Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപൂക്കോട്ടൂർ...

പൂക്കോട്ടൂർ യുദ്ധത്തിൽ എത്ര ബ്രിട്ടീഷ്​ സൈനികർ കൊ​ല്ലപ്പെട്ടു? കുഴിച്ചുമൂടിയ സത്യങ്ങൾ ഒരു നൂറ്റാണ്ടിന്​ ശേഷം കണ്ടെടുക്കുന്നു

text_fields
bookmark_border
പൂക്കോട്ടൂർ യുദ്ധത്തിൽ എത്ര ബ്രിട്ടീഷ്​ സൈനികർ കൊ​ല്ലപ്പെട്ടു?  കുഴിച്ചുമൂടിയ സത്യങ്ങൾ ഒരു നൂറ്റാണ്ടിന്​ ശേഷം കണ്ടെടുക്കുന്നു
cancel

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ അധ്യായങ്ങളിലൊന്നാണ്​ 1921 ആഗസ്​റ്റ്​ 26ലെ പൂക്കോട്ടൂർ യുദ്ധം. ശിപായി ലഹള എന്ന്​ ബ്രിട്ടീഷുകാർ പരിഹസിച്ച 1857ലെ മഹത്തായ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്​ ശേഷം ഇന്ത്യയിൽ നടന്ന പ്രധാന സൈനിക ഏറ്റുമുട്ടലുകളിലൊന്നും, ആധുനിക കേരളചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കവുമാണ് പൂക്കോട്ടൂരിലേത്​.

യുദ്ധം എന്ന അനുഭവത്തെ മലയാളി നേരിട്ട സവിശേഷ സന്ദർഭമായി മഹത്തായ മലബാർ വിപ്ലവത്തെ പരിഗണിക്കു​േമ്പാൾ, ഇരുപക്ഷത്തമുള്ള സൈനിക വിഭാഗങ്ങൾ നേരിട്ട്​ ഏറ്റുമുട്ടിയ ഏറ്റവും വലിയ സംഭവമെന്ന നിലയിൽ പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച പ്രത്യേകമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ഒരു നൂറ്റാണ്ടിനിപ്പുറവും പ്രാധാന്യമേറെയാണ്​.

ബ്രിട്ടീഷുകാരെ വിറപ്പിച്ച യുദ്ധം

1921 ആഗസ്​റ്റ്​ 20ന്​ തിരൂരങ്ങാടിയിലെ ഒന്നാം യുദ്ധത്തോടെ ഏറനാട്​, വള്ളുവനാട്​ മേഖലയിൽ ബ്രിട്ടീഷ്​ ഭരണസംവിധാനം പൂർണമായി തകർന്നിരുന്നു. ഇൗസമയം​ അസി. കലക്​ടർ ടി. ഒാസ്​റ്റിൻ, സ്​പെഷൽ ഫോഴ്​സിലെ 20 പേർ, ബ്രിട്ടീഷ്​ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും ഭാര്യമാർ, കുടുംബാംഗങ്ങൾ എന്നിവർ മലപ്പുറം നഗരത്തിൽ ഒറ്റപ്പെട്ട്​ കിടക്കുകയായിരുന്നു. ഇവരുടെ സുരക്ഷക്കായി ആഗസ്​റ്റ്​ 20ന്​ ലഫ്​. ഡങ്ക​െൻറ നേതൃത്വത്തിൽ മൂന്നു ദിവസത്തെ ഭക്ഷ്യവസ്​തുക്കളുമായി സൈനിക ലോറിയിൽ കോഴിക്കോട്​ നിന്ന്​ മലപ്പുറത്തേക്ക്​ പോയ ലെയിൻസ്​റ്റർ റെജിമെൻറിലെ 30 സൈനികരെ കുറിച്ച്​ ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് (അപ്പോഴേക്കും ബ്രിട്ടീഷ്​ വാർത്താവിനിമയ സംവിധാനങ്ങൾ മാപ്പിള പോരാളികൾ തകർത്തിരുന്നു)​ 25ന്​ മറ്റൊരു സൈനിക സംഘം കോഴിക്കോട്ടുനിന്ന്​ മല​പ്പുറത്തേക്ക്​ പുറപ്പെടുന്നത്​.

