പ്രതിപക്ഷ മുന്നണിയില്‍നിന്ന് പ്രതീക്ഷിക്കാവുന്നത്
text_fieldsഒരുവിധത്തിലും രക്ഷപ്പെടാൻ കഴിയാത്ത ഒരു ഊരാക്കുടുക്കിൽ അകപ്പെട്ടിരിക്കുന്ന ജനതയാണ് നമ്മളെന്നത് അതിശയോക്തിയല്ല. നിയോലിബറൽ സാമ്പത്തികനയങ്ങളല്ലാതെ മറ്റൊന്നും പിന്തുടരാൻ കെൽപില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് നമുക്കുള്ളത്. ശക്തമായി അത്തരം നയങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടികൾ ഇല്ലെന്നല്ല. പ്രധാനമായും സി.പി.െഎ (എം.എല്‍) വിഭാഗങ്ങളാണ് അത്തരം രാഷ്ട്രീയത്തെക്കുറിച്ച് കൂടുതലും പറയുന്നത്. പക്ഷേ, അവർ അധികാരത്തിൽ വരുമെന്നോ വന്നാൽ ഇൗ പാത പിന്തുടരുകയില്ലെന്നോ കരുതാൻ നിര്‍വാഹമില്ല. ചൈനയും എന്തിന്, ക്യൂബ പോലും ആ വഴിക്ക് നീങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍. സി.പി.എം-സി.പി.െഎ കക്ഷികളും തത്ത്വത്തിൽ നിയോലിബറൽ നയങ്ങള്‍ക്ക് എതിരാണെങ്കിലും അവർ അധികാരത്തിൽ ഇരുന്ന സ്ഥലങ്ങളിൽ ബദല്‍നയങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. തൊണ്ണൂറുകളിൽ ഡങ്കൽ ഡ്രാഫ്റ്റിനു എതിരെയും ഗാട്ട് കരാറിനെതിരെയും കര്‍ഷകരുടേതടക്കം വലിയ സമരങ്ങളാണ് അന്നത്തെ ജനത പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്പോഴും ദേശീയപ്രസക്തി ഉണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു ജനത പാര്‍ട്ടി. ഇന്നത്തെപ്പോലെ ചില സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളായി അതപ്പോഴും ചിതറിപ്പോയിരുന്നില്ല. എം.പി. വീരേന്ദ്രകുമാറിെൻറ ‘ഗാട്ടും കാണാച്ചരടുകളും’ പോലുള്ള പുസ്തകങ്ങൾ ഉണ്ടാവുന്നത് ആ പാര്‍ട്ടിയുടെ സമരങ്ങളുടെകൂടി പശ്ചാത്തലത്തിലായിരുന്നു. കൂടങ്കുളത്തെ ആണവനിലയത്തിനെതിരെയുള്ള കര്‍ഷകസമരത്തിലും ജനത പാര്‍ട്ടി വലിയ പങ്കുവഹിച്ചിരുന്നു. എന്നാൽ, ’90കളിൽ അധികാരത്തിലെത്തിയ രണ്ടു ജനത സര്‍ക്കാറുകള്‍ക്കും (ദേവഗൗഡ, ഗുജ്റാൽ സര്‍ക്കാറുകള്‍) കാര്യമായ ഒരു പ്രതിരോധവും മുന്നോട്ടുെവക്കാൻ കഴിഞ്ഞില്ല. അക്കാലത്താണ് ഗാട്ട് കരാറിൽ ഇന്ത്യ ഒപ്പിട്ടത്.
