ഹിന്ദുത്വരും ഹിജാബും (പ്രത്യേക) മതേതരത്വവും
text_fieldsഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുശേഷം ദൃശ്യമായ, പതിവിൽ കവിഞ്ഞ ആക്രമണോത്സുകമായ മുസ്‍ലിം വിരുദ്ധ വ്യവഹാരം രാജ്യത്ത് ഉയർന്നുവരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു പുതുരൂപത്തെ സൂചിപ്പിക്കുന്നു. കർണാടകയിലെ ഹിജാബ് നിരോധ വിവാദം, വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വർഗീയ സംഘട്ടനങ്ങൾക്ക് വഴിവെച്ച പ്രകോപനപരമായ മതഘോഷയാത്രകൾ, കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ മുസ്‍ലിം വീടുകളും കടകളും തിരഞ്ഞുപിടിച്ച് തകർക്കുന്ന വിഷയം, ബാങ്കുവിളിയും പൊതുസ്ഥലത്തെ നമസ്കാരവും നിരോധിക്കണമെന്ന ആവശ്യം എന്നിവയെല്ലാം തങ്ങളുടെ അധീശത്വം പൊതുജീവിതത്തിൽ സ്ഥാപിച്ചെടുക്കാൻ ഹിന്ദുത്വ സംഘങ്ങൾ കാണിക്കുന്ന വെമ്പൽ വെളിപ്പെടുത്തുന്നു.
ഈ പുതിയ ഹിന്ദുത്വ രൂപം രണ്ടു വ്യത്യസ്ത സങ്കൽപങ്ങളെ അടിസ്ഥാനപ്പെടുത്തി ഉണ്ടായതാണ്. അതിൽ ആദ്യത്തേത് സംസ്കാരങ്ങളുടെ സംഘട്ടനം എന്ന പഴഞ്ചൻ വാദം തന്നെ. ഹിന്ദുക്കളും മുസ്‍ലിംകളും സംഘർഷാത്മകമായ രണ്ടു സംസ്കാരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ആകയാൽ വർഗീയ സംഘട്ടനങ്ങൾ സ്വാഭാവികവും ഒഴിവാക്കാൻ പറ്റാത്തതുമാണെന്ന വാദം. ഹിന്ദുവിന്റെ സ്വാഭാവിക പ്രതികരണം എന്ന മട്ടിൽ ആക്രമണോത്സുക ഹിന്ദുത്വത്തെ ന്യായീകരിക്കാൻ മുസ്‍ലിം പ്രീണനം എന്ന രൂപകവും അവർ ഇടക്ക് ഉയർത്തിക്കാണിക്കും.
രണ്ടാമത്തേത്, ഒരു പ്രത്യേകതരം മതേതരത്വത്തെ ആശ്രയിക്കുന്ന രീതിയാണ്. ഒരുപക്ഷേ, പുതു ഹിന്ദുത്വത്തിന്റെ ഏറ്റവും സ്വാധീനമുള്ള സങ്കൽപമാണ് ഭരണപരമായ പക്ഷപാതങ്ങളും മുസ്‍ലിംകളെക്കുറിച്ചുള്ള മുൻവിധികളും നേരത്തേതന്നെ രാജ്യത്തെ വർഗീയ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന വശമാണ്. എങ്കിൽപോലും ഹിന്ദുത്വ വ്യവഹാരത്തെ പരിപോഷിപ്പിക്കുന്നതിൽ ഭരണകൂട അധികാരികൾ സജീവപങ്ക് പ്രകടമാക്കുന്നത് തീർത്തും പുതിയ ഒരു പ്രതിഭാസമാണ്. പൊലീസ് അധികൃതരും, പൊതുജനസഭാ അധികാരികളും എന്തിനേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾപോലും ഹിന്ദുത്വ സംഘങ്ങൾ പോസിറ്റിവ് മതേതരത്വം എന്നു വിശേഷിപ്പിക്കുന്ന നിലപാട് നടപ്പാക്കുന്നതിന് കർശന നടപടികളാണ് കൈക്കൊള്ളുന്നത്.
പുതുഹിന്ദുത്വം നടപ്പാക്കുന്നതിൽ ഈ രണ്ടു സങ്കൽപങ്ങളും എങ്ങനെ ഇടപെടുന്നുവെന്ന് ഹിജാബ് വിഷയത്തിന്റെ വെളിച്ചത്തിൽ നമുക്കൊന്ന് പരിശോധിക്കാം.
