ഖോജമാരും മാപ്പിളമാരും രൂപംകൊണ്ടതിങ്ങനെ
text_fieldsഏഷ്യാചരിത്രം സംബന്ധിച്ച യൂറോപ്യൻ ചിന്തകൾ ഏറെയും ഏഷ്യയെക്കുറിച്ചുള്ള പഠനത്തെ പാശ്ചാത്യ സ്വേച്ഛാധിപത്യമെന്ന മൂശയിലാക്കുന്നു. യാതൊരു ചലനവും പരിവർത്തനവുമില്ലാത്തവ എന്ന നിലയിലാണ് ഏഷ്യൻ സമൂഹങ്ങളെ അവതരിപ്പിക്കുന്നതുതന്നെ. അത്യധികം തികഞ്ഞ സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരി തന്റെ അധികാരത്താൽ സകല വിഭവങ്ങളെയും നിയന്ത്രിക്കുന്ന മട്ടിൽ ഒരു പിരമിഡ് പോലെയായിരുന്നു സാംസ്കാരിക മാതൃക. സമ്പത്ത് സൃഷ്ടിക്കാൻ കഠിനാധ്വാനംചെയ്യുന്നവർ ഘടനയുടെ ഏറ്റവും താഴെത്തട്ടിലും കടുത്ത ദാരിദ്ര്യത്തിലുമായിരുന്നു. തന്റെ സമ്പത്തിന്റെ പ്രദർശനത്തിൽ മാത്രമായിരുന്നു സ്വേച്ഛാധിപതിയുടെ ഏക താൽപര്യം.
ഇത്തരം ചില മൂശകളിൽനിന്നും മാക്സ് വെബറിന്റെയും മറ്റും ചില ആശയങ്ങളിൽനിന്നുമാണ് ‘ഏഷ്യൻ ഉൽപാദന രീതി’ ഉരുത്തിരിഞ്ഞത്. യൂറോപ്യൻ ചരിത്രത്തിൽ നടത്തുന്ന സൂക്ഷ്മമായ അന്വേഷണത്തിൽനിന്ന് വ്യത്യസ്തമായിരുന്നു ഇത്തരം വിശദീകരണ ശ്രമങ്ങൾ. ഏഷ്യൻ വിശദാംശങ്ങൾ അന്വേഷിക്കുന്ന യൂറോപ്യൻ, ഏഷ്യൻ പണ്ഡിതർ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വ്യത്യസ്തമായ ഒരു ചരിത്ര യാഥാർഥ്യം കണ്ടെത്തുംവരെ ഇത് അവ്വിധം തുടർന്നു.
ചരിത്രമെഴുത്തിലെ ദ്വിരാഷ്ട്ര സിദ്ധാന്തം
കൊളോണിയൽ ഇന്ത്യയിലെ രാഷ്ട്രീയത്തിൽ ജയിംസ് മില്ലിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തം സ്വാധീനം ചെലുത്തി. ആവശ്യമാംവിധത്തിൽ ആഴത്തിലുള്ള ചർച്ചകളും ആലോചനകളുമൊന്നും നടത്താതെ വെറും അനുമാനത്തിലധിഷ്ഠിതമായാണ് ഈ സിദ്ധാന്തം ഉറപ്പിച്ചത്. ഈ സിദ്ധാന്തം നൽകിയ രാഷ്ട്രീയ സാധുത ഈ സമയത്ത് ഉയർന്നുവന്ന രണ്ടു മതദേശീയതകളെ അവതരിപ്പിക്കുന്നതിനുള്ള ഉറവിടമായും മാറി. ഏകീകൃത കൊളോണിയൽ വിരുദ്ധ ദേശീയതയിൽനിന്ന് വ്യത്യസ്തമായിരുന്നു, മതപരമായ സ്വത്വങ്ങളെ അടിസ്ഥാനമാക്കി വേർതിരിക്കപ്പെട്ട വൈരുധ്യാത്മകമായ ദേശീയതകൾ.
