കെ.എസ്.ആർ.ടി.സി രക്ഷപ്പെടാൻ എത്ര ആത്മഹത്യകൾ വേണം
text_fieldsഏതാനും ദിവസംമുമ്പാണ് സംഭവം. കെ.എസ്.ആർ.ടി.സി കുമളി യൂണിനിലെ ജീവനക്കാരനായ ചെറായി സ്വദേശി വാടക വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ചു. വീട്ടുടമയുടെ അവസരോചിതമായ ഇടപെടൽ മൂലം ജീവൻ നഷ്ടപെട്ടില്ല. സി.ഐ.ടി.യു അനുകൂല സംഘടനയിൽ അംഗമായ ജീവനക്കാരന്‍റെ ദുരവസ്ഥ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഗ്രൂപ്പിൽ വന്നു. അതിനടിയിൽ ഒരാളുടെ കമന്‍റ് ‘അതിനെന്താ സി.ഐ.ടി.യുക്കാരന് ആത്മഹത്യക്ക് ശ്രമിച്ചുകൂടെ’. തൊട്ടുപിന്നാലെ മണ്ണാർകാട്ട് യൂണിറ്റിലെ കണ്ടക്ടർ ആത്മഹത്യ ചെയ്ത വാർത്തയുമെത്തി. കണ്ടും കേട്ടും മടുത്തിട്ടാവാം ആത്മഹത്യകളും ആയുസെത്താത്ത മരണങ്ങളുമൊക്കെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇപ്പോൾ തമാശ പോലായിട്ടുണ്ട്. നാളെ തങ്ങളും ഈ വഴിക്ക് പോകേണ്ടിവന്നേക്കുമെന്ന ധാരണ സാധാരണ ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തിനുമുണ്ട്. മരണത്തിനു മുന്നിലും തോറ്റുേപായ ജീവനക്കാരന്‍റെ ചോദ്യം മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ധനമന്ത്രിക്കും നേരെയാണ്. ‘‘സ്കൂൾ തുറക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാരെൻ്റ മക്കൾ എങ്ങനെ സ്കൂളിൽ പോകും. എന്തുപറഞ്ഞ് ഞങ്ങൾ മുമ്പാകെ ആശ്വസിപ്പിക്കും. അതിനുപറ്റാത്ത വന്നതുകൊണ്ടാണ് ആത്്മഹത്യക്കു ശ്രമിച്ചത്’’
നിലവിലത്തേതിനേക്കാൾ മോശമായ സാമ്പത്തികാവസ്ഥയിലും 10 മാസം കൃത്യമായി മാസാവസാനം തന്നെ ശമ്പളം നൽകിയ സി.എം.ഡിയായിരുന്നു ടോമിൻ കെ. തച്ചങ്കരി. അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്. ‘കെ.എസ്.ആർ.ടി.സി യിലെ ജീവനക്കാരുടെ മൊത്തം സാമാന്യ ബോധവും തൊഴിലാളി യൂണിയൻ നേതാക്കൾ സ്വന്തമാക്കിയിരിക്കുകയാണ്. ആതുകൊണ്ടാണല്ലോ കൃത്യമായി ശമ്പളം നൽകിയ തന്നെ യൂണിയൻ നേതാക്കൾ സമരം നടത്തി പുറത്താക്കിയത്. കാത്തിരുന്നു കാണാം’ തച്ചങ്കരി കെ.എസ്.ആർ.ടി.സി വിട്ട അന്നു തുടങ്ങി ഒരു മാസം പോലും ജീവനക്കാർക്കു കൃത്യമായി ശമ്പളം കിട്ടിയില്ല.
