ലീഗിലെ പൊട്ടിത്തെറിക്ക് ആയുസ്സെത്ര?
text_fieldsമുസ്ലിം ലീഗിന്‍റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി അതിന് നേതൃത്വം നൽകുന്ന പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽനിന്നു തന്നെ പാർട്ടിയുടെ 'നടത്തിപ്പുകാരനായ' നേതാവിനെതിരെ പരസ്യവും ഗുരുതരവുമായ ആരോപണങ്ങളുയർന്നിരിക്കുന്നു. നേതൃത്വം നിർദേശിച്ചതനുസരിച്ച് പാർട്ടി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടയിലാണ് പാർട്ടി പ്രമുഖനായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തങ്ങൾ കുടുംബത്തിലെ പ്രതിനിധി ഗുരുതര ആരോപണങ്ങളുന്നയിച്ചതെന്നത് വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. പാണക്കാട് നേതൃത്വം ഒരു വാക്കുച്ചരിച്ചാൽ അതിന് മറുവാക്കില്ലെന്ന് പറഞ്ഞിരുന്നിടത്തുനിന്നു തന്നെയാണ് മറുവാക്ക് അത്യുച്ചത്തിൽ പുറത്തു വന്നിരിക്കുന്നത്.
പാർട്ടിയെ ന്യായീകരിക്കാൻ പോഷക സംഘടനാ നേതാവിനെക്കൊണ്ട് വാർത്താ സമ്മേളനം വിളിപ്പിക്കുക, അതിനിടയിൽ കയറി യുവജന വിഭാഗത്തിന്‍റെ ദേശീയ ഭാരവാഹി പാർട്ടിയിലെ മുതിർന്ന അംഗത്തിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുക, പാർട്ടി ആസ്ഥാനത്തെ സാധാരണ പ്രവർത്തകൻ വാർത്താ സമ്മേളനം തടസ്സപ്പെടുത്തുക, രംഗം വഷളാവുന്നതു കണ്ടപ്പോൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഒരു നേതാവ് ഇറങ്ങിപ്പോവുക... ഇതെല്ലാം വ്യക്തമാക്കുന്നത് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ പാർട്ടിയായ മുസ്ലിം ലീഗ് അകപ്പെട്ട പ്രതിസന്ധിയേയും പാർട്ടി ഘടനയുടെയും നേതൃത്വത്തിന്റെയും ദൗർബല്യത്തെയുമാണ്.
പാർട്ടി അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്ലിം യൂത്ത്ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങളാണ് ലീഗ് ആസ്ഥാനത്തെ വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചത്. പിതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിലേക്കെത്തിച്ചതിന്‍റെ പൂർണ ഉത്തരവരാദിത്തം കുഞ്ഞാലിക്കുട്ടിക്കും മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനുമാണെന്ന് ആരോപിച്ച മുഈനലി, 40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം വിവിധ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ ചെലവഴിച്ച ഫണ്ടിന് കണക്കില്ലെന്നും ആരോപിച്ചു. പിതാവ് ഹൈദരലി തങ്ങൾ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്ന ഗുരുതര ആരോപണവും അദ്ദേഹമുയർത്തി. പാണക്കാട് കുടുംബത്തിന്‍റെ ചരിത്രത്തിൽ ഇത്തരം സാമ്പത്തിക ആരോപണങ്ങൾക്കു മുന്നിൽ നിൽക്കേണ്ടി വന്നിട്ടില്ലെന്ന് മുഈനലി പരിതപിക്കുകയും ചെയ്തു.
മുഈനലിയുടെ 'ചന്ദ്രിക' ദൗത്യവും തങ്ങളുടെ കത്തും
ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലെത്തിയ 10 കോടിയോളം രൂപ അഴിമതിപ്പണമാണെന്ന ആരോപണത്തിന് മറുപടി പറയാൻ ചുമതലപ്പെടുത്തിയതനുസരിച്ച് മുസ്ലിം ലീഗിന്‍റെ അഭിഭാഷക വിഭാഗമായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഷായാണ് മുസ്ലിം ലീഗ് ആസ്ഥാനമായ കോഴിക്കോട് ലീഗ് ഹൗസിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്തതെന്നും ഇതിലേക്ക് നുഴഞ്ഞു കയറിയാണ് മുഈനലി കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നുമാണ് പറയുന്നത്.
