്റുമതി പ്രോത്സാഹനം വിവിധ സബ്സിഡികൾ തുടങ്ങി അനേകം പദ്ധതികൾ നടപ്പാക്കിയെങ്കിലും മേഖലയെ ഇതുവരെ കരക്കടുപ്പിക്കാനായില്ല. ബാലരാമപുരം സാരിയും കോട്ടൺ തുണിത്തരങ്ങളും കാസർകോട് സാരി, കുത്താംപുള്ളി സാരി, ചേന്ദമംഗലം മുണ്ട്, കണ്ണൂർ ഹോം ഫർണിഷിങ് എന്നിവ ജിയോ ഇൻഡിക്കേഷൻ ആക്ട് ഓഫ് ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലെ ടെക്സ്റ്റൈൽസ് രംഗത്ത് സ്പിന്നിങ് നെയ്ത്ത്, വസ്ത്ര നിർമാണം, ഡ്രൈയിങ്, പ്രോസസിങ് അടക്കം മേഖലയിലായി 26 മില്ലുകളും 7600 തൊഴിലാളികളുമുണ്ട്. വ്യവസായവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ പ്രഭുറാം, കോട്ടയം ടെക്സ്റ്റൈൽസ്, എടരിക്കോട് ടെക്സ്റ്റൈൽസ്, തൃശൂർ സീതാറാം, തൃശൂർ കോഓപറേറ്റിവ് സ്പിന്നിങ് മിൽ എന്നിവ അടഞ്ഞുകിടക്കുകയാണ്. സാമ്പത്തികമാന്ദ്യം, നൂൽ ഉൽപന്നങ്ങളുടെയും തുണിത്തരങ്ങളുടെയും അനിയന്ത്രിത ഇറക്കുമതി, അസംസ്കൃത വസ്തുക്കളുടെയും വൈദ്യുതി നിരക്കിന്റെയും വർധന എന്നിവ പല സ്ഥാപനങ്ങൾക്കും തിരിച്ചടിയായി. ഉൽപാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല. അടഞ്ഞുകിടക്കുന്ന മില്ലുകൾ തുറക്കാനും മേഖല നവീകരിക്കാനുമായി പത്തര കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
കശുവണ്ടിക്ക് വിലയുണ്ട്, തൊഴിലാളിക്കില്ല
കശുവണ്ടിപ്പരിപ്പ് ഇന്നും ഒരു ആഡംബര ഭക്ഷ്യവസ്തുവാണ്. എന്നാൽ, ഈ മേഖലയിൽ ജോലിചെയ്യുന്ന മനുഷ്യർ ജീവൻ നിലനിർത്തുന്നതുതന്നെ കഷ്ടിച്ചാണ്. സംസ്ഥാനത്തെമ്പാടുമായി 600ഓളം കശുവണ്ടിഫാക്ടറികളാണ് അടഞ്ഞുകിടക്കുന്നത്. മതിയായ തൊഴിൽനൽകാൻ കശുവണ്ടി കോർപറേഷനോ കാപ്പക്സിനോ കഴിയുന്നില്ല. മൂന്ന് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഇപ്പോഴുണ്ടെന്നാണ് കണക്ക്.
കാഷ്യൂ ബോർഡിന്റെ വരവോടെ കോർപറേഷൻ-കാപ്പക്സ് ഫാക്ടറികൾക്കും സ്വകാര്യമേഖലക്കും ആവശ്യമായ തോട്ടണ്ടി മിതമായ വിലയ്ക്ക് ഇറക്കുമതി ചെയ്തുനൽകുമെന്നും അതോടെ തൊഴിലാളികൾക്ക് കൂടുതൽ ജോലികിട്ടുമെന്നുമായിരുന്നു സങ്കൽപം. വലിയ മാറ്റമൊന്നും വന്നില്ല. സർക്കാർ സ്ഥാപനങ്ങൾക്കുതന്നെ മതിയായ തോട്ടണ്ടി ലഭ്യമാകുന്നില്ല. 100 ദിവസത്തിൽ താഴെ ജോലിയേ ഇപ്പോൾ ലഭിക്കുന്നുള്ളൂ.
