ഗുജറാത്തിൽ പ്രതിപക്ഷം ചിതറി
text_fieldsഹസനുൽ ബന്നന്യൂഡൽഹി: പോളിങ്ങിലെ കുറവിനിടയിൽ പ്രതിപക്ഷ വോട്ടുകൾ നാലു ഭാഗത്തേക്കും ചിതറിത്തെറിക്കുക കൂടി ചെയ്തപ്പോൾ ഗുജറാത്ത് ബി.ജെ.പിക്ക് സമ്മാനിച്ചത് ചരിത്രത്തിൽ തുല്യതയില്ലാത്ത വിജയം. തങ്ങളുടെ ഹിന്ദുത്വ വോട്ടുകൾ മുഴുവൻ ബൂത്തിലെത്തിക്കാനും ബൂത്തിലെത്തുന്ന എതിർവോട്ടുകളുടെ എണ്ണം പരമാവധി കുറക്കാനും, എത്തുന്ന എതിർ വോട്ടുകൾ ഭിന്നിപ്പിക്കാനും ബി.ജെ.പി ഗുജറാത്തിൽ ആവിഷ്കരിച്ച തെരഞ്ഞെടുപ്പ് തന്ത്രം ഫലം കണ്ടു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച്, ഞായറാഴ്ച തെരഞ്ഞെടുപ്പ് എന്ന ഗുജറാത്തിലെ പതിവുതെറ്റിച്ച് പ്രവൃത്തി ദിനത്തിൽ വോട്ടെടുപ്പ് ആക്കിയതും എതിരെ വീഴുമായിരുന്ന നിഷ്പക്ഷ വോട്ടുകളെ ബൂത്തുകളിൽനിന്നകറ്റിയെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ വോട്ടുകൾ മൂന്നും നാലുമായി വിഭജിച്ചതോടെ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുമില്ല.
കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ വദ്ഗാമിൽ ആം ആദ്മി പാർട്ടിയും എ.ഐ.എം.ഐ.എമ്മും വോട്ടുകൾ ചോർത്തിയതിനിടയിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മൊദ്വാദിയ പോർബന്തറിലും വിജയിച്ചു.
ഭരണം പിടിക്കുമെന്ന പ്രചാരണം അഴിച്ചുവിട്ട ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും സംസ്ഥാന അധ്യക്ഷനും അടക്കമുള്ളവരെല്ലാം ദയനീയ പരാജയമേറ്റുവാങ്ങി. പാർട്ടി ഏറ്റവുമധികം പണവും അധ്വാനവും സമയവും ചെലവഴിച്ച സൂറത്തിലെ മണ്ഡലങ്ങളിലും ആപ്പിന് ജയിക്കാനായില്ല.
പാട്ടീദാർ സമരം നയിച്ച ഹാർദിക് പട്ടേൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച വീരംഗം മണ്ഡലത്തിൽ 51000ത്തിലേറെ വോട്ടിന് ജയിച്ചു. എന്നാൽ ഹാർദികിനെ കൈവിട്ട് ആപ്പിൽ ചേർന്ന പാട്ടീദാർ നേതാക്കളായ ഗോപാൽ ഇറ്റാലിയയും അൽപേഷ് കട്ടാരിയയും കട്ടാരിയയിലും വരാച്ച റോഡിലും വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബി.ജെ.പി സ്ഥാനാർഥികളുടെ പിറകിലായി.
ആപ് മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഢ്വി ഖംഭാലിയയിൽ 19,000ത്തോളം വോട്ടുകൾക്ക് തോറ്റു. പാട്ടീദാർ ആന്ദോളൻ നേതാക്കളുടെ സൂറത്തിലെ തോൽവി ദയനീയമായി. ആപ് സംസ്ഥാന അധ്യക്ഷനും കൂടിയായ ഗോപാൽ ഇറ്റാലിയ 65,000ത്തോളം വോട്ടുകൾക്ക് കട്ടർഗമിലും ധാർമിക് മാളവ്യ 1,15,000ത്തോളം വോട്ടിന് ഒൽപഡിലും രാം ധമുക് 75,000ത്തോളം വോട്ടുകൾക്ക് കാംരേജിലും അൽപേഷ് കട്ടാരിയ 16,832 വോട്ടുകൾക്ക് വരാച്ച റോഡിലും പരാജയമേറ്റുവാങ്ങി.
ആം ആദ്മി പാർട്ടി മുസ്ലിം സ്ഥാനാർഥികളെ നിർത്തിയ മൂന്നിടങ്ങളിൽ രണ്ടിടത്തും ബി.ജെ.പി വിജയിച്ചപ്പോൾ ഒരിടത്ത് കോൺഗ്രസ് പൊരുതിക്കയറി. ജമ്പുസറിലും ദരിയാപൂരിലുമാണ് ബി.ജെ.പി വിജയിച്ചത്. അഹ്മദാബാദ് നഗരത്തിൽ ചതുഷ്കോണ മത്സരം നടന്ന ജമാൽപുർ-ഖഡിയയിൽ കോൺഗ്രസിന്റെ ഇംറാൻ ഖേഡാവാല രക്ഷപ്പെട്ടു.
അതേസമയം, കോൺഗ്രസിന്റെ തട്ടകമായ മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ദരിയാപുരിൽ ആപ്പിന്റെ താജ് മുഹമ്മദ് 4164ഉം മജ്ലിസിന്റെ ഹസൻ ഖാൻ പഠാൻ 1771 വോട്ടും പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഗിയാസുദ്ദീൻ ശൈഖ് 5243 വോട്ടിന് ബി.ജെ.പിയിലെ കൗഷിക് ജെയിനിനോട് തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.