രാമക്ഷേത്ര ഉദ്ഘാടനത്തിലെ ഹിന്ദുത്വ കെണികൾ
text_fieldsബാബരി മസ്ജിദ് തകർത്തതിനെപ്പറ്റി മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻ പറഞ്ഞത് മഹാത്മാ ഗാന്ധിയുടെ വധത്തിനുശേഷം ഇന്ത്യയിലുണ്ടായ ദേശീയ ദുരന്തം എന്നാണ്
അമേരിക്കൻ ഐക്യനാടുകളിൽ അടിമത്ത നിരോധനത്തിനുശേഷം കറുത്തവരെ കൂട്ടുചേർന്ന് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന നിരവധി സംഘങ്ങൾ രൂപപ്പെട്ടു. വെള്ളക്കാരായ വംശീയവാദികളുടെ നേതൃത്വത്തിൽ നടന്നിരുന്ന ഇത്തരം കൊലപാതകങ്ങളെ ലിഞ്ചിങ് എന്നാണ് വിളിച്ചിരുന്നത്. അതേവരെ തങ്ങൾ കൈയാളിയിരുന്ന അധികാര ഇടങ്ങളിലേക്ക് കറുത്തവർ കടന്നുവരുമോ എന്ന വെള്ളക്കാരുടെ ഭയപ്പാടാണ് ലിഞ്ചിങ്ങിന് കാരണമായത്.
കറുത്തവരെ പിടിച്ചുകെട്ടി മൃഗീയമായി പീഡിപ്പിച്ചശേഷം ഏതെങ്കിലും മരത്തിലോ തൂണിലോ കെട്ടിത്തൂക്കി വെടിവെച്ചുകൊല്ലുക എന്ന രീതിയിലാണ് ലിഞ്ചിങ് നടപ്പാക്കിയിരുന്നത്.
ഓരോ ലിഞ്ചിങ് നടത്തുമ്പോഴും അതിന്റെ വിവിധ ഘട്ടങ്ങൾ കാമറയിൽ പകർത്തും. ശേഷം ആ ചിത്രങ്ങളുടെ ആയിരക്കണക്കിന് പ്രതികൾ എടുത്ത് വെള്ളക്കാർക്കിടയിലും കറുത്തവരിലും പ്രചരിപ്പിക്കും. കറുത്തവരുടെ നിസ്സഹായത ബോധ്യപ്പെടുത്തി അവരുടെ നിശ്ശബ്ദീകരണത്തെ ഉറപ്പിക്കാനാണ് ഈ പ്രചാരണംകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, കറുത്തവരുടെ നിശ്ശബ്ദീകരണത്തെക്കാൾ വെള്ളക്കാരുടെ വംശീയ മേന്മാബോധത്തെ സ്ഥിരീകരിച്ചുനിർത്താനും അവർക്കിടയിൽ വേട്ടക്കാർ തമ്മിലെ ഐക്യം ഊട്ടിയുറപ്പിക്കാനുമാണ് ലിഞ്ചിങ് ഫോട്ടോഗ്രാഫുകൾകൊണ്ടുള്ള പ്രചാരവേല കൂടുതൽ ഉപകരിച്ചത്.
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തശേഷം ആ ഭൂമിയിൽ നിർമിച്ചുവരുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടന്നിരിക്കുകയാണ്. ‘പ്രാണപ്രതിഷ്ഠ’ എന്നുവിളിക്കുന്ന ഈ ചടങ്ങിനെ വലിയൊരു ഉത്സവപ്രതീതിയിൽ കാഴ്ചയുടെ കെട്ടുവിദ്യയാക്കാനാണ് ഹിന്ദുത്വവാദികളും അവരുടെ ഭരണകൂടങ്ങളും മുതിരുന്നത്.
ഇതിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് പൊതു അവധി നൽകി. ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ഓഹരി വിപണിക്കും ഭാഗികമായി അവധി പ്രഖ്യാപിച്ചു. ചാനലുകളും പത്രമാധ്യമങ്ങളും ദിവസങ്ങൾക്കുമുമ്പേ പ്രതിഷ്ഠാദിനം കൊണ്ടാടിത്തുടങ്ങിയിരുന്നു.
ഹിന്ദുത്വവാദികളുടെയും അവരെ അനുകൂലിക്കുന്നവരുടെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ മാത്രമല്ല, നിഷ്പക്ഷരെന്നു നടിക്കുകയും മതേതര പുറംമേനി കാണിക്കുകയും ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങളും ബാബരി മസ്ജിദ് തകർത്തതിനെപ്പറ്റി ഒരു വാക്കുപോലും ഉരിയാടാതെ ഈ പ്രചാരണ കോലാഹലങ്ങളിൽ പങ്കാളികളായി.
