ഈ വേദന താങ്കൾക്കെങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാനാവുക?
text_fieldsക്രൈസ്തവർക്കുനേരെ 2022ൽ മാത്രം 1198 അതിക്രമങ്ങൾ നടമാടിയെന്നതും നൂറുകണക്കിന് നൃശംസനീയതകൾ ഇനിയും പുറംലോകമറിഞ്ഞിട്ടില്ലെന്നതുമൊന്നും ആർച്ച് ബിഷപ്പിന് ഒരു പ്രശ്നമായി അനുഭവപ്പെടുന്നതേയില്ലേ? ഉത്തരേന്ത്യയിൽ ക്രൈസ്തവരെ കടന്നാക്രമിക്കുന്ന പാർട്ടിക്കാർ തെന്നിന്ത്യയിൽ അവരെ സംരക്ഷിച്ചുകൊള്ളുമെന്നാണോ അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്?
റബർവില കിലോക്ക് 300 രൂപയായി വർധിപ്പിച്ചാൽ ബി.ജെ.പിക്ക് ഒരു പാർലമെന്റ് അംഗത്തെ നൽകാമെന്ന് വാഗ്ദാനംചെയ്യുന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന അത്യന്തം ഖേദകരമായി. നാലു കാരണങ്ങളാൽ ആർച്ച് ബിഷപ്പിന്റെ ഈ വാക്കുകൾ അംഗീകരിക്കാനാവില്ല.
കത്തോലിക്കാ സാമൂഹിക അധ്യാപനങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്നതിൽ അദ്ദേഹം അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് പ്രഥമവും പ്രധാനവുമായ കാരണം. രണ്ടാമതായി കർഷകരുടെ പ്രശ്നങ്ങളെ അദ്ദേഹം അതിലളിതവത്കരിച്ചിരിക്കുന്നു. ക്രൈസ്തവസമൂഹത്തെയും ന്യൂനപക്ഷങ്ങളെയും സമഗ്രമായി കാണുന്നതിലെ പരാജയമാണ് മൂന്നാമത്തേത്.
അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ മുഴച്ചുനിൽക്കുന്ന പൗരോഹിത്യതയാണ് നാലാമത്തെ കാരണം. കത്തോലിക്കാ സാമൂഹിക അധ്യാപനങ്ങൾ പ്രഥമമായി മൂല്യം കൽപിക്കുന്നത് മനുഷ്യ അന്തസ്സിനും ഐക്യദാർഢ്യത്തിനും സഹായപ്രവർത്തനങ്ങൾക്കുമാണ്.
ആധുനികസമൂഹത്തിലെ വെല്ലുവിളികൾക്കിടയിൽ നീതിപൂർവകമായ ഒരുസമൂഹം കെട്ടിപ്പടുക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനുമുള്ള ജ്ഞാനത്തിന്റെ സമ്പന്ന നിധികളാണവ.
കാണുക, നീതിപൂർവമായി വിലയിരുത്തുക, അതിനനുസൃതമായി പ്രവർത്തിക്കുക എന്നതാണ് കത്തോലിക്കാ സാമൂഹിക അധ്യാപനങ്ങളുടെ പ്രാഥമികരീതി. യാഥാർഥ്യങ്ങളെ പൂർണമായി കാണുകയോ ശരിയായി വിലയിരുത്തുകയോ ചെയ്യാതെ തന്റെ പ്രഖ്യാപനത്തിലൂടെ പ്രവർത്തിച്ചു എന്നതാണ് ആർച്ച് ബിഷപ്പിന്റെ നിലപാടിലെ പ്രശ്നം.
സ്വർഗരാജ്യം, നീതി, സമാധാനം, സ്നേഹം എന്നിവ മനസ്സിൽ സൂക്ഷിച്ച്, ദൈവികനേത്രങ്ങളാൽ വേണം ക്രൈസ്തവർ ഓരോ വിഷയത്തെയും നോക്കിക്കാണാൻ. അതല്ലെങ്കിൽ ഗാന്ധിജിയുടെ രക്ഷാകവചത്തിൽ (Gandhiji's Talisman) നിർദേശിക്കുന്നതുപോലെ ദരിദ്രനാരായണന്മാരുടെ കണ്ണുകളിലൂടെവേണം കാണാൻ.
സാമൂഹിക വിശകലനം പരാജയപ്പെട്ടാൽ, സാമൂഹിക പ്രതികരണവും പ്രവർത്തനവും പരാജയപ്പെടും. എവ്വിധത്തിലുള്ള സാമൂഹിക വിശകലനമാവും ആർച്ച് ബിഷപ്പിനെ നയിച്ചിട്ടുണ്ടാവുക? പൗലോ ഫ്രെയറുടെ വർഗീകരണം കടമെടുത്താൽ, മാന്ത്രികമോ ലോകജ്ഞാനമില്ലായ്മയോ ഉന്മത്തതയോ വിമർശനമോ ദോഷദര്ശിത്വമോ? ഇത് ലോകജ്ഞാനമില്ലായ്മയോ ഉന്മത്തതയോ ആകുമെന്ന് ഞാൻ ഊഹിക്കുന്നു.
