‘മലയാളികളുടെ മാതൃഭൂമി’യാവാൻ ഇനിയും എത്ര ദൂരം?
text_fieldsകേരളം പ്രാചീനകാലം മുതൽ നമുക്കറിയുന്നതുപോലെ തിരുവിതാംകൂർ, കൊച്ചി, മലബാർ, കാസർകോട് എന്നിങ്ങനെ നാലുഭാഗങ്ങളായി കിടക്കുകയായിരുന്നു. കാസർകോടും മലബാറും ബ്രിട്ടീഷിന്റെ നേരിട്ടുള്ള ഭരണത്തിന്റെ കീഴിലായിരുന്നു. 1949ൽ തിരു-കൊച്ചി സംയോജനം നടന്നു. ദേശീയ പ്രസ്ഥാന കാലത്തുതന്നെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഭാരവാഹികളുടെ ഒരപേക്ഷ, കാസർകോട് താലൂക്കിനെ മലബാറിനോട് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയിരുന്നു. കാരണം, അവിടെ ഭൂരിപക്ഷവും...
കേരളം പ്രാചീനകാലം മുതൽ നമുക്കറിയുന്നതുപോലെ തിരുവിതാംകൂർ, കൊച്ചി, മലബാർ, കാസർകോട് എന്നിങ്ങനെ നാലുഭാഗങ്ങളായി കിടക്കുകയായിരുന്നു. കാസർകോടും മലബാറും ബ്രിട്ടീഷിന്റെ നേരിട്ടുള്ള ഭരണത്തിന്റെ കീഴിലായിരുന്നു. 1949ൽ തിരു-കൊച്ചി സംയോജനം നടന്നു. ദേശീയ പ്രസ്ഥാന കാലത്തുതന്നെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഭാരവാഹികളുടെ ഒരപേക്ഷ, കാസർകോട് താലൂക്കിനെ മലബാറിനോട് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയിരുന്നു. കാരണം, അവിടെ ഭൂരിപക്ഷവും മലയാളികളായിരുന്നു.
ഒരുപക്ഷേ, ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത്, നാൽപതുകളിൽ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തിലാണ് ആദ്യമായി ഐക്യകേരളം എന്ന സങ്കൽപം തന്നെ പുറത്തുവന്നത്. അതുവരെ വന്ന ആശയങ്ങളെല്ലാം കാസർകോട്-മലബാർ സംയോജനവും തിരുവിതാംകൂർ-കൊച്ചി സംയോജനവും മാത്രമായിരുന്നു. പിന്നീട്, മലയാളം സംസാരിക്കുന്ന, മലയാളം മാതൃഭാഷയായവരുടെ സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം 50കളിൽ നടന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപപ്പെട്ടു.
ഭരണഭാഷയും മലയാളവും
നമ്മുടെ പ്രദേശത്തെ ഭാഷ മലയാളമാണെന്ന് നമ്മൾ പറയേണ്ടതില്ല. എന്നാൽ, ഇപ്പോഴും മലയാളം നമ്മുടെ ഭരണഭാഷയായി ഉയർന്നുവന്നിട്ടില്ല. അതിനൊരു കാരണം, ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവരാണ് അധികവും ഭരണതലങ്ങളിലെല്ലാം പ്രവർത്തിക്കുന്നത് എന്നതുതന്നെ. ആ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മലയാളത്തിലെഴുതുന്നതിനെക്കാൾ ഇംഗ്ലീഷിൽ എഴുതുന്നതായിരിക്കും എളുപ്പം. പിന്നെ, കൂടുതലായും പ്രൈവറ്റ്, പബ്ലിക് സ്കൂളുകളിലെല്ലാം അധ്യയന ഭാഗം ഇംഗ്ലീഷാണ്. മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്; പ്രചാരണത്തിനുവേണ്ടി തുഞ്ചത്തെഴുത്തച്ഛന്റെ പേരിൽ തിരൂരിൽ മലയാളം സർവകലാശാലതന്നെ നിലവിലുണ്ട്. പക്ഷേ, അവിടെപ്പോലും ഒരു ചെയർ എന്ന രീതിയിലല്ലാതെ ഒരു പ്രവർത്തനവും മലയാളത്തിനുവേണ്ടി നടക്കുന്നില്ലെന്നതാണ് സിൻഡിക്കറ്റ് അംഗമായിരുന്ന സമയത്ത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. മലയാളത്തിന്റെ പരിപോഷണത്തിനോ പ്രചാരണത്തിനോ വേണ്ടി ഒന്നും അവിടെ നടക്കുന്നില്ല. ഭൗതികമായി ഈ സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം ശക്തമായി പ്രവർത്തിക്കുന്ന ഒരു പണ്ഡിത സമൂഹം നമുക്കില്ല എന്നാണ് തോന്നുന്നത്. ബ്യൂറോക്രാറ്റുകൾ കാണാത്ത, അവർക്ക് കാണാൻ കഴിയാത്ത ആശയങ്ങളാണ് ഇതിനെല്ലാം പിന്നിൽ. അതുപോലെ തന്നെ മലയാളത്തിൽ നമുക്ക് ഏകീകൃത എഴുത്ത് ശൈലിയില്ല. വട്ടെഴുത്തിലേക്ക് പോകണമെന്ന് ഞാൻ പറയില്ല, മാറ്റങ്ങൾ വരണം. ആ മാറ്റങ്ങൾ വരുമ്പോൾ ഏതെല്ലാം നിലനിർത്താൻ കഴിയുമെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.