കശുവണ്ടിമേഖലയുടെ പ്രതിസന്ധി പരിഹരിക്കാനും സമഗ്ര വികസനവും ലക്ഷ്യമിട്ട് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം പുനരുജ്ജീവന പദ്ധതി 22-23 ബജറ്റിൽ കൊണ്ടുവന്നിരുന്നു. ഇതിന് 30 കോടിയുടെ അനുമതിയും നൽകി. എന്നാൽ, ഇതൊന്നും പൂർണമായി പ്രായോഗികമായിട്ടില്ലെന്നും മേഖല കടുത്ത പ്രതിസന്ധിയും തകർച്ചയും നേരിടുകയാണെന്നും ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ പറയുന്നു. പുനരുദ്ധാരണ പാക്കേജ് പൂർണമായി നടപ്പായിട്ടില്ല. 100 ദിനത്തിൽ താഴെയാണ് തൊഴിൽ നൽകാൻ കഴിയുന്നത്. സ്വകാര്യമേഖലയിലെ പ്രതിസന്ധികൂടി പരിഹരിച്ചാലേ പിടിച്ചുനിൽക്കാനാകൂവെന്ന് എ.ഐ.ടി.യു.സി നേതാവായ അഡ്വ. ജി. ലാലു പറയുന്നു. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികളുടെ ഇ.എസ്.ഐ, ഇ.പി.എഫ്, ക്ഷേമനിധി എന്നിവയുടെ ഉടമകളുടെ വിഹിതം പ്രതിസന്ധി പരിഹരിക്കുംവരെ സർക്കാർ അടക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു.
കുരുക്ക് മുറുകുന്ന കയർമേഖല
കേരളത്തിന്റെ കയർ ആഗോളപ്രശസ്തി നേടിയിരുന്നുവെങ്കിലും ഇന്ന് കയർ റാട്ടുകളുടെ സംഗീതം നിലച്ചുകൊണ്ടിരിക്കുന്നു. തൊഴിലാളികൾക്ക് മതിയായ കൂലിയില്ല. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കൂടിയായപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെയായി. വിപണിയിൽ ഇടിവ് വന്നതും ഓർഡർ കിട്ടാത്തതിനാൽ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നു. മേളകൾ നടത്തിയും കയറ്റുമതി ഓർഡറുകളും നേടിയും കയർവ്യവസായ മേഖലയെ പുനരുദ്ധരിക്കുമെന്ന പ്രഖ്യാപനങ്ങൾ വിജയിച്ചില്ല.
കുടിൽവ്യവസായ സ്വഭാവത്തിലെ പരമ്പരാഗത വ്യവസായമായിരുന്നു കയർ. ഇന്ന് കുടിൽ വ്യവസായം എന്ന നിലയിൽ കയർ ഉൽപാദനം നടക്കുന്നില്ല. ആലപ്പുഴ ജില്ല മാറ്റിനിർത്തിയാൽ നാമമാത്രമായ സഹകരണ സംഘങ്ങൾ വഴിയാണ് കയർമേഖല നിലനിൽക്കുന്നത്. ഭൂരിഭാഗം സംഘങ്ങളും പൂട്ടിപ്പോയി. ഉള്ളവരുടെ പ്രവർത്തനം നാമമാത്രം.
1995വരെ കയർമേഖലയിൽ കയറ്റുമതി വർഷാവർഷം വർധിക്കുകയായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തോടെ ഇടിഞ്ഞു. സാമ്പത്തികമേഖല തിരിച്ചുവന്നെങ്കിലും കയർ കയറ്റുമതിക്ക് ആ ഭാഗ്യമുണ്ടായില്ല. സിന്തറ്റിക് നാരുകളിൽ നിന്നുള്ള വെല്ലുവിളിയെ അതിജീവിക്കാൻ കയർമേഖലക്ക് കഴിഞ്ഞില്ല. കയറിന്റെ ലോകവ്യാപാരത്തിൽ 50 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതിൽ വലിയ പങ്ക് കേരളത്തിൽനിന്നും. എന്നാൽ, ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇതിലും കുറഞ്ഞ വിലയിൽ കയർ ലഭിക്കുന്നുണ്ട്.
തൊണ്ട് സംഭരണവും ഉൽപാദന വർധനവിന് യന്ത്രവത്കരണവും കൊണ്ടുവന്നെങ്കിലും കയർമേഖല രക്ഷപ്പെട്ടില്ല. ഉൽപാദിപ്പിക്കുന്ന കയറും കയർഫെഡിന് വിറ്റ ഉല്പന്നങ്ങളുമെല്ലാം കെട്ടിക്കിടക്കുന്നു. തൊഴിലാളികൾക്ക് നാമമാത്രമായ മിനിമം കൂലി ലഭിച്ചിട്ട് വർഷങ്ങളായി. സംഘങ്ങളിൽനിന്ന് കയർഫെഡ് വാങ്ങിയ കയറിന്റെ വിലയായി കോടികൾ കുടിശ്ശികയാണ്.