ഈ വിഷയം തുടങ്ങുന്നത് 2022 ജനുവരിയിലാണ്. കർണാടക ഉഡുപ്പിയിലെ പ്രീ യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് മുസ്‍ലിം പെൺകുട്ടികളെ യൂനിഫോം ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ക്ലാസിൽ കയറുന്നത് തടഞ്ഞു. ഹിജാബ് ധരിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത് സംസ്ഥാനത്ത് വ്യാപക ചർച്ചക്ക് വഴിവെച്ചു. വലതുപക്ഷ ഹിന്ദു സംഘടനകൾ ഹിന്ദു കുട്ടികളെ കാവി സ്കാർഫ് അണിഞ്ഞ് വരാൻ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചു.
അതേസമയം നോക്കി സ്കൂളുകൾ കർശനമായി യൂനിഫോം ചട്ടം പാലിക്കണമെന്നും ഹിജാബ് ധരിച്ചെത്തുന്ന മുസ്‍ലിം പെൺകുട്ടികൾക്ക് ഒരു ഇളവും നൽകേണ്ടതില്ലെന്നും അസന്ദിഗ്ധമായി വ്യക്തമാക്കിക്കൊണ്ട് 2022 ഫെബ്രുവരി അഞ്ചിന് കർണാടക സർക്കാർ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കി. ഇസ്‍ലാമിക മതാചാര പ്രകാരം ഒഴിച്ചുകൂടാനാവാത്തതാണ് ഹിജാബ് ധാരണമെന്നും അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും കാണിച്ച് ഏതാനും പരാതികൾ കർണാടക ഹൈകോടതിയിൽ ഫയൽ ചെയ്യപ്പെട്ടു.
2022 ഫെബ്രുവരി 10ന് ഈ കേസിൽ ഹൈകോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അതിൻ പ്രകാരം ഒരുവിധ മത അടയാളങ്ങളും ഇല്ലാത്ത രീതിയിൽ ഔദ്യോഗികമായി നിർദേശിച്ചിട്ടുള്ള യൂനിഫോം മാത്രം ധരിക്കാനാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. ഈ ഇടക്കാല ഉത്തരവ് തികച്ചും യാന്ത്രികമായാണ് അധികാരികൾ നടപ്പാക്കിയത്. നിരവധി സ്‌കൂളുകളുടെയും ജൂനിയർ കോളജുകളുടെയും വാതിൽക്കവെച്ച് ഹിജാബ് നീക്കംചെയ്യാൻ വിദ്യാർഥിനികൾ നിർബന്ധിതരായി. ഒടുവിൽ, 2022 മാർച്ച് 15ന് കർണാടക ഹൈകോടതി അന്തിമ വിധി പ്രസ്താവിച്ചു. ഹിജാബിന്റെയും കാവി സ്കാർഫ് പോലുള്ള മറ്റു മതപരമായ വസ്ത്രങ്ങളുടെയും നിയന്ത്രണങ്ങൾ ശരിവെച്ചുകൊണ്ട്, ഹിജാബ് ധരിക്കൽ ഇസ്‍ലാമിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമാണെന്ന വാദം കോടതി തള്ളി.
കാര്യമായി ശ്രദ്ധിക്കേണ്ട രണ്ടു സുപ്രധാന സംഗതികളുണ്ട്- കുട്ടികൾ സ്കൂളിലും കോളജിലും മതപരമായ ചിഹ്നങ്ങൾ ധരിച്ചെത്തുന്നത് അസാധാരണമായ സംഗതിയൊന്നുമല്ല. നിർദേശിക്കപ്പെട്ട വസ്ത്ര ചട്ടങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ഭംഗം വരുത്താറുമില്ല ആ ചിഹ്നങ്ങൾ. പലപ്പോഴും അവയെ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ ഉൾക്കൊള്ളൽ രീതിയുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും നിദർശനമായാണ് വിശേഷിപ്പിക്കാറ്. പക്ഷേ, ഹിജാബിന്റെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു വ്യാഖ്യാനവും ആഖ്യാനവുമാണ് സൃഷ്ടിക്കപ്പെട്ടത്. ക്ലാസ് മുറികളിൽ നിലനിൽക്കുന്ന സാമൂഹിക- സാംസ്കാരിക സൗഹാർദത്തെ അപായപ്പെടുത്താൻ സാധ്യതയുള്ള പ്രശ്നകാരിയായ ഒരു വസ്ത്രമായി അത് ചിത്രീകരിക്കപ്പെടുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ ഹിന്ദു വ്യവസ്ഥയിൽ നിർവചിക്കപ്പെടുന്ന ദേശീയ സ്വത്വത്തിന് സാംസ്കാരിക ഭീഷണിയാണ് ഹിജാബ്!