(മലബാർ വിപ്ലവത്തി​നിടെ ഒരിക്കൽപോലും ബ്രിട്ടീഷ്​ സൈനിക^ഉദ്യോഗസ്ഥരുടെ ഭാര്യമാരെയോ കുട്ടികളെയോ കുടുംബാംഗങ്ങളെയോ മാപ്പിള വിപ്ലവകാരികൾ ആക്രമിച്ചിട്ടില്ല. ബ്രിട്ടീഷ്​ പട്ടാളം നേരെ തിരിച്ച്, സർവ യുദ്ധനിയമങ്ങളും അന്താരാഷ്​ട്ര മര്യാദകളും കാറ്റിൽപറത്തി ദുർബലരായ മാപ്പിള സ്​ത്രീകളെയും കുട്ടികളെയും വയോധികരേയും വംശഹത്യ നടത്തുകയായിരുന്നു).

ക്യാപ്​റ്റൻ മെക്എൻറോയിയുടെ നേതൃത്വത്തിൽ ലെയിൻസ്​റ്റർ റെജിമെൻറിലെ 100 പേർ സൈനിക ലോറിയിലും എ.എസ്​.പി ലങ്കാസ്​റ്ററുടെ നേതൃത്വത്തിൽ സ്​പെഷൽ ഫോഴ്​സി​ലെ 20 പേർ സൈക്കിളിലും 50 പേർ കാൽനടയായുമാണ്​ പുറപ്പെട്ടത്​. ഇവർക്ക്​ വൈദ്യസഹായവുമായി റോയൽ ആർമി മെഡിക്കൽ കോർപ്​സ്​ സംഘവും, ലോക്കൽ ഒാഫിസേഴ്​സ്​ ഒാക്​സിലിയറി ക്യാമ്പിലെ മുൻ ഉദ്യോഗസ്ഥരായ ആറു​ യൂറോപ്യന്മാരും കൂടെയുണ്ടായിരുന്നു. ബ്രിട്ടീഷ്​ സൈന്യത്തി​െൻറ വരവ്​ തടയാൻ മുസ്​ലിയാരങ്ങാടിക്ക്​ സമീപം 22ാം മൈലിൽ മാപ്പിള വിപ്ലവകാരികൾ തകർത്ത പാലം ശരിയാക്കാൻ സമയ​മെടുത്തതോടെ സംഘം 25ന്​ തിരിച്ച്​ കൊണ്ടോട്ടിയിലേക്ക്​ മടങ്ങി. സർജൻറ്​ ഫ്രാങ്ക്​സി​െൻറ നേതൃത്വത്തിൽ സ്​പെഷൽ ഫോഴ്​സിലെ 42 പേരെ കൊണ്ടോട്ടിയിൽ നിർത്തി ബാക്കിയുള്ള 128 പേരാണ്​ 26ാം തീയതി മലപ്പുറത്തേക്ക്​ തിരിച്ചത്​.

കൊണ്ടോട്ടിയിൽനിന്ന്​ പുറപ്പെടും മു​േമ്പ സൈന്യത്തി​െൻറ ആൾബലം മാപ്പിള പോരാളികൾ മനസ്സിലാക്കിയിരുന്നു. ഇതനുസരിച്ചുള്ള യുദ്ധതന്ത്രമാണ്​ തയാറാക്കിയിരുന്നത്​. (അതിവേഗത്തിൽ വിവരങ്ങൾ​ കൈമാറാനുള്ള തദ്ദേശീയ രീതി അന്ന്​ മാപ്പിള പോരാളികൾക്കുണ്ടായിരുന്നു. വിവര കൈമാറ്റത്തിനുള്ള ഇൗ രീതിയുടെ മികവുകൊണ്ടാണ്​ ആഗസ്​റ്റ്​ 20ന്​ പുലർച്ചെ കലക്​ടർ തോമസി​െൻറ നേതൃത്വത്തിലുള്ള വൻ സൈനിക സംഘം തിരൂരങ്ങാടിയിൽ തിരച്ചിൽ നടത്തിയിട്ടും ആലി മുസ്​ലിയാരെ പിടികൂടാൻ കഴിയാതിരുന്നത്​. പുകൾപ്പെറ്റ ബ്രിട്ടീഷ്​ രഹസ്യാന്വേഷണ വിഭാഗത്തി​െൻറ വൻ തകർച്ചക്കുകൂടിയാണ്​ മലബാർ വിപ്ലവം സാക്ഷ്യം വഹിച്ചത്​).