മതേതര ജനാധിപത്യ ദേശീയത സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിൽ ശ്രദ്ധയൂന്നിയപ്പോൾ മുസ്ലിം, ഹിന്ദു എന്നിങ്ങനെയുള്ള രണ്ടു മതദേശീയതകൾ അവർക്കിടയിൽ രാഷ്ട്രത്തെ വിഭജിച്ചു. മുസ്ലിം പാകിസ്താനിൽ എത്തിയെങ്കിൽ ഹിന്ദു ഒരു ഹിന്ദു രാഷ്ട്രത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കോളനിഭരണത്തിന്റെ തന്ത്രം വിജയംകണ്ടുവരുകയാണ്.
ചരിത്രപരമായ ഒരു വീക്ഷണകോണിൽനിന്ന്, ഈ വിഭജനത്തിന് അതിനെ പിന്തുണക്കുന്ന തെളിവുകൾ ഉണ്ടായിരുന്നോ എന്ന് നമുക്കു ചോദിക്കാം. മുസ്ലിംകൾ ഇന്ത്യയിൽ അധിനിവേശം നടത്തി അധികാരത്തിൽ വന്നപ്പോൾ കഴിഞ്ഞ 1000 വർഷങ്ങളായി ഹിന്ദുക്കളെ ഇരകളാക്കുകയും അവരെ അടിമകളായി കണക്കാക്കുകയും ചെയ്തുവെന്ന പറച്ചിലാണ് അനിഷേധ്യ തെളിവായി കണക്കാക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ചരിത്രപണ്ഡിതർ ഈ സിദ്ധാന്തത്തെ ചോദ്യംചെയ്യുന്നത്? ഒരു വിഭാഗത്തിനെതിരെ മറ്റൊരു വിഭാഗം നടത്തിയ അതിക്രമങ്ങളുടെയും കടന്നുകയറ്റത്തിന്റെയും ചിത്രമായാണ് ഇത് ഉയർത്തിക്കാണിക്കപ്പെടുന്നത്; ഇപ്പോൾ ഹിന്ദുക്കൾക്ക് അധികാരം ലഭിച്ചിരിക്കുന്നതിനാൽ അതിന് പ്രതികാരം ചോദിക്കാനുള്ള അവകാശമുണ്ടെന്നും. എന്നാൽ, പ്രഫഷനൽ ചരിത്രപണ്ഡിതർ ഗവേഷണംചെയ്ത ചരിത്ര സ്രോതസ്സുകളിൽ വ്യത്യസ്ത വായനയാണ് ലഭിക്കുന്നത്, കൊളോണിയൽ ചരിത്രകാരുടെ ഈ വീക്ഷണത്തിന് അവ ബലം നൽകുന്നില്ല.
ആരാണ് ഇരയാക്കപ്പെട്ടത്?
ഇരയാക്കപ്പെടൽ എന്നാൽ എന്താണ്- നിഘണ്ടു പ്രകാരം ഒരു വ്യക്തിയെയോ ഒരു പ്രത്യേക കൂട്ടം ആളുകളെയോ ഇരയാക്കുക, അവരെ ചതിക്കുക, കബളിപ്പിക്കുക, വഞ്ചിക്കുക, അല്ലെങ്കിൽ അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുക, അല്ലെങ്കിൽ ജീവൻ ബലികഴിപ്പിക്കപ്പെടുംവിധം കശാപ്പ് ചെയ്യുക എന്നിങ്ങനെയെല്ലാമാണ്. ഒരു പ്രത്യേക വീക്ഷണം പുലർത്തുന്ന രാഷ്ട്രീയക്കാരും ഇതേക്കുറിച്ചെല്ലാം നന്നായി അറിഞ്ഞിരിക്കേണ്ട മറ്റു ചിലരും ഈ സിദ്ധാന്തം അംഗീകരിക്കുന്നവരായി അറിയപ്പെടുന്നു.