കഴിഞ്ഞ രണ്ടു വർഷമായി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗഡുക്കളായാണ് ശമ്പളം ലഭിക്കുന്നത്. ആദ്യത്തെ ഗഡു ലഭിക്കുന്നത് തന്നെ 45 ദിവസങ്ങൾക്കു ശേഷമാണ്. ഈ പണത്തിൽ നിന്നും വായ്പ തിരിച്ചടവുകളൊക്കെ കൃത്യമായി പിടിക്കുന്നതിനാൽ മിക്ക ജീവനക്കാർക്കും ആദ്യ ഗഡുവിൽ നിന്നൊന്നും വീട്ടിൽ കൊണ്ടുപോകാനാവുന്നില്ല. ചരിത്രത്തിൽ ആദ്യമായി 2024 മാർച്ചിൽ സർക്കാർ ജീവനക്കാരുടെയും ശമ്പളം മുടങ്ങിയിരുന്നു. അന്നു കെ.എസ്.ആർ.ടി.സി യിൽ ശമ്പളം ഗഡുക്കളായിട്ടല്ലെ നൽകുന്നത്. അതിലവർക്കു പ്രതിഷേധമില്ലല്ലോ എന്നതായിരുന്നു സർക്കാർ അനുകൂലികളുടെ ന്യായീകരണം. സംസ്ഥാന ധനവകുപ്പ് ഈ പ്രതിസന്ധി മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് കെ.എസ്.ആർ.ടി.സി യിലെ ശമ്പളം വൈകിയാലും ഒന്നിച്ചു നൽകിയിരുന്നത് മാറ്റി രണ്ടു ഗഡുക്കളാക്കിയത്.
വരുമാനക്കുറവല്ല സർക്കാരിന്‍റെ നയപരമായ തീരുമാന പ്രകാരമാണ് കെ.എസ്.ആർ.ടി.സി യിൽ ശമ്പളം മുടക്കുന്നതെന്നുവേണം കരുതാൻ. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിക്കുന്ന സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിചാരുന്നുണ്ടെങ്കിലും ശമ്പളം കൊടുക്കാനാവാത്തത് സംസ്ഥാനത്തിെൻ്റ തന്നെ ധനകാര്യ പിടിപ്പുകേടാണെന്നു വ്യക്തം. വരുമാനമുണ്ടായിട്ടും കെ.എസ്.ആർ.ടി.സി യിൽ ശമ്പളം സമയത്ത് കൊടുക്കാത്തതും ഗഡുക്കളായി നൽകുന്നതും സർക്കാർ ജീവനക്കാർ നേരിടാനിരിക്കുന്ന ‘എന്തോ ഒന്നിന്‍റെ’ മുന്നറിയിപ്പായാണ് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയുടെ കാരണം 30 പേജുകളിൽ വളരെ വിശദമായി ഡബ്ലിയുപിസി 15 353 / 2022 കേസിൽ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. ഇതുപ്രകാരം മുൻകാലങ്ങളിൽ കെ.എസ്.ആർ.ടി.സി യെ നിലനിർത്താൻ സർക്കാർ പണം നൽകാതെ വന്നപ്പോൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ പ്രതിമാസം 30 കോടി രൂപാ വേണം. ഡീസലിന് പ്രതിമാസം 104 കോടി രൂപ വേണമെന്നും പറയുന്നു. എന്നാൽ 2024 ഏപ്രിലിൽ ഡീസലിനായി ചിലവഴിച്ചത് 98.86 കോടി രൂപാ മാത്രമാണ്. ഡ്യൂട്ടി സറണ്ടറിന് ഒമ്പതു കോടി, വൈദ്യുതി, വെള്ളം അഞ്ചുകോടി, ശമ്പളത്തിൽ നിന്നുള്ള റിക്കവറി ആറുകോടി. അങ്ങനെ ശമ്പളം കൊടുകാതെ തന്നെ ഒരുമാസത്തെ ചിലവ് 165കോടി ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. യോഗ്യതയില്ലാത്ത എക്സിക്യുട്ടീവ് ഡയറക്ടർമാരെ ഒഴിവാക്കി പ്രൊഫഷണലുകളെ നിയമിക്കുമെന്നും കെ.എസ്.ആർ.ടി.സി ഹൈകോടതിയെ അറിയിച്ചിരുന്നു. കണ്ടക്ടറായും പോളിടെക്നിക്കിൽ പഠിച്ച് മെക്കാനിക്കായും ജോലിയിൽ കയറി എക്സിക്യുട്ടീവ് ഡയറക്ടർമാരായി മാറിയവർ തയാറാക്കിയ ഈ കണക്കുകൾ അടിമുടി തെറ്റാണെന്ന് ഭരണകക്ഷി യൂണിയൻ നേതാക്കൾ വരെ ആരോപണം ഉയർത്തിയിട്ടുണ്ട്.