എന്നാൽ, ഇതിന് മറുപടിയായി മുഈനലിയെ 'ചന്ദ്രികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നു'ള്ള ഹൈദരലി ശിഹാബ് തങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് പുറത്തു വന്നു. 'സമീറും (ചന്ദ്രിക ഫിനാൻസ് ഡയറക്ടർ മുഹമ്മദ് സമീർ) മാനേജ്മെന്റും ആലോചിച്ച് ഒരു മാസം കൊണ്ട് എല്ലാ ബാധ്യതകളും തീർക്കേണ്ടതാണ്' എന്നും കത്തിലുണ്ട്. എന്നാൽ മുഈനലിക്ക് 'ചന്ദ്രിക'യിൽ ഒരു ചുമതലയും നൽകിയിട്ടില്ലെന്നും മാർച്ച് അഞ്ചിന് ഒരു മാസത്തെ ദൗത്യത്തിനായി നൽകിയ കത്തിന്‍റെ കാലാവധി ഏപ്രിൽ അഞ്ചോടെ അവസാനിച്ചെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ഫേസ്ബുക്കിൽ കുറിച്ചത്.
പാണക്കാട്ടെ ടെലഫോൺ ശബ്ദരേഖ എങ്ങനെ ജലീലിന്‍റെ കൈവശമെത്തി?
കെ.ടി ജലീൽ എം.എൽ.എ നിയമസഭയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് പാണക്കാട്ടു നിന്ന് അതിനേക്കാൾ ശക്തമായ തുടർച്ചയുണ്ടായി എന്നതാണ് വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച മുഈനലി തങ്ങൾക്കെതിരെ നടപടി വേണമെന്ന് ചില ലീഗ് കേന്ദ്രങ്ങളിൽനിന്ന് ആവശ്യമുയർന്നപ്പോൾ പ്രതിരോധം തീർത്തത് കെ.ടി ജലീലാണെന്നതും ശ്രദ്ധേയമാണ്.
മുഈനലിക്കെതിരെ നടപടിയുണ്ടായാൽ, പാർട്ടി മുഖപത്രമായ 'ചന്ദ്രിക'യുടെ അക്കൗണ്ടിലെത്തിയ 10 കോടി രൂപയെക്കുറിച്ച ഇ.ഡി അന്വേഷണം സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുമായി നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖ പുറത്തുവിടുമെന്നായിരുന്നു ജലീലിന്‍റെ ഭീഷണി. തങ്ങൾ കുടുംബാംഗങ്ങളുടെ ടെലഫോൺ ശബ്ദരേഖ എങ്ങനെ ജലീലിന്‍റെ കൈവശമെത്തി എന്നത് വേറെ അന്വേഷിക്കേണ്ട കാര്യമാണ്. കുഞ്ഞാലിക്കുട്ടിയുടെ 'നല്ല കാല'ത്തിന് മുഈനലിക്കെതിരെ നടപടിയെടുക്കാതെ കഴിഞ്ഞ ദിവസം മലപ്പുറത്തു ചേർന്ന ഉന്നതാധികാര സമിതി യോഗം പിരിഞ്ഞു.
മുസ്ലിം ലീഗ് ഭരണഘടന പ്രകാരം അസ്തിത്വമില്ലെന്ന ആക്ഷേപമുയർന്ന ഉന്നതാധികാര സമിതിയാണ് നിർണായക വിഷയങ്ങളിൽ ഒരിക്കൽ കൂടി തീരുമാനമെടുത്ത് പിരിഞ്ഞത്. മുഈനലിക്കെതിരായ നടപടി സംബന്ധിച്ച് ചികിൽസയിൽ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങളുമായി സംസാരിച്ച് തീരുമാനം പ്രഖ്യാപിക്കാൻ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുകയും വാർത്താ സമ്മേളനത്തിനിടെ മുഈനലിയെ തെറിപറഞ്ഞ പാർട്ടി പ്രവർത്തകൻ റാഫി പുതിയകടവിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു ഉന്നതാധികാര സമിതി.