ഹിന്ദുക്കളുടെ തൊഴിൽജീവിതം ഏറ്റവും കുറഞ്ഞ രീതിയിലേക്ക് ചുരുക്കപ്പെട്ടു, അവരെ സാമൂഹികമായി ബഹിഷ്കരിക്കുകയും എല്ലാറ്റിനുമുപരി നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്തു; അമുസ്ലിം എന്ന നിലയിൽ നികുതി അടക്കേണ്ടിവന്നു.
ഇരയാക്കപ്പെടൽ എന്നത് ആധുനിക കാലത്തിനു മുമ്പുള്ള സമൂഹങ്ങൾക്ക് അറിവില്ലാത്ത കാര്യമല്ല. അധികാരവും സമ്പത്തുമുള്ളവർ അതില്ലാത്തവരെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തുപോന്നു. മേൽജാതി ഹിന്ദുക്കൾക്ക് രണ്ടു സഹസ്രാബ്ദത്തിലേറെയായി പരിചിതമായ ഒരാചാരമാണിത്. ദലിതർ, കീഴ്ജാതിക്കാർ, അയിത്തക്കാർ എന്നിങ്ങനെ വേർതിരിച്ച് മാറ്റിനിർത്തപ്പെട്ടിരുന്നു. അവരൊന്ന് തൊട്ടുപോയാൽപോലും മലിനമാകുമെന്ന് കണക്കാക്കപ്പെട്ടു. ജാതിശ്രേണിയിൽനിന്നു തന്നെ പുറത്തുള്ള ഒരു വിഭാഗമായാണ് അവരെ, അവർണരെ ഗണിച്ചുപോരുന്നത്. ഇത് ഇന്ത്യയിലെ എല്ലാ മതങ്ങൾക്കിടയിലും നിലനിന്നിരുന്ന ആചാരമാണ്. എന്നിരുന്നാലും കൂടുതലായും സവർണ ഹിന്ദുക്കളുമായി ബന്ധപ്പെട്ടാണിതെന്ന് രേഖകൾ കാണിക്കുന്നു.
മറ്റു മതങ്ങളിലേക്കുള്ള പരിവർത്തനത്തിലും, എല്ലാവരും തുല്യരാണെന്ന സിദ്ധാന്തം ഉയർത്തിപ്പിടിക്കുന്നവരിൽപോലും ഈ വേർതിരിവ് നിലനിന്നിരുന്നു. അതുകൊണ്ടാണ് നമുക്കിടയിൽ പസ്മന്ദ മുസ്ലിംകൾ, മസ്ഹബി സിഖുകൾ, ദലിത് ക്രൈസ്തവർ തുടങ്ങിയ വിഭാഗങ്ങളുണ്ടായത്; എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന മതവിഭാഗങ്ങളാണിവയെല്ലാം. വ്യത്യാസമെന്തെന്നാൽ, ഈ ആചാരം അടിസ്ഥാനപരമായി ഒരു മതവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ജാതിയുമായും ജാതിപദവിയുടെ അഭാവവുമായും ബന്ധപ്പെട്ടുള്ളതാണ്.
ഇത്തരം ആചാരങ്ങൾ പ്രത്യേക മതവിഭാഗങ്ങളിലേക്കും വർണസമൂഹത്തിനു പുറത്തുള്ള വലിയ വിഭാഗത്തിലേക്കും നയിക്കപ്പെടുന്നുണ്ടോ? ഇവ മറ്റു സ്വത്വങ്ങളേക്കാൾ കൂടുതൽ ജാതിയാൽ നിർവചിക്കപ്പെട്ടതാണോ? അതോ ലക്ഷ്യവും പ്രയോഗവും അനുസരിച്ച് അവ മാറുന്നുണ്ടോ? എന്നിങ്ങനെ ഉയർന്നുവരുന്ന പല ചോദ്യങ്ങളും നമ്മുടെ സമൂഹത്തിൽ പ്രാധാന്യമർഹിക്കുന്നു. ശ്രദ്ധേയമായ ഒരു കാര്യം സംസ്കൃത സ്രോതസ്സുകളിൽ മുസ്ലിംകളെ പൊതുവായി ആ പേരിലല്ല മറിച്ച് യവന, തജിക്, തുറുഷ്ക തുടങ്ങിയ വംശീയ ലേബലുകളിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
മതവിരോധം, ഇരയാക്കൽ തുടങ്ങിയവയുടെ ഫലമെന്ന മട്ടിൽ പലതും പ്രാധാന്യപൂർവം ഉയർത്തിക്കാണിക്കപ്പെടവെ കഴിഞ്ഞ ആയിരം വർഷങ്ങളിൽ ഹിന്ദു മുസ്ലിം മതസമൂഹങ്ങൾ തമ്മിലെ യഥാർഥ ബന്ധം ഏതുതരത്തിലായിരുന്നുവെന്ന് നമുക്ക് നോക്കാം.