തെക്കുവടക്കായി കിടക്കുന്ന കോഴിക്കോട്​^മലപ്പുറം റോഡിന്​ ഇരുവശവും കിഴക്കുപടിഞ്ഞാറായുള്ള​ നെൽപാടത്ത്​ പതിഞ്ഞുകിടന്നും വയ്​ക്കോൽകൂനക്ക്​ പിറകിൽ ഒളിഞ്ഞിരുന്ന്​ സൈന്യം റോഡിലൂടെ കടന്നുപോകു​േമ്പാൾ ഇരുവശത്തുനിന്നും ആ​ക്രമിക്കാനായിരുന്നു പദ്ധതി. പാടത്ത്​ വലിയ മൺകുടം തുളച്ച്​ ഒാട്ടയുണ്ടാക്കി കമിഴ്​ത്തിവെച്ച്​ അതിനകത്ത്​ വയ്​ക്കോൽ തുരുമ്പിന്​​ തീ കൊളുത്തിയിരുന്നു. ഇതിൽനിന്നുള്ള പുകവരുന്നത്​ കണ്ട്​ ഗ്രനേഡ്​ പോലെ പൊട്ടിത്തെറിക്കുന്ന വസ്​തുവാണെന്നു കരുതി സൈന്യം അത്തരം കുടങ്ങൾക്കുനേരെ വെടിയുതിർത്ത്​ അവരുടെ വെടിയുണ്ട തീർക്കുക എന്നതായിരുന്നു ഒരു യുദ്ധതന്ത്രം. കൈവശമുള്ള നാടൻ തോക്കുകളും പൊലീസ്​ സ്​റ്റേഷനുകൾ തകർത്ത്​ കൈക്കലാക്കിയ 12 തിര പൊട്ടുന്ന 303 ഗണും (ലീ എൻഫീൽഡ്​ ഗൺ) ഉപയോഗിച്ച്​ വെടിയുതിർക്കുക. ബാക്കിയുള്ളവർ വെടിയുണ്ടകളെ അവഗണിച്ച്​ ബ്രിട്ടീഷ്​ സൈന്യത്തിന്​ നേരെ ചെന്ന്​ വാളുകൊണ്ട്​ കഴിയാവുന്ന​ത്ര പേരെ കൊലപ്പെടുത്തി രക്തസാക്ഷിയാവുക എന്നിവയായിരുന്നു പദ്ധതി.

വള്ളുവ​മ്പ്രത്ത്​ 25ാം മൈലിൽ തകർത്ത പാലം കൂടി നന്നാക്കിയാണ്​ സൈന്യം പൂക്കോട്ടൂരിലെത്തിയത്​. പൂക്കോട്ടൂർ അങ്ങാടിയിലെ ഇറക്കം ഇറങ്ങാൻ തുടങ്ങു​േമ്പാഴാണ് മാപ്പിള പക്ഷത്തുനിന്ന്​​ ആദ്യ വെടിപൊട്ടിയത്​. ഇതോടെ സൈന്യം അവിടെ നിന്നു, കാര്യങ്ങൾ വീക്ഷിക്കാനായി ഒന്നു രണ്ട്​ സൈനികർ മുന്നോട്ടുപോയപ്പോൾ ഇരുവശത്തുനിന്നും കൂട്ടത്തോടെ വെടിവെപ്പ്​ തുടങ്ങി. ഇതോടെ അവർ പിൻവാങ്ങി. തുടർന്ന്​ പുകബോംബെറിഞ്ഞ്​ അതി​െൻറ മറവിൽ സ്​റ്റോക്​സ്​ മോർട്ടാർ പീരങ്കികളും ലൂയിസ്​ മെഷീൻ ഗണ്ണുകളും തയാറാക്കി നിർത്തി. പുകയടങ്ങിയതോടെ ബ്രിട്ടീഷ്​ സൈന്യത്തിന്​ നേരെ വന്ന മാപ്പിള പോരാളികളെ ഇവ രണ്ടും ഉപയോഗിച്ച്​ വെടിവെച്ചിടുകയായിരുന്നു. എന്നാൽ, പാടത്തിനരികിലെ വീടുകളിൽ നിലയുറപ്പിച്ച്​ സൈന്യത്തിന്​ നേരെ വെടിയുതിർത്ത മാപ്പിള പോരാളികൾ ബ്രിട്ടീഷുകാർക്ക്​ വലിയ നാശനഷ്​ടമാണുണ്ടാക്കിയത്​.