ഉന്നതാധികാര സമിതിക്കുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ, മുഈനലി തങ്ങളുടെ നടപടി അനുചിതമായിരുന്നുവെന്നും പാണക്കാട് കുടുംബ പാരമ്പര്യത്തിന്‍റെ ലംഘനമായിരുന്നുവെന്നും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളായ അബ്ബാസലി, റഷീദലി, ബഷീറലി എന്നിവർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തിയിരുന്നു. യോഗത്തിലേക്ക് മുഈനലി തങ്ങളെ ക്ഷണിച്ചിരുന്നുവെങ്കിലും പനി കാരണം പങ്കെടുത്തില്ലെന്നാണ് പറയുന്നത്.
മുഈനലിക്കെതിരെ എന്ത് നടപടി?
മുഈനലിക്കെതിരായ നടപടി സംബന്ധിച്ച് പാർട്ടി അധ്യക്ഷനുമായി ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളതെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടാവില്ലെന്നാണ് മനസ്സിലാക്കേണ്ടത്. കാരണം മുസ്ലിം ലീഗിന്‍റെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതൃത്വമാണ് പാണക്കാട് കുടുംബം. ആ നിലക്ക് കുടുംബാംഗത്തിനെതിരെ നടപടിയെടുക്കാൻ നിലവിലുള്ള പാർട്ടി സംവിധാനത്തിനാവില്ല. നടപടിയെടുത്താൽ അത് അനാവശ്യ കീഴ്വഴക്കത്തിനും പ്രശ്നം രൂക്ഷമാവാനും ഇടയാക്കും. അതുകൊണ്ടു തന്നെ കുടുംബത്തിനകത്തുള്ള ശാസനയിലൂടെയോ താക്കീതിലൂടെയോ പ്രശ്നം അവസാനിപ്പിക്കാനാവും നേതൃത്വം ശ്രമിക്കുക. അതോടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ കെട്ടടങ്ങുകയും ചെയ്യും.
കെ.ടി. ജലീലിന്‍റെ ഉന്നം
പാർട്ടിയിലെ പുതിയ പ്രതിസന്ധിക്കു പിന്നിൽ കെ.ടി ജലീലുണ്ടെന്നു തന്നെയാണ് മുസ്ലിം ലീഗ് നേതൃത്വം വിശ്വസിക്കുന്നത്. പാണക്കാട് കുടുംബത്തെ കൂടെ നിർത്തിക്കൊണ്ടും കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ചുമാണ് ജലീലിന്‍റെ നീക്കങ്ങൾ. മുസ്ലിം ലീഗ് അണികളെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിരത്തണമെങ്കിൽ പാണക്കാട് കുടുംബത്തോടുള്ള സെന്റിമെന്റ്സിൽ കൈവെക്കണമെന്ന ലളിത വിദ്യയാണ് ജലീൽ പ്രയോഗിക്കുന്നത്.
