യഹൂദനെ മുസൽമാനാക്കിയ ഹിറ്റ്ലർ
text_fieldsജോർജ് സ്റ്റെയിനർ (1929–2020) പാശ്ചാത്യ സാഹിത്യ നിരൂപകനും ചിന്തകനുമാണ്. യഹൂദനായ അദ്ദേഹം എഴുതിയ നോവൽ (The Portage to San Cristobal of A.H) നാടകമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 1982ൽ നടക്കുന്ന ഈ കഥയിൽ, യഹൂദരെ വേട്ടയാടിയ നാസികളെ തേടിപ്പിടിച്ചു ശിക്ഷിക്കുന്ന യഹൂദ സംഘം ആമസോൺ കാടുകളിൽനിന്ന് 90 വയസ്സുള്ള ഹിറ്റ്ലറെ കണ്ടെത്തുന്നു. ഹിറ്റ്ലറെ നാട്ടിൽ കൊണ്ടുവന്ന് വിസ്തരിച്ച് ശിക്ഷിക്കണോ എന്നതാണ് ഈ സംഘം നേരിട്ട ഒരു പ്രശ്നം. എന്തിനു പഴയ വ്രണങ്ങൾ വേദനിപ്പിക്കത്തക്കവിധം വീണ്ടും തുറക്കണം? ആരും അതൊക്കെ ഇപ്പോൾ ചിന്തിക്കുന്നില്ല. ‘‘സംഘാത മറവിയിൽ ഈ പന്നിയെ മനുഷ്യബോധത്തിലേക്കു കൊണ്ടുവന്ന് വീണ്ടും ദുരന്തങ്ങൾ ഓർമിപ്പിക്കണോ?’’
ഈ കഥ അവസാനിക്കുന്നത്, പിടികൂടിയ യഹൂദരോട് ഹിറ്റ്ലർ നടത്തുന്ന ഭാഷണത്തോടെയാണ്. എന്തിന് യഹൂദരെ വേട്ടയാടി എന്നാണ് അവസാനമായി അയാൾ പറയുന്നത്. താൻ ഈ വേട്ട നടത്തിയപ്പോൾ ‘‘ഒരാളും യഹൂദനെ രക്ഷിക്കാൻ വന്നില്ല; ആരും. ഫ്രാൻസോ ഇംഗ്ലണ്ടോ റഷ്യയോ, യഹൂദർ അധിവസിക്കുന്ന അമേരിക്കയോ ആരും ചെന്നില്ല, അവരെ ഉന്മൂലനം ചെയ്യുന്നതിൽ അവർ സന്തോഷിച്ചു. അവർ അങ്ങനെ പരസ്യമായി പറഞ്ഞില്ല. അവർ രഹസ്യമായി സന്തോഷിച്ചു എന്നു ഞാൻ പറയും.
യഹൂദൻ പറഞ്ഞു: ‘‘മനുഷ്യന്റെ മനസ്സാക്ഷിയാവാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഞങ്ങൾ’’. ഞാൻ എന്ന മാന്യൻ അയാളുടെ മുന്നിൽനിന്നു പറഞ്ഞു: ‘‘നീ മനസ്സാക്ഷിയല്ല; നീ മനുഷ്യന്റെ ചീത്ത മനസ്സാക്ഷിയാണ്. ഞങ്ങൾ നിന്നെ ഛർദിച്ചുകളയും, ഞങ്ങൾക്കു സമാധാനമായി ജീവിക്കാൻ. അവസാന പരിഹാരം, അതല്ലാതെ വേറെ വഴിയില്ല.’’