2009 മുതൽ 2022 വരെ 9723.2 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിക്ക് കൊടുത്ത സഹായം. 2021-22 സാമ്പത്തിക വർഷത്തിൽ 2037.51 കോടി രൂപയും, 2022-23 സാമ്പത്തിക വർഷത്തിൽ 1434.81 കോടി രൂപയും, 2023-24 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെ 1379.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്ക്കരണവും, ഇ- ഗവേണൻസും, വാഹന വ്യൂഹങ്ങളുടെ നവീകരണം, വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, അടിസ്ഥാന സൗകര്യ വികസനവും വർക്ഷോപ്പുകളുടെ നവീകരണവും, ജീവനക്കാർക്കും ഓഫീസർമാർക്കും പരിശീലനം തുടങ്ങി വിവിധ പദ്ധതികളുടെ നടത്തിപ്പിനായി പദ്ധതി വിഹിതമായി 2021-22 സാമ്പത്തിക വർഷത്തിൽ 87.21 കോടി രൂപയും, 2022-23 സാമ്പത്തിക വർഷത്തിൽ 85.14 കോടി രൂപയും 2023-24 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെ 17.82 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ പ്രതിദിന വരുമാനത്തിൽ നിന്നും പെൻഷൻ നൽകാൻ കഴിയാതെ വന്നതോടെ സഹകരണ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിൽ നിന്നും പണം വാങ്ങി പെൻഷൻ നൽകുന്നുണ്ട്. ഈ തുക പലിശ ഉൾപ്പെടെ സർക്കാർ തന്നെ മടക്കി നൽകുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെ കിഫ്ബിയിൽ നിന്നുള്ള ധനസഹായം, പദ്ധതി വിഹിതത്തിൽ ബസുകൾ വാങ്ങുന്നതിനുള്ള പണം, സ്മാർട് സിറ്റി പദ്ധതിപ്രകാരം വാങ്ങിയ ഇലക്ട്രിക് ബസുകൾ എന്നിവയൊക്കെ കെ.എസ്.ആർ.ടി.സിക്കാണ് ഗണം ചെയ്യുന്നത്.
തൊഴിലാളി യൂണിയനുകൾ പുറത്തുവിട്ട കണക്കനുസരിച്ച് 2024 ഏപ്രിലിൽ കെ.എസ്.ആർ.ടി.സി യിലെ ടിക്കറ്റ് വരുമാനം 164 കോടി രൂപയായിരുന്നു. ഏപ്രിൽ മാസത്തിൽ ശമ്പളം നൽകാൻ വേണ്ടത് 82 കോടി രൂപ മാത്രവും. ഡീസൽ പ്രതിമാസ ചിലവ് 70 കോടി, സ്പെയർപാർട്ടിന് 10 കോടി, ആകെ വേണ്ടത് 162 കോടി ഇതൊന്നും കൂടാതെ പരസ്യ ഇനത്തിലും കെട്ടിട വാടക ഇനത്തിലും ഡീസൽ പമ്പുകൾ പ്രവർത്തിപ്പിക്കുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനം വേറെ. എന്നിട്ടാണ് ശമ്പളം നൽകുന്നതിന് കോർപറേഷൻ വിമുഖത കാണിക്കുന്നത്.