ഇൗ വീട്ടിൽനിന്നുള്ള വെടിയേറ്റ്​ ഗുരുതര പരിക്കുകളോടെയാണ്​​ എ.എസ്​.പി ലങ്കാസ്​റ്റർ മരിച്ചതെന്ന്​ ഡി.എസ്​.പി ഹിച്ച്​കോക്ക്​ പറയുന്നു. ഇൗ വീട്ടിൽ നിലയുറപ്പിച്ച പോരാളികളെ തുരത്താനുള്ള ശ്രമത്തിനിടെയാണ്​ വൂസ്​നാം, മക്​ഗൊനിഗൽ ഉൾപ്പെടെയുള്ള സൈനികർക്ക്​ പരിക്കേറ്റത്​. ഒടുവിൽ മണിക്കൂറുകൾ നീണ്ട ​െവടിവെപ്പിനുശേഷം മുൻ സൈനികനായ ഡാലിയുടെ നേതൃത്വത്തിലാണ്​ ആ വീട്ടിലുള്ള പോരാളികളെ കീഴടക്കാനായത്​. ലെയിൻസ്​റ്റർ റെജിമെൻറ്​ തലവൻ മക്​എൻറോയി തലനാരിഴക്കാണ്​ കൊല്ലപ്പെടുന്നതിൽനിന്ന്​ രക്ഷപ്പെട്ടത്​. മക്​എൻറോയിയുടെ തലവെട്ടിവീഴ്​ത്താനോങ്ങിയ മാപ്പിള പോരാളിയെ പ്രൈവറ്റ്​ റയാൻ എന്ന സൈനികൻ ബയണറ്റ്​ കൊണ്ട്​ കുത്തിയതിനാലാണ്​ ക്യാപ്​റ്റന്​ ജീവൻ തിരികെ കിട്ടിയത്.

ഇൗ പോരാട്ടത്തിൽ പ്രൈവറ്റ്​ റയാന്​ ഗുരുതര പരിക്കേറ്റു. ലോകത്തെ അന്നത്തെ ഒന്നാമത്തെ സൈനിക ശക്തിയായ ബ്രിട്ട​െൻറ കൈയിലുള്ള അത്യന്താധുനിക ആയുധങ്ങളോട്​ അഞ്ചുമണിക്കൂറോളം യുദ്ധം ചെയ്​ത ശേഷമാണ്​ മാപ്പിള പോരാളികൾ പരാജയം സമ്മതിച്ചത്​. ബ്രിട്ടീഷ്​ സൈന്യത്തി​െൻറ ഒരു ലോറിയും 35 സൈക്കിളുകളും (സ്​പെഷൽ ഫോഴ്​സി​െൻറ 20ഉം ബാക്കി 15ഉം) ഉപേക്ഷിച്ചാണ്​ അവർക്ക്​ യുദ്ധക്കളം വിട്ടുപോകേണ്ടിവന്നത്​.

അജ്ഞാതയായ മാപ്പിള സ്​ത്രീ പോരാളി

ഒരുപക്ഷേ, രാജ്യത്തി​െൻറ ​സ്വാതന്ത്ര്യത്തിനായി ​ബ്രിട്ടീഷ്​ സൈന്യത്തോട്​ നേരിട്ട്​ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച ഏക മലയാളി വനിത പൂക്കോട്ടൂർ യുദ്ധത്തിലെ അജ്ഞാതയായ ആ മാപ്പിള സ്​ത്രീരത്​നമായിരിക്കണം. പുരുഷ വേഷം കെട്ടിയാണ്​ ആ ധീരവനിത അടർക്കളത്തിലിറങ്ങിയത്​. പുരുഷവേഷത്തിൽ മരിച്ചുകിടന്ന അവരുടെ മൃതദേഹം സംശയം തോന്നിയതിനെ തുടർന്ന്​ പരിശോധന നടത്തിയ റോയൽ ആർമി മെഡിക്കൽ കോർപ്​സിലെ ക്യാപ്​റ്റൻ സള്ളിവനും സംഘവുമാണ്​ അത്​ ഒരു സ്​ത്രീയാണെന്ന്​ സാക്ഷ്യപ്പെടുത്തിയത്. സ്​ത്രീമുന്നേറ്റം മുതൽ മാപ്പിള സ്​ത്രീകളുടെ 'പിന്നാക്കാവസ്​ഥ' വരെയുള്ളവ സംബന്ധിച്ച നമ്മുടെ മുഴുവൻ വാർപ്പു മാതൃകകളെയും പൊളിച്ചുകളയുന്ന ചരിത്ര സന്ദർഭമാണിത്​.