ഭാഷയെ ഏറ്റവും വഷളായി ഉപയോഗിക്കുന്നവനായാണ് സ്റ്റെയിനർ, ഹിറ്റ്ലറെ കാണുന്നത്. സ്റ്റെയിനറിന്റെ കഥ ഹിറ്റ്ലറുടെ വാക്കുകളിൽ അവസാനിക്കുന്നതിനെ വിമർശിച്ചവരോട് അദ്ദേഹം പറഞ്ഞു. ‘‘അവസാന നിഗമനം നല്കാത്ത സാഹിത്യഭാഷ എഴുതാനാണ് ശ്രമിച്ചത്.’’ യഹൂദരെ മുഴുവൻ കൊന്നൊടുക്കാൻ ശ്രമിച്ചതിനു പിന്നിലെ ലക്ഷ്യമാണ് അദ്ദേഹം അനാവൃതമാക്കാൻ ശ്രമിച്ചത്. യുദ്ധം അവസാനിക്കാറായപ്പോൾ പോലും സ്വയം രക്ഷിക്കാൻ തയാറാവാത്ത വെറുപ്പാണ് ഹിറ്റ്ലറും നാസികളും പേറിയത്. യഹൂദ വംശത്തെ കൂട്ടത്തോടെ കൊല്ലേണ്ടത് മനുഷ്യവംശത്തിന് ആവശ്യമാണ് എന്നതായിരുന്നു നാസി പ്രത്യയശാസ്ത്രം. ‘‘ഒരാൾ തന്നോട് വിയോജിക്കുന്നതുകൊണ്ട് അയാളെ വെടിവെക്കുന്ന ആത്മാഭിമാനമാണ് ഹേഗലിന്റെ വൈരുധ്യാത്മക ചിന്ത വിളമ്പുന്നത്.’’
ഈ വൈരുധ്യാത്മക ചിന്ത ഹെഗലിന്റെയും മാർക്സിസത്തിന്റെയും വഴിയുമായി മാറി. വിയോജിക്കാൻ ആർക്കും അവകാശം കൊടുക്കാത്ത ശാഠ്യവും വെറുപ്പുമാണ് ഭാഷയെ വിഷലിപ്തമാക്കുന്നത്. ഭാഷാ മലിനീകരണത്തിലാണ് ജർമൻ ഭാഷ തകർന്നത്. ദൈവിക പ്രസാദത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷ വെറുപ്പിന്റെയും അക്രമത്തിന്റെയും ഭാഷയായി നശിച്ചു. ഇതിനേക്കാൾ പ്രധാനം ഹിറ്റ്ലർ യഹൂദനെ ആക്രമിക്കുന്നതിന്റെ പ്രധാന കാരണം അവർ ലോകത്തിന്റെ മനസ്സാക്ഷിയാകാൻ തിരഞ്ഞെടുക്കപ്പെട്ടു എന്ന ബോധവും വിശ്വാസവുമാണ്. ഈ തിരഞ്ഞെടുപ്പ് ഒരു വലിയ പ്രതാപത്തിന്റെ വിഷയമല്ല, വലിയ ഉത്തരവാദിത്തത്തിന്റെ പ്രശ്നമായിരുന്നു. അവർ മതപരമായും സാംസ്കാരികമായും നിലകൊണ്ടതു ധർമത്തിനാണ്. നാസികൾ തങ്ങൾ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ജാതിയാണ് എന്നും ഈ തിരഞ്ഞെടുപ്പിന്റെ ആഢ്യത ഭരണത്തിന്റെ അധികാരം തരുന്നു എന്നുമുള്ള വീക്ഷണക്കാരായിരുന്നു. ധർമമല്ല ഇവരുടെ ആഢ്യതയുടെ മാനദണ്ഡം, അതു മനുഷ്യത്വത്തിന്റെ ഔന്ന ത്യമൊന്നുമായിരുന്നില്ല. ഇവർക്കു വേണ്ടത് തങ്ങളുടെ കാമത്തിന്റെ നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യവും ആധിപത്യവുമാണ്.
ധർമം അവർക്ക് അതിനു തടസ്സമാണ്. അതാണ് വയോധികനായ ഹിറ്റ്ലർ പറയുന്നത്. ‘‘ഞങ്ങൾക്കു സമാധാനമായി ജീവിക്കണം.’’ അതു മനസ്സാക്ഷിയില്ലാത്ത ആധിപത്യത്തിന്റെ ഭരണജീവിതമാണ്. ധർമത്തിന്റെ നിയന്ത്രണത്തിന്റെ ഭാരം ആരും അവരുടെ മേൽ കെട്ടിവെക്കാനോ അതനുസരിച്ച് ജീവിക്കാനോ തയാറില്ലാത്ത ജനം. അതു പ്രകൃതിക്കനുസരണമായ പ്രാകൃത ജീവിതമാണ്.
