ഇന്ത്യൻ രാഷ്ട്രീയത്തിലെ ചരിത്രാന്വേഷണ പരീക്ഷണങ്ങൾ
text_fieldsവൈവിധ്യമാണ് ജനാധിപത്യത്തിന്റെയും മഹാഭാരതത്തിന്റെയും കാതൽ. എത്രയോ നായികാ-നായക കഥാപാത്രങ്ങളെ, ജനസഞ്ചയങ്ങളെ, ജനപഥങ്ങളെ, മനുഷ്യ സമൂഹത്തിന്റെ വൈവിധ്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളെ നമുക്ക് മഹാഭാരതത്തിൽ ദർശിക്കാനാവും. ഇതുതന്നെയല്ലേ ജനാധിപത്യത്തിന്റെ സാരാംശവും? അനേകം രാഷ്ട്രീയ പാർട്ടികൾ, നേതാക്കന്മാർ, വൈവിധ്യമാർന്ന സമൂഹങ്ങൾ, സാംസ്കാരിക വൈജാത്യങ്ങൾ... തുടങ്ങിയവയാണ് അതിനെ ശക്തിപ്പെടുത്തുന്നത്
“നിങ്ങളുടെ മുത്തശ്ശി ജനിക്കുന്നതിനുമുമ്പ് നിങ്ങൾ എവിടെയായിരുന്നു”? ഇത് സെൻ ബുദ്ധമതം ഉന്നയിക്കുന്ന ദാർശനിക ചുവയുള്ള ചോദ്യമാണ്. പ്രശ്നത്തെ പലരീതിയിൽ നമുക്ക് സമീപിക്കാനാവും. അതിലൊന്ന്, മുത്തശ്ശിയുടെ (പൂർവികരുടെ) ജനനവും മരണവുമൊന്നുമല്ല കാതലായ കാര്യം. പിന്നയോ, നാം എവിടെ ജനിച്ചു എന്നതാണ്. നാം ജനിച്ചിടമാണ് നമ്മുടെ ഇടം. ഇത്രയും എഴുതിയത്, ചരിത്രസ്ഥലങ്ങളുടെ പേരുമാറ്റാൻ വേണ്ടി ബി.ജെ.പി നേതാവ് അഡ്വ. അശ്വനി കുമാർ ഉപാധ്യായ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയുടെ വിചാരണ വേളയിൽ ജസ്റ്റിസ് കെ.എം. ജോസഫ് നടത്തിയ നിരീക്ഷണത്തിന്റെയും അതിന് ഹരജിക്കാരൻ നൽകിയ മറുപടിയുടെയും പശ്ചാത്തലത്തിലാണ്. ഇന്ത്യൻ പൗരർക്ക് മതസ്വാതന്ത്ര്യം ഭരണഘടനാദത്തമായ മൗലികാവകാശമാണെന്ന ജസ്റ്റിസ് ജോസഫിന്റെ നിരീക്ഷണത്തിന് അത് ഇന്ത്യക്കാർക്ക് മാത്രമേ ബാധകമാകുന്നുള്ളൂവെന്നും വിദേശത്തുനിന്നുവന്ന അധിനിവേശകർക്ക് അത് ലഭ്യമല്ലെന്നുമായിരുന്നു ഹരജിക്കാരന്റെ പ്രതികരണം. തുടർന്ന് അദ്ദേഹം ഒരു ചോദ്യവും ഉന്നയിച്ചു. ഔറംഗസീബിനും ലോധിക്കും ഗസ്നിക്കും ഇന്ത്യയുമായി എന്ത് ബന്ധമാണുള്ളത്?
ഇതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ, അതിൽത്തന്നെ മുസ്ലിംകളുടെ, ഉൽപത്തിയെയും വംശത്തെയും രാജ്യസ്നേഹത്തെയുംകുറിച്ച് സംശയമുന്നയിച്ചിരിക്കുന്നു. ഇവരുടെ പൂർവികർ ഇന്നാട്ടുകാരല്ലല്ലോ എന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ മുത്തശ്ശി ജനിക്കുന്നതിനുമുമ്പ് നിങ്ങൾ എവിടെയായിരുന്നു എന്ന സെൻചോദ്യം മറ്റൊരു രീതിയിൽ ഉന്നയിച്ചിരിക്കുന്നു. തൊഴിലില്ലായ്മയും വ്യാവസായിക മുരടിപ്പും സാമ്പത്തികമാന്ദ്യവും ഉൾപ്പെടെ പലവിധ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുമ്പോഴും, സംഘ്പരിവാറിനും അവരുടെ അനുയായികൾക്കും പ്രശ്നം മറ്റുള്ളവരുടെ ദേശസ്നേഹത്തിന്റെ അളവും തൂക്കവുമാണ്. ഇതിൽനിന്ന് ഒരുകാര്യം വ്യക്തം- രാജ്യത്തിന്റെ ഭാവിയല്ല ഇത്തരക്കാരുടെ പ്രശ്നം, അതിന്റെ ചരിത്രമാണ്. അതിനായവർ നമ്മുടെ സംഘസ്മൃതിയിൽ കളരിപ്പയറ്റ് നടത്തുന്നു, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരുമാറ്റാൻ ശ്രമിക്കുന്നു, സംസ്ഥാനങ്ങളെത്തന്നെ ഇല്ലാതാക്കുന്നു, പ്രതിമകൾ സ്ഥാപിക്കുന്നു...
ഒരുകാലത്ത് മണ്ണിന് മുകളിലായിരുന്നതാണ് പിൽക്കാലത്ത് മണ്ണിനടിയിലാവുന്നതും ചരിത്രമായി രൂപാന്തരപ്പെടുന്നതും. ഇങ്ങനെ മൺമറഞ്ഞതിൽ ശരിയും തെറ്റും നന്മയും തിന്മയുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാ സമൂഹങ്ങളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, ചരിത്രത്തെ എങ്ങനെ അഭിമുഖീകരിക്കണം, അതിൽനിന്ന് എന്തൊക്കെ കടഞ്ഞെടുക്കണമെന്നതാണ്. ഏതാനും ചില ഉദാഹരണങ്ങൾകൊണ്ട് ഇത് വ്യക്തമാക്കാം. സിഖ് സാമ്രാജ്യത്തിന്റെ അധിപൻ മഹാരാജ രഞ്ജിത് സിങ്ങിന്റെ (1780-1839) രാജകൊട്ടാരം (പാകിസ്താനിലെ ഗുജ്റൻവാലയിൽ), കാലംമാറിയപ്പോൾ ഗുരുദ്വാരയും തുടർന്ന് പൊലീസ് സ്റ്റേഷനുമായി മാറി! അദ്ദേഹം പിറന്നുവീണ മുറി ഇപ്പോൾ അതിന്റെ ലോക്കപ്പാണ്! അതേസമയം പാകിസ്താനിലെ തന്നെ ഫൈസലാബാദിൽ ഇപ്പോഴും പഴയ ഗരിമയോടെ നിൽക്കുന്ന മറ്റൊരു ചരിത്രസ്മാരകമുണ്ട്, ഒരു ക്ലോക് ടവർ. അതിന്റെ ഭിത്തികളിൽ ഉർദുവിലും സംസ്കൃതത്തിലും എഴുതിയ വേദമന്ത്രങ്ങളും പരമശിവനെയും ശ്രീരാമനെയും ശ്രീകൃഷ്ണനെയും കുറിച്ചുള്ള പ്രാർഥനാഗീതങ്ങളും ഒരു പോറലുമില്ലാതെ അവശേഷിക്കുന്നു. ഇതിൽ ഏതിനെയാണ് നാം സ്വാംശീകരിക്കേണ്ടത്? നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അടയാളമാക്കേണ്ടത്? ഇത് കേവലം ഒരു ചരിത്ര സംഭവത്തിന്റെ തിരഞ്ഞെടുപ്പിനപ്പുറം സംസ്കാരത്തെയും അധികാരത്തെയും സ്പർശിക്കുന്ന പ്രശ്നമാണ്. ചരിത്രത്തെ അധികാരത്തിന്റെ ചവിട്ടുപടിയായി കാണുന്നവർ ആദ്യത്തേതും, സംസ്കാരത്തിന്റെ ഭാഗമായി കാണുന്നവർ രണ്ടാമത്തേതും സ്വീകരിക്കുന്നു.
