‘തുപ്പൽ ആരോപണ’ത്തിൽ തകർന്ന വീടും ജീവിതവും
text_fieldsകുറഞ്ഞത് ഏഴ് ദേശീയ-പ്രാദേശിക വാർത്താ ചാനലുകളെങ്കിലും കേസിലെ ‘കുറ്റവാളികൾക്കെതിരെ’ ബുൾഡോസർ നടപടി സ്വീകരിച്ച അന്നത്തെ ശിവരാജ് സിങ് ചൗഹാൻ സർക്കാറിനെ അഭിനന്ദിച്ച് പരിപാടികൾ നടത്തി
ഉൈജ്ജനിലെ ഒരു മതഘോഷയാത്രക്ക് നേരെ തുപ്പി എന്ന ആരോപണത്തിന്റെ പേരിൽ അറസ്റ്റിലായി അഞ്ചു മാസത്തിനുശേഷം ജാമ്യം ലഭിച്ച് അദ്നാൻ മൻസൂരി എന്ന പതിനെട്ടുകാരൻ ജയിൽ മോചിതനായി.
ഇയാൾക്കെതിരെ മുമ്പ് കേസുകളൊന്നുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തിരിച്ചറിയൽ പരേഡ് നടത്തിയില്ലെന്നും പരാതിക്കാരനും ദൃക്സാക്ഷിയും തങ്ങളുടെ സാക്ഷിമൊഴികൾ പിൻവലിച്ചെന്നും മധ്യപ്രദേശ് ഹൈകോടതി ചൊവ്വാഴ്ച പറഞ്ഞു. അദ്നാന്റെ അനുജനും സുഹൃത്തിനും ഈ കേസിൽ കഴിഞ്ഞ വർഷം ജാമ്യം ലഭിച്ചിരുന്നു. പക്ഷേ, അദ്നാൻ ജയിലിൽ നിന്നിറങ്ങി വരുന്നത് തലകീഴായ ജീവിതത്തിലേക്കാണ്.
അറസ്റ്റ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞതും വലതുപക്ഷ സംഘടനാ പ്രവർത്തകരുടെ ആവശ്യം പരിഗണിച്ച് മൻസൂറിന്റെ വീടും കടയും ഒരു മണിക്കൂർ മുമ്പ് നോട്ടീസ് നൽകി ബുൾഡോസർ കയറ്റി കോർപറേഷൻ അധികാരികൾ തകർത്തുകളഞ്ഞിരുന്നു.
വീടും കടയും തകർക്കുന്ന സമയം അധികാരികൾ കൊണ്ടുവന്ന ഗായക-വാദ്യസംഘം കൈലാഷ് ഖേറിന്റെ ‘സർക്കാർ’ സിനിമയിലെ ജനപ്രിയ ഗാനമായ ‘ഗോവിന്ദ ഗോവിന്ദ’ ഗാനം അവിടെ പാടിത്തിമിർത്തു. വീട് നഷ്ടപ്പെട്ട കുടുംബമിപ്പോൾ വാടകവീട്ടിലാണ് താമസമെന്ന് അദ്നാന്റെ അഭിഭാഷകൻ ദേവേന്ദർ സെൻഗർ പറയുന്നു. ഉന്തുവണ്ടിയിൽ പലഹാരങ്ങൾ വിറ്റാണ് പിതാവ് വീട് പുലർത്തിപ്പോരുന്നത്.
അറസ്റ്റിലായ മൂന്നാമത്തെ പയ്യന്റെ കുടുംബത്തിന്റെ സ്വസ്ഥത കെടുത്തിയത് വാർത്താ ചാനലുകളിൽ വന്ന കടുത്ത ആരോപണങ്ങളാണ്. കേസും അറസ്റ്റും കാരണം പഠനം തുടരാൻ സ്കൂളുകാർ അനുവദിക്കാഞ്ഞതോടെ ആ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ പഠിത്തവും മുടങ്ങിയതായി പിതാവ് മുഹമ്മദ് സലീം പറയുന്നു.