എന്നാൽ മുസ്ലിം ലീഗിനെ തകർക്കാനുള്ള സി.പി.എം അജണ്ടയാണ് ജലീലിന്‍റെ നീക്കങ്ങൾക്കു പിന്നിലെന്ന് തിരിച്ചറിവിലേക്ക് ലീഗ് നേതൃത്വത്തെയെത്തിക്കാൻ ബന്ധപ്പെട്ടവർക്കായിട്ടുണ്ട്. അതനുസരിച്ചുള്ള പ്രതികരണമാണ് പാർട്ടി ഉന്നതാധികാര സമിതിക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സാദിഖലി ശിഹാബ് തങ്ങളിൽനിന്നുണ്ടായത്. പാണക്കാട് കുടുംബത്തിന്‍റെ മേസ്തിരിപ്പണി ആരെയും ഏൽപിച്ചിട്ടില്ലെന്നായിരുന്നു മുഈനലിയുടെ വിഷയത്തിൽ ജലീലിന്‍റെ ഇടപെടൽ സംബന്ധിച്ച് സാദിഖലി തങ്ങൾ നൽകിയ മറുപടി. ഉടനെ തന്നെ, അപ്പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചാണെന്ന് വരുത്താൻ ജലീൽ വൃഥാ ശ്രമവും നടത്തി. അതേസമയം ജലീലിന്‍റെ നീക്കങ്ങൾക്ക് സി.പി.എമ്മിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചതുമില്ല. ലീഗിനകത്തുനിന്ന് കുറേക്കൂടി കാര്യങ്ങൾ പുറത്തുവരട്ടെ എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ ഇതു സംബന്ധിച്ച പ്രതികരണം.
കുഞ്ഞാലിക്കുട്ടി പാർട്ടിയിൽ ഒറ്റപ്പെടുമോ?
പുതിയ വെളിപ്പെടുത്തലുകളിലൂടെ കുഞ്ഞാലിക്കുട്ടി പാർട്ടിയിൽ ഒറ്റപ്പെടുമോ എന്നാണ് രാഷ്ട്രീയം കേരളം ഉറ്റുനോക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ മാറ്റി നിർത്തിയാൽ പിന്നെ പാർട്ടിയെ ആര് കൊണ്ടു നടത്തുമെന്ന ചോദ്യമാണ് പാർട്ടിക്കകത്തു നിന്നു തന്നെ ഉയരുന്നത്. കുഞ്ഞാലിക്കുട്ടിക്കു പകരം ഒരു നേതാവിനെ ചൂണ്ടിക്കാണിക്കുക എന്നതാണ് നേതൃമാറ്റം ആവശ്യപ്പെടുന്നവർക്ക് മുന്നിലെ വെല്ലുവിളി. പാർട്ടി രണ്ടാംനിര ദുർബലമാണ്. പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കെൽപ്പുള്ളവരെ വളർത്തിക്കൊണ്ടുവരുന്നതിൽ നേതൃത്വം പരാജയമാണെന്നാണ് ഇത് കാണിക്കുന്നത്.
യുവനിരയിലുള്ള ചിലർ നേതൃസ്ഥാനത്തേക്ക് നോട്ടമിടുന്നുണ്ടെങ്കിലും പാർട്ടിയെ കൊണ്ടു നടത്താനുള്ള അവരുടെ ശേഷി പരീക്ഷിച്ചറിയേണ്ടതാണ്. ഇപ്പോഴത്തെ ബഹളം താമസിയാതെ കെട്ടടങ്ങാനാണ് സാധ്യത. പാർട്ടി മെമ്പർഷിപ്പ് കാമ്പയിനുമായി മുേമ്പാട്ടു പോവുമെങ്കിലും അതിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും ഭാരവാഹികൾ തീരുമാനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാൻ മുസ്ലിം ലീഗിന്‍റെ കാര്യത്തിൽ ഒരു സാധ്യതയും ഇപ്പോൾ കാണുന്നില്ല.
വാൽക്കഷ്ണം: കഴിഞ്ഞ അഞ്ചു വർഷക്കാലം നിങ്ങൾ എന്‍റെ (മന്ത്രിയായിരുന്ന ജലീലിന്‍റെ) പിറകെയായിരുന്നെങ്കിൽ ഇനിയുള്ള അഞ്ചു വർഷം ഞാൻ നിങ്ങൾക്കു (ലീഗിനും കുഞ്ഞാലിക്കുട്ടിക്കും) പുറകെയായിരിക്കുമെന്നാണ് ജലീൽ നിയമസഭയിൽ പറഞ്ഞത്. ജലീലിനെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി നിയമസഭയിലെത്തിച്ച തങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഇനി ആരുണ്ടെന്ന ആശങ്കയിലത്രെ തവനൂരിലെ വോട്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.