അയോധ്യ അതിവിപുലമായ നിർമാണ പ്രവർത്തനങ്ങളിലൂടെ ഒരു ക്ഷേത്രനഗരിപോലെ മാറ്റപ്പെട്ടുകഴിഞ്ഞു. ഇതിന്റെ മറവിൽ വമ്പിച്ച നിലയിൽ നഗരഭൂമികൾ അദാനിപോലുള്ളവർക്ക് തീറെഴുതിക്കൊടുക്കുകയാണെന്നത് വേറെ കാര്യം.
ഒരു നാട്ടുരാജാവിൽ കവിഞ്ഞ് പ്രത്യേകതകൾ ഒന്നുമില്ലാത്ത പുരാണ കഥാപാത്രമായ രാമനെ ഇന്ത്യക്ക് മുഴുവൻ ബാധകമായ ‘മര്യാദ പുരുഷോത്തമനും’ ‘ഹിന്ദു ഹൃദയ സമ്രാട്ടു’മായി മാറ്റിയതിൽ ദൂരദർശനിലൂടെ സംപ്രേഷണംചെയ്ത രാമായണം സീരിയൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഈ സീരിയൽ സംപ്രേഷണം ചെയ്യുമ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളും നഗരപ്രദേശങ്ങളും ബന്ദിന് സമാനമായ അവസ്ഥയിലാകുമായിരുന്നു.
ഇന്ത്യയിൽ രാജാധിപത്യങ്ങളുടെ സേവകവൃത്തി ചെയ്തിരുന്ന ബ്രാഹ്മണ്യം ബഹുജനങ്ങൾക്കിടയിൽ വേരുകളാഴ്ത്തിയത് പുരാണകഥകളുടെ പ്രചാരങ്ങളിലൂടെയാണെന്ന് ചരിത്രകാരൻ ഡി.ഡി. കൊസാംബി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ തുടർച്ചയിൽ, രാമായണം സീരിയലിലൂടെ ആധുനിക ഇന്ത്യയിലുണ്ടായ ദൃശ്യവത്കരണം ബ്രാഹ്മണിസത്തിന്റെ സമകാലീനവത്കരണത്തിനൊപ്പം ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ വിജയത്തിനും സഹായകരമായി മാറി.
ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലുള്ള ജാതികളിലെ ആൾക്കാർപോലും ‘മോദിജി ഞങ്ങൾക്ക് രണ്ടാം സ്വാതന്ത്ര്യദിനം സമ്മാനിച്ചു’ എന്നുപറയുന്ന വിധത്തിൽ പരിവർത്തനപ്പെട്ടിരിക്കുകയാണ്. ഈ വൈകാരികാവസ്ഥയെ മുതലെടുത്ത് അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികളെ നിലംപരിശാക്കി അധികാരത്തിൽ തുടരാമെന്നാണ് ഹിന്ദുത്വ ബുദ്ധികേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്.
ഇതേസമയം, ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച ദൃശ്യവത്കരണവും ഉത്സവ പ്രതീതിയും ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന് എങ്ങനെയാവും അനുഭവപ്പെടുക? അവരെ സംബന്ധിച്ച് ദൈവശാസ്ത്രപരമായി മാത്രമല്ല, മതേതരമായ ന്യൂനപക്ഷ അവകാശങ്ങളുടെ പരിധിയിലൂടെ നോക്കിയാലും മറക്കാനോ പൊറുക്കാനോ കഴിയാത്ത ഹിംസയാണ് ബാബരി മസ്ജിദിന്റെ തകർക്കലിലൂടെ നടന്നത്.
തീർച്ചയായും ലിഞ്ചിങ് ഫോട്ടോഗ്രാഫ് കാണുമ്പോൾ കറുത്തവർക്ക് തോന്നുന്നതിന് സമാനമായ വിധത്തിലെ ചരിത്രവിഷാദവും അന്യവത്കരണവും മാത്രമേ ഈ പ്രതീതി യാഥാർഥ്യങ്ങൾ ആ സമുദായത്തിൽ ഉളവാക്കുകയുള്ളൂ. ന്യൂനപക്ഷ അവകാശങ്ങളെ ജനാധിപത്യത്തിന്റെ ജീവവായുവായി കരുതുന്ന ഏതൊരു ജനാധിപത്യവാദിക്കും മുസ്ലിംകളുടെ അതേ വികാരംതന്നെയാണ് ഉണ്ടാവുക.
