ഹിന്ദുത്വത്തിനെതിരെ ഒരു തെക്കന്‍ മാതൃക
text_fieldsനരേന്ദ്ര മോദി ബി.ജെ.പിയുടെ ഭൂമിശാസ്ത്രപരമായ പരിമിതി 2014ല്‍തന്നെ തിരിച്ചറിയുകയും 2019ല്‍ അധികാരം നിലനിര്‍ത്താന് കിഴക്കും തെക്കുമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വളര്‍ത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. അതിെൻറ അടിസ്ഥാനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മെനഞ്ഞ തന്ത്രങ്ങള്‍ വലിയ അളവില്‍ വിജയിച്ചതുകൊണ്ടാണ് ബി.ജെ.പിക്കും അത് നയിക്കുന്ന എന്‍.ഡി.എക്കും വർധിച്ച ഭൂരിപക്ഷത്തോടെ തിരിച്ചുവരാനായത്.
കിഴക്കും തെക്കും പലയിടങ്ങളിലും ബി.ജെ.പിക്ക് വളരാന്‍ കഴിഞ്ഞപ്പോള്‍ തമിഴ് നാടിനും കേരളത്തിനും അതിനെ പൂർണമായും തടയാന്‍ കഴിഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രം മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് തിരിച്ചറിയുന്നവര്‍ എടുത്ത ശക്തമായ നിലപാട് ബി.ജെ.പി. ആസൂത്രണം ചെയ്ത പരിപാടികള്‍ രണ്ടിടത്തും പരാജയപ്പെടുത്തി. ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഒരു സീറ്റു പോലും നേടാനായില്ല.
മോദി തിരിച്ചുവരരുതെന്ന് ആഗ്രഹിച്ച കേരളത്തിലെ വോട്ടര്‍മാര്‍ക്ക് യു.ഡി.എഫിനോ എല്‍.ഡി.എഫിനോ വോട്ടു ചെയ്യാമായിരുന്നു. പരസ്പരം മത്സരിച്ച് ജയിച്ചശേഷം ഈ മുന്നണികളില്‍ പെട്ട ഇരുപതുപേരും ലോക് സഭയില്‍ സര്‍ക്കാറിനു അനുകൂലമായോ പ്രതികൂലമായോ ഒന്നിച്ച് കൈപൊക്കുന്ന കാഴ്ച പല തവണ നാം കണ്ടതാണ്. ഇത്തവണ വോട്ടർമാരെ നയിച്ചത് കഴിയുമെങ്കില്‍ സര്‍ക്കാറുണ്ടാക്കാനും അതില്‍ പങ്കാളികളാകാനും തങ്ങളുടെ പ്രതിനിധികള്‍ക്കാകണമെന്ന ചിന്തയാണ്. അതിെൻറ ഫലമായി യു.ഡി.എഫിന് പ്രതീക്ഷയില്‍ കവിഞ്ഞ മുന്‍തൂക്കമുള്ള ഒരു ജനവിധി ഉണ്ടായി.
കോൺഗ്രസിെൻറ ശക്തി ക്ഷയിക്കുകയും ദേശീയതലത്തില്‍ അതിനു ബദലായി മറ്റൊരു കക്ഷി ഇല്ലാതിരിക്കുകയും ചെയ്ത ഘട്ടത്തില്‍ ഉയര്‍ന്നുവന്ന “കോൺഗ്രസിതര, ബി.ജെ.പിയിതര” സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തിെൻറ കാലം കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാഞ്ഞതിന് എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മിന് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്.
രണ്ടു പ്രാദേശിക കക്ഷികള്‍ മാറിമാറി ഭരിക്കുന്ന തമിഴ്നാട്ടില്‍ കോൺഗ്രസും സി.പി.ഐയും സി.പി.എമ്മും മുസ്ലിം ലീഗും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) നയിക്കുന്ന മുന്നണിയുടെ ഭാഗമായും ബി.ജെ.പി. ഒാള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നയിക്കുന്ന മുന്നണിയുടെ ഭാഗമായുമാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണശേഷം പിളര്പ്പിെൻറ വക്കിലെത്തിയ അണ്ണാ ഡി.എം.കെ നേതാക്കളെ ഒന്നിപ്പിച്ചുനിര്‍ത്തിയത് മോദിയാണ്. പ്രത്യുപകാരമായി അണ്ണാ ഡി.എം.കെ മുന്നണി ബി.ജെ.പിക്ക് അഞ്ചു സീറ്റ് നല്‍കി.
കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് സംസ്ഥാനത്തെ 39 സീറ്റുകളില്‍ 37ഉം നേടിയ അണ്ണാ ഡി.എം.കെക്ക് ജയലളിതയുടെ അഭാവത്തില്‍ കിട്ടിയത് ഒരു സീറ്റ് മാത്രം. ഡി.എം.കെയും അതിെൻറ ആറു സഖ്യകക്ഷികളും കൂടി ബാക്കിയെല്ലാം തൂത്തുവാരി. ബി.ജെ.പിയുമായുള്ള സഖ്യം അണ്ണാ ഡി.എം.കെക്ക് ഏറെ ദോഷം ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടില്‍ ജാതിമേധാവിത്വത്തിനെതിരെ വലിയ മുന്നേറ്റം നടത്തിയ പ്രദേശങ്ങളാണ് കേരളവും തമിഴ്നാടും. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം തങ്ങളുടെ സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നതുകൊണ്ടാണ് ആ കക്ഷിക്കെതിരെ രണ്ടിടത്തും ശക്തമായ വികാരം പ്രകടമായത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുത്വം അപരസ്ഥാനത്ത് നിര്‍ത്തുന്ന മുസ്ലിംകള്ക്കെതിരെ, സംസാരിച്ചുകൊണ്ടും പല നൂറ്റാണ്ടു കാലം നിലനിന്ന വിദേശാധിപത്യം ദുര്‍ബല മനസ്സുകളില്‍ സൃഷ്ടിച്ച അപകര്‍ഷബോധം മുതലെടുത്തുകൊണ്ടുമാണ് മോദി 2014ല്‍ 31 ശതമാനം വോട്ടോടെ ലോക്സഭയില്‍ 282 സീറ്റ് നേടി അധികാരത്തിലേറിയത്. അതേ തന്ത്രം പയറ്റിയാണ് അദ്ദേഹം ഇക്കൊല്ലം വോട്ടുവിഹിതം 37 ശതമാനമായും സീറ്റുകള്‍ 303 ആയും ഉയര്‍ത്തി അധികാരം നിലനിര്‍ത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ നടന്ന അക്രമ സംഭവങ്ങളില്‍ മൗനം പാലിച്ച മോദി തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. എന്നാല്‍, സ്വയം അവരോധിത ഗോസംരക്ഷകര്‍ ഒരെതിര്‍പ്പും കൂടാതെ അക്രമം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിെൻറ ന്യൂനപക്ഷാഭിമുഖ്യ പ്രസ്താവം എത്രമാത്രം ആത്മാർഥമാണെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.
പ്രത്യേക സാഹചര്യങ്ങളില്‍ കേരളത്തില്‍ വമ്പിച്ച വിജയം നേടാന്‍ കോൺഗ്രസിനു കഴിഞ്ഞു. ഇതു ദേശീയതലത്തില്‍ പാര്‍ട്ടി പിന്തുടരുന്ന മൃദുഹിന്ദുത്വത്തിനോ സംസ്ഥാനത്ത് ശബരിമല വിഷയത്തില്‍ അതവലംബിച്ച അവസരവാദപരമായ നിലപാടിനോ ഉള്ള അംഗീകാരമല്ല. കേരളത്തിലെയും തമിഴ് നാട്ടിലെയും ജനവിധി നല്‍കുന്ന ശരിയായ പാഠം ബി.ജെ.പി വളര്‍ത്തുന്ന മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തെ സാമൂഹികാടിസ്ഥാനത്തിലുള്ള -ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും അതു തടയാന്‍ ആഗ്രഹിക്കുന്നവരും എന്ന തരത്തിലുള്ള - ധ്രുവീകരണത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കാനാകും എന്നാണ്.
കേരളവും തമിഴ്നാടും ആ പ്രതിരോധശക്തി ആർജിച്ചത് ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ ശ്രമഫലമായല്ല, മുന്‍ തലമുറകളിലെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ശ്രമഫലമായാണ്. ആ തലമുറകളുടെ നേട്ടങ്ങള്‍ ഇനിയും പൂർണ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്ന് ചില വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ദലിതരുടെയും ആദിവാസികളുടെയും അവസ്ഥ, വ്യക്തമാക്കുന്നു. ഈ ദൗര്‍ബല്യം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. രാഷ്ട്രീയ കക്ഷികള്‍ ഹ്രസ്വകാല താൽപര്യങ്ങള്‍ മുന്‍നിര്‍ത്തി എടുക്കുന്ന നടപടികളുടെ ഫലമായി മുന്‍തലമുറകള്‍ കൈമാറിയ പല നന്മകളും നഷ്ടമാകുന്നുണ്ട്. അത് തടയാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണ്.
കേരളവും തമിഴ്നാടും കണ്ട തരത്തിലുള്ള സാമൂഹിക പരിഷ്കരണം നടന്നിട്ടില്ലാത്ത സ്ഥലങ്ങളില്‍ ജാതിമേധാവിത്വത്തെ ചെറുത്തുതോൽപിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. മൃദുഹിന്ദുത്വത്തെ പുല്‍കുന്ന കോൺഗ്രസിനു അത്തരം പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. പക്ഷേ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ക്കാകൊടുക്കേണ്ടതില്ല. ഏതൊരു രാഷ്ട്രീയ കക്ഷിയേക്കാളും ഭംഗിയായി ആ ദൗത്യം ചെയ്യാന്‍ കഴിയുന്നത് സന്നദ്ധ സംഘങ്ങള്‍ക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.