ഇതിൽ ആദ്യഗണത്തിൽപ്പെടുന്നവരാണ് രാഷ്ട്രീയത്തെ ചരിത്രാന്വേഷണമായി മാറ്റുന്നത്. ഇതിനവർ ചരിത്രത്തെ മാത്രമല്ല ഭൂമിശാസ്ത്രത്തെയും ആശ്രയിക്കുന്നുണ്ട് എന്നാണ് നമ്മുടെ അനുഭവം. ഇതാണ് ജമ്മു-കശ്മീരിൽ സംഭവിച്ചത്. നിമിഷമാത്രയിലാണല്ലോ അതിന്റെ രാഷ്ട്രീയാസ്ഥിത്വം നഷ്ടപ്പെട്ടത്, അത് സംസ്ഥാന പദവിയിൽനിന്ന് വെറും കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയത്. ഇത് ചെയ്തവർ ഇത്തരം നീക്കങ്ങൾ മറ്റു പലയിടത്തും- അവർക്ക് അധികാരം കിട്ടാത്തിടത്തൊക്കെ - പ്രയോഗിച്ചാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
ജനാധിപത്യം പുലരുന്നത് ഭരണഘടനയോടുള്ള ആദരവിൽനിന്നു മാത്രമല്ല. ഭരണകൂടത്തിന്റെയും അതിനെ നയിക്കുന്നവരുടെയും ധാർമികമൂല്യത്തെ ആശ്രയിച്ചുകൂടിയാണ്. സംശയമുള്ളവർ ഇന്ത്യൻ ഭരണഘടനയിലൂടെ ഒന്നു കണ്ണോടിച്ചുനോക്കൂ. അത് ഒരു നിയമസംഹിത മാത്രമല്ല, അഹിംസയിലധിഷ്ഠിതമായ സാമൂഹിക പരിവർത്തനം ഉറപ്പാക്കാൻ ശ്രമിക്കുന്നൊരു ധാർമിക ചട്ടക്കൂടുമാണ്. നെഹ്റുവും അംബേദ്കറും ആസാദും പട്ടേലും അടങ്ങുന്ന ഭരണഘടനാ ശില്പികളുടെ ഏറ്റവും വലിയ സംഭാവന. അത് വൈവിധ്യത്തെയും സാഹോദര്യത്തെയും സമത്വത്തെയും സ്വാതന്ത്ര്യത്തെയും ഉയർത്തിക്കാട്ടുമ്പോൾത്തന്നെ വ്യക്തിയുടെ അന്തസ്സിന് വലിയ വിലകല്പിക്കുന്നു. ഒരുവേള, വ്യക്തിയുടെ അന്തസ്സിലാണ് രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ഉറപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനെല്ലാമപ്പുറം, ചരിത്രത്തിൽ ഇതാദ്യമായി (1950, ജനുവരി 26), അത് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരു പുസ്തകത്തിന് (ഭരണഘടനക്ക്) കീഴിൽ അണിനിരത്തി. അങ്ങനെ, പല പുസ്തകങ്ങളുള്ളവർ (പുണ്യഗ്രന്ഥങ്ങളെന്ന് വായിക്കുക) ഒരു പുസ്തകത്തെ അനുസരിച്ച് ജീവിക്കാൻ തുടങ്ങി.