മന്ത്രിസഭയെ പിന്തുണച്ചിരുന്ന കോൺഗ്രസിെൻറ സമ്മർദം ഇക്കാര്യത്തിലുണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതാണ്. എന്നാൽ, എെൻറ ഓർമയില്‍, ആറു മാസത്തെ നോട്ടീസ് നല്കി ഗാട്ട് കരാറില്‍നിന്ന് പിന്‍വാങ്ങാനുള്ള അവകാശം സര്ക്കാറിനുെണ്ടന്നും തങ്ങൾ അതിനെ എതിര്ക്കുന്നിെല്ലന്നുമായിരുന്നു കോൺഗ്രസ് വക്താവ് അന്നു പറഞ്ഞത്. ഗുജ്റാൽ സര്‍ക്കാർ നിരുപാധികം ഗാട്ട് കരാറിൽ ഒപ്പിട്ടു. മാത്രമല്ല, കൂടങ്കുളം സമരത്തില്‍നിന്ന് ജനത പാര്‍ട്ടി പിന്‍വാങ്ങുകയും ജനത സര്‍ക്കാർ ആണവനിലയത്തിെൻറ നിർമാണവുമായി മുന്നോട്ടുപോവുകയും ചെയ്തു. അക്കാലത്ത് വിപ്ലവാനന്തരം ലോകവ്യാപാര സംഘടനയില്‍നിന്ന് പിന്‍വാങ്ങിയിരുന്ന ചൈനയാവട്ടെ എങ്ങനെയെങ്കിലും അതിൽ തിരിച്ചുകയറാനുള്ള അശ്രാന്തപരിശ്രമത്തിലുമായിരുന്നു. ലോകവ്യാപാരസംഘടയിലെ സാമ്പത്തികശക്തികളായ യൂറോപ്യൻ യൂനിയന്‍, ജപ്പാന്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പിന്നാലെ ചൈന, ഈ ലോകസംഘടനയിലെ അംഗത്വത്തിന് യാചിച്ചുനടക്കുന്ന കാഴ്ച ദയനീയമായിരുന്നു. ഏതാണ്ട് ഒന്നര ദശാബ്ദത്തിലേറെക്കാലത്തെ ദീര്‍ഘമായ ബഹുകക്ഷി-ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നീക്കുപോക്കുകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും ശേഷമാണ് ഈ രാജ്യങ്ങൾ ചൈനയെ തിരിച്ചു പ്രവേശിപ്പിച്ചത്. “ഒരു രാജ്യം ഒരു വോട്ട്” എന്നതാണ് ലോകവ്യാപാര സംഘടനയിലെ ജനാധിപത്യ സമ്പ്രദായമെങ്കിലും മേൽപറഞ്ഞ സാമ്പത്തികശക്തികളുടെ താൽപര്യങ്ങൾ മാത്രമാണ് അതിൽ വിലപ്പോവുന്നെതന്ന് സംഘടനയുടെ ഇതഃപര്യന്തമുള്ള ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുന്നതാണ്.
നിയോലിബറൽ ലോകത്ത് പിടിച്ചുനില്ക്കാൻ ഇൗ പുനഃപ്രവേശനം ആവശ്യമാണ് എന്ന തിരിച്ചറിവാണ് ചൈനയെ ഈ നിലപാടിലേക്ക് എത്തിച്ചതും അമിതമായ സൗജന്യങ്ങൾ മുതലാളിത്ത രാജ്യങ്ങള്‍ക്ക് നല്കിക്കൊണ്ടും അവരുടെ ഉപാധികള്‍ക്ക് വഴങ്ങിക്കൊണ്ടും സംഘടനയില്‍ തിരിച്ചുകയറാൻ ചൈനയെ നിര്‍ബന്ധിച്ചതും. ചുരുക്കിപ്പറഞ്ഞാൽ സര്‍ക്കാറുകളുടെ രാഷ്ട്രീയരൂപം എന്തായിരുന്നാലും അവ നിയോലിബറൽ നയങ്ങൾ ഏറിയും കുറഞ്ഞും പിന്തുടരുന്നവയായിരിക്കണം എന്നത് ഇന്നത്തെ ലോക സാമ്പത്തിക ക്രമത്തിെൻറ അനിവാര്യതയാക്കുന്നതിൽ ലോക മുതലാളിത്തം സമ്പൂർണമായി വിജയിച്ചിരിക്കുന്നു. ആസിയാൻ കരാറിനെതിരെ കേരളത്തിലും കർണാടകയിലും യഥാക്രമം സി.പി.എമ്മും ജനത പാര്‍ട്ടിയും സമരം നടത്തുമ്പോൾ ഞാൻ യാദൃച്ഛികമായി ഒരു അക്കാദമിക് ചര്‍ച്ചയുമായി ബന്ധപ്പെട്ട് വിയറ്റ്നാമിലുണ്ടായിരുന്നു. അന്നവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രത്തിൽ ആസിയാൻ കരാറിനെ അനുകൂലിച്ചുള്ള വാര്‍ത്തയിലെ ഒരു പരാമര്‍ശം രസാവഹമായിരുന്നു. ഇന്ത്യയിലെ തെക്കുഭാഗത്ത് ചില പ്രദേശങ്ങളിൽ ഫ്യൂഡൽ കര്‍ഷകർ ഇൗ കരാറിനെ എതിർക്കുന്നുണ്ട് എന്നായിരുന്നു ആ പരാമര്‍ശം.