മലയാളത്തിലിറങ്ങുന്ന ശേഷ്ഠമായ കൃതികൾ മറ്റ് ഭാഷയിലെത്തിക്കുന്നതെല്ലാം ഇന്ന് സ്വകാര്യ പ്രസാധകരാണ്. സർക്കാറിന് അത്തരത്തിലുള്ള ഒരു നയംപോലുമില്ല. നമുക്ക് ഒരു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നുണ്ട്. അവരുടെ പ്രവർത്തനം മികച്ചതാവണം. എല്ലാ പ്രയോഗങ്ങൾക്കും മലയാളത്തിന്റെ കൃത്യമായ പരിഭാഷതേടിയൊന്നും പോകേണ്ടതില്ല. ആഢ്യവാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് തീരുമാനിക്കരുത്. ചില ഇംഗ്ലീഷ് വാക്കുകൾ അത് അത്ര പരിചിതമാണെങ്കിൽ അതുപോലെ തന്നെ നമുക്ക് ഉപയോഗിക്കാം. അങ്ങനെയാകുമ്പോൾ സാധാരണക്കാരിലേക്ക് വളരും. ഇപ്പോൾ ‘പാർലമെന്റ്’ എന്ന വാക്ക്, അത് ഏത് സാധാരണക്കാർക്കും മനസ്സിലാകുന്നതാണ്. അത് അതുപോലെ പ്രയോഗിക്കുന്നതിന് ഒരു കുഴപ്പവുമില്ല.
തമിഴ്-തെലുഗുദേശങ്ങൾ അവരുടെ ഭാഷ പ്രചരിപ്പിക്കുന്നതിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. എന്നാൽ, നമ്മുടെ സർവകലാശാലകളിൽ ഇതിനായി ചില പ്രമേയങ്ങൾ വരുകയല്ലാതെ ഒന്നും പ്രാവർത്തികമാവാറില്ല. മലയാളത്തെ ശരിയായി ഉപയോഗിക്കാനുള്ള ബൗദ്ധികശക്തി നമുക്ക് വളർന്നുവന്നിട്ടില്ല എന്നുവേണം കരുതാൻ. അതിൽ ഗവൺമെന്റിന്റെ ഏറ്റവും നല്ല, ബൗദ്ധികമായ കഴിവുകളുള്ള പ്രഫസർമാരുടെ, പണ്ഡിതന്മാരുടെ, സാഹിത്യകാരുടെ മറ്റും ഒരു വിഭാഗം വേണം. പൂരക്കളി കണ്ടിട്ട് ഇതാണോ വള്ളംകളി എന്ന് ചോദിക്കുന്നവരാണ് മലയാളികൾ. നമ്മുടെ കലയെപ്പോലും നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അതുപോലെ തന്നെ ചരിത്ര രചന, നാലു ഭാഗങ്ങളെയും ഇൻറഗ്രേറ്റ് ചെയ്തിട്ടില്ല.