ഈ പാരമ്പര്യമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രനിർമാണം ഒരു സാമൂഹിക (രാഷ്ട്രീയ) പ്രക്രിയയോ ജനാധിപത്യമെന്നത് നിരന്തര സംവാദത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും മാറ്റുകൂട്ടേണ്ടുന്നൊരു ഭരണസമ്പ്രദായമോ അല്ലതന്നെ. ഭൂരിപക്ഷ ഭരണം എന്ന രണ്ടു വാക്കുകളിലേക്ക് അവരതിനെ ചുരുക്കിയിരിക്കുന്നു. ഇന്ത്യൻ ദേശീയതയെ വിമർശിച്ചുകൊണ്ട് 1946ൽ ഡോ. ബി.ആർ. അംബേദ്കർ സൂചിപ്പിച്ചത് എത്ര അർഥവത്താണ്. “ന്യൂനപക്ഷത്തെ ഭരിക്കാനുള്ള ഭൂരിപക്ഷത്തിന്റെ ദിവ്യാവകാശമെന്ന പുത്തൻ സിദ്ധാന്തത്തിന് ഇന്ത്യൻ ദേശീയത ബീജാവാപം ചെയ്തിരിക്കുന്നു”, എന്നാണ് അന്നദ്ദേഹം പറഞ്ഞത്. ഇന്നിപ്പോൾ നാം കാണുന്ന ചരിത്ര ശുദ്ധീകരണവും എതിരഭിപ്രായത്തോടുള്ള അസഹിഷ്ണുതയും നാനാത്വത്തിന്റെ സ്ഥാനത്ത് ഏകത്വത്തെ കുടിയിരുത്താനുള്ള ശ്രമവുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
ഏറ്റവും രസകരമായ കാര്യം, ജനാധിപത്യം മഹാഭാരത കഥ പോലെയാന്നെന്ന വസ്തുത ഇക്കൂട്ടർ വിസ്മരിക്കുന്നു അല്ലെങ്കിൽ അവഗണിക്കുന്നു എന്നതാണ്. വൈവിധ്യമാണ് ജനാധിപത്യത്തിന്റെയും മഹാഭാരതത്തിന്റെയും കാതൽ. എത്രയോ നായികാ-നായക കഥാപാത്രങ്ങളെ, ജനസഞ്ചയങ്ങളെ, ജനപഥങ്ങളെ, മനുഷ്യ സമൂഹത്തിന്റെ വൈവിധ്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളെ നമുക്ക് മഹാഭാരതത്തിൽ ദർശിക്കാനാവും. ഇതുതന്നെയല്ലേ ജനാധിപത്യത്തിന്റെ സാരാംശവും? അനേകം രാഷ്ട്രീയ പാർട്ടികൾ, നേതാക്കന്മാർ, വൈവിധ്യമാർന്ന സമൂഹങ്ങൾ, സാംസ്കാരിക വൈജാത്യങ്ങൾ... തുടങ്ങിയവയാണ് അതിനെ ശക്തിപ്പെടുത്തുന്നത്. ഇതിനെ തമസ്കരിച്ച് മുന്നോട്ടുപോകുന്നത് സാമൂഹിക സംഘർഷങ്ങളും സമ്മർദങ്ങളും വർധിക്കാനേ ഉതകു. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലതന്നെ. ചൂട് 100° സെൽഷ്യസിൽ എത്തിയാൽ വെള്ളം നീരാവിയാകുമെന്ന് പറയുന്നതുപോലെ, സാമൂഹിക സംഘർഷങ്ങൾ പരിധിവിട്ടാൽ ജനാധിപത്യവും ആവിയാകും.
ജനാധിപത്യത്തെ ഇത്തരം പ്രവണതകളിൽ നിന്ന് സംരക്ഷിക്കാനാവശ്യമായ നടപടികളെക്കുറിച്ച് ആലോചിക്കേണ്ട സമയമായിരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടന (basic structure) എന്ന് പറയുംപോലെ പൗരന്മാർക്ക് അടിസ്ഥാന അവകാശങ്ങൾ (basic rights) ഉറപ്പാക്കുന്നത് ആലോചനാമൃതമാണ്. അടിസ്ഥാന ഘടന ദേദഗതി ചെയ്യാനാവില്ലെന്ന വസ്തുത ഓർക്കുക. അതുതന്നെയാവണം അടിസ്ഥാന അവകാശങ്ങളുടെ കാര്യവും. ഇവിടെയാണ് അത് മൗലികാവകാശങ്ങളിൽനിന്ന് വ്യതിരിക്തമാവുന്നത്. സാമൂഹിക-സാംസ്കാരിക വൈവിധ്യവും സാഹോദര്യവും ജൈവവൈവിധ്യവും ദാരിദ്ര്യ നിർമാർജനവും വിദ്യാഭ്യാസവുമെല്ലാം ഇതിന്റെ ഭാഗമാകണം. അങ്ങനെ വരുമ്പോഴാണ് ജനാധിപത്യത്തെ ആൾക്കൂട്ടത്തിൽനിന്നും ഭൂരിപക്ഷത്തിന്റെ/ഭരണകൂടത്തിന്റെ അധികാര പ്രമത്തതയിൽനിന്നും രക്ഷിക്കാനാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.