ഹിന്ദുത്വ ഭീകരതയുടെ വിളയാട്ടങ്ങൾ: കരൗലി മുതൽ ജെ.എൻ.യു വരെ
text_fieldsരാമനവമിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം തീവ്ര ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിട്ട അക്രമങ്ങളുടെ സാഹചര്യത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും സന്ദർഭങ്ങളെയെല്ലാം ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കാനുള്ള അവസരമായാണ് സംഘ്പരിവാർ കാണുന്നത്.
രാജസ്ഥാനിലെ കരൗലി, മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, കർണാടക, ഝാർഖണ്ഡ്, ബിഹാർ, ഗോവ എന്നിവിടങ്ങളിൽ മുസ്ലിംകളെയും അവരുടെ വീടുകളെയും ആരാധനാലയങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ഭരണകൂട പിന്തുണയോടെ ആക്രമിച്ചുകൊണ്ടാണ് ഹിന്ദുത്വ മുന്നേറ്റം. വിശാല ഹൈന്ദവ ഐക്യമെന്ന സങ്കൽപ്പത്തിന് അനുസൃതമായി എല്ലാ ജാതിയിൽ പെട്ടവർക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ തങ്ങളുടെ ജനകീയാടിത്തറ ഉറപ്പിക്കാൻ സംഗീതത്തിന് അകമ്പടിയായി ഘോഷയാത്രകളും ശൗര്യപ്രകടനങ്ങളും നടത്തി മുസ്ലിം സമുദായത്തെ അപരവൽക്കരിക്കുകയാണ് സംഘ്പരിവാർ കാലങ്ങളായി ചെയ്തു പോരുന്നത്. അതിനാൽ തന്നെ ഇത്തരം അക്രമങ്ങൾ സാമാന്യവത്കരിക്കപ്പെടുകയും പ്രതിപക്ഷ കക്ഷികൾ പോലും അവയെ തമസ്കരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
സംഘ്പരിവാർ സങ്കൽപ്പിക്കുന്ന ഏകശിലാത്മകവും അധീശത്വപരവുമായ സാംസ്‌കാരിക പരിസരത്തെ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ രാമനവമിയോടനുബന്ധിച്ചു മാംസാഹാര വിലക്ക് ഏർപ്പെടുത്തിയത്. ഈ വിലക്കിനെ എതിർത്ത വിദ്യാർത്ഥികളെ എ.ബി.വി.പി പ്രവർത്തകർ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത്തരമൊരു അക്രമോൽസുക നടപടിയെ നമ്മൾ വീക്ഷിക്കേണ്ടത് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമാന സംഭവങ്ങളുടെ സാഹചര്യത്തിലാണ്.
രാംനവമി ആചരണത്തിന്റെ ഭാഗമായി ഏപ്രിൽ രണ്ട് മുതൽ 11 വരെയുള്ള കാലയളവിൽ മാംസ വിതരണ കടകൾ അടച്ചിടണമെന്ന സൗത്ത് ഡൽഹി മുൻസിപ്പൽ കൗൺസിൽ മേയറും ബി.ജെ.പി നേതാവുമായ മുകേഷ് സൂര്യന്റെ താക്കീത് ഭക്ഷണ നിയന്ത്രണത്തിന്റെ മറ്റൊരു മുഖമാണ്. ഈ താക്കീതിന്റെ സമയവും ആസൂത്രിതമാണ്; മുസ്ലിം മതവിശ്വാസികൾ റമദാനിൽ വ്രതാനുഷ്ടാനത്തിന്റെ ഭാഗമായി മാംസം കൂടുതലായി ഉപയോഗിക്കുന്നതും അതിനായി വ്യാപാരികൾ തയാറെടുക്കുന്നതുമായ സമയം.
ഏകദേശം 1500ഓളം മാംസകടകൾ പ്രവർത്തിക്കുന്ന സൗത്ത് ഡൽഹിയിലാണ് ഷാഹീൻബാഗും ജാമിയ മില്ലിയ ഇസ്ലാമിയയും ജെ.എൻ.യുവും സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള ഐ.എൻ.എ മാർക്കറ്റിലെ കടകൾ ആദ്യദിവസങ്ങളിൽ അടച്ചുപൂട്ടിയെങ്കിലും സർക്കാർ ഉത്തരവിന്റെ അഭാവത്തിൽ പിന്നീട് തുറന്നുപ്രവർത്തിച്ചു. എന്നാൽ, പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾക്കെതിരെ പ്രതികരിക്കാൻ പ്രതിപക്ഷ കക്ഷികൾ പോലും തയാറാവുന്നില്ല എന്ന സ്ഥിതിവിശേഷം സംഘ്പരിവാറിന് പ്രോത്സാഹനം നൽകുന്നുണ്ട്.