ചില പരീക്ഷക്കുപോകുമ്പോൾ തിരുവിതാംകൂറിൽനിന്ന് വരുന്നവരോട് തിരുവിതാംകൂറിലെ ചോദ്യങ്ങൾ മാത്രമാണുള്ളത്. അതിൽ പലർക്കും വില്യം ലോഗൻ ആരാണെന്നുപോലുമറിയില്ല. മലബാറുകാർക്കാവട്ടെ, തിരുവിതാംകൂർ ഇന്നും അന്യദേശമാണ്. കേരളത്തിലെ കർഷക സമരത്തെക്കുറിച്ച് പറയുമ്പോൾ, കാസർകോട് ‘പൂട്ട്’ എന്നൊരു റിവോൾട്ട് നടന്നിട്ടുണ്ട്, 1830കളിൽ. അത് പക്ഷേ, തിരുവിതാംകൂറിലുള്ളവർക്ക് മാത്രമല്ല, കൊച്ചിയിലോ മലബാറിന്റെ മറ്റു ഭാഗങ്ങളിലോ ഉള്ളവരോട് ചോദിച്ചാൽ പോലും അറിയണമെന്നില്ല. ചരിത്രപരമായ ഒരു ഏകോപനം തന്നെ കേരളത്തിൽ കൃത്യമായി നടന്നിട്ടില്ല എന്നാണിതിനർഥം. മലയാളത്തെ മാത്രമല്ല, ഇവിടത്തെ സംസ്കാരത്തെ, അത് നൽകിയ സംഭാവനകളെ വളർത്തിയെടുക്കാനുള്ള ബോധപൂർവമായ പ്രവർത്തനം ഇവിടെ ഉണ്ടായിട്ടില്ല.
ഒരു കൊറിയൻ പാഠം
ഈ വർഷം സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹാൻഗാങ്ങിന്റെ ‘ദി വെജിറ്റേറിയൻ’ എന്ന നോവലിന് കിട്ടിയതിൽ നിന്ന് പഠിക്കാനുണ്ട്. അന്താരാഷ്ട്ര തലത്തിൽ വളരാനുള്ള ദക്ഷിണ കൊറിയ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണത്. അതുപോലെ നമ്മുടെ സാഹിത്യത്തിലെ മഹത്തായ സൃഷ്ടികളെ ലോക ഭാഷകളിലെത്തിക്കാനുള്ള പരിശ്രമം നാം നടത്തണം. അതിനായി വിപുലമായ വിവർത്തന സംവിധാനം തന്നെ വേണം. ഇതിനൊരു ഉദാഹരണം പറയാം. സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥം 1580കളിൽ തന്നെ ലോകത്തിലെ 35 ഭാഷകളിലേക്ക് പോർചുഗീസുകാർ എത്തിച്ചത് കാണാം. എന്തുകൊണ്ടാണ് ഇത്തരം തുടർച്ചകളില്ലാത്തതെന്ന് നാം ചിന്തിക്കണം.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർഥികളോട് പത്ത് മലയാള സാഹിത്യകാരുടെ പേരുചോദിച്ചാൽ പറയാൻ അവർക്കറിയില്ല. വിദ്യാഭ്യാസത്തിലെവിടെയോ ഉള്ള ഒരു പോരായ്മയായാണ് ഞാനതിനെ കാണുന്നത്. മലയാളത്തെ പരിപോഷിപ്പിക്കാൻ ഇന്ന് നടക്കുന്ന പ്രവർത്തനങ്ങളൊന്നും പര്യാപ്തമല്ല. ഇതിനായി വേണ്ടത്ര ഫണ്ടുകളും നീക്കിവെക്കുന്നില്ല. സാംസ്കാരിക കേന്ദ്രങ്ങളെയും ലൈബ്രറികളെയുമെല്ലാം ഊർജസ്വലമാക്കാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണം. കേരളത്തിലേക്ക് ഈ നവംബർ ഒന്നിന് നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ പണ്ടുണ്ടായിരുന്ന നാല് പ്രോവിൻസുകളും സംയോജിക്കപ്പെട്ടെങ്കിലും ഇന്നും ചരിത്രപരമായി ഈ പ്രദേശങ്ങളൊന്നും സംയോജിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. മലയാളഭാഷ വളർത്തിക്കൊണ്ടുവരാൻ, കേരളത്തെ മലയാളത്തിന്റെ മാതൃഭൂമിയാക്കി നിലനിർത്താൻ വളരെ ദൂരം ഇനിയും നമ്മൾ പോകേണ്ടതുണ്ട്. അതിനിടയിൽ ഈ ലോകത്തുനടക്കുന്ന ഓരോ മാറ്റവും നമ്മൾ ശ്രദ്ധിക്കുകയും വേണം.
തയാറാക്കിയത്: അനൂപ് അനന്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.