സാമൂഹിക ശ്രേണിയുടെ ഉയർന്ന തട്ടിൽ നമുക്കറിയാവുന്നതുപോലെ ഏതാനും ഹിന്ദുരാജ കുടുംബങ്ങളായിരുന്നു. അവർ ‘രാജ’ പദവിയുമായി രാജ്യങ്ങളുടെ ഭരണത്തലപ്പത്ത് നിലകൊണ്ടു. കാർഷിക-വാണിജ്യ വഴികളിലൂടെ വന്നെത്തിക്കൊണ്ടിരുന്ന സമ്പത്ത് അവരുടെ കുലീന ജീവിതശൈലി നിലനിർത്തിപ്പോകാൻ പര്യാപ്തമായിരുന്നു.
അറബികളുടെ വരവ്
ഇസ്ലാമിന്റെ ആവിർഭാവത്തിനും നൂറ്റാണ്ടുകൾ മുമ്പുതന്നെ അറേബ്യയിൽനിന്നും കിഴക്കൻ ആഫ്രിക്കയിൽനിന്നുമുള്ള വ്യാപാരികൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വ്യാപാരത്തിനെത്തിയിരുന്നു. കിഴക്കൻ ആഫ്രിക്കയിൽനിന്ന് അറേബ്യൻ തീരത്തേക്കും ഗുജറാത്ത് തീരത്തേക്കും തെക്ക് ഇന്ത്യയുടെ തീരപ്രദേശത്തുകൂടി കേരളത്തിലേക്കും കടന്നുപോകുന്ന ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ് വിപുലമായ വ്യാപാരം നടന്നത്. ഓരോ ഭാഗത്തുമുള്ള കച്ചവടക്കാർ സാമാന്യം ചിരപരിചിതരായിത്തീർന്നിരുന്നു. ഇസ്ലാമിന്റെ വ്യാപനശേഷം അറബ് കച്ചവടക്കാർ തീരത്തെ വ്യാപാരനഗരങ്ങളിൽ താമസമാരംഭിച്ചു. അവരുടെ അധിനിവേശമാവട്ടെ സിന്ധിന്റെ ഒരു ഭാഗത്ത് ഒതുങ്ങിയിരുന്നു.
പുതുനാടുകളിൽ എത്തുമ്പോൾ കുടിയേറ്റക്കാർ പലപ്പോഴും ചെയ്യുന്നതുപോലെ അറബ് താമസക്കാരിൽ ചിലർ അതത് പ്രദേശങ്ങളിൽനിന്ന് വിവാഹം ചെയ്തു. സംസ്കാരങ്ങൾ ഇടകലർന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലുടനീളം പുതുസമൂഹങ്ങൾ രൂപംകൊണ്ടു. ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്ന മതങ്ങളും ഇസ്ലാമും കൂടിക്കലർന്നതായിരുന്നു സാമൂഹിക സ്വത്വങ്ങളും മതവിഭാഗങ്ങളും. ഇപ്പോഴും പ്രബലമായി നിലകൊള്ളുന്ന ഖോജമാർ, ബോഹ്റകൾ, നവായത്തുകൾ, മാപ്പിളമാർ തുടങ്ങിയ മതസാമൂഹിക വിഭാഗങ്ങൾ രൂപപ്പെടുന്നതിനും അത് കാരണമായി.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.