മതേതരത്വം എന്ന ആശയമാണ് രണ്ടാമത്തെ പ്രധാന വശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവരുൾപ്പെടെ ഭാരതീയ ജനത പാർട്ടിയുടെ മുതിർന്ന നേതാക്കളും കോളജ് അധികാരികളും ഹൈകോടതിയും പോലും മതേതര വിദ്യാഭ്യാസത്തിന്റെ പവിത്രത ഉയർത്തിപ്പിടിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ, പ്രത്യേകിച്ച് ഹിജാബ്, അനുവദിക്കരുത് എന്ന നിലപാട് അംഗീകരിക്കുന്നതായി തോന്നുന്നു. ബി.ജെ.പി നേതാക്കൾ മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും, മതം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും പൊതുജീവിതത്തിൽ അതിന് ഇടം നൽകരുതെന്നുമുള്ള പഴയ മതേതര വാദങ്ങൾ അവർ ഉയർത്തിക്കാട്ടുന്നു.
ഫെബ്രുവരി അഞ്ചിന് പുറപ്പെടുവിക്കപ്പെട്ട സർക്കാർ ഉത്തരവ് ഇക്കാര്യം വ്യക്തമാക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ്. ഹിജാബ് നിരോധനത്തിന് സാധുത നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ നിയമപരമായ ആദ്യനീക്കമായിരുന്നു ഈ ഉത്തരവ്. യൂനിഫോം ചട്ടം നിശ്ചയിക്കുന്നതിൽ സർക്കാറിനുള്ള അധികാരത്തെ ന്യായീകരിക്കാൻ 1983ലെ കർണാടക വിദ്യാഭ്യാസ നിയമം ഉപയോഗിച്ചാണ് ഈ ഉത്തരവ്. സാമൂഹിക ഐക്യത്തിന്റെയും ഏകീകൃത രീതിയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞ് ഹിജാബിനെ സമത്വത്തിനും ഐക്യത്തിനും പൊതു ക്രമത്തിനുമുള്ള ഒരു ഭീഷണിയായി സൂചിപ്പിക്കുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം 1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിൽ സ്കൂൾ യൂനിഫോം നയം സംബന്ധിച്ച് നേരിട്ടുള്ള വ്യവസ്ഥകളൊന്നും ഇല്ല എന്നതാണ്. പാഠ്യപദ്ധതി, സിലബസ്, പാഠപുസ്തകങ്ങൾ, മാനേജ്‌മെന്റുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ എന്നിവയിലെല്ലാം സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഈ നിയമത്തിലെ ഏഴാം നമ്പർ വ്യവസ്ഥ സർക്കാറിന് അധികാരം നൽകുന്നു. സംയോജിത സംസ്കാരത്തിന്റെ സമ്പന്ന പൈതൃകം, സ്ത്രീകളുടെ അന്തസ്സ് എന്നിവ സംരക്ഷിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളുടെ ഒരു നീണ്ട പട്ടികയും ഇതിലുണ്ട്.
എന്നാൽ, സർക്കാർ ഉത്തരവ് ഈ ലക്ഷ്യങ്ങളുടെ പട്ടിക യാന്ത്രികമായി വായിച്ച് നിയമത്തിലെ സെക്ഷൻ 133 (2) പ്രകാരം കർശനമായ യൂനിഫോം നിയമം ചുമത്തുന്നതിന് സംസ്ഥാന സർക്കാറിന് നൽകിയിരിക്കുന്ന അധികാരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ കർക്കശമായ ഔദ്യോഗിക വ്യാഖ്യാനത്തെ ഹൈകോടതിയും ന്യായീകരിച്ചു. മതത്തിന്റെ പ്രതീകമായ ഹിജാബ് /അല്ലെങ്കിൽ മറ്റേതെങ്കിലും വസ്ത്രങ്ങൾ ഒഴിവാക്കുന്നത് 'വിമോചനത്തിലേക്കും, വിദ്യാഭ്യാസവീഥിയിലേക്കുമുള്ള ഒരു ചുവടുവെപ്പായി' കോടതി കണ്ടെത്തി. പോസിറ്റിവ് സെക്കുലറിസം എന്നാണ് ഈ മനോഭാവത്തെ നിർവചിച്ചിരിക്കുന്നത്.