നമ്മുടെ നാട്ടിലെ കാർഷികമേഖലയിലെ പ്രശ്നങ്ങളെ വെറും റബർ വിലയിലേക്ക് ന്യൂനീകരിക്കുകവഴി ഒരു അറിവുമില്ലാത്തയാളെപ്പോലെ ആർച്ച് ബിഷപ് വിഷയത്തെ ലളിതവത്കരിച്ചിരിക്കുന്നു. രാജ്യത്തെ കാർഷികപ്രശ്നങ്ങൾ അടിസ്ഥാനപരമായി മാറിമാറിവരുന്ന സർക്കാറുകൾ, വിശിഷ്യാ നിലവിൽ കേന്ദ്രം ഭരിക്കുന്ന സർക്കാർ കൈക്കൊണ്ട കർഷകവിരുദ്ധ നയങ്ങളുടെ ഫലമായി രൂപപ്പെട്ടവയാണ്.
നിലവിലെ ഭരണകൂടം കൊണ്ടുവന്ന കുപ്രസിദ്ധമായ കാർഷികനിയമങ്ങളും ദീർഘകാല സമരത്തിനൊടുവിൽ അവ പിൻവലിക്കപ്പെട്ടതും നമുക്കെങ്ങനെയാണ് മറക്കാൻ സാധിക്കുക? നൽകപ്പെട്ട വാഗ്ദാനങ്ങളൊന്നുംതന്നെ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ കർഷകർ വീണ്ടും പോരാട്ടത്തിനിറങ്ങുകയാണ്. കർഷകരുടെ പ്രശ്നങ്ങളെ അത്തരമൊരു വിശാലാർഥത്തിൽ എങ്ങനെയാണ് കാണാതിരിക്കാനാവുക?
‘‘ഇന്ത്യൻ കാർഷികമേഖലക്ക് പരിഷ്കാരങ്ങൾ ആവശ്യമാണെന്നുതന്നെ പല കാർഷികവിദഗ്ധരും സമ്മതിക്കുമ്പോഴും മോദിസർക്കാർ നിയമങ്ങൾ കൊണ്ടുവന്ന രീതിയെയും കാർഷികമേഖലയിലെ കോർപറേറ്റ് ഇടപെടലിനെയും അവർ ചോദ്യംചെയ്യുന്നു’’ എന്നാണ് കർഷക സമരത്തെക്കുറിച്ച് 2021ൽ പ്രസിദ്ധീകരിച്ച വിശകലന ലേഖനത്തിൽ അസോസിയേറ്റ് പ്രസ് റിപ്പോർട്ടർ ശൈഖ് സാലിഖ് എഴുതിയത്.
‘കർഷകരെ വിപണിയുടെ കാരുണ്യത്തിന് വിടുന്നത് അവർക്ക് വധശിക്ഷ വിധിക്കുന്നതുപോലെ’യാണെന്ന് ഇന്ത്യൻ കർഷകരുടെ അഭിവൃദ്ധിക്കായി രണ്ട് പതിറ്റാണ്ടുകളായി പ്രചാരണം നടത്തുന്ന കാർഷിക വിദഗ്ധൻ ദേവീന്ദർ ശർമ പറയുന്നു.
ഒരാൾ ഒരു വ്യക്തിയുമായോ സംഘവുമായോ ഒത്തുചേരുമ്പോൾ, ഒരാളുടെ വ്യക്തിപരമായ നേട്ടങ്ങളോ മുഴു സമൂഹത്തിന്റെയും നന്മയോ കാംക്ഷിക്കാം. കേവലം ഒരുമാസം മുമ്പ് ബിഷപ്പുമാരും നാനാതുറയിലുള്ള മനുഷ്യരുമുൾപ്പെടെ 22,000 ക്രൈസ്തവർ ഡൽഹിയിലെ ജന്തർമന്തറിൽ ഒത്തുചേർന്നത് എന്തിനുവേണ്ടിയായിരുന്നുവെന്നകാര്യം ഒരു ആർച്ച് ബിഷപ്പിന് എങ്ങനെയാണ് വിസ്മരിച്ചുകളയാനാവുക?
മതപരിവർത്തന വിരുദ്ധ നിയമങ്ങളും അനധികൃത മതംമാറ്റ ആരോപണങ്ങളും കൊണ്ട് രാജ്യത്തെ സഭാവിശ്വാസികളെ ശ്വാസംമുട്ടിക്കുകയാണ് എന്നകാര്യം ഉച്ചത്തിൽ വിളിച്ചുപറയാനാണ് അവർ അവിടെ ഒരുമിച്ചുകൂടിയത്.
വീടുകളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ആട്ടിപ്പായിക്കുന്ന അക്രമാസക്തമായ ആൾക്കൂട്ടത്തിന്റെ ചെയ്തികളാൽ അവർക്ക് പൊറുതിമുട്ടിയിരിക്കുന്നു. ഏതുസമയവും സ്വത്തുവകകൾ നശിപ്പിക്കപ്പെടാനും ശാരീരികമായി ആക്രമിക്കപ്പെടാനുമുള്ള സാഹചര്യത്തിലാണവർ.