ഇരുപതിനായിരത്തോളം ജീവനക്കാരും നാൽപത്തിരണ്ടായിരത്തോളം പെൻഷൻകാരും ആയിരക്കണക്കിനുകോടിയുടെ വാർഷിക സാമ്പത്തിക ഇടപാടുകളുമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ.എസ്.ആർ.ടി.സി യിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റിനെ ബിജു പ്രഭാകർ സി.എം.ഡിയായിരിക്കെ നിയമിച്ചുവെങ്കിലും കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്. 2024 ജനുവരിയിൽ ബിജുപ്രഭാകർ രാജിവച്ചതിെൻ്റ തൊട്ടടുത്ത ദിവസം നോട്ടീസ് പോലും നൽകാതെ ഇവരുടെ സേവനം കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ചു.
കെ.എസ്.ആർ.ടി.സി യിലെ പരിഷ്ക്കാരങ്ങളൊക്കെ സുശീൽ ഖന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണെന്ന് സ്ഥാനത്തും അസ്ഥാനത്തും പറയുമ്പോഴും യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നും ഒഴിവാക്കി െപ്രാഫഷണൽസിനെ നിയമിക്കണമെന്ന നിർദേശം നടപ്പാക്കാനാവുന്നില്ല. പുതിയ ഗതാഗത മന്ത്രി സ്ഥാനമേറ്റതിനൊപ്പം കെ.എസ്.ആർ.ടി.സി യിൽ ഉണ്ടായിരുന്ന വിദഗ്ദരുടെയൊക്കെ പണിപോയി. മാത്രമല്ല യോഗ്യതയില്ലാത്ത രണ്ടു പേരെ എക്സിക്യൂട്ടീവ് ഡയറക്ടറാക്കുകയും ചെയ്തു.
കെ.എസ്.ആർ.ടി.സി യിൽ െപ്രാഫഷണലിസം കൊണ്ടുവരുവാനായി കൊണ്ടുവന്ന നാല് കെ.എ.എസുകാരിൽ ഒരാൾ നിർത്തിപ്പോയി. ബാക്കി മൂന്നു പേരും എന്നു വേണമെങ്കിലും തിരിച്ചു പോകാം. പോളിടെക്നിക് യോഗ്യതയുള്ളവരും മിനിസ്റ്റീരിയൽ, കണ്ടക്ടർ വിഭാഗത്തിൽ നിന്നു വന്നവരുമൊക്കെയായ എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് കീഴിലായിരിക്കും കെ.എ.എസുകാർ എന്നു ഉത്തരവിറങ്ങിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പിൻവലിക്കേണ്ടിവന്നു.
മുഴുവൻ ശമ്പളവും ലഭിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ സഹായിക്കാൻ കോർപറേഷനുള്ളിൽ തന്നെ ‘മീറ്റർ പലിശക്കാർ’ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. 48 മുതൽ 72 ശതമാനംപലിശ വരെ നിലവിൽ ഇവർ ഈടാക്കുന്നുണ്ട്. സ്കൂൾ തുറക്കുന്നതോടെ പലിശക്കാരെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനും കഴിയാത്ത സാഹചര്യമാണ്. ഇത് ഒരു തരത്തിൽ കെ.എസ്.ആർ.ടി.സി മേധാവികൾക്ക് സഹായകരമാണ്. കാരണം ഇനിയുള്ള ആത്മഹത്യകൾ ശമ്പളം കിട്ടാത്തതിനാവില്ല മറിച്ച് പലിശക്കാരുടെ ഭീഷണി മൂലമായിരിക്കും. ശമ്പളം കിട്ടാത്തതിനാൽ ജീവനക്കാർ ആത്മഹത്യ ചെയ്തുവെന്ന പഴി ഇനി മേധാവികൾക്ക് നേരിടേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.