എത്ര ബ്രിട്ടീഷ്​ പട്ടാളക്കാർ കൊല്ലപ്പെട്ടു?

പൂക്കോട്ടൂർ യുദ്ധനായകനായ വടക്കുവീട്ടിൽ മമ്മദ്​ ഉൾപ്പെടെ 257 പേരാണ്​ മാപ്പിളപക്ഷത്തുനിന്ന്​ രക്തസാക്ഷികളായതെന്ന്​ മൃതദേഹങ്ങൾ മറവുചെയ്യാൻ നേത​ൃത്വം നൽകിയവരുടെ വാമൊഴികളെയും എ.കെ. കോഡൂർ, കെ.കെ. മുഹമ്മദ്​ അബ്​ദുൽ കരീം, കെ. കോയട്ടി മൗലവി തുടങ്ങിയവരുടെ പുസ്​തകങ്ങളെയും അവലംബിച്ച്​ നിഗമനത്തിലെത്താവുന്നതാണ്​. ഏകദേശം 300നും 350നും ഇടയിൽ ആളുകളാണ്​ പൂക്കോട്ടൂർ യുദ്ധത്തിൽ പ​െങ്കടുത്തതെന്ന്​ പൂക്കോട്ടൂരിൽനിന്നുള്ള ഖിലാഫത്ത്​ നേതാക്കളിലൊരാളായ കാരാട്ട്​ മൊയ്​തീൻകുട്ടി ഹാജിയുടെ സാക്ഷിമൊഴിയിലുണ്ട്​.

അതേസമയം, ബ്രിട്ടീഷ്​ പക്ഷത്ത്​ എത്ര സൈനികർ കൊല്ലപ്പെട്ടുവെന്നതിന്​ വ്യക്തമായ കണക്കില്ല. ലങ്കാസ്​റ്ററുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെടുകയും 12 സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്​തുവെന്നാണ്​ ​ബ്രിട്ടീഷ്​ സർക്കാറി​െൻറ ഒൗദ്യോഗിക കണക്ക്​. ഇത്​ കള്ളമാണെന്ന്​ അന്നേ ആരോപണമുയർന്നിരുന്നു. യുദ്ധത്തിന്​ ദൃക്​സാക്ഷികളായവരടക്കം ഇത്​ തള്ളിപ്പറഞ്ഞിരുന്നു. ​കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ബ്രിട്ടീഷ്​ അധികൃതർ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടില്ലെന്ന്​ എ.കെ. കോഡൂർ, കെ.കെ. മുഹമ്മദ്​ അബ്​ദുൽ കരീം, കെ. കോയട്ടി മൗലവി എന്നിവർ നേരത്തേ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ അന്ന്​ അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നുവെന്ന നിർണായക വിവരങ്ങൾ പുതിയ കാലത്ത്​ ലഭ്യമായിട്ടുണ്ട്​. മറ്റൊരു ലോകശക്തിയായി വളർന്നുകൊണ്ടിരുന്ന അമേരിക്കയിലെ പത്രങ്ങൾക്ക്​ ബ്രിട്ടീഷ്​ ഭാഷ്യം അപ്പടി വിഴു​ങ്ങേണ്ട സാഹചര്യമില്ലാതിരുന്നതിനാലും മലബാറിലേക്ക്​ സ്വന്തം ലേഖകരെ അയച്ച്​ വിവരങ്ങൾ തേടാൻ സാഹചര്യമുണ്ടായിരുന്നതിനാലുമാണ്​ മാപ്പിള പോരാളികൾക്കുമുന്നിൽ ബ്രിട്ടീഷ്​ സൈന്യം അ​േമ്പ തകർന്നുപോയതി​െൻറ വിവരങ്ങൾ ​േലാകത്തിന്​ ലഭ്യമായത്​.