അതായത്, ഇന്ത്യയിൽ ഇപ്പോൾ നിയോലിബറൽ നയങ്ങൾ പിന്തുടരുന്ന പാര്‍ട്ടികളല്ലാതെ മറ്റൊരു ബദൽ പാര്‍ലമെൻററി ജനാധിപത്യത്തിന് ഉള്ളിലുയര്ന്നുവന്നിെല്ലന്നു മാത്രമല്ല, അത്തരമൊരു ബദൽ രൂപംകൊള്ളാനുള്ള സാധ്യതയും ഇപ്പോൾ വിരളമാണ്. മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സര്‍ക്കാർ പിന്തുടരുന്നതുപോലുള്ള തീര്‍ത്തും നാണംകെട്ട മുതലാളിത്ത പ്രീണനവും ഊഹക്കച്ചവട മൂലധനത്തിെൻറ ആജ്ഞാനുവര്‍ത്തിത്വവും ഉണ്ടാകില്ലെങ്കിലും ഏതു ദേശീയ/സംസ്ഥാന സര്‍ക്കാറും പിന്തുടരുക ഏതാണ്ട് ഒരേ ആഗോളവത്കരണ-ഉദാരവത്കരണ സാമ്പത്തികയുക്തിതന്നെയായിരിക്കും എന്നത് തീര്‍ച്ചയാണ്. കർണാടക തെരഞ്ഞെടുപ്പിനുശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പുകളുടെകൂടി പശ്ചാത്തലത്തിൽ നോക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ മാറ്റങ്ങളുണ്ടാവുന്നുണ്ട് എന്നത് കാണാതിരിക്കാനാവില്ല. എന്നാൽ, രണ്ടു കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു ഓർമിക്കേണ്ടതുണ്ട്.
ഒന്ന്, ഇപ്പോഴുണ്ടായിട്ടുള്ള പ്രതിപക്ഷ ഐക്യം കേവലഭൂരിപക്ഷം നേടുന്നതില്‍നിന്ന് ബി.ജെ.പിയെ തടയാനുള്ള സാഹചര്യം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, പുതിയ സര്‍ക്കാർ ഇപ്പോഴത്തെ സര്‍ക്കാറിെൻറ സാമ്പത്തികനയങ്ങൾ പൂർണമായും ഉപേക്ഷിക്കുമെന്ന പ്രതീക്ഷ െവച്ചുപുലര്ത്തുന്നത് അസ്ഥാനത്താണ്. ഈ ധാരണ നേരത്തേ ഉണ്ടായിരുന്നെങ്കിൽ പ്രതിപക്ഷകക്ഷികൾ കോൺഗ്രസ് ഭരണകാലത്ത് സാമ്പത്തികനയങ്ങളിലെ പാളിച്ചകൾ മുതലെടുക്കാൻ ബി.ജെ.പിയെ അനുവദിക്കുമായിരുന്നില്ല. മൂന്നാംമുന്നണി സര്ക്കാറുകളധികം ഉണ്ടായില്ലെങ്കിലും അവയുടെയും സാമ്പത്തികനയങ്ങളുടെ ഉള്ളടക്കവും സ്ഥൂലാർഥത്തിലും സൂക്ഷ്മാർഥത്തിലും നിയോലിബറൽ യുക്തിയുടെ ഉള്ളിൽത്തന്നെ നിലകൊണ്ടിരുന്നുവെന്നതാണ് ചരിത്രാനുഭവം. രണ്ടാമത്തെ കാര്യം, ബി.ജെ.പി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതുകൊണ്ട് ഹിന്ദുത്വരാഷ്ട്രീയം ഇല്ലാതാവുന്നില്ല എന്നതാണ്. ബി.ജെ.പിയും പരിവാര്സംഘടനകളുംകൂടി സൃഷ്ടിച്ച ഹിന്ദുമാസ്, പ്രത്യയശാസ്ത്രതലത്തിൽ സജീവമായിരിക്കും. സര്‍ക്കാർ നയങ്ങള്‍ക്കെതിരെ സ്വന്തംതലത്തിലും മറ്റു പാർശ്വവത്കൃതരുടെ സമരങ്ങളിൽ നുഴഞ്ഞുകയറിയും അവർ അധികാരത്തിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. അതായത്, ബി.ജെ.പിയെ അധികാരത്തില്‍നിന്ന് നിഷ്കാസനം ചെയ്യാൻ കെൽപുള്ള ഒരു പ്രതിപക്ഷ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യമുന്നണി രൂപംകൊള്ളുകയും അത് അധികാരത്തില്‍വരാനുള്ള കേവല ഭൂരിപക്ഷം നേടുകയും ചെയ്താല്‍തന്നെയും അതിനെ നിലനിര്‍ത്തുക എന്നതും ബി.ജെ.പിയെ തിരികെ അധികാരത്തിൽ എത്തുന്നതില്‍നിന്ന് തടയുക എന്നതും സിവില്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം സാഹസികമായ ഒരു രാഷ്ട്രീയബാധ്യതയായിരിക്കും എന്നുള്ളതാണ് പരമാർഥം. പക്ഷേ, ഇതല്ലാതെ ഭരണത്തിെൻറ ആനുകൂല്യങ്ങളും അവസരങ്ങളുംകൂടി നിർദയം ഉപയോഗിച്ച് കടുത്ത ഭൂരിപക്ഷ മതവാദവും ഭരണഘടന ലംഘനങ്ങളും ജനാധിപത്യനിഷേധവും, ന്യൂനപക്ഷ-ദലിത് പീഡനങ്ങളും അഴിച്ചുവിടുന്ന ഹിന്ദുത്വത്തെ അധികാരത്തില്നിന്ന്അകറ്റിനിര്ത്താൻ മറ്റ് മാര്‍ഗങ്ങൾ ഇപ്പോൾ നമ്മുടെ പക്കലില്ല എന്നത് പകല്‍പോലെ വ്യക്തമായ യാഥാർഥ്യമാണ്.