ജെ.എൻ.യുവിലെ പതിനാലോളം വരുന്ന ഹോസ്റ്റലുകൾക്കെല്ലാം തിരഞ്ഞെടുക്കപ്പെട്ട മെസ്സ് കമ്മിറ്റികളുണ്ട്. അവയെല്ലാം തങ്ങളുടെ ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണ ലിസ്റ്റ് ഒരു മാസം മുന്നേ തയാറാക്കുകയും അതിൽ മൂന്നു ദിവസം രാത്രിഭക്ഷണമായി കോഴിയിറച്ചി, ആട്ടിറച്ചി, കോഴിമുട്ട എന്നിവ വിളമ്പുകയും ചെയ്യാറുണ്ട്. ഈ മൂന്നു ദിവസങ്ങളിൽ സസ്യാഹാരം കഴിക്കേണ്ടവർക്ക് അതിന് സൗകര്യവുമുണ്ട്.
തൊട്ടടുത്ത കേന്ദ്ര സർവകലാശാലയായ ജാമിയ മില്ലിയ ഇസ്ലാമിയയിൽ ബീഫ് അടക്കമുള്ള വിഭവങ്ങൾ ഉള്ളപ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തിന് മേൽകൈയുള്ള ജെ.എൻ.യുവിൽ ബീഫിന് ഇപ്പോഴും ചതുർഥിയാണ്. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിലും ഇഫ്‌ളുവിലും ബീഫ് കഴിച്ചതിന്റെ പേരിൽ നിയമനടപടി ഏറ്റുവാങ്ങിക്കൊണ്ട് പ്രതിഷേധിച്ച വിദ്യാർത്ഥികളും സംഘടനകളും ഉയർത്തിയ ആവശ്യങ്ങളൊന്നും ഈ കാര്യത്തിൽ ജെ.എൻ.യുവിൽ ചർച്ചാവിഷയമല്ല.
ഏപ്രിൽ പത്തിന് മാംസവുമായി വന്ന വിൽപ്പനക്കാരനെ ഭയപ്പെടുത്തി തിരിച്ചയച്ച എ.ബി.വി.പി പ്രവർത്തകർ കാവേരി ഹോസ്റ്റലിൽ അന്ന് സസ്യാഹാരം മാത്രം വിളമ്പിയാൽ മതി എന്ന് മെസ്സ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതോട് കൂടിയാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് രാത്രി സംഘടിച്ചുവന്ന സംഘ് പ്രവർത്തകർ ഹോസ്റ്റൽ വിദ്യാർത്ഥികളെ മർദിക്കാൻ ആരംഭിച്ചു.
വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തിയ സംഘടനാ പ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. മർദനമേറ്റ പൗരത്വ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായ അഖ്‌തറിസ്‍ത അൻസാരി, ഡോലൻ സാമന്ത ഉൾപ്പെടെയുള്ള വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വിഷയത്തിൽ ഹോസ്റ്റൽ വാർഡൻ അടക്കമുള്ള ഉദ്യോഗസ്ഥരും ഡൽഹി പൊലീസും സംഘ്പരിവാറിനു സഹായകമായ രീതിയിലാണ് പ്രവർത്തിച്ചത്.
ബ്രാഹ്മണിക-സസ്യാഹാര നിർബന്ധിതാവസ്ഥക്കെതിരായ വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് പിന്നീട് മാംസാഹാരം തടയുവാൻ അനുവദിക്കുകയില്ല എന്ന് അവർക്ക് നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടി വന്നു. പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികൾക്കെതിരെ വിദ്യാർഥികൾ രാത്രി വസന്ത്കുഞ്ജ് സ്റ്റേഷനിലേക്കും അടുത്ത ദിവസം ഡൽഹി പൊലീസ് ഹെഡ്ക്വർട്ടേഴ്സിലേക്കും പ്രതിഷേധ പ്രകടനം നടത്തി.
എന്നാൽ, പിന്നീട് സംഘ്പരിവാർ അഴിച്ചുവിട്ട വ്യാജപ്രചാരണങ്ങൾ മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ചു. എല്ലാ വർഷവും കാവേരി ഹോസ്റ്റലിനു സമീപം നടത്തിവരാറുള്ള രാമനവമി പൂജ തടയാൻ വിദ്യാർഥികൾ ശ്രമിച്ചതിനാണ് അവർ ആക്രമിച്ചത് എന്ന തെറ്റായ വാദം എ.ബി.വി.പി പ്രചരിപ്പിച്ചു. വൈകുന്നേരം ആറിന് കഴിഞ്ഞ പൂജയെയാണ് രാത്രിയിലെ അക്രമത്തിനു കാരണമായി അവർ പ്രചരിപ്പിച്ചത്.