മനുഷ്യന്റെ മഹത്വവും ലോകത്തിൽ മനുഷ്യ ജീവിതത്തിന്റെ വഴിയും നിർണയിക്കുന്നതിലും മനുഷ്യദർശനം ലോകത്തിൽ ഉണ്ടാക്കിയതിലും മോസസും യേശുവും മാർക്സും നിർണായകമാണ്. മോസസ് സീനായ് മലയിൽനിന്ന് ദൈവത്തിന്റെ വെളിപാടായി ജനങ്ങൾക്കു കൊടുത്തതു പത്തു കല്പനകളാണ്– ധർമനിഷ്ഠയുടെ കല്പനകൾ. ഈ പത്തു കല്പനകളെ സ്നേഹം എന്ന ഏക പ്രമാണത്തിലാക്കി മൗലികമാക്കിയതു യേശുവാണ്. പരസ്നേഹ മാധ്യമത്തിലൂടെ മാത്രമേ ദൈവസ്നേഹമുള്ളൂ. മനുഷ്യന്റെ മുഖത്ത് യേശുവിനെ കാണുന്നവരായി ക്രിസ്ത്യാനികൾ. തൊഴിലിന്റെയും തൊഴിലാളിയുടെയും മഹത്വമാണ് മാർക്സ് നല്കിയത്. മനുഷ്യരുടെ ഏറ്റവും വലിയ സമ്പത്തും അനിവാര്യമായ ആവശ്യവും മറ്റൊരു മനുഷ്യനാണ്. ഈ മൂന്നു യഹൂദരും ലോകദർശനം സംസ്കാരത്തെ സ്വാധീനിച്ച് സംസ്കാരങ്ങളിൽ മനുഷ്യ മഹത്വത്തിന്റെ മഹനീയ ദർശനങ്ങൾ ലോകം സ്വീകരിച്ചു എന്നാണ് സ്റ്റെയിനർ സ്ഥാപിക്കുന്നത്.
ഈ മനുഷ്യ മഹത്വത്തിനേറ്റ ഏറ്റവും വലിയ കളങ്കമായി നാസിസം യൂറോപ്പിൽ വളർന്നു. അതു 60 ലക്ഷം യഹൂദരെ കൊന്നു. സമാനതകളില്ലാത്ത കാവ്യവും സംസ്കാരവും അസാധ്യമായി മാറിയ ചരിത്രത്തിന്റെ സംഭവമായി. പരിപൂർണതയുടെ ബീജങ്ങൾ മനുഷ്യനിൽ കുത്തിവെച്ച ഈ ദർശനം ലോകത്തിൽനിന്ന് ഉച്ചാടനം ചെയ്യാനാണ് നാസികൾ ശ്രമിച്ചത്. അവർ യഹൂദരെ പിടികൂടി കൊല്ലാൻ പാളയങ്ങളിൽ അടച്ചു.
അവരെ മുസൽമാൻ എന്നു വിളിച്ചതു നാസി ചരിത്രത്തിന്റെ ഭാഗമാണ്. ജീവിക്കുന്നവരുടെ ലോകത്തിൽ ഒറ്റപ്പെട്ടവരായി ഇവർ പരിഗണിക്കപ്പെട്ടു. ഇവരുടെ മരണം മരണമല്ലാതായി. കാരണം നാസിസം ഇവരെ മനുഷ്യരായി അംഗീകരിച്ചിരുന്നില്ല. 60 ലക്ഷം യഹൂദരെ കൊല്ലാൻ കൊണ്ടുപോയി കൊടുത്ത ഐക്മാനെ വിസ്തരിച്ചു വിധിച്ചതിന്റെ കഥയെഴുതിയ ഹന്ന അറന്റ് എഴുതി: ഐക്മാൻ മനസികരോഗിയോ, വഷളനോ, ഭ്രമിതനോ ആയിരുന്നില്ല; അയാൾ സാധാരണക്കാരനായിരുന്നു എന്നു പറയുന്നു. ചിന്തയില്ലാത്ത സാധാരണക്കാരൻ. അപരനെക്കുറിച്ച് ചിന്തയില്ലാത്ത സാധാരണക്കാരൻ നാസിസത്തിൽ ഭീകരരായിത്തീർന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.