ചുരുക്കിപ്പറഞ്ഞാല്‍, സിവില്‍ സമൂഹത്തിലെ സമരധാരകൾ നേരിടുന്ന പ്രധാന വൈരുധ്യം ഇതാണ്. ഹിന്ദുത്വത്തിനെതിരെയും നവലിബറൽ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഒരേ തീവ്രതയിൽ സമരം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബി.ജെ.പി അധികാരത്തിലിരിക്കുമ്പോൾ ഇത് എളുപ്പമാണ് എന്ന് തോന്നാമെങ്കിലും അവർ പ്രതിപക്ഷത്താവുമ്പോൾ കഴിഞ്ഞ കോൺഗ്രസ് സര്‍ക്കാറിെൻറ കാലത്ത് എന്നതുപോലെ ജനകീയസമരങ്ങൾ ഹിന്ദുത്വം സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കാൻ കഴിയാതെവരും. മാത്രമല്ല, എകീകരിക്കപ്പെട്ട പ്രതിപക്ഷം ഭരണപക്ഷത്താവുമ്പോൾ ബി.ജെ.പി മുഖ്യപ്രതിപക്ഷമായി മാറും എന്നതും ഓര്‍ക്കേണ്ടതാണ്. ഇതിനർഥം, വിശാല പ്രതിപക്ഷ ഐക്യത്തെ തുരങ്കംെവക്കുന്ന ഒരു നിലപാടിനെ ഞാൻ അംഗീകരിക്കുന്നു എന്നല്ല. മറിച്ച്, തന്ത്രപരമായി കൂടുതൽ മുന്നോട്ടുപോവുകയും ഫാഷിസ്റ്റ് വിരുദ്ധ അജണ്ടയെ കൂടുതൽ മൂര്‍ച്ചയുള്ളതാക്കുകയും ചെയ്യാതെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഫലപ്രദമായി ചെറുക്കാനുള്ള മുന്നണിക്ക് നിലനില്ക്കാനാവില്ല എന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുകയാണ്.
മാത്രമല്ല, ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങള്‍ക്കെതിരെയുള്ള എല്ലാ സമരങ്ങളും ഇതോടെ, ഹിന്ദുത്വത്തെ സഹായിക്കുന്ന ഗൂഢാലോചനകളായിക്കാണുന്നതും ശരിയല്ല. പക്ഷേ, ഒരേസമയം ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തെയും നവലിബറൽ നയങ്ങളെയും എതിര്‍ക്കുന്ന ശുദ്ധരാഷ്ട്രീയത്തിെൻറ പ്രായോഗികത വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് സൂചിപ്പിക്കാതെ മാർഗമില്ല. പ്രകടനപത്രികക്ക് പുറത്ത്, കാര്‍ഷിക കടങ്ങള്‍, ബാങ്കിങ് ഫിനാന്‍സ് മൂലധന സര്‍വാധിപത്യം, തൊഴിൽ വിപണിയിലെ അസ്ഥിരതകള്‍, പാര്‍ശ്വവത്കരണം പെട്രോള്‍വില വർധന തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉടനടി അഭിസംബോധന ചെയ്യപ്പെടുമെന്ന് കരുതാൻ കഴിയുകയില്ല എന്നതാണ് യാഥാർഥ്യം. ഇത് സിവിൽ സമൂഹത്തിനു മുന്നിലുയര്‍ത്തുന്ന വെല്ലുവിളി തീരെ നിസ്സാരമല്ല. അതുകൊണ്ടുതന്നെ, ഫാഷിസവും നിയോലിബറലിസവും ഒന്നിച്ചുവരുന്ന ദേശീയവിപത്തിനെ ആദ്യം പ്രതിരോധിക്കുക എന്നത് സിവിൽ സമൂഹ രാഷ്ട്രീയത്തിെൻറ മുഖ്യകടമയായി മാറുകയാണ്. ഇതാണ്, ഇതുമാത്രമാണ്, വിശാല പ്രതിപക്ഷ ഐക്യമുന്നണിയില്‍നിന്ന് ഇപ്പോൾ പ്രതീക്ഷിക്കാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.