മക്​എൻറോയി (ഇരിക്കുന്നവരിൽ ഇടത്തേ അറ്റം)

പൂക്കോട്ടൂർ യുദ്ധം കഴിഞ്ഞ്​ നാലാം ദിവസം (1921 ആഗസ്​റ്റ്​ 29ന്​) അമേരിക്കയിലെ ന്യൂയോർക് സംസ്ഥാനത്തെ ബഫലോ നഗരത്തിൽ നിന്നുള്ള 'ബഫലോ ടൈംസ്', പെൻസൽവേനിയ സംസ്ഥാനത്തെ യോർകിൽ നിന്നുള്ള 'ദ യോർക്​ ഡെസ്​പാച്ച്​' പത്രങ്ങൾ ഒന്നാം പേജിലും മസാചൂസറ്റ്​സ്​ തലസ്ഥാനമായ ബോസ്​റ്റണിൽ നിന്നുള്ള 'ബോസ്​റ്റൺ ഗ്ലോബ്​' പ​ത്രത്തി​െൻറ രണ്ടാം പേജിലും പ്രസിദ്ധീകരിച്ച വാർത്തകൾ പ്രകാരം പൂക്കോട്ടൂർ യുദ്ധത്തിൽ ഒ​േട്ടറെ യൂറോപ്യന്മാർ കൊല്ലപ്പെട്ടതായും ലെയിൻസ്​റ്റർ റെജിമെൻറിലെ 70 പട്ടാളക്കാരെയും 17 ഇന്ത്യൻ പൊലീസുകാരെയും കാണാതായതായും വ്യക്​തമാകുന്നു. പിറ്റേന്ന്​ (1921 ആഗസ്​റ്റ്​ 30ന്​) പെൻസൽവാനിയയിലെ വിൽക്​സ്​ ബാരിയിൽനിന്നിറങ്ങിയ 'വിൽക്​സ്​ ബാരി റെക്കോഡ്​' പത്രത്തി​െൻറ ഒന്നാം പേജിലും സമാനമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, ആഗസ്​റ്റ്​ 31ന്​ ആസ്​​ട്രേലിയയിലെ സിഡ്​നിയിൽനിന്നുള്ള 'സിഡ്​നി മോണിങ്​ ഹെറാൾഡ്​' പത്രം ബ്രിട്ടീഷ്​ ഒൗദ്യോഗിക ഭാഷ്യമനുസരിച്ച്​ എ.എസ്​.പി ലങ്കാസ്​റ്റർ ഉൾപ്പെടെ രണ്ടു സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു എന്നാണ് റിപ്പോർട്ട്​ ചെയ്​തത്​​. പൂക്കോട്ടൂർ യുദ്ധത്തിൽ മാപ്പിളമാരായ മുൻ പൊലീസുകാരും മുൻ സൈനികരും പ​െങ്കടുത്തതായി ലണ്ടനിൽനിന്നുള്ള 'ഇന്ത്യൻ വിദഗ്​ധ​രെ' ഉദ്ധരിച്ച്​ സിഡ്​നി ​മോണിങ്​ ഹെറാൾഡ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതുൾപ്പെടെ പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച മൂന്നു വാർത്തകളാണ്​ ആ ദിവസത്തെ സിഡ്​നി ​മോണിങ്​ ഹെറാൾഡ്​ പത്രത്തിലുണ്ടായിരുന്നത്​. മാപ്പിള പക്ഷത്ത്​ 700 പേർ കൊല്ലപ്പെട്ടുവെന്ന്​ അമേരിക്കൻ പത്രങ്ങളും 400 പേരെന്ന്​ ആസ്​ട്രേലിയൻ പത്രവും റിപ്പോർട്ട്​ ചെയ്​തു.

പുതിയ കാലത്ത്​ ലഭ്യമായ ഇൗ വിവരങ്ങളു​ം പൂക്കോട്ടൂർ യുദ്ധത്തിലെ ദൃക്​സാക്ഷികളുടെ വിവരണങ്ങളും മുന്നിൽവെച്ച്​ പരി​േശാധിക്കു​േമ്പാൾ ചില നിഗമനങ്ങളിലെത്താനാകും:

1. പൂക്കോട്ടൂർ യുദ്ധത്തിൽ ലെയിൻസ്​റ്റർ റെജിമെൻറിലെ 70 സൈനികരും 17 പൊലീസുകാരും കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്​. പൂക്കോട്ടൂർ യുദ്ധം കഴിഞ്ഞ്​ പല ലോറികളിലായി പരിക്കേറ്റവരെയും മരിച്ചവരെയും കോഴിക്കോട്​ വെസ്​റ്റ്​ഹില്ലിലേക്ക്​ കൊണ്ടുവരുന്നത്​ താൻ കണ്ടതായി മുഹമ്മദ്​ അബ്​ദുറഹ്​മാൻ സാഹിബി​െൻറ സഹപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ ചാവക്കാട്​ സ്വദേശി എ. മുഹമ്മദ്​ 'സ്വാതന്ത്ര്യസമര ചിന്തകൾ' എന്ന പുസ്​തകത്തിൽ പറയുന്നതിനെ ഇൗ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. 'ചരിത്രം തിളക്കുന്ന പൂക്കോട്ടൂർ' എന്ന പുസ്​തകത്തിലുള്ള പൂക്കോട്ടൂർ യുദ്ധത്തിന്​ ദൃക്​സാക്ഷിയായ തോട്ടുങ്ങൽ കുഞ്ഞാലൻകുട്ടിയുടെ വാമൊഴിയെയും ഇത്​ സാധൂകരിക്കുന്നു. രണ്ടു ബസ്​ നിറയെ ബ്രിട്ടീഷ്​ പട്ടാളക്കാരുടെ ശവം കയറ്റിക്കൊണ്ടുപോയതായാണ്​ കുഞ്ഞാലൻ കുട്ടിയുടെ മൊഴിയിലുള്ളത്​. രണ്ട്​ ബസ്​ എന്ന അദ്ദേഹത്തി​െൻറ മൊഴി 87 മൃതദേഹങ്ങൾ കൊണ്ടുപോയിരിക്കാമെന്നതിനെ സാധൂകരിക്കുന്നതാണ്​.

2. യുദ്ധം കഴിഞ്ഞ്​ പൂക്കോട്ടൂരിൽനിന്ന്​ മലപ്പുറത്തേക്ക്​ വരുന്നതി​നിടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട ലങ്കാസ്​റ്ററടക്കമുള്ള മൂന്നു പേരുടെ കണക്ക്​ മാത്രമാണ്​ ഒൗദ്യോഗിക രേഖകളിലുള്ളതെന്ന്​ ഇതുപ്രകാരം അനുമാനിക്കേണ്ടിവരും. (ലങ്കാസ്​റ്റർ കൊല്ലപ്പെട്ടത്​ ഇങ്ങനെയാണെന്ന്​ പ്രാദേശികമായി ലഭിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിൽ എ.കെ. കോഡൂർ അടക്കമുള്ളവർ രേഖപ്പെടുത്തിയിട്ടുണ്ട്​) പൂക്കോട്ടൂരിൽ നിന്ന്​ തിരിച്ച്​ കോഴിക്കോ​േട്ടക്ക്​ കൊണ്ടുപോയ ആളുകളെ സംബന്ധിച്ച്​ ഒരു രേഖയും നിലവിൽ ലഭ്യമല്ല.

പ്രൈവറ്റ്​ റയാൻ (ഇടത്ത്​), വിപ്ലവത്തെ നേരിട്ട പട്ടാളക്കാർക്ക് നൽകിയ മെഡൽ

3. കാണാതായതായി അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട്​ ചെയ്യുന്ന 87 പേർക്ക്​ പുറമെ മലപ്പുറത്തേക്ക്​ വരുന്നതിനിടെ കൊല്ലപ്പെട്ട മൂന്നുപേർ ഉൾപ്പെടെ ബ്രിട്ടീഷ്​ പക്ഷത്ത്​ 90 പേർ പൂക്കോട്ടൂർ യുദ്ധത്തിൽ മരണപ്പെട്ടതായി അനുമാനിക്കാവുന്നതാണ്​.