മുസ്ലിംകളുടെ ദേശീയമായ അന്യവത്കരണത്തിനൊപ്പം ഇന്ത്യയിലെ ദലിത് ബഹുജനങ്ങളെ ഈ ദൃശ്യവത്കരണം സാംസ്കാരികമായി ഷണ്ഡീകരിക്കുകയും കെണിയിലകപ്പെടുത്തുകയും ചെയ്യുന്നത് എങ്ങനെയാണെന്നുകൂടി കാണേണ്ടതുണ്ട്.
ബാബരി മസ്ജിദ് തകർത്തതിനെപ്പറ്റി മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻ പറഞ്ഞത് മഹാത്മാ ഗാന്ധിയുടെ വധത്തിനുശേഷം ഇന്ത്യയിലുണ്ടായ ദേശീയ ദുരന്തം എന്നാണ്.
ബാബരി മസ്ജിദ് തകർക്കാൻ ഹിന്ദുത്വവാദികൾ തിരഞ്ഞെടുത്ത ദിവസം ഡിസംബർ ആറാണ്. ഇന്ത്യയിലെ ദലിത് ബഹുജനങ്ങൾ അവരുടെ ഏറ്റവും സമുന്നതനായ നേതാവും ഗുരുനാഥനുമായി കാണുന്ന ഡോ. അംബേദ്കറിന്റെ അനുസ്മരണ ദിനമാണ് ഡിസംബർ ആറ്. ബാബരി മസ്ജിദ് തകർത്തതിനൊപ്പം ഡോ. അംബേദ്കറിന്റെ ഓർമദിനത്തെയും കൂടെ അപചയപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഹിന്ദുത്വവാദികൾ നടപ്പാക്കിയത്.
ഹിന്ദുത്വത്തിന് വിജയിക്കാൻ സവർണരെ മാത്രം ഏകീകരിച്ചാൽ മതിയാവില്ല. ആദിവാസികളെയും ദലിതരെയും പിന്നാക്കക്കാരെയും സാംസ്കാരികമായി അപചയപ്പെടുത്തി ഒപ്പം ചേർക്കുകയും അനിവാര്യമാണ്.
രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത് ഒരു ദലിത് സന്യാസിയെ ഉപയോഗിച്ചാണെന്ന കാര്യം ഹിന്ദുത്വവാദികൾ വിപുലമായി പ്രചരിപ്പിക്കുന്നുണ്ട്. രാമക്ഷേത്രത്തിൽ നിഷാദ രാജാവായ ഗുഹന്റെ പേരിലുള്ള ഉപക്ഷേത്രവും നിർമിച്ചിട്ടുണ്ട്.
ശബരി എന്ന ആദിവാസി സ്ത്രീയുടെ പേരിലും വിശ്വകർമജരുടെ പ്രതിനിധാനത്തിലും ഉപക്ഷേത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ പുനർവിന്യസിച്ചുകൊണ്ട് സവർണർക്ക് സേവ ചെയ്യുന്നവരും അവർക്കുവേണ്ടി ചാവേറുകളുമാകുന്നവരുമായി ദലിത് ബഹുജനങ്ങളെ പുനർനിർണയിക്കുകയാണ് ലക്ഷ്യംവെക്കുന്നത്.
സത്യത്തിൽ, ഇന്ത്യയിലെ ശ്രമണ സാംസ്കാരിക-ദാർശനിക ധാരകളുടെ പാത ഉൾക്കൊള്ളുന്നവരാണ് ദലിത് ബഹുജനങ്ങൾ. പൗരാണിക കാലത്ത് ശ്രീബുദ്ധൻ മുതൽപേരും ആധുനികതയിൽ മഹാത്മാ ഫൂലേയും ഡോ. അംബേദ്കറും ദേശീയതലത്തിലും അയ്യൻകാളി, പെരിയോർ മുതലായവർ പ്രാദേശികമായ സവർണ മേധാവിത്വത്തിനെതിരെയും നടത്തിയ പോരാട്ടങ്ങളെ വീണ്ടെടുത്തുകൊണ്ടാണ് ഈ ജനത ആത്മപ്രതിഫലനമുള്ളവരായി വികാസം നേടിയത്.
ഇത്തരത്തിൽ പരിവർത്തനോന്മുഖമായി ചരിത്രത്തിൽ ഇടപെടുന്ന കീഴാളരുടെ സാംസ്കാരിക വ്യത്യാസത്തെ തുടച്ചുമാറ്റി, അവരെ ബ്രാഹ്മണിസ്റ്റ് വംശീയതയിലും ഹിന്ദുമിത്തോളജിയിലും കുടുക്കിയിടാൻ കൂടിയുള്ള കെണികളാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന കോലാഹലത്തിലൂടെ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.