പോസിറ്റിവ് സെക്കുലറിസം എന്ന ഈ ആശയം ഉരുവം കൊള്ളുന്ന പ്രതലത്തെ ഞാൻ വിളിക്കുന്നത് ഹിന്ദുത്വ ഭരണഘടനാവാദം എന്നാണ്. ഹിന്ദുത്വ ഗ്രൂപ്പുകൾ എല്ലായ്പോഴും ഭരണഘടന തത്ത്വങ്ങൾക്കും നിയമപരമായ സാങ്കേതികതകൾക്കുമിടയിൽ വേർതിരിവ് കാണിക്കുന്നു. ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളും ഉന്നത മൂല്യങ്ങളുമെല്ലാം പരിഹരിക്കപ്പെട്ട വിഷയങ്ങളായാണ് അവർ കാണുന്നത്. അതേസമയം, നിയമപരമായ സാങ്കേതികതകൾ പൂർത്തീകരിച്ചിട്ടില്ലാത്ത വിഷയങ്ങളായും.
ഹിജാബിനെ ഒരു രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കുന്നത് സംസ്കാരങ്ങളുടെ സംഘട്ടനം എന്ന സിദ്ധാന്തത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ആഴത്തിൽ ആണ്ടുപോയിരിക്കുന്നുവെന്ന വസ്തുതക്ക് അടിവരയിടുന്നു. സത്യത്തിൽ പുതു ഹിന്ദുത്വയുടെ വിജയം തന്നെ ഹിന്ദു-മുസ്‌ലിം വിരോധം നിലനിർത്താൻ പോന്ന വിഷയങ്ങൾക്കായുള്ള ആവേശകരമായ അന്വേഷണത്തിലാണ്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർന്നുവരുന്ന രൂപങ്ങൾ ബുദ്ധിപരമായ ഏതെങ്കിലും പ്രത്യയശാസ്ത്ര തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഹിജാബ് വിഷയം വ്യക്തമാക്കിത്തരുന്നു. ഇന്ത്യാവത്കരണം, ഹിന്ദു സ്വാഭിമാനം, സാംസ്കാരിക ദേശീയത, രാഷ്ട്രീയ സുരക്ഷ, സ്വദേശി അങ്ങനെ വർഷങ്ങളായി രൂപപ്പെട്ടുവന്ന ഒഴുകുന്ന ആശയങ്ങളുടെ ഒരു സംഭരണി തീർച്ചയായും ഉണ്ട്. പക്ഷേ, ഈ ആശയങ്ങൾ ഒന്നും തന്നെ യുക്തിഭദ്രമായ ഘടനയിൽ സ്ഥാപിക്കപ്പെടുന്നവയല്ല. ഈ തുറന്ന നിലപാടും അനുസരണക്കേടും സന്ദർഭത്തിനനുയോജ്യമായ നിലപാടുകൾ സ്വീകരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പുകൾക്ക് സൗകര്യം നൽകുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തിൽ യുക്തിഭദ്രത തിരയാൻ ശ്രമിക്കൽ അർഥശൂന്യമാണ്. അതിനുപകരം, ദൈനംദിന ജീവിതത്തെ ഹിന്ദുമതവും ഇസ്‌ലാമും തമ്മിലെ സാംസ്കാരിക സംഘട്ടനങ്ങളായി വ്യാഖ്യാനിക്കാൻ അവർ തന്ത്രപരമായി ചിട്ടപ്പെടുത്തുന്ന അവകാശവാദങ്ങളും അവ കടന്നുവരുന്ന വഴികളും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
(ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവും രാഷ്ട്രീയ
നിരീക്ഷകനുമായ ലേഖകൻ ന്യൂഡൽഹി സി.എസ്.ഡി.എസിൽ അസോസിയറ്റ് പ്രഫസറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.