സുരീന്ദർ കൗർ എഴുതിയതുപോലെ ‘പരമപ്രധാനമായി ഇത്തരം ചെയ്തികൾ അരങ്ങേറുമ്പോൾ നിഷ്ക്രിയമായി നിലകൊള്ളുകയും സാഹചര്യങ്ങളെ അങ്ങേയറ്റം മോശമായ രീതിയിലെത്തിക്കാൻ സർവവിധ പ്രോത്സാഹനങ്ങളും നൽകുന്ന ഒരു ഭരണകൂടത്തോടുള്ള രോഷമാവും അവർ പ്രകടമാക്കിയത്’.
ക്രൈസ്തവർക്കുനേരെ 2022ൽ മാത്രം 1198 അതിക്രമങ്ങൾ നടമാടിയെന്നതും നൂറുകണക്കിന് നൃശംസനീയതകൾ ഇനിയും പുറംലോകമറിഞ്ഞിട്ടില്ലെന്നതുമൊന്നും ആർച്ച് ബിഷപ്പിന് ഒരു പ്രശ്നമായി അനുഭവപ്പെടുന്നതേയില്ലേ? ഉത്തരേന്ത്യയിൽ ക്രൈസ്തവരെ കടന്നാക്രമിക്കുന്ന പാർട്ടിക്കാർ തെന്നിന്ത്യയിൽ അവരെ സംരക്ഷിച്ചുകൊള്ളുമെന്നാണോ അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്?
രാജ്യത്ത് തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യാനാകുമെന്ന് ഏതെങ്കിലുമൊരു ന്യൂനപക്ഷസമൂഹം കരുതുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് കഴിയുന്നതെന്നേ പറയാനാവൂ. മുസ് ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകളുമാണ് രാജ്യത്തിന്റെ മൂന്ന് ആഭ്യന്തര ഭീഷണികളെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സൈദ്ധാന്തികരുടെ പ്രഖ്യാപിത ലക്ഷ്യം മനസ്സിലാക്കുന്നതിൽ സഭാനേതാക്കൾ പരാജയപ്പെടുന്നുവെന്നത് അതിദുരൂഹമാണ്.
ഈ മൂന്നു വിഭാഗങ്ങളെയും നിഷ്കാസിതരാക്കുകയോ രണ്ടാംതരം പൗരരായി ഒതുക്കപ്പെടുകയോ ചെയ്യുന്ന ഒരു ദേശമാണ് അവർ വിഭാവനം ചെയ്യുന്ന പുതു ഇന്ത്യ. അത് സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് അവർ അതിശുഷ്കാന്തിയോടെ പ്രയത്നിച്ചുകൊണ്ടിരിക്കുന്നതും.
“നല്ല മരത്തിൽ ചീത്തഫലമോ ചീത്ത മരത്തിൽ നല്ല ഫലമോ കായ്ക്കില്ല. ഫലം നോക്കി ഒരു മരത്തെ തിരിച്ചറിയാം. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴവും മുൾപ്പടർപ്പിൽനിന്ന് മുന്തിരിപ്പഴവും ശേഖരിക്കാറില്ലല്ലോ’’. (ലൂക്ക 6,43-45) എന്ന വേദപുസ്തകത്തിലെ വരികളെങ്കിലും ആർച്ച് ബിഷപ് ഓർമിക്കണമായിരുന്നു.
ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രകടമായ പൗരോഹിത്യപരത കത്തോലിക്കാസഭയുടെ തത്ത്വങ്ങൾക്കും പൗരോഹിത്യപരതക്കെതിരായ ഫ്രാൻസിസ് മാർപാപ്പയുടെ നിരന്തര പോരാട്ടത്തിനും കടകവിരുദ്ധമാണ്.
ഫ്രാൻസിസ് മാർപാപ്പ സംവാദങ്ങൾക്കും യോജിച്ചുള്ള പ്രവർത്തനങ്ങൾക്കും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഒരു വേദിയിൽ കയറിനിന്ന് സഭാംഗങ്ങൾ എങ്ങനെ വോട്ടുചെയ്യണമെന്ന് ആർച്ച് ബിഷപ്പിന് നിർദേശിക്കാനാകുമോ? ഏകപ്രതീക്ഷ രാഷ്ട്രീയപ്രബുദ്ധരായ സാധാരണക്കാരായ വിശ്വാസികളിലാണ്. അതോ അവരും പൗരോഹിത്യത്തിന് അടിപ്പെടുമോ? ഇതിനുത്തരം നൽകാൻ കാലത്തിനേ കഴിയൂ.
ഈശോസഭയുടെ മുൻ കേരള പ്രൊവിന്ഷ്യാളും റോമിലെ ഈശോസഭ ആസ്ഥാനത്തെ തെക്കനേഷ്യൻ മേഖല ചുമതലക്കാരനുമായ ഫാ. ജോർജ് mattersindia.comൽ എഴുതിയ ലേഖനത്തിന്റെ സംഗ്രഹ വിവർത്തനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.