3. ഇൗ കണക്ക്​ പരിഗണിക്കുകയാണെങ്കിൽ ഇൗസ്​റ്റ്​ഇന്ത്യ കമ്പനിയിൽനിന്ന്​ ബ്രിട്ടീഷ്​ സർക്കാർ ഇന്ത്യയുടെ ഭരണം ഏറ്റെടുത്ത ശേഷം നടത്തിയ സൈനിക നീക്കങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട യുദ്ധമായിരിക്കും പൂക്കോട്ടൂരിലേത്​. യുദ്ധത്തിൽ പ​െങ്കടുത്ത ലെയിൻസ്​റ്റർ റെജിമെൻറിലെ 100ൽ 72 പേരും ​സ്​പെഷൽ ഫോഴ്​സിലെ 28ൽ 17 പേരും കൊല്ലപ്പെട്ടിരിക്കാം. യുദ്ധത്തിൽ പ​െങ്കടുത്ത ബ്രിട്ടീഷ്​ സൈന്യത്തി​ലെ 70 ശതമാനത്തിലേറെ പേർ കൊല്ലപ്പെട്ട സംഭവം അത്യപൂർവമാണ്​.

4. 1918ൽ അവസാനിച്ച ഒന്നാം ലോകയുദ്ധത്തിൽ ​ഫ്രാൻസിലും ബെൽജിയത്തിലുമായി കൊല്ലപ്പെട്ട ബ്രിട്ടനിൽനിന്നും അവരുടെ കോളനി രാജ്യങ്ങളിൽനിന്നുമുള്ള 2,64,715 സൈനികരിൽ പകുതിയോളം പേരെ അജ്ഞാതരായാണ്​ മറവുചെയ്​തത്​ എന്നാണ്​ പുതിയ കാലത്ത്​ ലഭ്യമാവുന്ന വിവരം. അജ്ഞാതരായി മറവുചെയ്യപ്പെട്ട കോമൺവെൽത്ത്​ രാജ്യങ്ങളിലെ സൈനികരെ കുറിച്ച്​ കെവിൻ ഷാനോണി​െൻറ 'ദ ലയൺ ആൻഡ്​​ ദ റോസ്​' എന്ന പുസ്​തക പരമ്പര അന്വേഷിക്കുന്നുണ്ട്​. പൂക്കോട്ടൂർ യുദ്ധത്തിൽ പ​െങ്കടുത്ത ലെയിൻസ്​റ്റർ റെജിമെൻറി​െൻറ ക്യാപ്​റ്റൻ മക്​എൻറോയി ഉൾപ്പെടെ​ സൈനികരിൽ പലരും അയർലൻഡുകാരായിരുന്നുവെന്നതും ഇതോടൊപ്പം ചേർത്ത്​ വായിക്കാവുന്നതാണ്​.

മലബാർ വിപ്ലവത്തിന്​ 100 വർഷം പിന്നിടുന്ന വേളയിൽ നിലവിലുള്ള ചരിത്ര ആഖ്യാനങ്ങളെ പുനർവായിക്കാനും വേട്ടക്കാരായ ബ്രിട്ടീഷുകാരുടെ 'ഒൗദ്യോഗിക രേഖ'ക​െള മറികടന്ന്​ കുറെക്കൂടി തെളിച്ചമുള്ള ആഖ്യാനങ്ങളിലെത്തിച്ചേരാനും നമുക്ക്​ കഴിയേണ്ടതുണ്ട്​. രാജ്യം സ്വതന്ത്രമായതി​െൻറ 75ാം വാർഷികത്തിലേക്ക്​ അടുക്കുന്ന ഇൗ സവിശേഷ സാഹചര്യത്തിൽ ചരിത്രത്താൽ നിശ്ശബ്​ദരാക്കപ്പെട്ട ഇൗ പോരാളികളെ നാം വീണ്ടെടുക്കേണ്ടതുണ്ട്​.

റഫറൻസ്​:
1. ആംഗ്ലോ മാപ്പിള യുദ്ധം, എ.കെ. കോഡൂർ
2. Peasant Revolt in Malabar: A History of the Malabar Rebellion, R. H. Hitchcock, Madras 1925
3. ശഹീദ്​ വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, കെ.കെ. മുഹമ്മദ്​ അബ്​ദുൽ കരീം, ​െഎ.പി.എച്ച്​ ബുക്​സ്​
4. The Malabar Rebellion 1921^1922, GRF Tottanham
5. 1921 മലബാർ ലഹള, കെ. കോയട്ടി മൗലവി
6. മലബാർ കലാപം 1921^22, ഡോ. എം. ഗംഗാധരൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daymalabar revolutionPookottur WarBritish soldiers
News Summary - How many British soldiers were killed in the battle of Pookottur? The buried truths are discovered a century later
Next Story