ബാബ മഹാകാൽ ഘോഷയാത്രക്കുനേരെ കാർക്കിച്ച് തുപ്പി മൂന്ന് ‘അജ്ഞാത പയ്യന്മാർ’ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സാവൻ ലോത്ത് എന്ന പ്രാദേശിക അത്ലറ്റ് കഴിഞ്ഞ ജൂലൈയിലാണ് പരാതി നൽകുന്നത്. ലോത്തും കേസിലെ സാക്ഷിയായ പ്രാദേശിക ബി.ജെ.പി നേതാവ് അജയ് ഖത്രിയും ഇപ്പോൾ കൂറുമാറി. വിചാരണക്കോടതിയുടെ ചോദ്യങ്ങൾക്കിടയിലും പരാതിക്കാരൻ എഫ്.ഐ.ആറിലെ ആരോപണങ്ങൾ നിഷേധിച്ചു.
എന്നാൽ, പിതാവിനുനേരെ ‘വധഭീഷണി’ ഉയർന്ന സാഹചര്യത്തിൽ കുടുംബത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് താൻ പിൻവാങ്ങിയതെന്നാണ് ലോത്ത് ‘ന്യൂസ് ലോണ്ട്രിയോട് പറഞ്ഞത്. സമ്മർദങ്ങൾ താങ്ങാനാകാതെ പിതാവിന് ഹൃദയാഘാതമുണ്ടായെന്നും ഘോഷയാത്രക്കുനേരെ തുപ്പിയ കൗമാരക്കാർക്കെതിരെ വീണ്ടും യഥാർഥ മൊഴി നൽകുമെന്നും അയാൾ കൂട്ടിച്ചേർക്കുന്നു.
ഈ പറയുന്ന വധഭീഷണി സംബന്ധിച്ച് ലോത്ത് പരാതി നൽകിയിട്ടില്ല. അതേസമയം, മുസ്ലിം പയ്യന്മാർക്ക് അനുകൂലമായി നിലപാടെടുത്തത് വി.എച്ച്.പി, ബജ്റങ്ദൾ ഘടകങ്ങൾക്ക് അത്ര രസിച്ചിട്ടില്ല.
ഭഗവാനോട് ലോത്ത് വിശ്വാസവഞ്ചന കാണിച്ചെന്നും ബി.ജെ.പി സർക്കാർ കേസ് മോശം രീതിയിൽ കൈകാര്യം ചെയ്തത് കൊണ്ടാണ് പയ്യന്മാർക്ക് ജാമ്യം ലഭിച്ചതെന്നും വി.എച്ച്.പി മധ്യപ്രദേശ് യൂനിറ്റ് ഭാരവാഹികൾ പറയുന്നു. എന്തുകൊണ്ടാണ് ലോത്ത് നിലപാട് മാറ്റിയതെന്ന് അറിഞ്ഞുകൂടെന്നും ഇൻഡോറിലെ അറിയപ്പെടുന്ന ബി.ജെ.പിക്കാരനായ ദൃക്സാക്ഷിയായ അജയ് ഖത്രി കൂറുമാറിയതിന്റെ കാരണം വ്യക്തമല്ലെന്നും വി.എച്ച്.പി നേതാവ് വിനോദ് ശർമ പറഞ്ഞു.
വിഷയത്തിൽ ബി.ജെ.പി ഇടപെട്ടതു കൊണ്ടാണ് വി.എച്ച്.പിയും ബജ്റങ്ദളും പിന്നാക്കം നിന്നത്. കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നാലോചിക്കാൻ ഉടനടി യോഗം വിളിച്ചിട്ടുണ്ടെന്നും ശർമ വ്യക്തമാക്കി. വധഭീഷണിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നെന്നും സർക്കാറിൽനിന്ന് പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നുവെന്നുമാണ് ലോത്തിന്റെ നിലപാട്.
ഈ സംഭവം വലിയ വിഷയമാക്കിയെടുത്തത് വലതുപക്ഷ ഗ്രൂപ്പുകൾ മാത്രമല്ല എന്നുകൂടി അറിയേണ്ടതുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഈ കൗമാരക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചാനലുകളുടെ മുഖ്യ ചർച്ചാ വിഷയമായിരുന്നു ‘ഉജ്ജയിൻ തുപ്പൽ വിവാദം’.