അതുപോലെ എല്ലാ വർഷവും വ്രതമെടുക്കുന്ന മുസ്ലിം വിദ്യാർഥികൾ സംഘടിപ്പിക്കുന്ന നോമ്പുതുറയുമായി ഇതിനെ കൂട്ടിക്കെട്ടാനും ശ്രമം നടന്നിട്ടുണ്ട്. നിശ്ചിത തുക നൽകി ആർക്കും പങ്കാളികളാവാൻ കഴിയുന്നതരത്തിൽ ഓരോ ഹോസ്റ്റലിലും ഇഫ്‌താർ കമ്മിറ്റി സംഘടിപ്പിച്ചു അത്താഴത്തിനും നോമ്പുതുറക്കും സംവിധാനങ്ങൾ ഒരുക്കുന്നത് ജെ.എൻ.എൻയുവിലെ സ്ഥിരം കാഴ്ചയാണ്. വിദൂരബന്ധം പോലുമില്ലാത്ത കാര്യങ്ങളിൽ തന്നെയും മുസ്ലിംകളെ വില്ലന്മാരാക്കി ചിത്രീകരിച്ചുകൊണ്ട്, രണ്ടു വിഭാഗങ്ങൾക്കിടയിൽ നടന്ന സംഘർഷമായും കലാപമായും വ്യാഖ്യാനിക്കുന്ന സംഘ്പരിവാർ കുപ്രചാരണങ്ങൾ നമ്മുടെ സമൂഹത്തെ വലിയരീതിയിൽ ബാധിച്ചിരിക്കുന്നു എന്നത് ഒരു തിക്തസത്യമാണ്.
തുടരുന്ന സംഘ്പരിവാർ ഹിംസകൾ
ജെ.എൻ.യുവിലെ സംഘ്പരിവാർ ഹിംസകൾ ചോദ്യം ചെയ്യപ്പെടാതെയും അന്വേഷിക്കപ്പെടാതെയും തുടർന്നുകൊണ്ടേയിരിക്കുകയാണ്. 2016ലെ നജീബ് അഹമ്മദിനെ തട്ടിക്കൊണ്ടുപോയ എ.ബി.വി.പി കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനോ നജീബിനെ കണ്ടെത്തുവാനോ രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ സംഘത്തിന് പോലും സാധിച്ചിട്ടില്ല.
2020 ജനുവരിയിൽ ജെ.എൻ.യുവിൽ അഴിഞ്ഞാടിയ സംഘ്പരിവാരം കാശ്മീരികളുടെയും മുസ്ലിംകളുടെയും ഇടതുപക്ഷപ്രവർത്തകരുടെയും ഹോസ്റ്റൽ റൂമുകൾ അടിച്ചുതകർക്കുകയും യൂനിയൻ പ്രസിഡന്റ് അടക്കമുള്ളവരെ ആക്രമിക്കുകയും ചെയ്തിരുന്നു. അത്തരം സംഭവങ്ങളിലൊക്കെ സംഘ്പരിവാറിന് ഏറാൻ മൂളുന്ന ഡൽഹി പൊലീസ് പൗരത്വ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ ഷർജീൽ ഇമാമിനെയും ഉമർ ഖാലിദിനെയും രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.
ഇന്ത്യയിലുടനീളം സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഹിംസയുടെ മാതൃക സർവകലാശാലകളിലും അവർ നടപ്പാക്കുമ്പോൾ ഹിന്ദുത്വ-ഫാഷിസം എന്നുപോലും ഉരിയാടാനാവാതെ പ്രതിപക്ഷ പാർട്ടികൾ കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്ത്യ വംശഹത്യയുടെ വക്കിലാണെന്ന ഓർമപ്പെടുത്തലുകളെ ഉറച്ച രാഷ്ട്രീയ ബോധ്യമായി മാറ്റിയാൽ മാത്രമേ ഹിന്ദുരാഷ്ട്രത്തിന്റെ ഭീകരതയെ ചെറുത്തുതോൽപ്പിക്കുവാനും അതിജയിക്കുവാനും സാധിക്കൂ എന്നതാണ് സമകാലിക സാഹചര്യം നമ്മോട് വിളിച്ചുപറയുന്നത്.
(ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഗവേഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.