നിരവധി പദ്ധതികൾ ഈ മേഖലയിലും പ്രഖ്യാപിച്ചിട്ടുണ്ട്. യന്ത്രവത്കരണം/ നിയന്ത്രിത യന്ത്രവത്കരണം പശ്ചാത്തല വികസനം എന്നിവക്കായി 40 കോടി, ഗവേഷണങ്ങൾക്കും സാങ്കേതിക വിദ്യ വികസനവും നടത്താൻ എട്ട് കോടി, വിൽപനക്കും വിപണി വികസന സഹായ പദ്ധതിയുടെ സംസ്ഥാന വിഹിതമായി ഒരു കോടി അടക്കം. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ടിൽ തൊണ്ട് സംഭരണം, നാളികേര ഉൽപാദനം, കയർ നൂൽക്കുന്ന മേഖല, കയർ ഉൽപന്ന നിർമാണ മേഖല, കയർഭൂവസ്ത്രത്തിന്റെ സാധ്യതകൾ, കയറ്റുമതി, ചെറുകിട മേഖല, പൊതുമേഖലാസ്ഥാപനങ്ങൾ, സൊസൈറ്റികൾ, കയർഭൂവസ്ത്രത്തിന്റെ സാധ്യതകൾ, കയർ ബോർഡ്, യന്ത്രവത്കരണം തുടങ്ങി നിരവധി ശിപാർശകളുണ്ട്. ഇവ ട്രേഡ് യൂനിയനുകളുമായി ചർച്ചചെയ്ത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
കൈകൂപ്പിക്കേഴുന്നു കരകൗശല തൊഴിലാളികൾ
കരകൗശല മേഖലയും ഈറ്റ-മുള-മൺപാത്ര നിർമാണ മേഖലയുമെല്ലാം സമാനസ്ഥിതിലാണ്. കരകൗശല മേഖലയിലെ തൊഴിലാളികൾക്ക് സൂക്ഷ്മ സംരംഭം ആരംഭിക്കാനും ഒറ്റത്തവണ സഹായം നൽകാനുമായി ആശ എന്ന പദ്ധതിക്ക് രൂപം നൽകിയിരുന്നു. മുള, ഇറ്റ, ചൂരൽ എന്നിവയെ അടിസ്ഥാനമാക്കി വ്യവസായം പ്രോത്സാഹിപ്പിക്കാനാണ് ബാംബു കോർപറേഷൻ വന്നത്. തൊഴിലാളികളിൽ ഭൂരിഭാഗവും പാവപ്പെട്ടവരും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്നവരും പട്ടിക വിഭാഗക്കാരുമൊക്കെയാണ്. ഇടനിലക്കാരുടെ ചൂഷണം, കുറഞ്ഞവിലയിൽ പകരം ഉൽപന്നങ്ങളുടെ ലഭ്യത, ആധുനികവത്കരണത്തിന്റെ അഭാവം തുടങ്ങി പ്രശ്നങ്ങൾ അനേകമാണ്. കളിമൺപാത്ര നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുതന്നെ പ്രയാസം നേരിടുന്നു. മുള, പനയോല, കക്ക, തടി, ചിരട്ട, കളിമണ്ണ്, തുണി, കയർ, ലോഹം, കല്ലുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള അതിമനോഹരമായ ഉൽപന്നങ്ങൾ നിർമിക്കുന്ന പാരമ്പര്യം കേരളത്തിനുണ്ട്. എന്നാൽ, അതിൽ തൊഴിലെടുക്കുന്നവരുടെ സ്ഥിതി ദയനീയവും.
പരമ്പരാഗത മേഖലക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നല്ല. മേഖല നേടുന്ന പ്രശ്നങ്ങൾ വലുതായതിനാൽ അത് മതിയാകുന്നില്ല എന്നതാണ് പരിഭവം. വികസനങ്ങൾ മുഖ്യചർച്ചയാകുന്ന പുതിയ കാലത്ത് ഇവർ കൂടുതൽ പരിഗണനയും സർക്കാറിന്റെ കൈത്താങ്ങും അർഹിക്കുന്നു.
ebasheermdm@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.