ഇന്ത്യ ടുഡേ, ആജ് തക്, ന്യൂസ് 18 ഇന്ത്യ, സീ ന്യൂസ്, ന്യൂസ് 18 രാജസ്ഥാൻ, ന്യൂസ് 24 എംപി, ഛത്തിസ്ഗഢ് എന്നിങ്ങനെ കുറഞ്ഞത് ഏഴ് ദേശീയ-പ്രാദേശിക വാർത്താ ചാനലുകളെങ്കിലും കേസിലെ ‘കുറ്റവാളികൾക്കെതിരെ’ ബുൾഡോസർ നടപടി സ്വീകരിച്ച അന്നത്തെ ശിവരാജ് സിങ് ചൗഹാൻ സർക്കാറിനെ അഭിനന്ദിച്ച് പരിപാടികൾ നടത്തി.
ജുവനൈൽ ജസ്റ്റിസ് ബോർഡും സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനാൽ അദ്നാന്റെ പ്രായപൂർത്തിയാകാത്ത അനുജനും സുഹൃത്തും മൂന്ന് മാസം കുട്ടികൾക്കുള്ള തടങ്കൽ കേന്ദ്രത്തിൽ കഴിയേണ്ടിവന്നു. മോചിപ്പിച്ചാൽ അവർ ഏതെങ്കിലും കുപ്രസിദ്ധ കുറ്റവാളികളുമായി ബന്ധപ്പെടാൻ ഇടയാക്കുമെന്നും അത് നീതിയെ പരാജയപ്പെടുത്തുമെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തൽ.
എന്നാൽ, കഴിഞ്ഞ സെപ്റ്റംബറിൽ അവർക്ക് ജാമ്യം അനുവദിച്ച, മധ്യപ്രദേശ് ഹൈകോടതി കീഴ്കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ജാമ്യാപേക്ഷ നിരസിക്കുക വഴി കോടതി പിഴവ് വരുത്തിയെന്നും ചൂണ്ടിക്കാട്ടി.
ഈ സംഭവവും തടങ്കൽ കേന്ദ്രത്തിലെ താമസവുമാണ് മകനെ കാര്യമായി ബാധിച്ചതെന്ന് സലീം ചൂണ്ടിക്കാട്ടുന്നു. വ്യാജ ആരോപണങ്ങൾ നാട്ടിലാകെ പ്രചരിച്ചതിനാൽ എല്ലാവരും അത് വിശ്വസിച്ചു. ഞങ്ങൾ മക്കളെ നന്നായി വളർത്താത്തതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നാണ് അയൽക്കാരുടെ കുറ്റപ്പെടുത്തൽ.
കുടുംബം ഏറെ വിഷമങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഏറ്റവും പ്രയാസമനുഭവിക്കുന്നത് ജാമ്യം ലഭിച്ചശേഷം സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട മകനാണ്. കുറെ ദിവസത്തെ ക്ലാസുകൾ നഷ്ടമായതിനാൽ മറ്റുള്ള കുട്ടികൾക്കൊപ്പം പഠിച്ചെത്താൻ കഴിയാത്തതു കൊണ്ടാണ് ഇക്കുറി പ്രവേശനം നൽകാത്തതെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. അത് തന്നെയാണ് യഥാർഥ കാരണമെന്ന് സലീമിന് ഉറപ്പില്ല.
ജുവനൈൽ ഹോമിൽനിന്ന് തിരിച്ചെത്തിയശേഷം മകൻ സദാ ഭയത്തിലും സമ്മർദത്തിലുമാണ്. മുമ്പത്തെപ്പോലെ കൂട്ടുകാർക്കൊപ്പം കളിക്കാൻപോലും പോകുന്നില്ല. റോഡിലൂടെ പോകുന്ന മതഘോഷയാത്ര വീട്ട് മേൽക്കൂരയിൽ കയറി നോക്കിനിന്ന തന്നെ പിടിച്ചുകൊണ്ടുപോയ വസ്തുതയുമായി പൊരുത്തപ്പെടാൻ കുട്ടിക്ക് കഴിയുന്നില്ല. ഇക്കാലത്ത് അതും ഒരു കുറ്റമാണോ?’- സലീം ചോദിക്കുന്നു.
(ന്യൂസ് ലോണ്ട്റി സീനിയർ റിപ്പോർട്ടറാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.